ഓർഹാൻ ഗാസി; ദൗലത്തിന് അടിത്തറ പാകുന്നു

Orhan Gazi: The real founder

പിതാവ് സ്ഥാപിച്ച ദൗലത്തിനെ യഥാർത്ഥത്തിൽ വിപുലമാക്കിയത് ഓർഹൻ ഗാസിയായിരുന്നു. അദ്ദേഹത്തിന്റെ യുക്തി ഭദ്രമായ ഇടപെടലുകളാണ് ഉസ്മാനി ദൗലത്തിന് ആദ്യ കാലങ്ങളിൽ കരുത്തു പകർന്നത്. 

മൽഖാതൂൻ/ മൽഹുൻ ഖാതൂനാണ് ഓർഹാൻ ഗാസിയുടെ മാതാവ്. ഇവർ ശൈഖ് എദബാലിയുടെ മകളാണെന്നും അതല്ല ഉമൂർ ബേയ് എന്ന ഒരു പ്രമാണിയുടെ മകളാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.  

1299 ൽ ഹൊളോഫിറയുമായി അദ്ദേഹത്തിൻ്റെ ആദ്യ വിവാഹം നടന്നു. യാർഹിസാർ തെക്ഫൂറിൻ്റെ മകളായിരുന്നു ഹൊളോഫിറയെന്നും ഉസ്മാൻ ഗാസി യാർഹിസാർ കോട്ട കീഴടക്കിയ ശേഷമാണ് ഹോളോഫിറയെ ഓർഹാൻ വിവാഹം കഴിക്കുന്നതെന്നും അവർ പിന്നീട് ഇസ്‌ലാം സ്വീകരിച്ച് നിലൂഫെർ എന്ന പേരിലറിയപ്പെട്ടെന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. എന്തായാലും ഓർഹാൻ ഗാസിക്ക് നിലൂഫർ എന്ന ഒരു ഭാര്യയുണ്ടായിരുന്നു എന്നും അവരാണ് പിൻഗാമിയായ സുൽത്താൻ മുറാദിന്റെ മാതാവ് എന്നും അവിതർക്കിതമാണ്. 

 സഹോദരൻ അലാവുദീൻ

ഓർഹാൻ ഗാസിക്ക് അലാവുദ്ദീൻ എന്ന ഒരു സഹോദരനുണ്ടായിരുന്നു. ആദ്യ കാല ചരിത്രങ്ങളിൽ അലി പാഷ എന്നാണ് സഹോദരൻ്റെ പേര്. സഹോദരന് ഭരണത്തിൽ താൽപര്യമില്ലായിരുന്നുവെന്നും പിതാവ് നേരത്തേ തന്നെ ഓർഹാനാണ് തൻ്റെ പിൻഗാമിയെന്ന് തീരുമാനിച്ചിരുന്നുവെന്നും കാണാം. ഭരണമേറ്റ ശേഷം ഓർഹാൻ സഹോദരനെ തൻ്റെ വസീറാക്കി നിയമിക്കുകയായിരുന്നു.

ഈ സംഭവത്തെ ചില ആധുനിക ചരിത്രകാരന്മാർ പാടെ നിരാകരിക്കുന്നുണ്ട്. അങ്ങനെയൊരു സഹോദരൻ ഉണ്ടായിരുന്നു എന്നതിന് മതിയായ തെളിവുകൾ ഇല്ല എന്നാണ് അവരുടെ വാദം. 

പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലാണ് ഇത് കാണുന്നത്. ആ സമയത്ത് സുൽത്താൻമാർ അധികാരത്തിലേറുമ്പോൾ സ്വന്തം സഹോദരന്മാരെ കൊല്ലുന്നത് പതിവായിരുന്നു. ഇതിൽ മനം മടുത്ത ആ കാലത്ത് ജീവിച്ച ഏതെങ്കിലും ചരിത്രകാരന്മാർ ദൗലതിൻ്റെ തുടക്കകാലത്ത് സഹോദരന്മാർ പരസ്പരം സഹകരിച്ചാണ് കഴിഞ്ഞിരുന്നത് എന്ന് വിശ്വസിപ്പിക്കാനായിരിക്കാം ഓർഹാൻ ഗാസിക്ക് ഒരു സഹോദരനെ ചേർത്തത് എന്നാണ് COLIN IMBER രേഖപ്പെടുത്തുന്നത് (The Legend of Osman Gazi)

ബുർസയിൽ നിന്ന് തുടങ്ങുന്നു

1326 ൽ ബുർസ കീഴടക്കി അദ്ദേഹം ബൈസാന്റൈൻ സാമ്രാജ്യത്തെ വിറപ്പിച്ചു തുടങ്ങി. ശേഷം ദൗലത്തിന്റെ പുതിയ തലസ്ഥാനമായി ബുർസയെ പ്രഖ്യാപിച്ചു. പിതാവിൻ്റെ മൃതശരീരം സോഗുതിൽ നിന്ന് ബുർസയിലേക്ക് കൊണ്ട് വന്ന് അവിടെ ഖബറടക്കി. ശേഷം ഓർഹാൻ ഗാസിയുടേതടക്കം ഉസ്മാനി കുടുംബത്തിലെ പലരുടെയും അന്ത്യവിശ്രമസ്ഥലം ബുർസയായി മാറി. ഉസ്മാനികളുടെ ഔദ്യോഗിക നാണയം (Akçe) ബുർസയിൽ പ്രിന്റ് ചെയ്യാൻ തുടങ്ങി. അതോടെ ദൗലത്തിന് ഒന്ന് കൂടി സ്വീകാര്യത വർധിച്ചു. പുതിയ മസ്ജിദുകളും ദർവീശ് ലോഡ്ജുകളും പാഠശാലകളും നിർമിച്ചു. 

1331ൽ ഇസ്നിക് ഉസ്മാനികൾക്ക് കീഴടങ്ങി. ഉസ്മാൻ ഗാസിയുടെ കാലത്ത് തന്നെ ഇസ്നിക് ഉപരോധങ്ങൾ ആരംഭിച്ചിരുന്നു. പഴയ റൂം സെൽജൂഖിൻ്റെ തലസ്ഥാനമായിരുന്ന നഗരം തിരിച്ചു പിടിക്കുക എന്നത് ഉസ്മാനികളുടെ സ്വപ്നമായിരുന്നു. 

ഇസ്നികിന് ശേഷം ഓർഹാൻ ഇസ്മിത് ലക്ഷ്യമാക്കി നീങ്ങി. ഓർഹാനെ തനിക്ക് നേരിടാനാവില്ല എന്ന് മനസ്സിലാക്കിയ ബൈസൻ്റൈൻ ചക്രവർത്തി ആൻഡ്രോനിക്കസ് 1333 ൽ ഓർഹാനുമായി കൂടിക്കാഴ്ച നടത്തി. അനാറ്റോളിയയിൽ ബാക്കി നിൽക്കുന്ന ബൈസൻ്റെെൻ പ്രവിശ്യകളിൽ ഇനി തുർക്കികളുടെ ആക്രമണം ഇല്ലാതിരിക്കാൻ ഓർഹാൻ ഗാസിക്ക് പണം നൽകാം എന്ന് വരെ അദ്ദേഹം സമ്മതിച്ചു. 1337ലാണ് ഇസ്മിത് കീഴടങ്ങുന്നത്.

1345 ൽ കറേസി പ്രിൻസിപ്പാലിറ്റിയും 1354 ൽ അങ്കാറയും അദ്ദേഹം കീഴടക്കി. 

ബൈസൻ്റൈനുമായി:

1341 ൽ ബൈസൻ്റെെൻ ചക്രവർത്തി ആൻഡ്രോനിക്കസ് മൂന്നാമൻ മരണപ്പെട്ടതോടെ കോൺസ്റ്റാൻ്റിനോപ്പിളിൽ ആഭ്യന്തരയുദ്ധം (1341-47)ആരംഭിച്ചു. അദ്ദേഹത്തിൻ്റെ മകൻ ജോൺ അഞ്ചാമന് 9 വയസ്സ് പ്രായമുണ്ടായിരുന്നുള്ളൂ. 

ഈ അവസരത്തിൽ ആൻഡ്രോനിക്കസിൻ്റെ മന്ത്രിയായിരുന്ന ജോൺ ആറാമൻ (John VI Kantakouzenos) അട്ടിമറിയിലൂടെ ഭരണം നേടിയെടുത്തു. ശേഷം ഉസ്മാനികളുടെ സഹായം പ്രതീക്ഷിച്ച് ഓർഹാൻ ഗാസിയെ കാണുകയും അദ്ദേഹത്തിൻറെ മകളായ തിയഡോറയെ ഓർഹാൻ ഗാസിക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. 

ബൈസാൻ്റൈൻ ചക്രവർത്തിയുമായി രൂപീകരിച്ച സഖ്യത്തിൻ്റെ ഭാഗമായാണ് ജോൺ ആറാമൻ ഉസ്മാനികൾക്ക് യൂറോപ്പിലേക്കുള്ള വാതിൽ തുറന്നത്. Thrace ലേക്ക് ഓർഹാൻ ഗാസിയുടെ മൂത്തപുത്രനായ സുലൈമാൻ പാഷയുടെ നേതൃത്വത്തിൽ ഒരു സൈന്യം പ്രവേശിക്കുകയും അവർ പിന്നീട് പതിയെ ബാൽകൻ പ്രവിശ്യകൾ ഉസ്മാനികൾക്ക് കീഴിൽ കൊണ്ട് വരികയും ചെയ്തു. Dardanelles കടന്ന് ഉസ്മാനി സൈന്യം ആദ്യമായി യൂറോപ്പിലെത്തുന്നത് ഓർഹാൻ ഗാസിയുടെ കാലത്തായിരുന്നു. 

ഓർഹാൻ ഗാസിയുടെ പുത്രൻ ഖലീലി(Halil) നെ ജെനോവൻ കടൽ കൊള്ളക്കാർ പിടികൂടിയപ്പോൾ രക്ഷപ്പെടുത്താൻ ബൈസൻ്റെെൻ ചക്രവർത്തി സഹായിച്ചിരുന്നു. ജോൺ അഞ്ചാമൻ (Palaeologos) തൻ്റെ പുത്രിയായ ഇറെനെ(Irene) യെ ഖലീലിന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. 

ഭരണമികവ്

ഓർഹാൻ ഗാസിയുടെ ഭരണകാലത്താണ് ഉസ്മാനികൾ ആദ്യമായി ഒരു അക്കാദമി സ്ഥാപിക്കുന്നത്. അക്കാലത്തെ പ്രശസ്ത പണ്ഡിതനായ ദാവൂദ് കൈസെരിയെ അവിടെ അധ്യാപകനായി നിയമിക്കുകയും ചെയ്തു. 

ഓർഹാൻ ഗാസിയുടെ ഭരണകാലത്താണ് വിഖ്യാത മൊറോക്കൻ സഞ്ചാരി ഇബനു ബത്തൂത്ത അനാറ്റോളിയയിലെത്തുന്നത്. ഓർഹാൻ ഗാസിയുടെ അസാന്നിധ്യത്തിൽ അന്ന് അദ്ദേഹത്തെ സ്വീകരിച്ചത് ഭാര്യയായ നിലൂഫറായിരുന്നിരിക്കണം എന്നാണ് നിഗമനം. അനാറ്റോളിയിൽ അദ്ദേഹം സന്ദർശിച്ച (1330-32)അനേകം തുർക്മെൻ ബോയ്മാരിൽ ഏറ്റവും സമ്പന്നനും പ്രൗഢിയുള്ളവനും ഓർഹാനാണ് എന്ന് അദ്ദേഹം കുറിച്ച് വെച്ചു. നിറയെ ബസാറുകളും പൂന്തോട്ടങ്ങളും ഉള്ള ഓട്ടോമാൻ നഗരങ്ങളെ വർണ്ണാഭമായി തന്നെ ഇബ്നു ബത്തൂത്ത വിവരിക്കുന്നുണ്ട്. 

അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഉസ്മാനി സേനക്ക് ഒരു ഔദ്യോഗിക രൂപം കൈ വരുന്നത്. യായ (yaya) എന്ന പേരിൽ കാൽനടപ്പടയാളികളെയും മുസല്ലം (Musellem) എന്ന പേരിൽ കുതിരപ്പടയാളികളെയും അദ്ദേഹം രംഗത്തിറക്കി. കാറാ ഖലീൽ പാഷയുടെ നിർദേശപ്രകാരമായിരുന്നു ഇവ. സഹോദരൻ അലാവുദ്ദീനാണ് ഇതിൻ്റെ മാസ്റ്റർ ബ്രൈൻ എന്ന് പറയുന്നവരുണ്ട്. അത് വരെ ഉസ്മാനികൾക്ക് ശമ്പളം പറ്റുന്ന സൈനികരില്ലായിരുന്നു. യുദ്ധ സമയത്ത് ഒരുമിച്ചുകൂടുന്ന സാധാരണക്കാരായിരുന്നു അതിനുമുമ്പത്തെ സൈനിക രൂപം. 

ഓർഹാൻ ഗാസിയുടെ കാലത്ത് തന്നെ ജാനിസ്സറി (യനി ചേരി)ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. അധിക ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാരും ജാനിസ്സറി തുടങ്ങുന്നത് മുറാദിൻ്റെ കാലത്താണ് എന്നാണ് വാദിക്കുന്നത്.

ഓർഹാൻ ഗാസിയുടെ ദൗലത് സൂഫിവാര്യരാലും പണ്ഡിതരാലും സമ്പന്നമായിരുന്നു. അഹ്മദുൽ കബീർ അരിഫാഇ, ആഹി എവ്റാൻ, മൂസ അബ്ദാൽ തുടങ്ങിയവർ അക്കാലത്ത് ജീവിച്ചവരായിരുന്നു.

ഭാര്യമാർ:
Nilüfer Hatun: Süleyman, Murad I and Kasım 
Asporça: Mother of Ibrahim and Fatma       
Theodora: Mother of Halil
മറ്റു ഭാര്യമാരെയും ചിലർ പരാമർശിക്കുന്നുണ്ട്.


References:

  • Caroline Finkel, Osman's Dream
  • Leslie P. Peirce, The Imperial Harem; Women and Sovereignty in the Ottoman Empire
  • Gábor Ágoston, Bruce Masters: Encyclopaedia of the Ottoman Empire
  • Edited by Elizabeth Zachariadou: The Ottoman Emirate 1300-1389

Post a Comment

Previous Post Next Post