ഓർഹാൻ ഗാസിയുടെ മൂത്തപുത്രനായിരുന്ന സുലൈമാൻ പാഷ പിതാവിൻ്റെ ഭരണകാലത്ത് തന്നെ ഒരു അപകടം കാരണമായി മരണപ്പെട്ടതോടെ പിൻഗാമിയായി കടന്ന് വന്നത് അദ്ദേഹത്തിൻ്റെ അടുത്ത പുത്രനായ മുറാദ് ആയിരുന്നു.
സുലൈമാൻ പാഷയുടെ മരണശേഷം ഓട്ടോമൻ ദൗലത്തിനെ യൂറോപ്പിൽ വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു.
'ഹുദാവെന്ദിഗാർ' എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. പല ചരിത്രങ്ങളും അദ്ദേഹത്തെ ഒരു സൂഫിയായ സുൽത്താനായാണ് രേഖപ്പെടുത്തുന്നത്. ഉസ്മാനി ഭരണാധികാരികളിൽ ആദ്യമായി 'സുൽത്താൻ' എന്ന് വിളിക്കപ്പെട്ടത് മുറാദായിരുന്നു.
ഓർഹാൻ ഗാസിയുടെയും നിലൂഫർ ഖാതൂൻ്റെയും മകനായാണ് അദ്ദേഹം ജനിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ പിതാവിനൊപ്പം ധാരാള പോരാട്ടങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഉസ്മാനികൾ തങ്ങളുടെ ശഹ്സാദെ(Prince)മാരെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി ചില പണ്ഡിതർക്ക് ഏൽപിച്ചു കൊടുക്കുന്നത് പതിവാണ്. അവർ 'ലാല' എന്നാണ് വിളിക്കപ്പെടുക. മുറാദിൻ്റെ ലാല ശാഹിൻ പാഷയായിരുന്നു.
അധികാരാരോഹണം :
സഹോദരൻ സുലൈമാൻ പാഷയായിരുന്നു യഥാർഥത്തിൽ കിരീടാവകാശി. അദ്ദേഹം Tzympe എന്ന ബൈസൻ്റൈൻ കോട്ടയും ശേഷം 1354 ൽ Gallipoli നഗരവും കീഴടക്കി യൂറോപ്പിൽ ഉസമാനികൾക്ക് അടിത്തറ പാകി. പക്ഷെ 1357 ൽ ഒരു അപകടത്തിൽ മരണപ്പെട്ടു.
മുറാദ് ആദ്യം ബുർസയുടെ സാൻജാക് ബെയ് ആയിരുന്നു. പിന്നീട് സഹോദരൻ സുലൈമാൻ പാഷ മരണപ്പെട്ടതോടെ റുമേലി/ യൂറോപ്യൻ മേഖലയിലേക്ക് മാറി.
1362 ൽ ഓർഹാൻ ഗാസിയും മരണപ്പെട്ടതോടെ മുറാദിന് അധികാരത്തിലേകുള്ള വഴിയൊരുങ്ങി. ആ സമയത്ത് തനിക്കെതിരെ രംഗത്ത് വന്ന സഹോദരങ്ങളെ(Ibrahim, Halil) അദ്ദേഹം പരാജയപ്പെടുത്തി. ഓട്ടോമൻ ചരിത്രത്തിലെ ആദ്യത്തെ അധികാര വടംവലിയായിരുന്നു അത്.
പടയോട്ടങ്ങൾ:
1361/63 എദിർനെ നഗരം കീഴടക്കുന്നതിൽ മുറാദിൻ്റെ പങ്ക് വളരെ വലുതായിരുന്നു. ചില ബൈസൻ്റെെൻ ചരിത്രരേഖകൾ എദിർനെ കീഴടക്കിയത് 1369 ലാണ് എന്നാണ് രേഖപ്പെടുത്തുന്നത്. 1387 ൽ സലോനിക്ക നഗരം കീഴടങ്ങി. ബൾഗേറിയൻ രാജാവ് ഉസ്മാനികളുടെ കീഴിലായി മാറി. അത് പോലെ ഒരുപാട് കൃസ്ത്യൻ ഭരണകൂടങ്ങൾക്ക്(despot of Mistra; the Bulgarian czar of Turnovo; Stephan Lazarević of Serbia) ഗത്യന്തരമില്ലാതെ ഉസ്മാനികളുടെ കീഴ്ഭരണാധികാരികളായി(Vassals) മാറി. അവർ ഉസ്മാനികൾക്ക് കപ്പം കൊടുക്കാൻ നിർബന്ധിതരായി.
ഉസ്മാനികൾ ആദ്യം തങ്ങളുടെ കീഴ് ഭരണകൂടങ്ങളിൽ ചെറിയ വാർഷിക നികുതി മാത്രമേ ഏർപ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് ആ ഭരണാധികാരിയുടെ മകൻ ഉസ്മാനീ കൊട്ടാരത്തിൽ ബന്ധിയായി നിൽക്കണം എന്ന നിയമം കൊണ്ട് വന്നു. രാജാവ് ഓരോ വർഷവും വന്ന് സഖ്യം പുതുക്കണമെന്നും സുൽത്താൻ യുദ്ധത്തിന് പോകുമ്പോൾ സൈനിക സഹായം നൽകണമെന്നും നിർബന്ധമാക്കി.
1385 ൽ ഉസ്മാനി പടയോട്ടങ്ങൾ അൽബാനിയയിലെത്തി. അൽബാനിയയിലെയും മസഡോനിയയിലെയും ബൈസൻ്റൈൻ തെക്ഫൂറുമാർ ഉസ്മാനികളുടെ പരമാധികാരം അംഗീകരിച്ചു.
ഭരണകൂടങ്ങൾ തമ്മിലുള്ള വിവാഹം സാമ്രാജ്യവികസനത്തിന് ഏറെ സഹായകമായി. ബൈസൻ്റെെൻ ഭരണാധികാരികളുമായും മറ്റു മുസ്‌ലിം ബെയ്ലിക്കുകളുമായും വിവാഹ ബന്ധങ്ങൾ സ്ഥാപിച്ച് അവരെ തനിക്ക് കീഴിൽ കൊണ്ട് വരുന്നതി സുൽത്താൻ മുറാദ് വിജയിച്ചു.
ഭരണപരിഷ്കാരങ്ങൾ:
സുൽത്താൻ മുറാദിൻ്റെ ഭരണകാലത്താണ് ജനിസ്സറി എന്ന ഓട്ടോമൻ സൈനിക ചരിത്രത്തിലെ പ്രധാന അധ്യായത്തിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിൻ്റെ മന്ത്രിയായിരുന്ന ചാൻദാർലി കാറാ ഖലീൽ പാഷയാണ് ജനിസ്സറി സൈന്യത്തിൻ്റെ അടിസ്ഥാനമായ 'ദെവ്ശിർമ' എന്ന പുതിയ സൈനിക റിക്രൂട്ട്മെൻറ് സംവിധാനത്തിന് പിന്നിലെ ചാലകശക്തി.
ഖാദി അസ്കർ (Supreme Judge) എന്ന പുതിയ ഒരു തസ്ഥിക നിർമിക്കുകയും അതിൽ ഖലീൽ പാഷയെ നിയമിക്കുകയും ചെയ്തു. സുൽത്താൻ്റെ രാഷ്ട്രീയ അധ്യാപകനായിരുന്ന ലാലാ ശാഹിൻ പാഷയെ റുമേലിയ(ബാൽകൻ മേഖല) യുടെ ആദ്യ 'ബെയ്ലർ ബെയ് ' ആയി നിയമിക്കുകയും ചെയ്തു.
അനാറ്റോളിയൻ അധിനിവേശം:
വിവാഹ ബന്ധങ്ങളിലൂടെയും അല്ലാതെയും ചില അനാറ്റോളിയൻ മുസ്‌ലിം ഭരണകൂടങ്ങളെ സുൽത്താൻ മുറാദ് തൻ്റെ കീഴിൽ കൊണ്ട് വന്നു. പുത്രൻ ബായസീദ് Germiyan Emirate ൽ നിന്ന് ദൗലത് ഖാതൂനെ വിവാഹം കഴിക്കുക വഴി അവർ ഉസ്മാനികളുടെ പരമാധികാരം അംഗീകരിച്ചു.
കൂട്ടത്തിൽ ഏറ്റവും ശക്തിയുള്ളതും ഉസ്മാനികൾക്ക് തലവേദന സൃഷ്ടിക്കുന്നതുമായിരുന്നു കാറാമാൻ ഭരണകൂടം. ഭരണാധികാരിയായിരുന്ന അലാവുദ്ദീന് തൻ്റെ മകളായ നിലൂഫറിനെ വിവാഹം ചെയ്തു കൊടുത്ത് കീഴിൽ കൊണ്ട് വരാൻ മുറാദ് ശ്രമിച്ചു. എങ്കിലും പിന്നീടൊരവസരത്തിൽ അലാവുദ്ദീൻ മുറാദിനെതിരെ രംഗത്തിറങ്ങി. പക്ഷെ, ആ യുദ്ധത്തിൽ പരാജയപ്പെടുകയും ഉസ്മാനികളോട് അടിയറവ് പറയുകയും ചെയ്തു.
യൂറോപ്പിൽ :
സുൽത്താൻ മുറാദും പുത്രൻ ബായസീദും അനാറ്റോളിയയിൽ പടയോട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കെ സാമ്രാജ്യത്തിൻ്റെ യൂറോപ്യൻ മേഖല /റുമേലിയയിൽ ലാലാ ശാഹിൻ പാഷയുടെയും എവ്റേനോസ് ബെയുടെയും നേതൃത്വത്തിൽ നിരവധി മുന്നേറ്റങ്ങൾ നടന്നു.
എദിർനെ കീഴടക്കിയ(1361/69) ശേഷം നഗരത്തെ സുൽത്താൻ ഉസ്മാനികളുടെ തലസ്ഥാനമാക്കി മാറ്റി. പിന്നീട് സുൽത്താൻ മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാൻ്റിനോപ്പാൾ കീഴടക്കുന്നത് വരെ എദിർനെ തലസ്ഥാനമായി തുടർന്നു.
യൂറോപ്പിലെ ഓട്ടോമൻ അധിനിവേശത്തെ തുരത്താനായി പലപ്പോഴും കൃസ്ത്യൻ ശക്തികൾ ഒരുമിക്കുകയും പല യുദ്ധങ്ങളും സംഘടിപ്പിക്കുകയും ചെയ്തു.
See: പാളിപ്പോയ കുരിശു യുദ്ധം (Battle of Sırpsındığı)
ഭരണ സമയത്ത് തന്നെ അട്ടിമറിക്കാൻ ശ്രമിച്ച പുത്രനായ സാവ്ജിയെ മുറാദ് പരാജയപ്പെടുത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
1389 ജൂൺ15 ന് നടന്ന കൊസോവോ യുദ്ധത്തിലാണ് സുൽത്താൻ കൊല്ലപ്പെടുന്നത്. തന്നോട് സംസാരിക്കാനെന്ന വ്യാജേന കടന്ന് വന്ന ശത്രു സൈന്യത്തിലെ മിലോഷ് ഒബ്ലിച്ച് എന്ന സൈനികനായിരുന്നു സുൽത്താനെ വകവരുത്തിയത്. യുദ്ധഭൂമിയിൽ വെച്ച് വധിക്കപ്പെട്ട ഏക ഓട്ടോമൻ സുൽത്താനാണ് മുറാദ് ഒന്നാമൻ.
ഈ സംഭവത്തിന് ശേഷമാണ് ഉസ്മാനി സുൽത്താൻമാരെ സന്ദർശിക്കാൻ വരുന്ന വിദേശികളുടെ ഇരു ഭാഗങ്ങളിലും സൈനികരുടെ സാന്നിധ്യം നിർബന്ധമാക്കിയത്.
References:
- Gábor Ágoston, Bruce Masters: Encyclopaedia of the Ottoman Empire
- Daily Sabah