ജാനിസ്സറി: ഓട്ടോമൻ സൈനിക ചരിത്രത്തിലെ പ്രധാനാദ്ധ്യായം

The Janissaries

സെൽജൂഖുകളുടെ പിൻഗാമികൾ ആയിരുന്നതിനാൽ തന്നെ സൈനികരംഗത്ത് ഉസ്മാനികൾ ഒട്ടും പിറകിലായിരുന്നില്ല. ആദ്യകാലത്ത് അവർക്ക് ഒരു സ്റ്റാൻഡിങ് ആർമി ഇല്ലായിരുന്നു. യുദ്ധസമയമാകുമ്പോൾ മാത്രം രൂപപ്പെടുന്ന സാധാരണക്കാരുടെ ഒരു സൈന്യമായിരുന്നു നിലവിലുണ്ടായിരുന്നത്. 

ഓർഹാൻ ഗാസിയുടെ കാലത്ത് സഹോദരനായ അലാവുദ്ദീൻ പാഷയും മന്ത്രിയായ കാറാ ഖലീൽപാഷയും ചേർന്നാണ് 'യായ' എന്ന ആദ്യത്തെ ഓട്ടോമൻ കാലാൾപ്പടയെ സജ്ജീകരിക്കുന്നത്. ശമ്പളം പ്രതീക്ഷിച്ച് പലരും ഇതിൽ ചേരുകയും ചെയ്തു. യുദ്ധം നടക്കുമ്പോൾ മാത്രമാണ് അവർക്ക് വേതനം നൽകപ്പെട്ടിരുന്നത്. അല്ലാത്ത സമയങ്ങളിൽ അവർ തോട്ടങ്ങളിൽ കൃഷി ചെയ്തു ജീവിച്ചു. ഇവരിൽ നിന്ന് കുതിര സവാരിയറിയുന്നവർ ചേർന്നാണ് പിന്നീട് 'മുസല്ലം' എന്ന കുതിരപ്പടയുണ്ടായത്. 

ഇത്തരത്തിലുള്ള സൈനിക സംവിധാനങ്ങൾ അനാറ്റോളിയയിലെ മറ്റു തുർക്കി ബെയ്ലിക്കുകളിലും ഉണ്ടായിരുന്നു. എന്നാൽ അവയിൽ നിന്ന് ഉസ്മാനികളെ പ്രത്യേകമാക്കിയത് അടിമകളിൽ നിന്ന് തെരഞ്ഞെടുത്ത് സ്ഥാപിച്ച kapikulu സൈന്യമായിരുന്നു. ഈ സൈന്യത്തിൻ്റെ പ്രധാന കീഴ്ഘടകമായിരുന്നു ജാനിസ്സറി എന്നറിയപ്പെടുന്ന "യെനി ചേരി" (Yeni çeri -New troop). പതിനെട്ടാം നൂറ്റാണ്ടിൻ്റെ അന്ത്യംവരെ ഇവരായിരുന്ന ഓട്ടോമൻ സൈന്യത്തെ പ്രധാന ഘടകമായി വർത്തിച്ചത്. ഓട്ടോമൻ ദൗലത്തിൻ്റെ ഉത്ഥാനത്തിലും പതനത്തിലും ഇവരുടെ പങ്ക് വളരെ വലുതാണ്.

ജാനിസ്സറിയുടെ ഉത്ഭവം:

ഓർഹാൻ ഗാസിയുടെ ഭരണകാലത്ത് യായ (yaya)മുസല്ലം (musellem) തുടങ്ങിയ കാലാൾപ്പടയും കുതിരപ്പടയും തുടങ്ങിയതോടെയാണ് ഉസ്മാനികൾ സൈനിക രംഗത്ത് വിപ്ലവങ്ങൾ രചിച്ച് തുടങ്ങിയത്. 

ശേഷം വന്ന മുറാദ് ഒന്നാമൻ്റെ കാലത്താണ് മധ്യകാല യൂറോപ്പിലെ ആദ്യത്തെ 'സ്റ്റാൻഡിംഗ് ആർമി'യായ ജാനിസ്റ്ററി രൂപം പ്രാപിക്കുന്നത്. 

തുർക്കിയിൽ പുതിയ സൈനികർ എന്നർഥം വരുന്ന 'യെനി ചേരി' എന്നാണ് ഈ സൈന്യത്തിൻ്റെ പേര്.

അധികപേരും ഹാജി ബെക്താശ് വലി എന്ന സൂഫിക്കും ബക്താശി ത്വരീഖത്തിനും ഈ സൈന്യത്തിൻ്റെ സംസ്ഥാപനത്തിൽ പങ്കുണ്ട് എന്ന് സ്ഥാപിക്കുന്നുണ്ട്. 

ആദ്യകാല ഓട്ടോമൻ ചരിത്രം കൃത്യമായി രേഖപ്പെടുത്താത്തതുകൊണ്ട് ജാനിസ്സറിയുടെ ഉപജ്ഞാതാവ് ആര് എന്നതിൽ ചരിത്രകാരന്മാർക്ക് ഭിന്നാഭിപ്രായങ്ങളാണ്. ചില തുർക്കി ചരിത്രകാരന്മാർ ഓര്‍ഹാന്‍ ഗാസിയാണ് തുടക്കം കുറിച്ചത് എന്ന് പറയുന്നു. അദ്ദേഹത്തിൻ്റെ സഹോദരനായ അലാവുദ്ദീൻ്റെ നിർദേശപ്രകാരമായിരുന്നുവെന്നും. 

അധികപേരും ഹാജി ബെക്താശ് വലി എന്ന സൂഫിക്കും ബക്താശി ത്വരീഖത്തിനും ഈ സൈന്യത്തിൻ്റെ സംസ്ഥാപനത്തിൽ പങ്കുണ്ട് എന്ന് സ്ഥാപിക്കുന്നുണ്ട്. പൊതുവെ ചുവപ്പ് തൊപ്പി ധരിക്കാറുണ്ടായിരുന്ന മറ്റു സൈനികരിൽ നിന്ന് വേർതിരിച്ചറിയാൻ ജാനിസ്സറി സൈനികർ ധരിച്ചിരുന്ന പിറകോട്ട് നീണ്ടുനിൽക്കുന്ന വെള്ളത്തൊപ്പി ബെക്താശ് വലി നിർദേശിച്ചതായിരുന്നു എന്നും കാണാം. 

യുദ്ധത്തടവുകാരിൽ നിന്ന്:

ഇസ്‌ലാമിൽ യുദ്ധവിജയത്തിന് ശേഷം ലഭിക്കുന്ന സമ്പത്ത് അഞ്ച് ഭാഗങ്ങളാക്കി വീതിക്കപ്പെടും. അതിൽ ഒരു ഭാഗം ദൗലത്തിനുള്ളതാണ്.

ആദ്യകാലങ്ങളിൽ ഉസ്മാനികൾ ആ വിഹിതം പണമായിട്ടാണ് സ്വീകരിച്ചിരുന്നത്. 1360 കളിൽ യൂറോപ്യൻ മേഖലയിൽ ഉസ്മാനികളുടെ അധിനിവേശം ശക്തമായ ശേഷമാണ് അവർ യുദ്ധത്തടവുകാരെ അവരുടെ വിഹിതമായി സ്വീകരിക്കാൻ തുടങ്ങിയത്. ഇതിൽ നിന്നാണ് അവർ ശക്തമായ ഒരു സൈന്യത്തെ വാർത്തെടുത്തത്. 

സുൽത്താൻ മുറാദിൻ്റെ മന്ത്രിയായിരുന്ന ചാൻദാർലി കാറാ ഖലീൽപാഷയാണ് അഞ്ചിലൊരു വിഹിതം യുദ്ധത്തടവുകാരായി സ്വീകരിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്. അതിനാൽ തന്നെ ആദ്യ ഘട്ടത്തിൽ ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ pençik oğlan എന്ന് വിളിക്കപ്പെട്ടു. (Pençik=one out of five)

ദെവ്ശിർമെ:

ഉസ്മാനികളുടെ സൈനിക റിക്രൂട്ട്മെൻ്റിൻ്റെ ഒരു രീതിയായിരുന്നു ദെവ്ശിർമെ(Devşirme). യുദ്ധത്തടവുകാരെ കിട്ടാതെ വന്നപ്പോഴാണ് ഇത്തരമൊരു സംവിധാനത്തിലേക്ക് അവർ നീക്കിയത്. ഈ സിസ്റ്റം വഴി തങ്ങളുടെ അധീനതയിലുള്ള കൃസ്ത്യൻ പ്രദേശങ്ങളിൽ നിന്നും ചെറിയ കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുകയും ചെയ്ത ശേഷം ഓട്ടോമൻ സൈന്യത്തിലേക്കോ അല്ലെങ്കിൽ കൊട്ടാരത്തിലെ മറ്റു ജോലികളിലേക്കോ നിയമിക്കുകയാണ് ചെയ്യുക. 

ജാനിസ്റ്ററി സൈന്യം സ്ഥാപിതമായ ശേഷമാണ് 'ദെവ്ശിർമെ' സംവിധാനം നിലവിൽ വന്നത്. 1402 ൽ അങ്കാറയുദ്ധശേഷം തിമൂറിനോട് ഉസ്മാനികൾ അടിയറവ് പറയുകയും ഓട്ടോമൻ പ്രദേശങ്ങൾ പലതും നഷ്ടപ്പെടുകയും ചെയ്ത കൂട്ടത്തിൽ ഈ സംവിധാനവും അസ്തമിച്ചു പോയിരുന്നു. പിന്നീട് മുറാദ് രണ്ടാമനാണ് ഈ സംവിധാനത്തെ കൂടുതൽ വിപുലീകരിച്ച് പുനരുദ്ധാരണം നടത്തുന്നത്. 

നാൽപത് വീടുകളിൽ നിന്ന് ഒരാൾ എന്ന നിലയിലാണ് തെരഞ്ഞെടുക്കുക. അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കുമിത്. അധികവും ബാൽകൻ മേഖലയിൽ നിന്നായിരിക്കും. 8 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ളവരെയാണ് തെരഞ്ഞെടുക്കുക. ജൂതന്മാരെയും വിവാഹിതരായവരെയും ഒരാൺ കുട്ടി മാത്രമുള്ള കുടുംബങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കും.  

തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ ഭാവി സ്ഥാനങ്ങളിൽ പലരും ആകൃഷ്ടരായിരുന്നു. കാരണം അവർ ഒന്നുകിൽ അന്നത്തെ ഏറ്റവും വലിയ സൈനിക ശക്തിയിലേക്കാണ് ചേരാൻ പോകുന്നത്. അല്ലെങ്കിൽ ഓട്ടോമൻ കൊട്ടാരത്തിലായിരിക്കും അവരുടെ ജോലി. അതിനാൽ തന്നെ പല മാതാപിതാക്കളും തങ്ങളുടെ മക്കളെ ഉൾപെടുത്താൻ വേണ്ടി ഓഫിസർമാർക്ക് കൈക്കൂലി വരെ കൊടുത്തിരുന്നുവത്രെ!.

പിന്നീടെപ്പോഴെങ്കിലും സുൽത്താനെതിരെ തിരിയുമെന്ന ഭയത്താലാണ് മുസ്‌ലിം കുടുംബങ്ങളിൽ നിന്ന് കുട്ടികളെ ഈ സിസ്റ്റം വഴി തെരഞ്ഞെടുക്കാതിരുന്നത്. ബോസ്നിയയിലെ മതപരിവർത്തനം നടത്തിയ സ്ലാവുകൾ മാത്രമായിരുന്നു ഈ സിസ്റ്റത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടിരുന്ന ഏക മുസ്‌ലിം വിഭാഗം.

റിക്രൂട്ട്മെന്റിന് സമയമാകുമ്പോൾ സുൽത്താൻ ഒരു വിജ്ഞാപനമിറക്കും. ശേഷം ഒരു സൈനിക ഉദ്യോഗസ്ഥനും സഹായികളും ഓരോ പ്രദേശങ്ങളിലേക്കായി നീങ്ങും. അതാത് പ്രവിശ്യകളിലെ ക്രിസ്ത്യൻ പുരോഹിതന്മാർക്കാണ് കുട്ടികളെ കൊണ്ടെത്തിക്കാനുള്ള ചുമതല. 

തെരഞ്ഞെടുക്കാൻ യോഗ്യരായവരിൽ നിന്ന് രണ്ട് ലിസ്റ്റ് ഉണ്ടാക്കും. ആദ്യത്തെത് ഇച് ഓഗ്ലാൻ (iç oğlan- inner service boys); അവർ കൊട്ടാരത്തിനകത്ത് ജോലിയുള്ളവരാണ്. അവരുടെ ഭാഗ്യത്തിനനുസരിച്ച് സ്ഥാനങ്ങൾ ലഭിക്കും. നല്ല ബുദ്ധിസാമർഥ്യമുള്ളവരെയാണ് അതിന് തെരഞ്ഞെടുക്കുക. അവർക്ക് പിന്നീട് നല്ല വിദ്യാഭ്യാസം നൽകപ്പെടും. ബുർസയിലും എദിർനെയിലും ഇസ്താംബൂളിലും ഗലതയിലുമെല്ലാമുണ്ടായിരുന്ന 'പാലസ് സ്കൂളുകളി' ൽ നിന്ന് അവർ വ്യത്യസ്ത മേഖലകളിൽ പഠനം നടത്തും. രണ്ട് മുതൽ ഏഴ് വർഷം വരെയായിരിക്കും പഠനം. ഇസ്‌ലാമിനെ കുറിച്ചും മറ്റു പ്രാധമിക വിജ്ഞാനങ്ങളും മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നീട് അവർക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള മേഖലകളിലേക്ക് അവരെ കേന്ദ്രീകരിക്കും. തുർക്കിഷ് -അറബി-പേർഷ്യൻ സാഹിത്യങ്ങൾ, കുതിര സവാരി, അമ്പെയ്ത്ത്, ഗുസ്തി, വൈറ്റ് ലിഫ്റ്റിംഗ്, താൽപര്യമുള്ളവർക്ക് മ്യൂസിക്ക് എന്നിവ സിലബസിൽ അടങ്ങിയിരുന്നു. പരിശീലനം കഴിഞ്ഞ ശേഷം ഏറ്റവും സാമർഥ്യമുള്ളവരെ കൊട്ടാരത്തിലേക്കും മറ്റുള്ളവരെ Kapikulu(സുൽത്താൻ്റെ കീഴിലെ സൈന്യം, ജനസ്റ്ററിയെല്ലാം അതിൻ്റെ ഭാഗമായാണ് വരുന്നത്) സൈന്യത്തിലേക്കും പറഞ്ഞയക്കും. ഹുസ്‌റെവ് പാഷ, മിമാർ സിനാൻ തുടങ്ങി ഓട്ടോമൻ ചരിത്രത്തിൽ അറിയപ്പെട്ട പല രാഷ്ട തന്ത്രജ്ഞരും വാസതു ശിൽപികളും 'ദെവ്ശിർമെ' വഴി തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.

രണ്ടാം വിഭാഗമാണ് അജെമി ഓഗ്‌ലാൻ (Acemi oğlan-foreign boys). ഇവരിൽ നിന്നാണ് ജാനിസ്റ്ററിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. ആദ്യ ഘട്ട പരിശീലനത്തിനായി ഇവരെ മുസ്‌ലിം പ്രമാണിമാരുടെ വീടുകളിലേക്ക് പറഞ്ഞയക്കപ്പെടും. ഈ സമയത്ത് അവരെ Turk oğlan എന്ന് വിളിക്കപ്പെടും. അവിടെ വെച്ച് ജോലി ചെയ്യുന്നതോടൊപ്പം അവർക്ക് പ്രാധമിക വിദ്യാഭ്യാസവും മറ്റും നൽകപ്പെടും. തുർക്കി ഭാഷ പഠിക്കുകയും ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യും. അഞ്ച് മുതൽ ഏഴ് വർഷം വരെ പരിശീലനമുണ്ടാകും. പിന്നീട് സമയമാകുമ്പോൾ അവസാന ഘട്ട പരിശീലനത്തിനായി അവർ Acemi ocak (training barrack) ലേക്ക് അയക്കപ്പെടും. 

Türk oğlan ൽ നിന്ന് പ്രാവീണ്യമുള്ളവരെ ജാനിസ്റ്ററിക്ക് പകരം bostancı (gardner), Baltacı(wood cutters), Topçu (gunners), Top arabacı (gün carriage driver), നാവികസേന തുടങ്ങിയ തസ്ഥികകളിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഭൂരിഭാഗം പേരും ജാനിസ്റ്ററിയിലേക്ക് തന്നെയാണ് റിക്രൂട്ട് ചെയ്യപ്പെടുക. 

പരിശീലനത്തിന് ശേഷം സൈന്യത്തിൽ ഒഴിവ് വരുമ്പോഴാണ് അവരെ ജാനിസ്റ്ററിയിലേക്ക് വിളിക്കുന്നത്. ഈ പുറപ്പെടുന്നതിനെ kapıya çıkma എന്നാണ് വിളിക്കപ്പെടുക. 

Oğlan എന്നാൽ അടിമ എന്നൊക്കെയാണ് അർഥമെങ്കിലും സമൂഹത്തിൽ സാധാരണ ജനങ്ങൾക്കുള്ളതിനേക്കാൾ സ്ഥാനം അവർക്ക് കൽപ്പിക്കപ്പെട്ടിരുന്നു. 

വർഷങ്ങൾ കഴിഞ്ഞപ്പോൾ 'ദെവ്ശിർമെ'യിലേക്കുള്ള തെരഞ്ഞെടുപ്പ് പതിയെ മാറിത്തുടങ്ങി. 1568 ൽ ചില ജാനിസ്സറി സൈനികരുടെ മക്കൾ തെരത്തെടുക്കപ്പെട്ടു. 1594 ആയപ്പോഴേക്കും അധിക സൈനിക മേഖലകളിലും മുസ്‌ലിംകൾ തന്നെ കയറിപ്പറ്റിയിരുന്നു. 1648 ൽ ദെവ്ശിർമെ നിർത്തലാക്കപ്പെട്ടു. 

ദെവ്ശിർമെ സംവിധാനം കൂടുതൽ ജനകീയമാകാനുള്ള ചില കാരണങ്ങൾ 'Ottoman History: Misperceptions and truths' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്:

  1. 1402 ൽ അങ്കാറ യുദ്ധത്തിൽ സുൽത്താൻ ബായസീദ് പരാജയപ്പെട്ടതോടെ ഉസ്മാനികളുടെ യുദ്ധങ്ങൾ ചെറുതായി നിലച്ചു. അത് കാരണമായി യുദ്ധത്തടവുകാരെ ലഭിക്കാതെയായി. അത് കൊണ്ട് പുതിയൊരു സൈന്യത്തെ രൂപപ്പെടുത്താൻ ബാൽകൻ മേഖലകളിൽ നിന്ന് കുട്ടികളെ കൊണ്ടുവരേണ്ടിവന്നു. 
  2. ഇന്നത്തെ കാലത്ത് അമേരിക്കൻ ആർമിയിൽ ചേരുക എന്നതുപോലെ ആയിരുന്നു അന്ന് ഓട്ടോമൻ ആർമിയിൽ ചേരുന്നത്. ആ സമയത്തെ ഏറ്റവും വലിയ ശക്തിയുടെ ആർമിയിൽ ചേരാൻ പൊതുവേ പലർക്കും ആഗ്രഹമുണ്ടായിരുന്നു. 
  3. പരിശീലനത്തിനുശേഷം ഒന്നുകിൽ ആർമിയിലേക്കോ അല്ലെങ്കിൽ കൊട്ടാരത്തിലെ ജോലികളിലേക്കാ ആണ് തെരഞ്ഞെടുക്കപ്പെടുക. കൊട്ടാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ അതുവഴി വലിയ സ്ഥാനങ്ങളിൽ എത്തിപ്പെടാൻ ആകും.
  4. ജൂതന്മാരെയും റഷ്യക്കാരെയും ഗ്രീക്കുകാരെയും ഉൾപ്പെടുത്താത്തതിനാൽ തന്നെ അവരിൽ നിന്ന് പലപ്പോഴും എന്തുകൊണ്ടാണ് ഞങ്ങളെ ഉൾപ്പെടുത്താത്തത് എന്ന രീതിയിൽ അന്വേഷണങ്ങൾ വന്നിരുന്നു. 

കാര്യങ്ങൾ ഇത്തരത്തിൽ ആയതിനാൽ തന്നെ സ്വന്തം മക്കളെ ഓട്ടോമൻ സൈന്യത്തിലേക്ക് പറഞ്ഞയക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ സങ്കടങ്ങൾ ഇല്ലായിരുന്നുവെന്നും പലപ്പോഴും അവർ സ്വമേധയാ തയ്യാറാവുകയായിരുന്നു എന്നും നിർബന്ധിച്ചു പിടിച്ചു കൊണ്ടു പോകുന്നതായിരുന്നില്ല എന്നും മനസ്സിലാക്കാം.

ദൗലതിൻ്റെ ചാലകശക്തിയാവുന്നു

മുഹമ്മദുൽ ഫാതിഹിൻ്റെ കാലത്ത് ജാനിസ്റ്ററി സൈന്യത്തിൻ്റെ അംഗബലം വർദ്ധിപ്പിക്കുകയും ശമ്പളം കൂട്ടുകയും പുതിയ ആയുധങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു. തുടർന്ന് അവർ ഒട്ടോമൻ സൈന്യത്തിൻ്റെ അനിവാര്യ ഘടകമായി മാറി. പിന്നീട് വന്ന സുൽത്താൻമാരും ജാനിസ്സറി സൈന്യത്തെ കൂടുതൽ വിപുലീകരിക്കുന്നതിൽ ശ്രദ്ധിച്ചു. 

സമൂഹത്തിൽ അർഹിച്ചതിനെക്കാൾ കൂടുതൽ സ്ഥാനം ലഭിച്ചതോടെ പിന്നീട് സൈന്യം ഓട്ടോമൻ ദൗലത്തിനെതിരെ തന്നെ തിരിയാൻ തുടങ്ങി. ആര് സുൽത്താൻ ആകണം എന്ന് വരെ അവർ തീരുമാനിക്കുന്ന രീതിയിലായി. 

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ജാനിസ്സറി സൈന്യം ഭൂരിഭാഗവും അഴിമതികളിലും ആക്രമങ്ങളിലും വ്യാപൃതരായി കഴിഞ്ഞിരുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം പലപ്പോഴും അവർ കൊള്ള നടത്തുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തു. 

17-18 നൂറ്റാണ്ടുകളിൽ ജാനിസ്സറി കലാപങ്ങൾ ഒരു സാധാരണക്കാഴ്ചയായി മാറി. ദൗലത്തിനെയും സുൽത്താൻന്മാരെയും അവർ നിയന്ത്രിച്ചു തുടങ്ങി. തങ്ങൾക്ക് കോട്ടം പറ്റുന്ന എന്തു തീരുമാനങ്ങൾ കൈകൊണ്ടാലും ഉടനെ അവർ കലാപങ്ങൾ സൃഷ്ടിക്കുന്നത് പതിവായി. 

സുൽത്താൻ സലീം മൂന്നാമൻ(r. 1789-1807) നടപ്പിലാക്കിയ 'നിസാമേ ജദീദ് എന്ന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി സൈനിക രംഗത്തും ധാരാളം മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ ഇതിൽ വിളറി പൂണ്ട ജാനിസ്സറി സൈന്യം സുൽത്താനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകുകയും ഒടുവിൽ സുൽത്താനെ തന്നെ വധിച്ചു കളയുകയും ചെയ്തു. ഇതോടെ അവരുടെ അധികാരം ഒന്ന് കൂടി വർദ്ധിച്ചു. 

ജാനിസ്റ്ററിയുടെ അന്ത്യം

സലിം മൂന്നാമന്റെ ജീവിതത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് സുൽത്താൻ മഹ്മൂദ് രണ്ടാമൻ(1808-39) വളരെ ശ്രദ്ധാപൂർവ്വമാണ് സൈനികരംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്നത്. 1826 ൽ സുൽത്താന്റെ ചില പദ്ധതികൾക്കെതിരെ ജാനിസ്റ്ററി സൈന്യം രംഗത്തിറങ്ങിയപ്പോൾ അവരെ നേരിടാൻ സുൽത്താൻ തനിക്ക് വിശ്വസ്തതയുള്ള ഒരു സൈന്യത്തെ സജ്ജീകരിച്ചു കഴിഞ്ഞിരുന്നു. സുൽത്താൻ്റെ സൈന്യം ജാനിസ്റ്ററി ബാരക്കുകൾ തകർക്കുകയും സൈനികരെ വധിക്കുകയും ചെയ്തു. ഈ അവസരം ജനങ്ങളും നന്നായി ഉപയോഗിച്ചു. കാലങ്ങളായി അവർ ഉപദ്രവിച്ചു കൊണ്ടിരുന്ന ജാനിസ്സറി സൈന്യത്തെ അവർ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അതോടെ ഉസ്മാനി ദൗലത്തിനെ മുൾമുനയിൽ നിർത്തിയിരുന്ന ജാനിസ്സറി എന്ന സംഘത്തിന് വിരാമമായി. ഈ സംഭവത്തെ ഉസ്മാനികൾ വിശേഷിപ്പിക്കുന്നത് "വാഖിഅ ഖൈരിയ്യ" (auspicious event) എന്നാണ്.

ബക്‌ലാവയും റമളാനും

റമളാനിൽ ഉസ്മാനി സുൽത്താൻമാർ ജാനിസ്സറി സൈന്യത്തിന് ബക്‌ലാവ എന്ന തുർക്കിഷ് വിഭവം വിതരണം ചെയ്യുന്ന രീതിയുണ്ടായിരുന്നു. 1520 കളിലാണ് ഇത് തുടങ്ങുന്നത്. പ്രധാനമായും സൈന്യത്തെ സുൽത്താനോട് വിശ്വസ്തതയുള്ളവരാക്കി നിലനിർത്താനും അവരുടെ സഹായങ്ങൾ ലഭ്യമാകാനുമായിരുന്നു ഇത്.

കൊട്ടാരത്തിലെ അടുക്കളയിൽ വച്ച് പാചകം ചെയ്യപ്പെടുന്ന ബക്‌ലാവ പത്ത് പേർക്ക് ഒരു വലിയപാത്രം എന്ന രീതിയിൽ സൈന്യത്തിന് നൽകപ്പെടും. റമളാൻ 15നായിരിക്കുമിത്.ഇരുമായുള്ള യാത്രയാണ് ഏറെ ആകർഷണീയം.

janissary kazan

അണ്ടാവും കലാപവും

ചിത്രങ്ങളിൽ നമ്മൾ പൊതുവേ കാണുന്നതാണ് അണ്ടാവുകൾ/പാചകപ്പാത്രങ്ങൾ. എല്ലാ ജാനിസ്സറി ബാരക്കിലും ഒരു അണ്ടാവ് (Kazan) ഉണ്ടാവും. അതിലാണ് അവർ സൂപ്പ് പാചകം ചെയ്യുന്നതും മറ്റും.

kazan-ı şerif എന്നാണ് അവ അതിനെ വിശേഷിപ്പിക്കുന്നത്. രണ്ടു ഭാഗങ്ങളിലുള്ള പിടുത്തത്തിലൂടെ ഒരു വടി വെച്ച് പാത്രം തൂക്കിയിട്ടാണ് അവർ പാചകം ചെയ്യാറ്. 

കലാപങ്ങളുണ്ടാക്കാൻ തുനിയുമ്പോൾ അവർ ആദ്യം തുടങ്ങുന്നത് Kazan ൽ നിന്നാണ്. അണ്ടാവ് (Kazan) കമിഴ്ത്തുന്നതോടെയാണ് കലാപ ശബ്ദങ്ങൾ ഉയരുക. സൂപ്പ് ചിന്തി പാത്രം കമഴ്ത്തിവെച്ച് അതിന്റെ പുറത്ത് ദണ്ഡുകൾ കൊണ്ടടിച്ച് ശബ്ദം ഉണ്ടാക്കുന്നതോടെ ജനങ്ങൾ വിഭ്രാന്തരായിത്തുടങ്ങും. കലാപത്തിന് സൈന്യമിറങ്ങുന്നു എന്നതിൻ്റെ അടയാളമാണിത്. ഇതിനെ അനുസ്മരിച്ച് കൊണ്ട് തുർക്കികൾ ഇന്നും പ്രശ്നങ്ങളുണ്ടാക്കുന്നതിന് kazan kaldırmak എന്ന് പ്രയോഗിക്കാറുണ്ട്.

Reference:

  • Gábor Ágoston, Bruce Masters: Encyclopaedia of the Ottoman Empire
  • Osprey Elite, The Janissaries


Post a Comment

Previous Post Next Post