സൈറണുകൾക്ക് പകരം പള്ളിമിനാരങ്ങളിൽ നിന്ന് മനോഹരമായി ഉയർന്നിരുന്ന ബാങ്കൊലികൾ ഫലസ്തീനികളെ വിളിച്ചുണർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വ്യത്യസ്ത മതങ്ങളുടെ സംഗമഭൂമിയായ ഫലസ്തീനിൽ അന്ന് പരസ്പരം ശത്രുതയും പോരാട്ടങ്ങളുമുണ്ടായിരുന്നില്ല. പരസ്പരം സ്നേഹവും ഐക്യവും നിലനിർത്തുന്നതിൽ അന്നത്തെ ഭരണാധികാരികൾ ഏറെ ശ്രദ്ധപുലർത്തിയിരുന്നു. സമാധാനത്തിന്റെ ആ നാലുനൂറ്റാണ്ടുകളിൽ അവിടെ ഭരിച്ചിരുന്നത് ഉസ്മാനികളായിരുന്നു.
1517 ൽ മർജ് ദാബിഖ് യുദ്ധത്തിലൂടെയാണ് ഉസ്മാനികൾ ഈജിപ്ത് അടിസ്ഥാനമാക്കി അറേബ്യൻ പ്രവിശ്യകൾ ഭരിച്ചിരുന്ന മംലൂകികളെ പരാജയപ്പെടുത്തുന്നത്. അതോടെ ശാം പ്രവിശ്യകൾ ഒന്നൊന്നായി ഉസ്മാനികൾക്ക് കീഴിൽ വന്നു തുടങ്ങി. റംലക്കടുത്തുള്ള ജൽജൂലിയയിൽ വെച്ച് നടന്ന അവസാന ചെറുത്തുനില്പിലും മംലൂകി സൈന്യം പരാജയപ്പെട്ടതോടെ ഫലസ്ഥീൻ പൂർണമായും ഉസ്മാനികൾക്ക് കീഴിലായി. നീണ്ട 401 വർഷങ്ങൾ മത സൗഹാർദത്തിന്റെ വക്താക്കളയി ഉസ്മാനികൾ ഫലസ്തീൻ ഭരിച്ചു. ഖുദ്സിനെ അതിന്റെ പ്രാധാന്യത്തോടെ തന്നെ അവർ പരിപാലിച്ചു.
വിജയത്തിന്റെ നന്ദിപ്രകടനമായി സുൽത്താൻ സലീം ഒന്നാമൻ മസ്ജിദുൽ അഖ്‌സയിലും ഖുബ്ബത്തുസ്വഖ്‌റ പള്ളിയിലും നിസ്കാരം നിർവഹിക്കുകയും അവിടെ സ്ഥിതി ചെയ്യുന്ന നബിമാരുടെയും പണ്ഡിതരുടെയും മഖ്ബറകൾ സന്ദർശിക്കുകയും ചെയ്തു.
ശേഷം വന്ന സുൽത്താൻ സുലൈമാൻ ഖാനൂനിയും ഖുദ്സിന്റെ കാര്യത്തിൽ ബദ്ധശ്രദ്ധാലുവായിരുന്നു. ഇന്ന് കാണുന്ന ജെറുസലേമിന് ചുറ്റുമുള്ള മതിൽ സുൽത്താൻ പണി കഴിപ്പിച്ചതാണ്. 300 വർഷങ്ങൾക്ക് മുമ്പ് കുരിശുയുദ്ധ സമയങ്ങളിൽ തകർന്നു പോയതായിരുന്നു മതിലിന്റെ പല ഭാഗങ്ങളും. ഖുദ്‌സിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സൈന്യത്തെ തടഞ്ഞുകൊണ്ടുള്ള ഒരു ഫർമാൻ സുൽത്താൻ പുറപ്പെടുവിച്ചിരുന്നു. അവിടുത്തെ താമസക്കാർക്ക് സൈന്യം ഒരു തടസ്സമാകരുത് എന്ന ഉദ്ദേശ്യത്തിലായിരുന്നു അത്. ഖുബ്ബത്തുസ്വഖ്‌റയുടെ അകവും പുറവും മോടി പിടിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു.
Haseki Sultan Imaret |
മത സൗഹാർദത്തിന്റെ വാഹകരായിരുന്നു ഉസ്മാനികളുടെ സുൽത്താന്മാരും അനുയായികളും. വ്യത്യസ്ത മതങ്ങളുടെ പുണ്യദേശമായ ഫലസ്തീനിൽ പരസ്പരം ഭിന്നതകൾക്ക് ഇട നൽകാതെ സ്നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഉസ്മാനികൾ വിജയിച്ചു. 1535ൽ ഫലസ്തീൻ സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയായ ഡേവിഡ് ഡേ ഡോസ്സി കുറിച്ചു വെച്ചത് ഇങ്ങനെയാണ്: "ഇറ്റലിയിലേത് പോലെ ഇവിടെ നമ്മൾ അരികുവത്കരിക്കപ്പെടുന്നില്ല. നമ്മുടെ നികുതി ശേഖരിക്കുന്നവർ യഹൂദർ തന്നെയാണ്. ജൂതന്മാർക്കായി പ്രത്യേക നികുതിയൊന്നും ഇവിടെയില്ല." ലോകത്തിന്റെ പല ഭാഗത്തുനിന്നും ജൂതന്മാരെ രണ്ടാംകിട പൗരന്മാരായി മാറ്റിനിർത്തുകയും ആട്ടിയോടിക്കുകയും ചെയ്തപ്പോൾ അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചത് ഉസ്മാനികളായിരുന്നു. മുസ്‌ലിം സ്പെയിനിന്റെ തകർച്ചക്ക് ശേഷം സ്പെയിനിൽ നിന്നും പുറത്താക്കപ്പെട്ട ജൂതൻമാരെ കപ്പലുകളയച്ച് ഇസ്താൻബൂളിലേക്കും മറ്റു ഓട്ടോമൻ അധീന പ്രദേശങ്ങളിലേക്കും സുൽത്താൻമാർ സ്വീകരിച്ചിരുന്നു.
(photo credit: © DEIAHL, Jerusalem) |
വ്യത്യസ്ത മത വിഭാഗങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഓട്ടോമൻ ഫലസ്തീനിലെ സമാധാന അന്തരീക്ഷത്തിന് കാരണം ഉസ്‌മാനികൾ നടപ്പിലാക്കിയിരുന്നു 'മില്ലത്ത് സിസ്റ്റ'മായിരുന്നു. ഈ പദ്ധതി വഴി എല്ലാ മതവിഭാഗങ്ങൾക്കും പ്രത്യേക കോടതികളും നിയമങ്ങളും നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യം അവർ നൽകി.
(photo credit: © DEIAHL, Jerusalem) |
മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ സുൽത്താന്മാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജറുസലേമിലെ തിരുകല്ലറ ദേവാലയ(church of the Holy Sepulchre)ത്തിന്റേതടക്കം പല പുണ്യസ്ഥലങ്ങളുടെയും അവകാശവാദം എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഉന്നയിച്ചിരുന്നു. കാത്തോലിക്, ഓർത്തഡോക്സ്, അർമേനിയൻ, സിറിയൻ തുടങ്ങി ആറോളം വിഭാഗങ്ങൾ ഈ ദേവാലയത്തിന്റെ അവകാശികളാണ്. അവിടെ എന്ത് പുനരുദ്ധാരണ പ്രവർത്തനം നടന്നാലും അവർ തമ്മിൽ വഴക്കാവും. അത് തങ്ങളാണ് ചെയ്യേണ്ടത് എന്ന് ഓരോരുത്തരും അവകാശപ്പെടും. ഈ ഭിന്നിപ്പ് അതിദാരുണമായ കലാപങ്ങൾക്ക് വഴി വെച്ചപ്പോൾ ഉസ്മാനി സുൽത്താന്മാർ ഇടപെട്ടിരുന്നു. ഈ ദേവാലയത്തിന്റെ അവകാശങ്ങളെക്കുറിച്ച് സുൽത്താന്മാർ പല കാലങ്ങളിലും വിജ്ഞാപനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.1757 ൽ സുൽത്താൻ ഉസ്മാൻ മൂന്നാമൻ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഇന്നും അവിടെ തുടർന്ന് കൊണ്ടിരിക്കുന്ന 'സ്റ്റാറ്റസ് ക്വോ'യുടെ അടിസ്ഥാനം. ആ തർക്ക ഗേഹങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്താനാണെങ്കിലും എല്ലാവരും ഒന്നിച്ച് അഭിപ്രായത്തിലെത്തണമെന്നായിരുന്നു തീരുമാനം
Immovable ladder at Church of Holy sepulchre |
ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ താക്കോൽ മുസ്‌ലിം കുടുംബങ്ങളെ ഏല്പിക്കുന്ന പതിവും അന്ന് നിലനിന്നിരുന്നു. പ്രശ്നപരിഹാരത്തിന്റെ മധ്യസ്ഥതക്ക് അവർ മുസ്‌ലിംകളെ തെരഞ്ഞെടുത്തു. സമാധാനവും ശാന്തതയും നിലനിർത്തുന്നതിൽ മുസ്‌ലിംകളും ശ്രദ്ധ പുലർത്തി.
ചെറുത്തുനിൽപുകൾ:സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമന്റെ കാലത്താണ് തിയഡോർ ഹെർസലിന്റെ നേതൃത്വത്തിൽ സിയോണിസ്റ്റുകൾ ജൂതരാഷ്ട്ര വാദവുമായി കടന്നുവരുന്നത്. ഉയർന്നു വരുന്ന പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കിയ സുൽത്താൻ ഫലസ്തീനിലെ സംരക്ഷിക്കാനുള്ള ഉദ്യമങ്ങൾക്ക് വേഗം കൂട്ടി. ഒരു നിമിഷത്തെ അശ്രദ്ധ വരുത്തിവെച്ചേക്കാവുന്ന വിനകൾ അദ്ദേഹം തന്റെ രാഷ്ട്രീയ പാണ്ഡിത്യത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കിയിരുന്നു. തുടർന്ന് 1883 ൽ സ്ഥാവരവസ്തുക്കൾ വിദേശികളായ ജൂതന്മാർക്ക് വിൽക്കരുത് എന്ന നിയമം അദ്ദേഹം നടപ്പിലാക്കി. 1884 ൽ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം അദ്ദേഹം നിരോധിച്ചു. വിദേശികളായ ജൂതന്മാർക്ക് സന്ദർശനങ്ങൾക്ക് അനുമതി. മൂന്ന് മാസത്തിൽ കൂടുതൽ ഫലസ്തീനിൽ താങ്ങാൻ വിദേശികൾക്ക് അനുവാദമുണ്ടായിരുന്നില്ല.
ഹെർസലുമായുള്ള അദ്ദേഹത്തിൻറെ കൂടിക്കാഴ്ച പ്രസിദ്ധമാണ്. ഫലസ്തീനിൽ ജൂതന്മാരെ പ്രവേശിക്കാൻ അനുവദിക്കുകയും ഭരണാവകാശം ജൂതർക്ക് നൽകുകയും ചെയ്താൽ ഉസ്മാനികളുടെ ഭാരിച്ച വിദേശ കടങ്ങൾ മുഴുവൻ ഞങ്ങൾ വീട്ടിത്തരികയും യൂറോപ്യൻ രാജ്യങ്ങളിൽ സുൽത്താന് വേണ്ടി പ്രചാരണങ്ങൾ നടത്തുകയും ചെയ്യാമെന്നായിരുന്നു സിയോണിസ്റ്റുകളുടെ ഓഫർ. "എൻറെ രാജ്യത്തിൻറെ ഒരിഞ്ചു ഭൂമിപോലും ഞാൻ ആർക്കും വിൽക്കാൻ പോകുന്നില്ല" എന്ന ആക്രോശത്തോടെയുള്ള മറുപടിയായിരുന്നു സുൽത്താന്റെ പ്രതികരണം. ഖലീഫ ഉമറി(റ) ന്റെ കൈകളിലൂടെ മുസ്‌ലിംകൾ അധീനപ്പെടുത്തിയ ഫലസ്തീൻ സിയോണിസ്റ്റുകൾക്ക് വിട്ടുനൽകിയാൽ മുസ്‌ലിംകളോടുള്ള കടുത്ത വഞ്ചനയാകുമതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ശക്തമായ നിലപാടിന്റെ പേരിൽ അദ്ദേഹത്തിന് സ്വന്തം അധികാരം വരെ നഷ്ടപ്പെടുത്തേണ്ടി വന്നു.
സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയതോടെ സിയോണിസ്റ്റുകൾ തങ്ങളുടെ ലക്ഷ്യത്തിന്റെ പാതി ദൂരം പിന്നിട്ടു. അബ്ദുൽഹമീദ് അധികാരത്തിലിരുന്നാൽ തങ്ങളുടെ സ്വപ്‌നം ഒരിക്കലും സാക്ഷാത്കൃതമാവുകയില്ല എന്ന് അവർക്കുറപ്പായിരുന്നു. അബ്ദുൽഹമീദിനെ പുറത്താക്കി അധികാരത്തിലേറിയ യുവതുർക്കികൾക്ക് സിയോണിസ്റ്റുകളുടെ പല തന്ത്രങ്ങളിലും ഇരയാവേണ്ടി വന്നു. ശേഷം വന്ന സുൽത്താന്മാർക്ക് അബ്ദുൽഹമീദിന്റെ 'രാഷ്ട്രീയ പാണ്ഡിത്യം' ഇല്ലാതെ പോയതും കാര്യങ്ങൾ കുഴപ്പത്തിലാക്കി.
ഒന്നാം ലോകമഹായുദ്ധ കാലത്ത് തങ്ങളാലാവും വിധം ഉസ്മാനി സൈനികർ ഫലസ്തീൻ സംരക്ഷിച്ചെങ്കിലും ഒടുവിൽ ബ്രിട്ടന് മുന്നിൽ അവർക്ക് കീഴടങ്ങേണ്ടി വന്നു. ഫലസ്തീന്റെ മണ്ണിൽ ബ്രിട്ടൻ ആധിപത്യം ചെലുത്തിയത് ഒരു 'കുരിശുയുദ്ധ വിജയ'മായി യൂറോപ്യൻ മാധ്യമങ്ങൾ ആഘോഷിച്ചു. അതോടെ നാലു നൂറ്റാണ്ട് കാലം ആ മണ്ണിൽ നിലനിന്നിരുന്ന സമാധാനാന്തരീക്ഷത്തിന് ചരമഗീതവും രചിക്കപ്പെട്ടു.