ഹുസൂർ ദർസ്: റമളാനിലെ വിജ്ഞാന സദസ്സ്

Ottoman Huzur Ders

റമളാനിൽ ഉസ്മാനികൾക്ക് കൗതുകകരമായ പല ആചാരങ്ങളുമുണ്ട്. സൗഹാർദവും പരസ്പര സ്നേഹവും നിറഞ്ഞുനിന്നതായിരുന്നു ഉസ്മാനികളുടെ റമളാൻ നാളുകൾ. ആ സുന്ദരമായ റമളാൻ ചര്യകളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഹുസൂർ/ഹുളൂർ ദർസ്.

ഉസ്മാനി ദൗലത് സ്ഥാപിതമാകുന്ന കാലം മുതൽ തന്നെ സുൽത്താന്മാർ പണ്ഡിതന്മാരുമായി സുദൃഢമായ ബന്ധം കാത്തുസൂക്ഷിച്ചവരായിരുന്നു. ആ ഉമറാ-ഉലമാ ബന്ധം ലോകത്തിന് സമർപ്പിച്ച സംഭാവനകളും അതുല്യമാണ്. പണ്ഡിതന്മാരുമായി രാഷ്ട്രീയ-സാമൂഹിക കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഉസ്മാനി സുൽത്താൻമാരുടെ പതിവായിരുന്നു.

സുൽത്താൻ മുഹമ്മദുൽ ഫാതിഹിൻ്റെ ഭരണകാലം മുതൽ സുൽത്താൻമാർ നേരിട്ട് പണ്ഡിതന്മാരെ കൊട്ടാരത്തിലേക്ക് വിളിച്ച് ശാസ്ത്രീയ സംഭാഷണങ്ങളിൽ ഇടപെടുന്നത് ഒരു ചര്യയായി തുടർന്നു പോന്നിരുന്നു. 

ഖുർആൻ പാരായണവും ഖുർആനുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാകുന്ന മാസമാണ് റമളാൻ. ഖുർആൻ വ്യാഖ്യാനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉസ്മാനി സുൽത്താൻമാർ റമളാനിൽ പ്രത്യേകമായി കൊട്ടാരത്തിൽ വെച്ച് സംഘടിപ്പിച്ചിരുന്ന ദർസാണ് 'ഹുസൂർ ദർസ്' (Huzur-i Hümayun Ders). സുൽത്താന്റെ സാന്നിധ്യത്തിൽ വച്ച് നടത്തപ്പെടുന്നത് കൊണ്ടാണ് ഈ പഠനചർച്ചകൾക്ക് ഇങ്ങനെ പേര് വന്നത്. 

1669 ൽ സുൽത്താൻ മെഹ്മദ് നാലാമൻ അന്നത്തെ ശെയ്ഖുൽ ഇസ്‌ലാമായ മിൻകാരിസാദെ യഹ്‌യാ എഫന്ദിയെ വിളിപ്പിച്ച് തഫ്സീർ ബൈളാവി ദർസ് നടത്താറുണ്ടായിരുന്നു. അസ്വറിൻ്റെയും മഗ്‌രിബിൻ്റെയും ഇടയിൽ ആയിരുന്നു ഇത്. ആ കാലത്തെ പ്രഗത്ഭ പണ്ഡിതനായിരുന്നു വാനി മെഹ്‌മദ് എഫന്ദിയും ആഴ്ചയിൽ രണ്ടു പ്രാവശ്യം സുൽത്താൻ്റെ സാന്നിധ്യത്തിൽ വെച്ച് ദർസ് നടത്തിയിരുന്നു. പക്ഷെ, റമളാനിൽ മാത്രം പ്രത്യേകമായ ദർസ് അന്ന് തുടങ്ങിയിരുന്നില്ല.

റമളാനിലെ ഹുസൂർ ദർസുകളുടെ ആദ്യമായി രൂപം പ്രാപിക്കുന്നത് സുൽത്താൻ അഹ്മദ് മൂന്നാമന്റെ കാലത്താണ്. 1724 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ദാമാദ് ഇബ്റാഹീം പാഷ പ്രഗൽഭരായ പണ്ഡിതന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് ഖുർആനിലെ ചില ആയത്തുകളുടെ വിവാദാസ്പദമായ വ്യാഖ്യാനങ്ങളെക്കുറിച്ച് പരസ്പരം സംവദിക്കുകയും വാഗ്വാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. 1728 ൽ റമദാനിലെ ഒരു ദിവസം സുൽത്താന്റെ സാന്നിധ്യത്തിൽ വച്ച് അദ്ദേഹം ഈ ചർച്ചകൾ സംഘടിപ്പിച്ചു. ഈ വിജ്ഞാന സദസ്സിൽ സുൽത്താൻ ആകൃഷ്ടനായി. പിൻഗാമികളായ സുൽത്താൻമാരും ഈ ചര്യ തുടർന്നു പോന്നു. 

ഹുസൂർ ദർസിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പണ്ഡിതനെ 'മുഖരിർ' എന്നും അതിൽ പങ്കെടുക്കുന്നവരെ 'മുഖാഥബ്' എന്നുമാണ് വിളിക്കപ്പെടുക. ഒരു മുഖരിറും അഞ്ച് മുഖാഥബുകളുമായിരുന്നു ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നത്. പിന്നീട് പണ്ഡിതരുടെ എണ്ണത്തിൽ വർധനയുണ്ടായി. അതാതു കാലങ്ങളിലെ ശൈഖുൽ ഇസ്‌ലാം ആണ് ചർച്ചയിൽ ഏതെല്ലാം പണ്ഡിതർ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത്. ചർച്ചയുടെ തുടക്കത്തിൽ മുഖരിർ ഒരു ആയത്ത് ഓതുകയും അതിൻറെ തഫ്സീർ ബൈളാവിയിലെ വ്യാഖ്യാനം മുൻ നിർത്തി ചർച്ചകൾക്ക് ആരംഭം കുറിക്കുകയും ചെയ്യും. തുടർന്ന് കൂടിയിരിക്കുന്ന പണ്ഡിതന്മാർക്കിടയിൽ ഏറെ നേരം നീണ്ടുനിൽക്കുന്ന വാഗ്വാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉൾപ്പെട്ട ചർച്ചകൾ പുരോഗമിക്കും. 

Huzur Ders

മുഖരിർ സുൽത്താൻറെ വലതുവശത്താണ് ഇരിക്കുക. തുടർന്ന് മറ്റുള്ളവരും അതിനു ചുറ്റുമായി ഒരു അർദ്ധവൃത്താകൃതിയിൽ ഇരിപ്പുറപ്പിക്കും. ദർസ് കേൾക്കാൻ അനുവാദമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും പേരുകൾ നിർദ്ദേശിക്കുന്നത് സുൽത്താനാണ്. 

റമളാനിൽ ഒരു ആഴ്ചയിൽ രണ്ടുതവണകളായാണ് ദർസുകൾ സംഘടിപ്പിക്കപ്പെടുന്നത്. അധികവും ളുഹ്റിനും അസ്വറിനും ഇടയിലാണ് സമയം സജ്ജീകരിക്കപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിൽ തോപ്കാപി കൊട്ടാരത്തിലാണ് ഹുസൂർ ദർസുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നത്. സുൽത്താൻ അബ്ദുൽ ഹമീദിന്റെ കാലത്ത് യിൽദിസ് കൊട്ടാരത്തിലേക്ക് മാറി. ശേഷം വന്ന സുൽത്താന്മാരുടെ കാലത്ത് ദോൽമബഹ്‌ചെ കൊട്ടാരത്തിലാണ് അരങ്ങേറിയിരുന്നത്. ദർസ് അവസാനിക്കുമ്പോൾ പങ്കെടുത്ത പണ്ഡിതർക്ക് സുൽത്താൻമാർ ഹദ്‌യകൾ നൽകുന്നതും പതിവായിരുന്നു. 1924 മാർച്ച് മൂന്നിന് ഓട്ടോമാൻ ഖിലാഫത്തിനെ നിരോധിക്കുന്നത് വരെ ഓരോ വർഷങ്ങളിലും റമളാൻ മാസം ഈ ഹുസൂർ ദർസ് മുടങ്ങാതെ തുടർന്നിരുന്നു.

ഇസ്‌താംബൂൾ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ “Huzûr-ı Hümâyûn Ders Takriri Defterleri” എന്ന പേരിൽ ഹുസൂർ ദർസുകളിലെ ചർച്ചകളുടെ സംഗ്രഹങ്ങൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. സുൽത്താൻ അബ്ദുൽ ഹമീദിൻ്റെ യിൽദിസ് ലൈബ്രറിയിൽ നിന്ന് ലഭിച്ച കയ്യെഴുത്ത് പ്രതിയാണ് അത്.

കടപ്പാട്: trtworld.com, islamansiklopedisi.org.tr

Post a Comment

Previous Post Next Post