മുകർറം ജാഹ്: അവസാന ഖലീഫയുടെ ഇന്ത്യയിൽ നിന്നുള്ള പിൻഗാമി

Mukarram Jah

 
1921 നവംബർ ഒന്ന്, മുസ്ഥഫാ കമാലിന്റെ നേതൃത്വതിലുള്ള തുർക്കി ഗവൺമന്റ് ഉസ്മാനി ദൗലത്തിന് ചരമഗീതമെഴുതി. അന്ന് സുൽത്താനായിരുന്ന മെഹ്മദ് ആറാമനെ സ്ഥാനഭ്രഷ്ടനാക്കി. പിന്നീട് അബ്ദുൽ മജീദ് രണ്ടാമനെ സ്ഥാനത്തിരുത്തി അധികാരങ്ങളൊന്നുമില്ലാത്ത ഒരു നാമമാത്രമായ ഇസ്‌ലാമിക ഖിലാഫത്ത് പതിനഞ്ച് മാസത്തോളം തുടർന്നു. തുടർന്ന് 1924 മാർച്ച് മൂന്നിന് ആ സംരഭവും നിർത്തലാക്കി. ഇസ്‌ലാമിക ഖിലാഫത്തിനെ ഭൂലോകത്ത് നിന്ന് അവർ എന്നേക്കുമായി തുടച്ചുനീക്കി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അവസാന ഖലീഫയായ അബ്ദുൽ മജീദിനെയും കുടുംബത്തെയും തുർക്കി ഗവൺമെന്റ് ഫ്രാൻസിലേക്ക് നാട് കടത്തി.

1944 ൽ പാരിസിൽ വെച്ചാണ് മുസ്‌ലിം ലോകത്തിന്റെ അവസാന ഖലീഫയായിരുന്ന അബ്ദുൽ മജീദ് രണ്ടാമൻ മരണപ്പെടുന്നത്. മരിച്ച ശേഷം അദ്ദേഹത്തിന്റെ വിൽപത്രമെടുത്ത് പരിശോധിച്ച ബ്രിട്ടീഷ് ഓഫിസർമാർ അമ്പരന്നു. അതിൽ അന്ന് നന്നേ ചെറുപ്പമായിരുന്ന തന്റെ പൗത്രനായ മുകർറം ജാഹ് എന്ന ഹൈദരാബാദുകാരനെ അദ്ദേഹം അടുത്ത ഖലീഫയായി നിശ്ചയിച്ചു വെച്ചിരുന്നു.

അബ്ദുൽ മജീദിന്റെ മകളായ പ്രിൻസസ് ദുർറു ശെഹ്‌വറിന്റെ മകനായിരുന്നു മുകർറം ജാഹ്. ഹൈദരാബാദിലെ നിസാമായിരുന്ന മിർ ഉസ്മാൻ അലി ഖാന്റെ മകനുമായാണ് ദുർറു ശെഹ്‌വറിന്റെ വിവാഹം നടക്കുന്നത്. 1933 ഒക്ടോബർ ആറിനാണ് അവർക്ക് മുകർറം ജാഹ് എന്ന കുഞ്ഞ് ജനിക്കുന്നത്. 

തന്റെ പിതാമഹന്റെ ശേഷം എട്ടാമത്തെ നിസാമായി മുകർറം ജാഹ് 1967 ൽ നിയമിതനായി. 1948 ൽ ഹൈദരാബാദ് ഇന്ത്യയിൽ ചേർന്നെങ്കിലും നിസാമുമാർക്ക് ഒരു നാമമാത്രമായ സ്ഥാനം നിലനിന്നിരുന്നു. തുടക്കകാലങ്ങളിൽ ഉസ്മാൻ അലി ഖാന് ഉണ്ടായിരുന്നത് പോലെ ലോകത്തെ ഏറ്റവുംവലിയ സമ്പന്നൻ എന്ന കീർത്തി അദ്ദേഹത്തിനുമുണ്ടായിരുന്നു.

മഹത്തായ ഓട്ടോമൻ പാരമ്പര്യവും നിസാമിയൻ പാരമ്പര്യവും ഒത്തുചേർന്ന അദ്ദേഹം മരണം വരെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 

ഓസ്ട്രേലിയയിലും ശേഷം തുർക്കിയിലുമായി അദ്ദേഹം ജീവിക്കുന്നുണ്ട്. 2023 ജനുവരി 15 ന് ഇസ്താംബൂളിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടുന്നത്. 89 വയസ്സായിരുന്നു. ശേഷം ജനുവരി 18 ന് ഹൈദരാബാദിലെ മക്ക മസ്ജിദിൽ അദ്ദേഹത്തെ ഖബറടക്കി.


Visit: ഇന്ത്യയിലേക്ക് വിവാഹിതരായ ഉസ്മാനീ രാജകുമാരിമാർ


അവലംബം :

  • The last Nizam, John Zubrzycki
  • GENEALOGY OF THE IMPERIAL OTTOMAN FAMILY.


2 Comments

Previous Post Next Post