മലബാറിലെ ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ കാലശേഷം അതേ മാതൃകയിൽ മലബാറിനെ മുന്നോട്ട് നയിച്ചിരുന്ന ആത്മീയ നേതൃത്വമാണ് പുത്രനായ സയ്യിദ് ഫള്ൽ തങ്ങൾ. അധിനിവേശ ശക്തികൾക്കും ജന്മി വ്യവസ്ഥക്കുമെതിരെ തന്റെ പ്രസംഗങ്ങളും തൂലികത്തുമ്പുകളും പ്രയോഗിച്ച് ബ്രിട്ടന് തലവേദന സമ്മാനിച്ചപ്പോൾ മലബാറിൽ നിന്ന് ഭ്രഷ്ട് കൽപിക്കപ്പെട്ട് പരപ്പനങ്ങാടിയിൽ നിന്ന് കപ്പൽ കയറിയ ശേഷം പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു തങ്ങൾ. മലബാറുകാർക്കേറെ പ്രിയപ്പെട്ട മമ്പുറം ഫള്ൽ തങ്ങളിൽ നിന്ന് ഇസ്താംബൂളുകാർക്കേറെ പ്രിയപ്പെട്ട സയ്യിദ് ഫള്ൽ പാഷയായുള്ള പരിവർത്തനമായിരുന്നു പിന്നീട് .
മലബാറിലെ പല സമരങ്ങൾക്കും കാരണം ഫള്ൽ തങ്ങളാണെന്ന് അവകാശപ്പെട്ടാണ് ബ്രിട്ടീഷ് കളക്ടർ കനോലി 1852 ൽ തങ്ങളുടെ രാജ്യഭ്രഷ്ട് പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്ച ഖുഥ്ബയിലൂടെയും തന്റെ കൃതികളിലൂടെയും തങ്ങൾ പലവുരു സമരാഹ്വാനങ്ങൾ നടത്തിയിരുന്നു. ജന്മികൾക്കെതിരെയും പല പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അവരെ അഭിസംബോധനം ചെയ്യുമ്പോൾ ആചാര വാക്കുകൾ ഉപയോഗിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ചകളിൽ പാടത്ത് പണിയെടുക്കേണ്ടതില്ലെന്നും തങ്ങൾ പ്രസ്താവിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്ന അദ്ദേഹത്തെ തുടർകാല ജീവിതത്തിലും അവർ നിരീക്ഷിച്ചു പോന്നു.അറേബ്യയിലേക്ക്
രാജ്യഭ്രഷ്ട് കൽപിക്കപ്പെട്ട ശേഷം തങ്ങൾ മക്കയിലേക്ക് തിരിച്ചു. ഏറെക്കാലം അവിടെയായിരുന്നു. അതിനിടെ ഉസ്മാനി ഖിലാഫത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളും സന്ദർശിച്ചു. ലോക മുസ്‌ലിംകൾ ഖിലാഫത്തിന് കീഴിൽ ഒന്നിക്കണമെന്ന് തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നു. തന്റെ പല ഗ്രന്ഥങ്ങളിലും അദ്ദേഹം അതിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
മക്കയിൽ താമസിക്കുന്ന സമയത്ത് യമനിലെ ളഫാർ പ്രദേശം ഭരിക്കാനുള്ള അവസരം തങ്ങൾക്ക് കൈ വന്നു. ളഫാർ മസ്കറ്റ് ഭരണകൂടത്തിന്റെ അധീന പ്രദേശങ്ങളിലായിരുന്നെങ്കിലും അവിടുത്തെ പ്രധാന ഗോത്രങ്ങൾ തങ്ങൾക്ക് ഉസ്മാനീ ഖിലാഫത്തിന് കീഴിലാവണമെന്ന ആവശ്യവുമായി കടന്നുവന്നപ്പോൾ ഫള്ൽ തങ്ങൾ അതിന് നേതൃത്വം നൽകി. തന്റെ പ്രപിതാക്കളുടെ ഭൂമി ഉസ്മാനീ ഖിലാഫത്തിന്റെ ഭാഗമായി കാണാൻ തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നു. 1876 ൽ അദ്ദേഹം ളഫാറിനെ ഓട്ടോമൻ പ്രദേശമായി പ്രഖ്യാപിച്ച് അവിടെ ഭരണമാരംഭിച്ചു.
നാട് കടത്തപ്പെട്ടത് മുതൽ അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരുന്ന ബ്രിട്ടീഷുകാർ ഇതോടെ പരിഭ്രാന്തരായി. അദ്ദേഹം ളഫാർ ഭരിച്ചാൽ മലബാറിലെ പോലെ അറേബ്യയിലും ജനങ്ങളെ ബ്രിട്ടീഷുകാർക്കെതിരെ രംഗത്ത് കൊണ്ടുവരുമെന്ന് ഭയന്ന അവർ അദ്ദേഹത്തെ തൽസ്ഥാനത്ത് നീക്കാനുള്ള പല അടവുകളും പയറ്റി. ഒടുവിൽ അവർ അതിൽ വിജയിക്കുകയും ചെയ്തു.
നാട് കടത്തപ്പെട്ടത് മുതൽ അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരുന്ന ബ്രിട്ടീഷുകാർ ഇതോടെ പരിഭ്രാന്തരായി. അദ്ദേഹം ളഫാർ ഭരിച്ചാൽ മലബാറിലെ പോലെ അറേബ്യയിലും ജനങ്ങളെ ബ്രിട്ടീഷുകാർക്കെതിരെ രംഗത്ത് കൊണ്ടുവരുമെന്ന് ഭയന്ന അവർ അദ്ദേഹത്തെ തൽസ്ഥാനത്ത് നീക്കാനുള്ള പല അടവുകളും പയറ്റി. ഒടുവിൽ അവർ അതിൽ വിജയിക്കുകയും ചെയ്തു.
1879 ൽ ളഫാറിലെ ചില ഗോത്രങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞതോടെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് പല പ്രാവശ്യം ളഫാർ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന് വിജയിക്കാനായില്ല.
Fazl Pasha's tomb |
തലസ്ഥാന നഗരിയിൽ
ശേഷം അദ്ദേഹം ഇസ്താംബൂളിലേക്ക് തിരിച്ചു. തന്റെ ശിഷ്ടജീവിതം കഴിച്ച് കൂട്ടിയത് ഈ പൈതൃക നഗരത്തിലായിരുന്നു. ഇസ്താംബൂളിലെത്തിയ ഫള്ൽ തങ്ങളെ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ഊഷ്മളമായി വരവേറ്റു. തങ്ങൾക്ക് താമസിക്കാൻ പ്രത്യേക വീടും സജ്ജീകരിച്ചു. അദ്ദേഹത്തിന് 'പാഷ' പദവി നൽകി ആദരിച്ചു.
സുൽത്താൻ അബ്ദുൽ ഹമീദിന് ഇന്ത്യയിലെയും അറേബ്യയിലെയും രാഷ്ട്രീയ നീക്കങ്ങളിൽ ഉപദേശം നൽകിയുരുന്നത് സയ്യിദ് ഫള്ൽ പാഷയായിരുന്നു. സുൽത്താന്റെ പാൻ ഇസ്‌ലാം പദ്ധതിയുടെ മുൻപന്തിയിൽ അദ്ദേഹം നിലയുറച്ചു. ആഗോള മുസ്‌ലിംകൾ ഖലീഫയെ അംഗീകരിക്കണമെന്ന് പലവുരു ഗ്രന്ഥങ്ങളിലൂടെ ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ 'ഉദ്ദത്തുൽ ഉമറാ' അടക്കമുളള പല ഗ്രന്ഥങ്ങളിലും ഖിലാഫത്തിന്റെ പ്രാധാന്യം അദ്ദേഹം വിവരിക്കുന്നുണ്ട്. മുസ്‌ലിം അസ്ഥിത്വം ഉയർത്തിപ്പിടിക്കാനും ഉസ്മാനീ ഖിലാഫത്തിനെ പിന്താങ്ങാനും അദ്ദേഹം പ്രഖ്യാപനങ്ങൾ നടത്തി.
1900 ൽ ഇസ്താംബൂളിൽ വെച്ചാണ് സയ്യിദ് ഫള്ൽ പാഷ വഫാതാവുന്നത്. അയാസോഫിയ മസ്ജിദിൽ വെച്ച് നടന്ന ജനാസ നിസ്കാരത്തിൽ സുൽത്താൻ അബ്ദുൽ ഹമീദും രാഷ്ട്ര നേതാക്കളും ഇസ്താംബൂളിലെ സൂഫികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു. സുൽത്താൻ മഹ്മൂദ് ഖാൻ ഖബർസ്ഥാനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. പതിനാറിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും യിൽദിസ് കെട്ടാരത്തിന്റെ ലൈബ്രറിയിൽ സുൽത്താൻ സൂക്ഷിച്ചിരുന്നു.
അവലംബം:
Extraordinary Journey of Fadl B. Alawi From South India To Istanbul, by Mustafa Ujampady
The journal of Ottoman Studies