ഹുർറം സുൽത്താന: സുലൈമാൻ ഖാനൂനിക്ക് പിന്നിലെ ചാലകശക്തി

Hurrem sultan

സുൽത്താൻ സുലൈമാൻ ഖാനൂനിയുടെ ജീവിതത്തിലും ഭരണത്തിലും ഏറെ സ്വാധീനം ചെലുത്തിയ മഹതിയാണ് ഹുർറം സുൽത്താന. ചരിത്രകാരന്മാർ പല വീക്ഷണകോണുകളിലൂടെയാണ് അവരെ നോക്കിക്കാണുന്നത്. സ്നേഹനിധിയായ ഒരു ഭാര്യയായും കുതന്ത്രങ്ങളുടെ വക്താവായും അവരെ വായിക്കപ്പെടാറുണ്ട്.

ഉക്രൈനിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റുഥേനിയയിലാണ് ഒരു ഓർത്തഡോക്സ്‌ പുരോഹിതന്റെ മകളായി ഹുർറം സുൽത്താന ജനിക്കുന്നത്. അലെക്‌സാൻഡ്ര ലിസോവ്സക എന്നായിരുന്നു യാഥാർഥ നാമം. റൊക്സലേന എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. തന്റെ പന്ത്രണ്ടാം വയസ്സിലാണ് ക്രീമീയൻ പടയാളികളാൽ അവർ പിടിക്കപ്പെടുന്നതും ഇസ്താംബുളിലേക്ക് കടൽ മാർഗം അടിമയായി കൊണ്ടുവരപ്പെടുന്നതും. ഇസ്താംബൂളിലെത്തിയ ശേഷമാണ് അവർക്ക് ഹുർറം എന്ന് നാമകരണം ചെയ്യപ്പെടുന്നത്.

സുൽത്താന്റെ അടിമയായിട്ടായിരുന്നു ഹുർറം സുൽത്താനയുടെ രംഗപ്രവേശം. തന്നെ പോലെ കവിതകളോട് ഏറെ പ്രിയം വെച്ചിരുന്ന ഹുർറം സുൽത്താനയെ സുൽത്താൻ നന്നായി സ്നേഹിച്ചു. ആദ്യമായി അവർക്ക് മെഹ്‌മദ്‌ എന്ന പുത്രൻ പിറന്നു. സുൽത്താന്റെ മാതാവായിരുന്ന ഹഫ്സ സുൽത്താന വഫാത്തായപ്പോൾ സുൽത്താൻ ഹുർറം സുൽത്താനയെ വിവാഹം കഴിക്കുകയും അവർക്ക് 'വാലിദേ സുൽത്താൻ' എന്ന പദവി നൽകുകയും ചെയ്തു. ഇത്തരത്തിൽ ഒരു വിവാഹം ഓട്ടോമൻ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.

മെഹ്മദിന് ശേഷം സലീം, ബായസീദ്, ജഹാംഗീർ എന്നീ പുത്രന്മാരും മിഹ്‌റുമാ എന്ന പുത്രിയും അവർക്ക് ജനിച്ചു. ഹുർറം സുൽത്താനക്ക് മുമ്പ് മാഹിദെവ്റാൻ എന്ന ഭാര്യയിൽ സുലൈമാന് മുസ്തഫ എന്ന മകനുണ്ടായിരുന്നു. മനിസ ഭരിച്ചുകൊണ്ടിരിക്കുകയായിരുന്ന മുസ്തഫ പിതാവിനെതിരെ രംഗത്തു വന്നപ്പോൾ സുലൈമാൻ തന്റെ മകനെ വധിക്കാനുള്ള ഉത്തരവിറക്കി. ഇതിന് പിന്നിൽ ഹുർറം സുൽത്താന്റെ കാരങ്ങളുണ്ടെന്നാണ് ഉയരുന്ന ആരോപണം. സുലൈമാന്റെ പ്രധാന മന്ത്രിയായിരുന്ന ഇബ്രാഹിം പാഷയെ വധിക്കുന്നതിലും അതിന് ശേഷം തന്റെ മകളായ മിഹ്‌രിമയുടെ ഭർത്താവായ റുസ്‌തും പാഷയെ തൽസ്ഥാനത്തു നിയമിച്ചതിലും അവർക്ക് പങ്കുണ്ടെന്ന് ചില ചരിത്രകാരന്മാർ ആരോപിക്കുന്നുണ്ട്.

അന്നത്തെ പ്രധാന വാസ്തുശില്പിയായിരുന്ന മിമാർ സിനാന്റെ നേതൃത്വത്തിൽ ഹുർറം സുൽത്താന പല നിർമിതികളും പണികഴിപ്പിക്കുന്നുണ്ട്. സുലൈമാനിയ്യ മസ്ജിദും പല സൂപ്പ് കിച്ചനുകളും അവരുടെ മേൽനോട്ടത്തിൽ ഉയർന്നു വന്നതാണ്. 1558 ലാണ് അവർ മരണപ്പെടുന്നത്. അവരുടെ സമീപത്തു തന്നെയാണ് ശേഷം സുൽത്താൻ സുലൈമാനും ഖബറടക്കപ്പെട്ടത്.

Post a Comment

Previous Post Next Post