മുഗൾ ചക്രവർത്തി ഹുമയൂൺ മരണപ്പെട്ട സമയം, കിരീടാവകാശിയായ അക്ബർ ഒരു ഉദ്യമവുമായി യാത്രയിലാണ്. പിന്തുടർച്ചക്കാരനില്ലാതെ മുഗൾ ഭരണകൂടത്തിന്റെ സിംഹാസനം ഒഴിഞ്ഞു കിടന്ന ദിനങ്ങൾ. ഏതു നിമിഷവും ഒരു ആഭ്യന്തരകലഹം പ്രതീക്ഷിക്കുന്ന മുഖങ്ങളുമായി മന്ത്രിമാരും കൊട്ടാരവാസികളും നിർന്നിമേഷരായി പരസ്പരം നോക്കിനിൽക്കുന്നു. കനത്ത നിശബ്ദത തളംകെട്ടി നിൽക്കുന്ന ആ ഹാളിൽ നിന്ന് ഒരു ഉറച്ച ശബ്ദം പതിയെ ഉയർന്നു. "ഭയപ്പെടേണ്ടതില്ല, ഉസ്മാനി സുൽത്താൻ സലീം മരിച്ചപ്പോൾ പീരി പാഷ രംഗം നിയന്ത്രിച്ചത് പോലെ നമുക്കും ചെയ്യാം". അടുത്തിടെ ഇന്ത്യയിലെത്തിയ സീദി അലി റഈസ് എന്ന കരുത്തനായ ഓട്ടോമൻ നാവികന്റേതായിരുന്നു ദുഃഖപൂർണമായ മുഖങ്ങളിൽ അല്പമെങ്കിലും പ്രകാശം പകർന്ന ഈ വാക്കുകൾ.
തുർക്കിയിൽ സുൽത്താൻ സുലൈമാൻ ഭരണമേറ്റെടുത്ത ശേഷം ഓട്ടോമൻ അധീനതയിലുള്ള ഈജിപ്ഷ്യൻ നാവികപ്പടയുടെ മേധാവിയായി സീദി അലി റഈസ് എന്ന ധീരനായ നാവികപ്പടയാളിയെ നിയമിക്കുകയുണ്ടായി. പല യുദ്ധങ്ങളിലും പങ്കെടുത്ത് തന്റെ വൈദഗ്‌ദ്യം തെളിയിച്ച അദ്ദേഹം ഈ ഉദ്യമവും സന്തോഷത്തോടെ ഏറ്റെടുത്തു. സ്ഥാനമേറ്റെടുത്ത അദ്ദേഹത്തിന് മുൻ ഈജിപ്ഷ്യൻ നാവികമേധാവിയായിരുന്ന പീരി ബേയുടെ കാലത്ത് ബസ്വറയിലേക്കയച്ചിരുന്ന കപ്പലുകൾ തിരികെ ഈജിപ്തിലെത്തിക്കാനുള്ള ഉത്തരവ് ലഭിച്ചു. അതിനായി തന്റെ സംഘത്തോടൊപ്പം അദ്ദേഹം യാത്ര തിരിച്ചു. പക്ഷെ, കടലിൽ വെച്ച് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന പല ആക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും കാരണമായി തന്റെ കപ്പലുകൾ തകർന്നപ്പോൾ അദ്ദേഹത്തിന് പിന്നീട് കരമാർഗം തിരിച്ച് തുർക്കിയിലേക്ക് മടങ്ങേണ്ടതായി വന്നു. ഈ സാഹസികമായ മടക്കയാത്രയിൽ അദ്ദേഹം ഗുജറാത്തിലൂടെയും സിന്ദിലൂടെയും ഡൽഹിയിലൂടെയും കടന്ന് പോയി. ദീർഘകാലം ഇന്ത്യയിൽ തങ്ങിയ അദ്ദേഹം തന്റെ ഇന്ത്യൻ അനുഭവങ്ങളെകുറിച്ച് 'മിർആത്തുൽ മാമാലിക്'' എന്ന തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
ഇന്ത്യയിലെത്തിയ അദ്ദേഹത്തെ ഏറെ ആദരവോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. തങ്ങളുടെ ഖലീഫയുടെ പ്രതിനിധികൾ എന്ന നിലയിൽ ജനങ്ങൾ ആ സംഘത്തെ ഊഷ്മളമായി വരവേറ്റു. ഒരു ഓട്ടോമൻ നാവികൻ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞയുടനെ മുഗൾ ഭരണാധികാരിയായിരുന്ന ഹുമയൂൺ 400 ആനകളുടെ അകമ്പടിയോടെ തന്റെ പ്രമുഖരായ മന്ത്രിമാരെയും കൊട്ടാരപ്രഭുക്കളെയും അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി പറഞ്ഞയച്ചു. കൊട്ടാരത്തിലെത്തിയ സീദി റഈസും സംഘവും തങ്ങൾക്ക് വേണ്ടി സജ്ജീകരിച്ച ഒരുക്കങ്ങൾ കണ്ട് സന്തുഷ്ടരായി. ശക്തമായ നീർച്ചുഴിയിൽ പെട്ട് തന്റെ കപ്പലുകൾ തകർന്ന കഥയും ഗത്യന്തരമില്ലാതെ കര മാർഗം തുർക്കിയിലേക്ക് മടക്കയാത്ര തുടങ്ങേണ്ടി വന്ന കഥയും സീദി റഈസ് ചക്രവർത്തിക്ക് വിവരിച്ചുകൊടുത്തു. ഇത്രയൊക്കെ കേട്ട ഹുമയൂൺ അദ്ദേഹത്തോട് ഉടൻതന്നെ തിരിച്ചുപോകരുതെന്നും കുറച്ചുകാലം ഇന്ത്യയിൽ താമസിക്കണമെന്നും പറഞ്ഞ് നിർബന്ധിച്ചു. തനിക്ക് ഉടനെത്തന്നെ തലസ്ഥാന നഗരിയിൽ എത്തേണ്ടതുണ്ടെന്നും അതിന് തന്നെ അനുവദിക്കണമെന്നും സീദി റഈസ് പല തവണ പറഞ്ഞെങ്കിലും ചക്രവർത്തിയുടെ ശക്തമായ നിർബന്ധത്തിന് വഴങ്ങി മഴക്കാലം കഴിയുന്നത് വരെ ഇന്ത്യയിൽ തങ്ങാമെന്ന് സമ്മതിക്കേണ്ടി വന്നു.
കൊട്ടാരത്തിൽ തങ്ങിയ ദിനങ്ങളിൽ ഹുമയൂൺ സീദി റഈസുമായി നിരന്തര സംഭാഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. കവിതയിലും ഗോളശാസ്ത്രത്തിലും മറ്റുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ചക്രവർത്തിയെ ഏറെ സന്തോഷിപ്പിച്ചു. തുർക്കിയിലെ ഖലീഫയെക്കുറിച്ചും ഖലീഫയുടെ ഭരണമേഖലകളെ കുറിച്ചും ഹുമയൂൺ സീദി റഈസിനോട് പല തവണ ചർച്ചകൾ നടത്തി. ഒരിക്കൽ ഹുമയൂൺ ചോദിച്ചു: "തുർക്കി ഇന്ത്യയെക്കാൾ വലിയ രാഷ്ട്രമാണോ? ". അതിന് അദ്ദേഹം മറുപടി പറഞ്ഞു: "തുർക്കി എന്നത് കൊണ്ട് അങ്ങ് ഉദ്ദേശിച്ചത് റൂം പ്രവിശ്യ മാത്രമാണെങ്കിൽ ഇന്ത്യ തന്നെയാണ് തുർക്കിയേക്കാൾ വലുത്. ഇനി തുർക്കി എന്നത് കൊണ്ട് ഖലീഫക്ക് കീഴിലുള്ള മുഴുവൻ പ്രദേശങ്ങളുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ത്യ അതിന്റെ പത്തിലൊന്ന് പോലും വരില്ല". യമനും മക്കയും ഈജിപ്തും അലപ്പോയും കോൻസ്റ്റാന്റിനോപ്പിളും വിയന്നയുമെല്ലാമടങ്ങുന്നതാണ് തന്റെ സുൽത്താന്റെ ഭരണകേന്ദ്രമെന്നും അവിടങ്ങളിലെല്ലാം സുൽത്താൻ തന്റെ ഖാളിമാരെ നിയമിക്കുകയും അവിടുത്തെ ഖുഥ്‌ബകളിലെല്ലാം സുൽത്താന്റെ നാമം പരാമർശിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ ശേഷം ഹുമയൂൺ തന്റെ മന്ത്രിമാർക്ക് നേരെ തിരിഞ്ഞു പറഞ്ഞു: " 'പാദിഷാഹ് ' എന്ന നാമത്തിനർഹനായ ഏകവ്യക്തി തുർക്കി സുൽത്താൻ മാത്രമാണ്. ലോകത്ത് മറ്റാർക്കും അതിന് യോഗ്യതയില്ല."
പണ്ഡിതരോടും സൂഫികളോടും ആത്മീയ ബന്ധം പുലർത്തിയിരുന്ന തന്റെ അഥിതിയുമായി ഹുമയൂൺ ഇന്ത്യയിലെ വിവിധ സൂഫി ദർഗകൾ സന്ദർശിക്കാൻ പുറപ്പെട്ടു. ശാഹ് ഖുഥ്‌ബുദ്ദീൻ, നിസാമുദ്ദീൻ ഔലിയ, ശൈഖ് ഫരീദ് ഷെക്‌ർ ഗൻജ്, ഹുസൈൻ ദഹ്‌ലവി, മിർ ഖുസ്രു തുടങ്ങി അനവധി പണ്ഡിതരുടെ മഖ്ബറകൾ ഇരുവരും സന്ദർശിച്ചു. മിർ ഖുസ്രുവിന്റെ ശക്തനായ ആരാധകനായിരുന്നു സീദി റഈസ് അദ്ദേഹത്തിന്റെ ചില കവിതകൾ മനോഹരമായി ആലപിക്കുകയും ചക്രവർത്തിയുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.
ഒരുപാട് ദിവസങ്ങൾ കഴിഞ്ഞ് ചക്രവർത്തിയിൽ നിന്ന് അദ്ദേഹത്തിന് മടക്ക യാത്രക്കുള്ള അനുമതി ലഭിച്ചു. മടക്ക യാത്ര ആരംഭിക്കാനിരിക്കെയാണ് ഒരു വെള്ളിയാഴ്‌ച തന്റെ പ്രജകളെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ശേഷം താഴേക്ക് പടികളിറങ്ങുന്ന സമയത്ത് ഹുമയൂൺ സ്റ്റെപ്പിൽ നിന്ന് തെന്നിവീണ് തലയിലും കൈകളിലുമായി ശക്തമായ പരിക്കുകൾക്ക് വിധേയനാകുന്നത്. കൊട്ടാരത്തിലാകെ അക്ഷമ പകർന്നു. രണ്ട് ദിവസം ഇക്കാര്യം പാടെ രഹസ്യമാക്കി വെച്ചു. പുറത്ത് ചക്രവർത്തി പൂർണ ആരോഗ്യവാനാണ് എന്നുള്ള അറിയിപ്പുകൾ നൽകി. പക്ഷെ, മൂന്നാം ദിവസം തിങ്കളാഴ്ച ഹുമയൂൺ വിടപറഞ്ഞു.
ഈ അവസരത്തിലാണ് സീദി അലി റഈസ് തന്റെ അനുഭവജ്ഞാനം ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചായിരുന്നു ശേഷമുള്ള പദ്ധതികൾ. അക്ബർ സ്ഥാനാരോഹണം നടത്തുന്നത് വരെ സംഭവം രഹസ്യമാക്കി വെക്കൽ അത്യാവശ്യമായിരുന്നു. അതിനാൽ ചക്രവർത്തി പൂർണ ആരോഗ്യവാനാണ് എന്ന് ദ്യോതിപ്പിക്കാൻ വേണ്ടി ഒരു ദിവസം ചക്രവർത്തി പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ വേണ്ടി പുറത്തിറങ്ങുന്നുണ്ടെന്നും കുതിരപ്പുറത്തായിരിക്കും യാത്രയെന്നും അറിയിപ്പ് നൽകി. പിന്നീട് സംശയം തോന്നത്തക്കവിധം കാലാവസ്ഥാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചക്രവർത്തിയുടെ യാത്ര നിർത്തി വെച്ചു എന്ന അറിയിപ്പും പുറത്തുവിട്ടു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജനങ്ങളുടെയും സൈന്യത്തിന്റെയും സംശയങ്ങൾ പാടെ ദൂരീകരിക്കുന്നതിനായി അവരെ ദർബാറിലേക്ക് ക്ഷണിച്ചു. ചക്രവർത്തിയോട് ഏറെ സാമ്യത പുലർത്തിയിരുന്ന ഒരു വ്യക്തിയെ മുഖം മറയുന്ന രീതിയിൽ സിംഹാസനത്തിൽ ഇരുത്തി. മന്ത്രിമാരും പ്രഭുക്കളുമെല്ലാം സാധാരണ പോലെ ഇരുവശങ്ങളിലായി നിന്നു. ദർബാറിലെത്തിയ ജനങ്ങൾ തങ്ങളുടെ ചക്രവർത്തിയെ കണ്ട് സന്തോഷവാന്മാരായി മടങ്ങി.
പതിനേഴ് ദിവസങ്ങൾക്ക് ശേഷമാണ് അക്ബർ ഭരണമേറ്റെടുക്കുന്നത്. അതിന് മുമ്പ് തന്നെ സീദി റഈസും സംഘവും മടക്കയാത്ര ആരംഭിച്ചിരുന്നു. ഇന്ത്യയിൽ അദ്ദേഹം സാക്ഷിയായ പല വിചിത്ര മൃഗങ്ങളെയും സംസ്കാരങ്ങളെയും അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ഒരു പുരുഷൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ശവശരീരം നദീ തീരങ്ങളിൽ വെച്ച് കത്തിക്കപ്പെടുന്നു. അദ്ദേഹത്തിന് സന്താനങ്ങളില്ലാത്ത ചെറുപ്പക്കാരിയായ ഭാര്യയാണെങ്കിൽ അവരും നിർദാക്ഷിണ്യം ഭർത്താവിന്റെ ചിതയിൽ ചാടി ആത്മബലി നടത്തേണ്ടി വരുന്നു. ഈ രംഗം അവരുടെ ബന്ധുക്കൾ ആഘോഷമായി കാണുകയും ചെയ്യുന്നു. ഇത്തരം ദുരാചാരങ്ങൾക്കും നരബലികൾക്കുമെതിരെ മുസ്‌ലിംകൾ രംഗത്തു വരാൻ തയ്യാറാവണമെന്ന് അദ്ദേഹം നിഷ്കർഷിക്കുന്നു. ചക്രവർത്തിയുടെ ഉദ്യോഗസ്ഥർ ഇത്തരം സ്ഥലങ്ങളിൽ ചെന്ന് തടയാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
ഇന്ത്യയിൽ നിന്ന് പുറപ്പെട്ട് വ്യത്യസ്‌ത ഭരണകൂടങ്ങൾക്ക് കീഴിലുള്ള പ്രവിശ്യകളിലൂടെ സഞ്ചരിച്ച് 1556 ന്റെ തുടക്കത്തിലാണ് അദ്ദേഹം ഇസ്താംബൂളിലെത്തുന്നത്. ഇത്രയേറെ പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത അദ്ദേഹത്തോട് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതാണെന്ന് ചോദിക്കപ്പെട്ടപ്പോൾ തുർക്കിയേക്കാൾ മനോഹരമായത് ഒന്നുമില്ല എന്നായിരുന്നു മറുപടി.
അവലംബം:
മിർആതുൽ മാമാലിക്, സീദി അലി റഈസ്
The Mughal Empire.
👌
ReplyDeleteGreat❤️
ReplyDelete