ഇന്ത്യയിലെ ഉസ്മാനീ സാന്നിധ്യങ്ങൾ

indo-ottoman relations

പതിനാറാം നൂറ്റാണ്ടോടെ ഉസ്മാനി ദൗലത് ആഗോള തലത്തിൽ ശ്രദ്ധ നേടത്തുടങ്ങി.
സുൽത്താൻ സലീം ഈജിപ്ത് മംലൂക്കുകളിൽ നിന്ന് കീഴടക്കുകയും അബ്ബാസിയ്യ ഖിലാഫത്തിന് ഔദ്യോഗിക സമാപ്തി കുറിക്കുകയും ചെയ്തതോടെ മുസ്‌ലിം ലോകത്തിന്റെ നേതൃത്വം ഉസ്മാനികളുടെ കരങ്ങളിലായി. 'ഉസ്മാനിയ്യ ഖിലാഫത്ത്' എന്ന പുതിയൊരു സ്വത്വബോധം മുസ്‌ലിം രാഷ്ട്രങ്ങൾക്കിടയിൽ വ്യാപകമായി.


യൂറോപ്പിൽ നിന്നും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും ഒറ്റപ്പെട്ടു കിടന്നിരുന്ന ഇന്ത്യ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഉസ്മാനികളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇന്ത്യൻ മഹാ സമുദ്രത്തിലെ പോർച്ചുഗീസ് ആധിപത്യവും ഉസ്മാനികളുടെ ഈജിപ്ത് അധിനിവേശവും ഇറാനിലെ സഫവി ഭരണകൂടത്തിന്റെയും ഇന്ത്യയിലെ മുഗൾ ഭരണകൂടത്തിന്റെയും പിറവിയുമാണ് ഇന്ത്യയെ മറ്റു രാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ആദ്യമായി ഉസ്മാനി ദൗലതുമായി ബന്ധം സ്ഥാപിക്കുന്നത്
ബഹ്മാനി സുൽത്താൻമാരാണ്. തെക്കേ ഇന്ത്യയിലെ ഈ രാജവംശമാണ് ഉസ്മാനീ ഖലീഫമാരുമായി ഇന്ത്യയിൽ നിന്ന് ആദ്യമായി ഔദ്യോഗിക കത്തിടപാടുകൾ നടത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് ഭീഷണിയിൽ നിന്ന് അഭയം തേടി ഗുജറാത്തിലെ സുൽത്താൻമാരും തുർക്കി ഖലീഫമാരെ ബന്ധപ്പെട്ടിരുന്നു. ടിപ്പുവിന്റെ ഭരണകാലത്ത് മൈസൂരും ഉസ്മാനികളുമായി രാഷ്ട്രീയ ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു.


ഇന്ത്യൻ ഭരണാധികാരികളും ഉസ്മാനി ഖലീഫമാരും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ പതിനഞ്ചാം നൂറ്റാണ്ടിൽ ബഹ്മാനി സുൽത്താൻമാരായ മുഹമ്മദ് ശാ (1463 - 82) യുടെയും മഹ്മൂദ്‌ ശാ (1482 - 1518) യുടെയും കാലം മുതൽ തന്നെ നില നിൽകുന്നുണ്ട്. ഉസ്മാനി സുൽത്താൻമാരായ മുഹമ്മദ് അൽ ഫാതിഹിന്റെയും ബായസീദ് രണ്ടാമന്റെയും കാലത്തായിരുന്നു അത്.

ഫർഗാനയിലെ ഉസ്ബെക് അധിനിവേശത്തിന് ശേഷമാണ് ബാബർ ഇന്ത്യയിലേക്ക് വരുന്നത്. അതിനാൽ തന്നെ ഉസ്ബെക് രാജവംശവുമായി ബാബർ ശത്രുതയിലായിരുന്നു. ഈ ശത്രുതയാണ് മുഗൾ സാമ്രാജ്യത്തെ ഉസ്മാനികളുമായും പേർഷ്യക്കാരുമായും അടുപ്പിക്കുന്നത്. ഉസ്മാനികളുടെയും മുഗൾ ഭരണാധികാരികളുടെയും സുന്നി ആദർശവും അവർക്കിടയിൽ ബന്ധം സൃഷ്ടിക്കാൻ പ്രധാന ഹേതുകമാണ്.
ഉസ്മാനികളുടെ അക്രമണങ്ങൾ കാരണമായി
ശിയാ വിഭാഗമായിരുന്ന ഇറാനിലെ സഫവികൾ മുഗൾ സാമ്രാജ്യവുമായി സൗഹൃദ ബന്ധം പുലർത്താൻ ശ്രമിച്ചിരുന്നു.
തുർക്കിയുമായി ബന്ധങ്ങൾ കുറവായതിനാൽ തന്നെ ഉസ്മാനീ സുൽത്താനെ ഖലീഫയായി ബാബർ അംഗീകരിച്ചിരുന്നില്ല.

ഹുമയൂണിന്റെ കാലത്ത് ഉസ്മാനീ സുൽത്താൻ സുലൈമാൻ പോർച്ചുഗീസ് കപ്പലുകളെ നിയന്ത്രിക്കാൻ വേണ്ടി ഗുജറാത്ത് തീരങ്ങളിലേക്ക് പല കപ്പൽ പടക കളെയും പറഞ്ഞയച്ചിരുന്നു. അതിലൊന്നിന്റെ നേതാവായിരുന്നു സീദി അലി റഈസ്. പോർച്ചുഗീസുമായുളള ഏറ്റുമുട്ടലിൽ കപ്പൽ തകർന്നപ്പോൾ അദ്ദേഹം രക്ഷപ്പെട്ട് ഹുമയൂണിന്റെ കൊട്ടാരത്തിൽ എത്തിയിരുന്നു. ഒരു കവി കൂടിയായിരുന്ന അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ഹുമയൂണിന്റെ കൊട്ടാരത്തിൽ ലഭിച്ചത്. അനൗദ്യോഗികമായാണെങ്കിലും ഡൽഹിയിലെത്തിയ ആദ്യ തുർക്കി അംബാസഡറാണ് അദ്ദേഹം. ദീർഘകാലം അദ്ദേഹം ഇന്ത്യയിൽ തന്നെ തങ്ങി. പിന്നീട് അക്ബറിന്റെ ഭരണകാലത്താണ് അദ്ദേഹം തിരിച്ചു പോകുന്നത്.

സുൽത്താൻ സുലൈമാൻ ഖാനൂനിയുടെ കാലത്ത് തുർക്കികളുടെ ഖിലാഫത്ത് പൊതുവെ സർവാംഗീകൃതമായിരുന്നു. സുൽത്താൻ മുഗൾ സാമ്രാജ്യത്തോടും അംഗീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എതിർപ്പുകളൊന്നും കൂടാതെ ഹുമയൂൺ ഉസ്മാനീ സുൽത്താൻ മാത്രമാണ് 'പാദിഷാഹ്' എന്ന സ്ഥാനത്തിനർഹൻ എന്ന് സമ്മതിച്ചെങ്കിലും സുൽത്താന്റെ പരമാധികാരത്തെ ഔദ്യോഗികമായി പിന്തുണച്ചിരുന്നില്ല.

അക്ബറിന്റെ തുടക്ക കാലങ്ങളിലും ഉസ്മാനികളോട് സൗഹൃദ സമീപനമായിരുന്നു. സീദീ അലി റഈസിനെ ഇസ്താംബൂളിലേക്ക് തിരിച്ചയക്കുമ്പോൾ സുൽത്താൻ സുലൈമാനെ ഖലീഫയായി അംഗീകരിക്കുന്ന ഒരു കത്തും കൂടെ കൊടുത്തയച്ചിരുന്നു.

എങ്കിലും പിന്നീട് അക്ബറിന്റേത് ഉസ്മാനികൾക്കെതിരെയുള്ള നീക്കങ്ങളായിരുന്നു. അബ്ദുല്ല ഖാൻ ഉസ്ബെക് അക്ബറിനോട് സഫവികൾക്കെതിരെ ഒരു സഖ്യമായി നില കൊള്ളാൻ നിർദേശിച്ചു. പക്ഷെ, അക്ബർ അതിന് തയ്യാറായില്ല. ഉസ്ബെക്കുകളെ നിരീക്ഷിക്കാൻ സഫവികളുടെ നിലനിൽപ് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

ഉസ്മാനികൾ ഉസ്ബെക്കുകളോടും മുഗളിനോടും സഫവികൾക്കെതിരെ ഒരു മൂവർ സഖ്യമായി നില നിൽക്കാമെന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ അക്ബർ അതിനെ എതിർക്കുകയായിരുന്നു. മാത്രമല്ല, ഉസ്മാനികൾക്കെതിരെയുള്ള യുദ്ധങ്ങളിൽ ഇറാനിലെ സഫവികളെ സഹായിക്കണമെന്നാവശ്യപെട്ട് അബ്ദുല്ല ഖാൻ ഉസ്ബെകിന് കത്തെഴുതുകയും ചെയ്തു.

അക്ബറിന്റെ ഉസ്മാനി വിരുദ്ധ നീക്കങ്ങളെ കുറിച്ച് ഖലീഫക്കും ധാരണയുണ്ടായിരുന്നു. അക്ബർ നടപ്പിലാക്കിയ 'സുൽഹെ കുൽ' രാജ്യത്തിന്റെ പുറത്തുള്ള ഏത് മതകീയ ശക്തികളോടും സഖ്യം കൂടുന്നതിനോട് എതിരായിരുന്നു.

ജഹാംഗീറിന്റെ ആദ്യ കാലത്ത് ഈ വിരുദ്ധ സമീപനം തുടർന്നു പോന്നു. പേർഷ്യൻ സഫവികളുമായി ജഹാംഗീർ സൗഹൃദ സമീപനം സ്വീകരിച്ചു പോന്നു. പക്ഷെ, അത് അധികകാലം നീണ്ടുനിന്നില്ല. 1617 ൽ സഫവി ഭരണാധികാരിയായ ശാഹ് അബ്ബാസ് ഖാൻദഹാർ പിടിച്ചടക്കിയതോടെ ജഹാംഗീർ
സഫവികൾക്കെതിരെ തിരിഞ്ഞു.

അതേസമയം സഫവികൾ ഉസ്മാനികളിൽ നിന്ന് ബാഗ്ദാദും പിടിച്ചടക്കിയിരുന്നു. ഇതോടെ സഫവികൾ ഒരു പൊതു ശത്രുവായി മാറി. ഇത് ഉസ്മാനികളെയും ഉസ്ബെക്കുകളെയും മുഗളിനെയും പേർഷ്യക്കെതിരെയുള്ള ഒരു സുന്നി സഖ്യമാക്കി മാറ്റി.

പക്ഷെ, 1627 ൽ ജഹാംഗീറിന്റെ മരണത്തോടെ ബൽഖിലെ ഉസ്‌ബെക് ഗവർണറായിരുന്ന നസ്ർ മുഹമ്മദ് ഖാൻകാബൂൾ കീഴടക്കിയതോടെ ഈ സഖ്യത്തിന് പോറലേറ്റു.

ശാജഹാന്റെ ഭരണ സമയത്തും തുർക്കികളുമായി നല്ല ബന്ധം നിലനിന്നിരുന്നു. ഇറാനിലെ ശിയ ആധിപത്യത്തിനെതിരെ രണ്ടു ഭരണകൂടങ്ങളും ഒന്നിക്കണമെന്ന ആശയം ശാജഹാൻ മുന്നോട്ട് വെച്ചിരുന്നു. ശാജഹാന്റെ മരണ ശേഷം ഉസ്മാനികളുമായുള്ള ബന്ധം പൊതുവെ കുറഞ്ഞു. രണ്ട് ഭരണകൂടങ്ങളും നേരിട്ട ആഭ്യന്തര പ്രശ്നങ്ങളായിരുന്നു കാരണം.

ഔറംഗസീബിന്റെ ഭരണകാലത്ത് 32 വർഷങ്ങളോളം ഉസ്മാനികളുമായി രാഷ്ട്രീയ ബന്ധങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. വിയന്നയിൽ വെച്ച് ഉസ്മാനികൾ പരാജയപ്പെട്ടപ്പോൾ സഹായമഭ്യർഥിച്ച് സുൽത്താൻ സുലൈമാൻ രണ്ടാമൻ ഔറംഗസീബിന് കത്തെഴുതിയിരുന്നു.

മുഗൾ സാമ്രാജ്യത്തെയും ഉസ്മാനീ ദൗലത്തിനെയും പലപ്പോഴും ഒന്നിപ്പിച്ചത് ഇറാനിലെ സഫവികളോടുള്ള പൊതു ശത്രുതയായിരുന്നു. മുഗളിന് ശേഷം മൈസൂരുമായും ഹെെദരാബാദിലെ നിസാമുമാരുമായും ഉസ്മാനീ സുൽത്താൻമാർ ബന്ധം സ്ഥാപിച്ചിരുന്നു.

Refrence:
INDIAN MUSLIMS AND THE OTTOMAN EMPIRE 1876 -1924, Shamshad

Post a Comment

Previous Post Next Post