യുദ്ധരഹിതമായ 'ടുലിപ് യുഗം'

Tulip flower

 1718 മുതൽ 1730 വരെയുള്ള യുദ്ധ രഹിത ശാന്ത സുന്ദരമായ കാലത്തെയാണ് ഓട്ടോമൻ ചരിത്രത്തിൽ 'ടുലിപ് യുഗം' എന്ന് വിശേഷിക്കപ്പെടുന്നത്. തുർക്കിയുടെ ദേശീയ പുഷ്പം കൂടിയാണ് തുലിപ്. ആ സമയങ്ങളിൽ ടുലിപ് തോട്ടങ്ങളും പുഷ്പവുമായി ബന്ധപ്പെട്ട കവിതകളും സജീവമായിരുന്നതിനാൽ കൂടിയാണ് ഇങ്ങനെ നാമകരണം ചെയ്യപ്പെട്ടത്.

യൂറോപ്പുമായുള്ള നിരന്തരമായ യുദ്ധങ്ങൾക്ക് ശേഷം 1718 ലെ പസറോവിട്സ് കരാറിൽ ഒപ്പ് വെക്കുന്നതോടെയാണ് ഉസ്മാനികൾ സമാധാന യുഗത്തിലേക്ക് കടക്കുന്നത്. അഹ്മദ് മൂന്നാമനായിരുന്നു (r. 1703-1730) ടുലിപ് യുഗത്തിലെ സുൽത്താൻ. ഒരു യോദ്ധാവ് എന്നതിനേക്കാളുപരി അദ്ദേഹം ഒരു കവിയും കാലിഗ്രഫിസ്റ്റുമായിരുന്നു.

ടുലിപ് യുഗത്തിന്റെ നായകനായി മാറിയത് സുൽത്താന്റെ പ്രധാനമന്ത്രിയും മരുമകനുമായ ഇബ്രാഹിം പാഷയായിരുന്നു. തൻ്റെ സ്വന്തം നാട്ടിൽ നിന്ന് തന്നെയായിരുന്നു അദ്ദേഹം മാറ്റങ്ങളുടെ തിരി കൊളുത്തിത്തുടങ്ങിയത്. മുഷ്‌കറ എന്ന തന്റെ ചെറിയ ഗ്രാമം അദ്ദേഹം നെവ്ഷെഹ്ർ എന്ന പേരിൽ ഒരു മഹാ നഗരമാക്കി മാറ്റി. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉസ്മാനികൾ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു.

യൂറോപ്പിൽ വ്യാവസായിക വിപ്ലവത്തിന്റെ നാമ്പുകൾ ഉയരുന്നതിന് മുമ്പ് തന്നെ ഓട്ടോമൻ സാമ്രാജ്യം അതിന് തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു. തുർക്കിയുടെ പ്രശസ്തമായ കാർപെറ്റ് നിർമാണവും അതിന് ലഭിച്ച ലോകശ്രദ്ധയും അതിന്റെ ഭാഗമാണ്. ആദ്യത്തെ ഇസ്‌ലാമിക പ്രിന്റിങ് പ്രസ്സ് തുടങ്ങുന്നത് ഈ കാലത്താണ്. അത് വരെ തുർക്കിയിൽ നിലവിലുണ്ടായിരുന്നത് ഇതര മതസ്ഥരുടെ പ്രസ്സുകളായിരുന്നു. ശൈഖുൽ ഇസ്‌ലാം അബ്ദുല്ല എഫന്ദിയുടെ ആശീർവാദത്തോടെ ഇസ്‌ലാമിക ഗ്രന്ഥങ്ങളും തുലിപ് യുഗത്തിൽ പ്രിന്റിങ് പ്രെസ്സിലെത്തിത്തുടങ്ങി.

വിഭിന്നമായ മേഖലകളിൽ പുരോഗതികൾ കൈവന്ന കാലമായിരുന്നു ഇത്. വിദ്യാഭ്യാസ രംഗത്തും കച്ചവട മേഖലകളിലും തുർക്കി ശ്രദ്ധ പിടിച്ചുപറ്റി. സാഹിത്യ രംഗം ഉത്തുംഗതയിലെത്തി. നബി, നദീം തുടങ്ങിയ കവികളും നാഇമയെ പോലെയുള്ള ചരിത്രകാരന്മാരും ഈ യുഗത്തിന്റെ സംഭാവനകളായിരുന്നു. നിരവധി നിർമിതികളും ഈ കാലത്ത് ഉയർന്നുവന്നു.

സൈനിക രംഗത്ത് നവീകരണങ്ങൾ കൊണ്ട് വരുന്നതിന്റെ ഭാഗമായി ഇബ്രാഹിം പാഷ സ്വീകരിച്ച നിലപാടുകളിൽ അസ്വസ്ഥരായ ജാനിസ്സറി സൈന്യം അദ്ദേഹത്തിനെതിരെ രംഗത്തു വന്നു. പുതിയ മാറ്റങ്ങളിൽ അസ്വസ്ഥരായ പലരും കലാപങ്ങളും ലഹളകളും സൃഷ്ടിച്ച് ഒടുവിൽ സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കുന്നതിൽ എത്തി കാര്യങ്ങൾ. പാട്രോണ ഖലീൽ എന്ന അൽബേനിയൻ ഗാങ് ലീഡറായിരുന്നു കലാപങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.

പിന്നീട് ഉസ്മാനികൾ സാക്ഷികളായ 'നിസാമെ ജദീദ്' എന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഒരു ചെറിയ രൂപമായിരുന്നു ടുലിപ് യുഗത്തിൽ അരങ്ങേറിയത്. യൂറോപ്പിനെ അനുകരിക്കുന്നതിനോട് വെറുപ്പുണ്ടായിരുന്ന സാധാരണക്കാർ ഇത്തരം മുന്നേറ്റങ്ങൾക്കെതിരെ നിരന്തരം ശബ്ദം ഉയർത്തിക്കൊണ്ടിരുന്നു.

1 Comments

Previous Post Next Post