തുർക്കികൾ വാമൊഴിയായാണ് ആദ്യ കാലങ്ങളിൽ ചരിത്രം സൂക്ഷിച്ചിരുന്നത്. ലിഖിതമായ ചരിത്രരേഖകൾ നന്നേ കുറവാണ്. അതിനാൽ തന്നെ ഉസ്മാനികളുടെ ആദ്യകാലം പൂർണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. തുർക്കി ഭാഷ സാഹിത്യ രംഗത്തേക്ക് കടന്ന് വരുന്നത് തന്നെ ഉസ്മാനികളുടെ ഉയർച്ചയോടെയാണ്. കാലങ്ങൾക്ക് ശേഷം വന്ന പല ചരിത്രകാരന്മാരുമാണ് പിന്നീട് ആ കാലത്തെക്കുറിച്ച് വിശദീകരിക്കുന്നത്. അതിനാൽ തന്നെ പൂർണമായി അവലംബിക്കാവുന്നതുമല്ല. പതിനഞ്ചാം നൂറ്റാണ്ടിലാണ് കൃത്യമായ ചരിത്ര രചനകൾ ഉസ്മാനികൾ തുടങ്ങുന്നത്.
ഉസ്മാനി ചരിത്രകാരന്മാർ അവരുടെ ദൗലതിനെ പർവതീകരിച്ചാണ് പലപ്പോഴും അടയാളപ്പെടുത്തിയത്. സുൽത്താൻമാരുടെ കീർത്തിക്ക് മോഷമാക്കുന്ന കാര്യങ്ങൾ അവർ മനഃപൂർവം ഉപേക്ഷിച്ചു. ദൗലതിനെ മഹത്വവൽകരിക്കാൻ വേണ്ടി പല സന്ദർഭങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്തു. ഉദാഹരണമായി, 1346 ൽ ഓർഹാൻ ഗാസി ബൈസൻ്റൈൻ ചക്രവർത്തിയായ ജോൺ ആറാമൻ്റെ മകളായ തിയഡോറയെ വിവാഹം കഴിച്ചതും അത് വഴി സഖ്യമുണ്ടാക്കിയതും പല ഓട്ടോമൻ ചരിത്രകാരന്മാരുടെയും ഗ്രന്ഥങ്ങളിൽ കാണാനാവില്ല.
14-ാം നൂറ്റാണ്ടിൽ കവിയും ഡോക്ടറുമായ 'അഹ്മദി' എന്നറിയപ്പെടുന്ന താജുദ്ദീൻ ഇബ്റാഹീം ബ്ൻ ഹിസ്ർ(1334-1413 CE) രചിച്ച Destan-ı Tevarih-i Al-i Osman (the oral history of the Ottomans), ശുക്റുല്ലാഹ് (d. 1464 CE) രചിച്ച Behcetü't Tevârîh (the joy of histories), 'ആശിഖ്പാഷാസാദെ' എന്നറിയപ്പെടുന്ന ദർവീശ് അഹ്മദ് ആശിഖി(1400 - 1484 CE) രചിച്ച Tevarih-i Âl-i Osman (history of the Ottomans) തുടങ്ങിയവയാണ് പഴക്കമുള്ള ഓട്ടോമൻ ചരിത്രങ്ങൾ. കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കിയ ശേഷമാണ് ഓട്ടോമൻ ചരിത്ര രചനകൾ വ്യാപകമാവുന്നത്.
സെൽജൂഖുകൾ:
മധ്യേഷ്യയിൽ നിന്ന് മധ്യപൂർവേഷ്യയിലേക്കും പിന്നീട് അനാറ്റോളിയയിലേക്കും കടന്ന് വന്നവരാണ് ഓഗുസ് പരമ്പരയിൽ വരുന്ന സൽജൂഖ് തുർക്കികൾ. 1071 ലെ മലാസ്ഗിർത്/ മാൻസികേർട്ട് യുദ്ധത്തിലൂടെ സുൽത്താൻ അൽപ് അർസ്‌ലാൻ്റെ നേതൃത്വത്തിലുള്ള സൈന്യം ബൈസൻ്റൈൻ ചക്രവർത്തിയായ റോമാനോസ് ഡിയോജനിസിൻ്റെ നേതൃത്വത്തിലുള്ള സൈന്യത്തെ പരാജയപ്പെടുത്തുന്നതോടെയാണ് അനാറ്റോളിയയിലേക്ക് തുർക്കികൾ പ്രവേശിക്കുന്നത്.
അനാറ്റോളിയയിലെത്തിയ തുർക്കികൾ ആദ്യം ഇസ്നിക്(Nicaea) തലസ്ഥാനമാക്കി ഭരണമാരംഭിച്ചു. ഒന്നാം കുരിശു യുദ്ധത്തിൽ (1097) ഈ നഗരം കുരിശു പടയാളികൾ കീഴടക്കിയപ്പോൾ അവർ കോൻയ(Iconium)യിലേക്ക് മാറി. അവർ റൂം സെൽജൂഖ് എന്നറിയപ്പെട്ടു. കിഴക്കൻ റോമൻ സമ്രാജ്യത്തിനടുത്തായിരുന്നത് കൊണ്ടാണ് ഇവർ ഈ പേര് സ്വീകരിച്ചത്. പൂർവികരായ ഗ്രേറ്റർ സെൽജൂഖ്(Büyük Selçuklu) ഭരിച്ചിരുന്നത് ഇറാനിലും ഇറാഖിലുമായിരുന്നു. അവരുടെ കീഴിലാണ് റൂം സൽജൂഖ് നിലനിന്നിരുന്നത്. സുലൈമാൻ ബിൻ ഖുതുൽമിഷിൻ്റെ കാലത്ത് (1077) അവർ സ്വതന്ത്രരായി ഭരണം ആരംഭിച്ചു.
ആദ്യകാലങ്ങളിൽ റൂം സെൽജൂഖ് ബൈസൻ്റൈനുമായി നിരന്തര യുദ്ധങ്ങളിലേർപ്പെട്ടിരുന്നു. പിന്നീട് യുദ്ധരഹിതമായ കുറഞ്ഞ നാളുകൾക്ക് ശേഷം പതിമൂന്നാം നൂറ്റാണ്ടിലെ മംഗോൾ അധിനിവേശങ്ങൾ വീണ്ടും അവരെ അസ്വസ്ഥരാക്കി.
1243 ലെ കൊസദാഗ് യുദ്ധത്തിൽ അവർ മംഗോളിയരോട് പരാജയപ്പെടുന്നതോടെ പതിയെ സെൽജൂഖ് തകർന്നു തുടങ്ങി. പിന്നീട് വന്ന സുൽത്താൻമാർ മംഗോളിയരുടെ ഇൽഖാനി ഭരണകൂടത്തിൻ്റെ കീഴിലായാണ് ഭരണം നടത്തിയത്. അവർക്ക് നികുതി കൊടുക്കുകയും ചെയ്തു. പതിയെ സെൽജൂഖ് പൂർണമായും തകർന്നു.
പിന്നീട് ആ പ്രദേശത്തെ ഓരോ ബെയ്ലികുകളും സ്വന്തമായി ഭരണം നടത്തിത്തുടങ്ങി. ആ ബെയ്ലികുകളിൽ ഒന്നായിരുന്നു ഉസ്മാൻ ഗാസിയുടേത്.
പതിനാലാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അനാറ്റോളിയയിലുണ്ടായിരുന്ന വ്യത്യസ്ത ബെയ്ലിക്കുകൾ:
- Emirate of Teke: South, around Antalya
- Menteşe: Southwest Anatolia
- Grand Emirate of Hamid: centered on Isparta
- Saruhan: capital-Manisa
- Karesi: northwards Dardanelles
- Germiyan: capital- Kütahya
- İsfendiyar: North Central Anatolia
- Karaman: South Central Anatolia, capital; Taurus mountain, Konya
- Ramazanoğullari: centred in Adana
- Dulkadiroğullari: northwest Anatolia
- Ottomans: northwest Anatolia, nearest to Byzantine
ഉസ്മാൻ ഗാസി; ജനനവും പരമ്പരയും
ഉസ്മാൻ ഗാസിയുടെ ജനനവർഷം കൃത്യമല്ല. ചില രേഖകൾ ഹി. 656/ക്രി. 1258 ലാണ് എന്ന് സൂചിപ്പിക്കുന്നു. ബാഗ്ദാദിലെ മംഗോളിയൻ ആക്രമണത്തിലൂടെ അബ്ബാസി ഖിലാഫത് തകർന്ന അതേ വർഷത്തിലാണ് ഉസ്മാൻ ഗാസിയുടെ ജനനം എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഓട്ടോമൻ ചരിത്രകാരനായ കാമാൽ പാഷസാദെ പറയുന്നത് പതിമൂന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിലാണ് (1254/5)അദ്ദേഹത്തിൻ്റെ ജനനമെന്നാണ്. ഉസ്മാൻ ഗാസിയുടെ ജീവിതം കൃത്യമായി അടയാളപ്പെടുത്തുന്ന രേഖകൾ ലഭ്യമല്ല. ആ കാലത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള ചരിത്രം തന്നെ ഉസ്മാൻ ഗാസിയുടെ മരണത്തിന് നൂറ് വർഷങ്ങൾക്ക് ശേഷം രചിക്കപ്പെട്ടതാണ്.
ഉസ്മാൻ ഗാസിയുടെ കുടുംബ പരമ്പരയിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. തുർക്കിഷ് ചരിത്രകാരനായ യിൽമാസ് ഓസ്തുന ഉസ്മാൻ ഗാന്ധിയുടെ പിതാമഹൻ ഗുൻദുസ് ആൽപ് ആണ് എന്നാണ് നിരീക്ഷിക്കുന്നത്. സുലൈമാൻ ശാഹ് എന്നത് തുർക്കി പുരാണ കഥകളിൽ പൊതുവെ പ്രത്യക്ഷപ്പെടുന്നതാണെന്നും അത് യഥാർഥത്തിൽ റൂം സൽജൂഖ് സ്ഥാപിച്ച സുലൈമാൻ ബിൻ ഖുതുൽമിശ് ആണെന്നുമാണ് അദ്ദേഹത്തിൻ്റെ വീക്ഷണം. സുലൈമാൻ ശായിലേക്ക് ഉസ്മാൻ ഗാസിയെ ചേർക്കുക വഴി സെൽജൂഖുമായി ഉസ്മാനികൾക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനായിരിക്കാം ചരിത്രകാരന്മാർ ശ്രമിച്ചത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഈജിപ്ഷ്യൻ മംലൂകീ ചരിത്രകാരനായ മുഹമ്മദ് ബിൻ ഇൽയാസ് ഉസ്മാൻ ഗാസി അറബി വംശജനാണെന്നാണ് വാദിക്കുന്നത്.
പിതാവ് എർതുഗ്രുൽ :
എർതുഗ്രുൽ എന്ന ഗോത്രത്തലവൻ തൻ്റെ സൈന്യവുമായുള്ള യാത്രാമധ്യേ ശത്രുസൈന്യവുമായി യുദ്ധം ചെയ്യുകയായിരുന്ന സെൽജൂഖ് സുൽത്താൻ്റെ ആൾബലത്തിൽ കുറവായിരുന്ന ഒരു സൈന്യത്തെ സഹായിക്കുകയും അത് കാരണമായി സുൽത്താൻ അദ്ദേഹത്തിന് 'സോഗുത്' നഗരം പാരിതോഷികമായി നൽകുകയും ചെയ്തുവെന്ന് മധ്യകാല ഓട്ടോമൻ ചരിത്രകാരൻ നെശ്‌രി രേഖപ്പെടുത്തുന്നുണ്ട്.
'എർതുഗ്രുലി'ൻ്റെ പുത്രനാണ് ഉസ്മാൻ എന്ന് അദ്ദേഹത്തിൻറെ കാലത്തെ കോയിനുകളിൽ നിന്ന് വ്യക്തമാവും. പിതാവ് എർതുഗ്രുലിന് അന്നത്തെ റൂം സെല്‍ജൂക്ക് സുൽത്താൻ 'സോഗുത്' നഗരം ദാനമായി നൽകിയെന്നും തുടർന്ന് പിതാവിനു ശേഷം(ഹി.680/ക്രി 1281) ഉസ്മാൻ ഗോത്രത്തിൻ്റെ സ്ഥാനം ഏറ്റെടുത്തെന്നും മറ്റു അനാട്ടോളിയൻ 'ബെയ്ലികു'കളെ ഒരുമിച്ച് കൂട്ടി ഒരു പുതിയ ദൗലത്തിന് അടിത്തറ പാകിയെന്നും ചരിത്രങ്ങളിൽ കാണാം. ദൗലതിനെതിരെ തിരിഞ്ഞ പിതൃവ്യനായ ദുൻദാർ ബെയ്'യെ വകവരുത്തിയാണ് ഉസ്മാൻ ഗാസി അധികാരം സുരക്ഷിതമാക്കുന്നത്.
ശൈഖ് എദബാലിയും സ്വപ്നവും:
ഉസ്മാനി ചരിത്രകാരന്മാർ ദൗലത്തിൻ്റെ തുടക്കം ഉസ്മാൻ ഗാസി കണ്ട ഒരു സ്വപ്നത്തിൽ നിന്നാണ് എന്ന് രേഖപ്പെടുത്തുന്നുണ്ട്.
ആ കാലത്ത് ജീവിച്ച ശൈഖ് ഏദബാലി ഉസ്മാൻ ഗാസിയുടെ ആത്മീയ ഗുരുവായിരുന്നു. അദ്ദേഹത്തിൻ്റെ മകളെ ഉസ്മാൻ ഗാസി വിവാഹം കഴിച്ചിട്ടുണ്ട്.
പല തുർക്കി ചരിത്രങ്ങളും ഏദബാലിയുടെ മകളായ മാൽഖാതൂൻ/മൽഹുൻ ഖാതൂൻ ആണ് ഓർഹാൻ ഗാസിയുടെ മാതാവ് എന്ന് പറയുന്നുണ്ട്. എന്നാൽ 1324ൽ ഓർഹാൻ ഒരു ദർവീശ് ലോഡ്ജിന് വേണ്ടി ചെയ്ത ഒരു രേഖയിൽ അദ്ദേഹത്തിൻ്റെ മാതാവായി പറയുന്നത് ഉമൂർ ബെയുടെ മകളായ മൽഹുൻ ഖതൂനെയാണ്.
ശൈഖ് എദബാലിയുടെ മകളെ ഉസ്മാൻ ഗാസി വിവാഹം കഴിച്ചു എന്നതിൽ തർക്കമില്ല. അവരുടെ പേരിലാണ് പലപ്പോഴും ചരിത്രകാരന്മാർ അഭിപ്രായവ്യത്യാസങ്ങളിലാവുന്നത്.
സ്വതന്ത്ര്യ ഭരണം:
സ്വന്തം പേരിൽ നാണയം അടിച്ചിറക്കുന്നതിലൂടെ ഉസ്മാൻ തൻ്റെ ആധിപത്യം ഉറപ്പിച്ചു. അക്കാലത്ത് അനാറ്റോളിയയിലെ സെൽജൂഖ് അടക്കം അധിക തുർകി ബെയ്ലികുകളും മംഗോളിയരായ ഇൽഖാനി ഭരണകൂടത്തിന് കപ്പം കൊടുത്താണ് കഴിഞ്ഞിരുന്നത്. ആ സമയത്ത് ഇൽഖാനികളെ വെല്ലുവിളിക്കുന്നത് പോലെയാണ് സ്വന്തം പേരിൽ നാണയം അടിച്ചിറക്കുക എന്നത്. 1243 ൽ കൊസദാഗ് യുദ്ധത്തിൽ മംഗോളിയർ സെൽജൂഖികളെ പരാജയപ്പെടുത്തിയതോടെ സെൽജൂഖി സുൽത്താന്മാരും അവരുടെ വെറും കീഴ്ഭരണാധികാരികളായി മാറിക്കഴിഞ്ഞിരുന്നു.
ഭരണം സ്ഥാപിച്ച ശേഷം ഉസ്മാൻ ഗാസിക്ക് ബൈസൻ്റൈനുമായും അതേ സമയം തനിക്കെതിരെ തിരിയുന്ന മറ്റു തുർക്കി ബെയ്ലികുകളുമായും നിരന്തര പോരട്ടങ്ങളിലേർപ്പെടേണ്ടി വന്നു. ബൈസൻ്റൈൻ നഗരങ്ങളിൽ നിന്ന് തുടങ്ങി അവരുടെ കോട്ടകൾ വരെ ഉസ്മാൻ ഗാസി പതിയെ കീഴടക്കി തുടങ്ങി. കുലചഹിസാർ കോട്ടയും ശേഷം (1286) പിന്നീട് കറചഹിസാർ കോട്ടയും അദ്ദേഹം കീഴടക്കി.
കറചഹിസാർ കോട്ട കീഴടക്കിയതോടെ ഓട്ടോമൻ ദൗലതിൻ്റെ അടിത്തറ ഭദ്രമായിക്കഴിഞ്ഞിരുന്നു. അതിനാൽ തന്നെ പല ചരിത്രകാരന്മാരും ഈ കോട്ട കീഴടക്കിയ വർഷമായ 1289 ആണ് ഓട്ടോമൻ ദൗലതിൻ്റെ സ്ഥാപിത വർഷമായി കണക്കാക്കുന്നത്.
കോട്ട കീഴടക്കിയതിന് ശേഷം ഒരു പാട് മുസ്‌ലിം സമൂഹം അവിടെ താമസമാക്കി. ആളുകൾ വർദ്ധിച്ചപ്പോൾ വെള്ളിയാഴ്ചകളിൽ ജുമുഅ: തുടങ്ങുകയും ഖുഥ്ബയിൽ ഉസ്മാൻ ഗാസിയുടെ പേര് പരാമർശിക്കുകയും ചെയ്തു.
ഉസ്മാൻ ഗാസിയുടെ തുടർച്ചയായ യുദ്ധവിജയങ്ങളിൽ ആശംസയർപ്പിച്ച് കൊണ്ട് സെൽജൂഖ് സുൽത്താൻ അലാവുദ്ദീൻ കൈകൂബാദ് മൂന്നാമൻ അദ്ദേഹത്തിന് ധാരാളം പാരിതോഷികങ്ങൾ നൽകുകയും Eskişehir, İnönü തുടങ്ങിയ നഗരങ്ങളുടെ അധികാരങ്ങൾ നൽകുകയും അദ്ദേഹത്തെ "ഉസ്മാൻ ശാഹ്" എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നിരുന്നാലും "സുൽത്താൻ" എന്ന പദം ഉസ്മാൻ ഗാസിയെക്കുറിച്ച് ഉപയോഗിച്ചിരുന്നതായി തെളിവുകൾ ലഭ്യമല്ല.
പിന്നീട് ബിലെജിക്, യാർഹിസാർ, ഇനെഗോൾ തുടങ്ങിയ ബൈസൻ്റൈൻ അധീന കോട്ടകൾ അദ്ദേഹം കീഴടക്കി. സെൽജൂഖ് ഭരണകൂടം പൂർണമായും തകർന്നതും ഉസ്മാനികളുടെ ഉയർച്ചക്ക് വേഗം കൂട്ടി. 1302 ലെ ബാഫിയസ് യുദ്ധത്തിൽ ബൈസൻ്റെെൻ ചക്രവർത്തിയുടെ സൈന്യത്തെ പരാജയപ്പെടുത്തിയതോടെ ഉസ്മാൻ ഗാസിയുടെ കീർത്തി പ്രദേശത്താകമാനം വ്യാപിച്ചു. ഈ യുദ്ധ വിജയം ഓട്ടോമൻ ഭരണകൂടത്തിന്റെ സംസ്ഥാപനത്തിലെ പ്രധാന നാഴികക്കല്ലാണ്.
യുദ്ധത്തിൽ പരാജയപ്പെട്ട ശേഷം ബൈസൻ്റൈൻ ചക്രവർത്തിമാർ മംഗോളുകളുമായും കാറ്റലൻ സൈന്യവുമായും സഖ്യം ചേർന്ന് ഉസമാനികളെ തുരത്താൻ ശ്രമിച്ചിരുന്നു. പക്ഷെ, രണ്ടും വേണ്ട വിധം ഫലം കണ്ടില്ല.
ഉസ്മാൻ ഗാസി യെനിശെഹ്ർ നഗരവും അതിന് ചുറ്റുമുള്ള പല ബൈസൻ്റൈൻ നഗരങ്ങളും കോട്ടകളും കീഴക്കുന്നത് തുടർന്നു. അവസാനം ബൈസൻ്റെെൻ ഉരുക്കു കോട്ടയായിരുന്ന 'ബുർസ' നഗരം ഉപരോധമേർപ്പെടുത്തി. ഈ ഉപരോധം തുടർന്നു കൊണ്ടിരിക്കെയാണ് അദ്ദേഹം മരണപ്പെടുന്നത് എന്ന് ചില പരിത്രകാരന്മാർ പറയുന്നു. എന്നാൽ 1323 - 24ലാണ് എന്ന്മറ്റു ചില രേഖകളും സമർഥിക്കുന്നു. ശേഷം വന്ന പുത്രൻ ഓർഹാൻ ഗാസിയാണ്(1326) പിന്നീട് നഗരം കീഴടക്കിയത്.
ഓർഹാൻ ബുർസ കീഴടക്കിയ ശേഷം ഉസ്മാൻ ഗാസിയുടെ മൃതശരീരം ബുർസയിലേക്ക് കൊണ്ട് വരികയും അവിടെ ഖബറടക്കുകയും ചെയ്തു.
ഉസമാൻ ഗാസി പണികഴിപ്പിച്ചതായി പറയപ്പെടുന്ന നിർമിതികൾ ഇല്ല. എന്നാൽ പിന്നീട് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ സോഗുതിൽ ഓട്ടോമൻ പൂർവികരുടെ സ്മാരകങ്ങൾ പണി കഴിപ്പിച്ചിട്ടുണ്ട്. എർതുഗ്രുലിൻ്റെ ഭാര്യ, ഉസ്മാൻ ഗാസി, അദ്ദേഹത്തിൻ്റെ 25 പടയാളികൾ എന്നിവർക്കാണ് സുൽത്താൻ സമാരകങ്ങൾ പണിതത്. സോഗുത് ഇന്നും ഉസ്മാനികളുടെ പുണ്യ ദേശമായി കണക്കാക്കപ്പെടുകയും അവിടെ വ്യത്യസ്ത പരപാടികൾ സംഘടിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്.
References
- Caroline Finkel, Osman's Dream
- Leslie P. Peirce, The Imperial Harem; Women and Sovereignty in the Ottoman Empire
- Bassem Fleifel, Osman I, father of kings
- Sir Edward s. Creasy, History of the Ottoman Turks
Please sotry of ertugrul
ReplyDelete