കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ മുഹമ്മദുൽ ഫാതിഹിന്റെ പുത്രനായിരുന്ന ജെം സുൽത്താൻ അധികാരത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ മരണം വരെ ശത്രുകരങ്ങളിൽ ബന്ധിയായി കഴിയേണ്ടി വന്നു.
ബൈസന്റൈൻ കോട്ടകൾ കീഴടക്കി യൂറോപ്പിൽ പലയിടങ്ങളിലും ഉസ്മാനി ദൗലത്തിന്റെ പതാകയുയർത്തി അതുല്യമായ ഭരണം കാഴ്ച വെച്ചാണ് സുൽത്താൻ മുഹമ്മദുൽ ഫാതിഹ് വഫാതാവുന്നത്. സുൽത്താന്റെ വിയോഗാനന്തരം ഉസ്മാനി ദൗലത് ഒരു ആഭ്യന്തര കലഹത്തിന് വേദിയായി. അദ്ദേഹത്തിന്റെ മക്കളായ ബായസീദും ജെം സുൽത്താനും തമ്മിലായിരുന്നു കലഹങ്ങൾ. പിതാവിൽ നിന്ന് അനന്തരമായി ലഭിക്കുന്ന അധികാരം രണ്ടു പേരും അവകാശപ്പെട്ടു.
സുൽത്താൻ വഫാത്താവുന്ന സമയത്ത് രണ്ടു പേരും തലസ്ഥാനത്തുണ്ടായിരുന്നില്ല. തൻറെ പിൻഗാമിയായി ജെം സുൽത്താൻ വരണമെന്നായിരുന്നു മുഹമ്മദുൽ ഫാതിഹിന്റെ ആഗ്രഹം. അതിനാൽ തന്നെ മരണ വാർത്തയറിഞ്ഞയുടനെ പ്രധാന മന്ത്രിയായിരുന്ന കാറമാനി മെഹ്മദ് പാഷ ഇളയ പുത്രനായ ജെം സുൽത്താന് കത്തെഴുതി. ഉടനെ വന്ന് സ്ഥാനമേൽക്കണമെന്നായിരുന്നു കത്തിന്റെ ഇതിവൃത്തം. പക്ഷെ, ആ കത്ത് ജെം സുൽത്താന്റെ കയ്യിൽ എത്തുന്നതിന് മുമ്പ് തന്നെ ജനിസ്സറി സേന പിടി കൂടുകയും മെഹ്മദ് പാഷയെ വധിച്ചു കളയുകയും ചെയ്തു. പുതിയ പ്രധാന മന്ത്രിയായി ഇസ്ഹാഖ് പാഷ നിയമിതനായി.
ഏഷ്യാ മൈനറിൽ ഭരണാധികാരിയായിരുന്ന മൂത്ത പുത്രൻ ബായസീദ് പിതാവിന്റെ മരണ വർത്തായറിഞ്ഞയുടനെ കോൻസ്റ്റാന്റിനോപ്പിളിലേക്ക് കുതിച്ചു. അദ്ദേഹത്തെ പിന്തുണക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. ജെം സുൽത്താൻ പിതാവിന്റെ മരണ വർത്തയറിഞ്ഞപ്പോഴേക്ക് ബായസീദ് സ്ഥാനാരോഹണം നടത്തിക്കഴിഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയ ജെം ഏഷ്യാ മൈനറിലെ പല സ്ഥലങ്ങളും തന്റെ അധീനതയിൽ കൊണ്ടു വരാൻ തുടങ്ങി. അവസാനമായി ബുർസ അധീനപ്പെടുത്തിയ ശേഷം പിതാവിന്റെ യഥാർഥ പിന്തുടർച്ചാവകാശി താനാണെന്ന് അവകാശപ്പെട്ട് അദ്ദേഹം ബായസീദിന് കത്തെഴുതി. ദൗലത്തിന്റെ ഏഷ്യൻ ഭാഗങ്ങൾ താൻ ഭരിക്കാമെന്നും യൂറോപ്യൻ ഭാഗങ്ങൾ ബായസീദിന് നൽകാമെന്നും അദ്ദേഹം പറഞ്ഞെങ്കിലും രണ്ടു വാളുകൾ ഒരേ ഉറയിൽ തളച്ചിടാൻ കഴിയില്ല എന്ന മറുപടിയോടെ ബയസീദ് അത് എതിർത്തു. വേണമെങ്കിൽ ഖുദ്‌സിൽ ചെന്ന് കുടുംബവുമായി സ്വസ്ഥമായി ജീവിക്കാം എന്നായിരുന്നു ബായസീദിന്റെ അവസാന വാക്ക്.
ഭരണം ലഭിച്ചില്ലെങ്കിൽ മരണം ഉറപ്പാണെന്ന് മനസ്സിലാക്കിയ ജെം പരസ്യമായി യുദ്ധത്തിനിറങ്ങാൻ തീരുമാനിച്ചു. ഇരു ശക്തികളും തമ്മിൽ 1481 ജൂൺ 2 ന് യെനീ ഷെഹ്‌റിൽ വെച്ച് ഏറ്റു മുട്ടി.ബായസീദിന്റെ ശക്തനായ കമാൻഡറായിരുന്നയ ഗെദിക് അഹ്മദ് പാഷടെ മുന്നിൽ ജെം സുൽത്താനും സൈന്യവും ദയനീയമായി പരാജയപ്പെട്ടു.
പരാജയ ശേഷം നാട്ടിൽ തുടരൽ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കിയ ജെം ഉടനടി ഈജിപ്തിൽ അഭയം പ്രാപിച്ചു. അബു സയീദ് ഖൈദ് ബെയ് ആയിരുന്നു മംലൂകി ഭരണാധികാരി. അബ്ബാസി ഖലീഫാമാരും ഈജിപ്തിൽ തന്നെയായിരുന്നതിനാൽ ഈജിപ്തിന് അന്ന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഈജിപ്തിലേക്ക് പോകുമ്പോൾ കൂടെ ഉമ്മയും ഭാര്യയും ഉണ്ടായിരുന്നു.
നാല് മാസത്തോളം അദ്ദേഹം ഖൈദ് ബെയുടെ സംരക്ഷണത്തിൽ ഈജിപ്തിൽ കഴിഞ്ഞു. പിന്നീട് മക്കയിലേക്ക് ഹജ്ജിന് പോയി തിരിച്ചു വന്ന ശേഷം വീണ്ടും വമ്പൻ സൈന്യവുമായി ബായസീദിനെതിരെ പുറപ്പെട്ടു. ഈ രണ്ടാമത്തെ യുദ്ധത്തിലും ജെം സുൽത്താന് പരാജയപ്പെട്ടു പിൻമാറേണ്ടി വന്നു.
രണ്ടാം പരാജയത്തിൽ മനം മടുത്ത ജെം സുൽത്താന് പിന്നീട് ഈജിപ്തിലേക്ക് മടങ്ങാൻ മനസ്സ് വന്നില്ല. പരാജിതനായി മാതാവിന്റെയും ഭാര്യയുടെയും അടുക്കലേക്ക് മടങ്ങാനുള്ള ജാള്യത കാരണം അദ്ദേഹം ക്രിസ്ത്യൻ അധീന പ്രദേശങ്ങളിൽ അഭയം തേടി. റോഡോസിലെ (Rhodes) ജനങ്ങളും സൈന്യവും അദ്ദേഹത്തെ വളരെ ആദരവോടെ അങ്ങോട്ട് ക്ഷണിച്ചു. അവിടെയെത്തി അൽപ സമയത്തിനുള്ളിൽ തന്നെ താൻ ഇവരുടെ കയ്യിൽ ഒരു ബന്ധിയായി മാറിയിട്ടുണ്ടെന്ന സത്യം അദ്ദേഹം തിരിച്ചറിഞ്ഞു. 'ജെം ഞങ്ങളുടെ കൈവശമുണ്ടെന്നും സമാധാനം നിലനിർത്തണമെങ്കിൽ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും' ആവശ്യപ്പെട്ട് റോഡോസിലെ സൈനിക മേധാവിയായ ഡോബ്സൺ (Dobson) ബായാസീദിന് കത്തെഴുതി. ഉസ്മാനി തുറമുഖങ്ങളിൽ തങ്ങൾക്ക് ആവശ്യാനുസരണം കച്ചവട സൗകര്യം തരപ്പെടുത്തണമെന്നും ജെം സുൽത്താനെ ബന്ധിയാക്കി തന്നെ നിലനിർത്തണമെങ്കിൽ വർഷം തോറും 45,000 ഉസ്മാനി നാണയങ്ങൾ നൽകണമെന്നും അവർ ബായസിദിനോട് ആവശ്യപ്പെട്ടു. അതേ സമയം, ജെം സുൽത്താനെ ബായസീദിന് കൈമാറാതിരിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ഉമ്മയോടും ഡോബ്സൺ പണം ആവശ്യപ്പെട്ടു. അങ്ങനെ റോഡോസുകാർക്ക് ഒരു പ്രധാന വരുമാനമാർഗമായി ജെം സുൽത്താൻ മാറി.
ജെം സുൽത്താനെ കൂടുതൽ റോഡോസിൽ നിർത്തിയാൽ ബായസീദ് നഗരം കടന്നാക്രമിക്കുമെന്ന് മനസ്സിലാക്കിയപ്പോൾ അവർ അദ്ദേഹത്തെ ഫ്രാൻസിലേക്ക് മാറ്റി. ഫ്രഞ്ച് രാജാവും റോമൻ പോപ്പുമുൾപ്പടെ പലരും ജെം സുൽത്താനെ ആവശ്യപ്പെട്ട് ഡോബ്സന് കത്തുകളെഴുതിയിരുന്നു. എന്നാൽ തന്റെ ഏറ്റവും വലിയ വരുമാന മാർഗം ഒഴിവാക്കാൻ അദ്ദേഹം തയ്യാറായില്ല. അധിക കാലം ഫ്രാൻസിൽ നിർത്തിയാൽ രാജാവ് ജെം സുൽത്താനെ പിടികൂടി സ്വന്തമാക്കുമെന്ന് ഭയന്ന ഡോബ്സൻ അദ്ദേഹത്തെ സ്ഥലം മാറ്റാൻ പദ്ധതിയിട്ടു. ഫ്രാൻസിൽ നിന്ന് ഈജിപ്തിലേക്ക് ജെം സുൽത്താനെ തിരിച്ചയക്കാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഉമ്മയിൽ നിന്ന് ആവശ്യത്തിലേറെ യാത്രാകൂലിയും കൈപറ്റി.
ആ സമയത്ത് റോമൻ പോപ്പ് വിഷയത്തിൽ ഇടപെട്ടു. ഫ്രഞ്ച് രാജാവായ ചാൾസ് എട്ടാമനോട് ജെം സുൽത്താനെ ഇറ്റലിയിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. റോമിലെത്തിയ ജെം സുൽത്താൻ പോപ്പിന്റെ മുന്നിലേക്ക് ആനയിക്കപ്പെട്ടു. പോപ്പിന്റെ മുന്നിൽ കുനിഞ്ഞ് നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാവാതെ കോൻസ്റ്റാന്റിനോപ്ൾ കീഴടക്കിയ സുൽത്താൻ മുഹമ്മദിന്റെ മകനാണ് താനെന്ന അഭിമാന ബോധത്തോടെ നെഞ്ച് വിരിച്ച് നിന്നാണ് അദ്ദേഹം മറുപടി നൽകിയത്. പോപ്പും ജെം സുൽത്താനും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിനിടയിൽ 'ഇസ്‌ലാം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായൽ ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളും താങ്കളുടെ കൂടെയുണ്ടാവുമെന്നും, എല്ലാവരും ഒന്നിച്ച് ഉസ്മാനി ദൗലത്തിന്റെ കിരീടം താങ്കൾക്ക് നേടിത്തരുമെന്നും' പോപ്പ് വാക്ക് കൊടുത്തപ്പോൾ 'ലോകം മുഴുവൻ എനിക്ക് തീറെഴുതിത്തരാമെന്ന് പറഞ്ഞാലും എന്റെ ഇസ്‌ലാം ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല' എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ജെം മറുപടി നൽകിയത്.
ഈജിപ്തിനെ ഉസ്മാനികളിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടി ജെം സുൽത്താനെ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് മംലൂക്കി ഭരണാധികാരി കത്തയച്ചെങ്കിലും വെറും കയ്യോടെ മടങ്ങാനായിരുന്നു വിധി. 1492ൽ ഇറ്റലിയിൽ പുതിയ പോപ്പായി അലക്സാണ്ടർ ആറാമൻ നിയമിതനായി. ആ സമയത്ത് ഫ്രഞ്ച് രാജാവ് ജെം സുൽത്താനെ തിരിച്ചു പിടിക്കാനായി ഇറ്റലിയിലേക്ക് അധിനിവേശം നടത്തി. ഇത് കാരണമായി പോപ്പ് ജെം സുൽത്താനെയും കൂട്ടി നഗരംവിട്ടുവെങ്കിലും ചാൾസ് എട്ടാമൻ പിന്നീട് ജെം സുൽത്താനെ സ്വന്തമാക്കി.
36 വർഷത്തെ ബന്ധനത്തിന് ശേഷം 1495ൽ തന്റെ മുപ്പത്തിയാറാം വയസ്സിൽ നാപ്പോളിയിൽ (Naples) ൽ വെച്ച് അദ്ദേഹം മരണപ്പെട്ടു. ഭക്ഷണത്തിൽ വിഷം കലർത്തി അദ്ദേഹത്തെ കൊല ചെയ്തതാണെന്നും അഭിപ്രായമുണ്ട്.
References :
- Osman's Dream: The History of the Ottoman Empire, by Caroline Finkel
- The history of Islam, by Akbar Shah Khan Najibabadi