ഉസ്മാനീ സ്ത്രീകളുടെ വളര്‍ച്ചയും യൂറോപ്പിന്റെ ഇരട്ടത്താപ്പും

Ottoman Harrem

സറാ ഹുദാ ഫാരിസ്

പുരുഷന്മാരെക്കാള്‍ അധികമില്ലെങ്കിലും ദിനേനയുള്ള ജോലികള്‍ക്കായി പോകുന്നവരടക്കം നിരവധി സ്ത്രീകളെ തെരുവുകളില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇത്രയേറെ സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകളെ തുര്‍ക്കിയിലല്ലാതെ മറ്റൊരിടത്തും കണ്ടിട്ടുള്ളതായി ഞാന്‍ കരുതുന്നില്ല. സ്ത്രീകളോടുള്ള തുര്‍ക്കികളുടെ പെരുമാറ്റം മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാണ്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, തുര്‍ക്കി സ്ത്രീകള്‍ക്കുള്ളതുപോലെ സ്വാതന്ത്ര്യവും നിര്‍ഭയത്വവും മറ്റൊരിടത്തുമുള്ള സ്ത്രീകള്‍ക്കും ഉണ്ടാകില്ല. ഇവരുടെ ജീവിത രീതികളെ പരിഗണിച്ചാല്‍, അവരായിരിക്കും ലോകത്തില്‍ കൂടുതല്‍ സന്തോഷം അനുഭവിക്കുന്നവരെന്ന് ഞാന്‍ വിശ്വസിക്കുന്നു.
(
ലേഡി എലിസബത്ത് ക്രാവന്‍  (ക്രീമിയയിലൂടെ കോണ്‍സ്റ്റന്റിനോപ്പിളിലേക്കുള്ള യാത്ര, 1789)  

യൂറോപ്പില്‍ ഫെമിനിസം ഉടലെടുക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ്, ഫെമിനിസത്തിന്റെ അടിത്തറയായി ഗണിക്കപ്പെട്ട, മേരി വോള്‍ സ്റ്റോണ്‍ ക്രാഫ്റ്റ് പുറത്തിറക്കിയ A Vindication of the Rights of Women എന്ന 300 പേജുകളുള്ള പുസ്തകം 1792 ല്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനും മൂന്നു വര്‍ഷം മുമ്പാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച നാടകകൃത്തും എഴുത്തുകാരിയുമായിരുന്ന ലേഡി എലിസബത്ത് ക്രാവണ്‍ ഓട്ടോമന്‍ സ്തീകളെക്കുറിച്ചുള്ള ഈ നിരീക്ഷണം നടത്തിയത്.

എലിസബത്ത് ക്രാവന്റെ നിരീക്ഷണത്തോടൊപ്പം തന്നെ അക്കാലത്ത് രേഖപ്പെടുത്തപ്പെട്ട രാഷ്ട്രീയ രേഖകളും സാമ്പത്തിക വിവര പട്ടികകളും, ഫെമിനിസം ഇല്ലാതെ തന്നെ ഉസ്മാനീ ഖിലാഫത്തിലെ സ്ത്രീകള്‍ പടിഞ്ഞാറിനു വിപരീതമായി കൂടുതല്‍ സ്വാതന്ത്രൃം അനുഭവിച്ചതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും ആധുനിക സ്ത്രീപക്ഷവാദികള്‍ മുസ്‌ലിം സ്ത്രീകളോട് അവരുടെ ദുരിതത്തിന്റെ കാരണം ഇസ്‌ലാമാണെന്നും അതില്‍ നിന്നുള്ള വിമോചനമാണ് ഫെമിനിസമെന്നുമുള്ള തെറ്റിദ്ധാരണ വ്യാപിപ്പിക്കാനാണ് ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.

1924 വരെ നിലനിന്ന ഉസ്മാനീ ഖിലാഫത്തില്‍ ജീവിച്ച സ്ത്രീകളുടെ ജീവിതാവസ്ഥയെ പരിശോധിക്കുകയും അതിനെ ഫെമിനിസത്തിന് ജന്മം നല്‍കിയ പടിഞ്ഞാറിലെ സ്ത്രീ ജിവിതവുമായി തുലനം ചെയ്യുകയുമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഉസ്മാനീ സ്ത്രീകള്‍ക്ക് അവരുടെ അവകാശം നേടിയെടുക്കാന്‍ ഫെമിനിസം അവശ്യമായി വന്നിട്ടില്ലെന്നും ഇസ്‌ലാമിനെ പൂര്‍ണമായി നടപ്പിലാക്കിയതോടെ അവര്‍ക്കത് ലഭിച്ചിരുന്നെന്നും അടുത്ത കാലത്ത് കണ്ടെടുക്കപ്പെട്ട ഉസ്മാനീ ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

മുസ്‌ലിം രാജ്യവും ഇസ്‌ലാമിക രാജ്യവും

ഒരു ഇസ്‌ലാമിക രാജ്യവും മുസ്‌ലിം രാജ്യവും തമ്മിലുള്ള മൗലികമായ വ്യത്യാസങ്ങളെ മനസ്സിലാക്കല്‍ അനിവാര്യമാണ്. ഉസ്മാനീ ഖിലാഫത്ത് ഒരു ഇസ്‌ലാമിക ഭരണകൂടമായിരുന്നു.  അഥവാ, ഉസ്മാനീ ഖിലാഫത്തില്‍ വൈയക്തികത, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തികമായതും അല്ലാത്തതുമായ മുഴുവന്‍ സിവില്‍ ക്രിമിനല്‍ നിയമങ്ങളുടെ ചട്ടക്കൂടായി പ്രവര്‍ത്തിച്ചത് ശരീഅത്തായിരുന്നു. ജൂതരും, ക്രൈസ്തവരും, മുസ്‌ലികളും, അടങ്ങുന്ന അനാതോലിയ, ഗ്രീക്ക്, ഉത്തരാഫ്രിക്ക, പടിഞ്ഞാറേഷ്യ, ബാല്‍ക്കണ്‍ പ്രവിശ്യകള്‍ തുടങ്ങിയ സ്ഥലങ്ങളടക്കം ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉസ്മാനീ ഖിലാഫത്തിന് സാധ്യമാക്കിയെടുക്കാന്‍ സഹായിച്ചത് ഇതേ ശരീഅത്തു തന്നെയായിരുന്നു. 

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, തുടങ്ങി മിക്ക മധ്യപൗരസ്ത്യ രാജ്യങ്ങളുമടക്കം ഇന്നത്തെ മുസ്‌ലിം രാജ്യങ്ങള്‍ സെക്കുലര്‍ രാഷ്ട്രങ്ങളാണ്. ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ അല്ല. അഥവാ, നിയമങ്ങളുടെ പോസ്റ്റ് കൊളോണിയല്‍ ഉറവിടങ്ങളില്‍ ഒന്നു മാത്രമാണ് ഇസ്‌ലാം എന്ന് ഈ രാജ്യങ്ങളിലെ ഭരണഘടനകള്‍ സ്ഥാപിക്കുന്നതായി കാണാം. അതിനാല്‍ തന്നെ ഈ രാജ്യങ്ങള്‍ മതേതരമായതും അഴിമതി പുരണ്ടതും സ്വേഛാപരമായതും വ്യവഹാരങ്ങളില്‍ ഇസ്‌ലാമിനോട് തുലനം ചെയ്യാന്‍ പറ്റാത്തതുമാണ്. സത്യത്തില്‍ പ്രസ്തുത രാജ്യങ്ങളിലെ സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരും തങ്ങളുടേതായ ഇടങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പങ്ങളെ നിര്‍മിച്ചെടുക്കുന്നതിലൂടെ മാത്രമേ പൂര്‍ണസ്വതന്ത്ര്യരായി മാറുകയുള്ളൂ.

നിയമ വ്യവസ്ഥകള്‍ 

പടിഞ്ഞാറിലെ സ്ത്രീകള്‍ക്ക് വിവാഹത്തോടെ അവരുടെ നിയമസ്വത്വം നഷ്ടപ്പെട്ടിരുന്നു. ഒരു വിഷയത്തില്‍ കേസ് കൊടുക്കാനോ സാക്ഷി പറയാനോ അവസരമില്ലാതിരുന്ന ഇത്തരം സ്ത്രീകള്‍ക്കു വേണ്ടി അത് ചെയ്തിരുന്നത് അവരുടെ ഭര്‍ത്താക്കന്മാരായിരുന്നു. ഒരു വിവാഹിതക്ക് അവളുടെ ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ട ഒരു നിയമസ്വത്വം തന്നെ ഉണ്ടായിരുന്നില്ല. അഥവാ, വിവാഹത്തോടു കൂടെ ഭാര്യയുടെ നിയമാവകാശങ്ങളെല്ലാം ഭര്‍ത്താവിന്റേതായി മാറിയിരുന്നു. 'ഫെമെ കവേര്‍ട്ട്' വിവാഹിതരായ സ്ത്രീകള്‍ അല്ലെങ്കില്‍ ഭാഷാപരമായി മറക്കപ്പെട്ട സ്ത്രീകള്‍ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.

'വിവാഹത്തോടുകൂടി നിയമത്തില്‍ ഭാര്യയും ഭര്‍ത്താവും ഒറ്റ വ്യക്തിയാണ്. അഥവാ, സ്ത്രീയുടെ നിയമസ്വത്വം അവളുടെ വിവാഹത്തോടെ ഇല്ലാതാവുകയും അവളുടെ ഭര്‍ത്താവിന്റെ സ്വത്വത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നു എന്ന് പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നിയമജ്ഞനായിരുന്ന വില്ല്യം ബ്ലാക്ക്‌സ്റ്റോണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഭംഗം വരുത്തുകയും ഭാര്യമാരുടെ സ്വാതന്ത്ര്യത്തെയും ചുമതലകളെയും നിഷേധിക്കുകയും ചെയ്ത അക്കാലത്തെ നിയമ വ്യവസ്ഥ സ്ത്രീകളോടുള്ള അനീതിയായിരുന്നു. ഉദാഹരണത്തിന് ഒരു സ്ത്രീക്ക് സ്വന്തമായി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ല. അവള്‍ക്കു വേണ്ടി അവളുടെ ഭര്‍ത്താവാണ് അത് ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ ഭാര്യമാര്‍ക്കു ഭര്‍ത്താക്കന്മാര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കഴിയുമായിരുന്നില്ല. സ്ത്രീകളില്‍ നിന്ന് അവരുടെ ഭര്‍ത്താക്കന്മാരിലേക്കുള്ള ഈ ഉത്തരവാദിത്വ കൈമാറ്റത്തെ നിരവധി ഇംഗ്ലീഷ് സാഹിത്യങ്ങളില്‍ പരിഹസിക്കപ്പെടുന്നതായി കാണാന്‍ കഴിയും. ചാള്‍സ് ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റില്‍ മി. ബംബിള്‍ 'നിയമം പറയുന്നത് നിങ്ങളുടെ ഭാര്യ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെ നിര്‍ദേശാനുസരണമായിട്ടാണെന്നതാണ് എന്ന് കേള്‍ക്കുമ്പോള്‍ ഇതിനുത്തരമായി  'നിയമം അങ്ങനെ അനുശാസിക്കുന്നുവെങ്കില്‍ ആ നിയമം ബുദ്ധിശൂന്യവും മൂഢമായതുമാണ്' എന്ന് മറുപടി നല്‍കുന്നതായി കാണാം. 

ക്രിമിനല്‍ നിയമങ്ങള്‍ക്കൊഴികെ സിവില്‍ നിയമങ്ങള്‍ക്കു മാത്രമാണ് കവര്‍ച്യു എന്നറിയപ്പെട്ട ഈ സംവിധാനം ഉണ്ടായിരുന്നത്. 1784 ലിലടക്കം ഇംഗ്ലണ്ടിലും അമേരിക്കന്‍ കോളനികളിലുമെല്ലാം ക്രിമിനല്‍ കുറ്റത്തിന് സ്ത്രീകളെ കരിച്ചു കളയുക എന്നത് തകൃതിയായി നടന്നിരുന്നു. സിവില്‍ നിയമങ്ങളില്‍ മാത്രമാണ് കവര്‍ച്യു നടപ്പിലാക്കപ്പെട്ടിരുന്നതെങ്കിലും 1972 ല്‍ പോലും രണ്ട് യു.എസ് സ്റ്റേറ്റുകളില്‍ ക്രമിനല്‍ കുറ്റത്തിന് ആരോപിക്കപ്പെട്ട സ്ത്രീകള്‍ തങ്ങള്‍ ഭര്‍ത്താവിനെ അനുസരിക്കുകയായിരുന്നെന്ന് പറഞ്ഞതിനാല്‍ വെറുതെ വിട്ടയക്കപ്പെട്ടത് വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇതേ സമയം ഉസ്മാനീ ഖിലാഫത്തിനു കീഴില്‍ ജിവിച്ച സ്ത്രീകള്‍ക്ക് വിവാഹത്തെ പരിഗണിക്കാതെ തന്നെ അവരുടേതായ നിയമാവകാശങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യം കൊണ്ടു തന്നെയാണ് അമുസ്‌ലിംകളായ സ്ത്രീകള്‍ സ്വന്തം മതങ്ങള്‍ക്ക് വ്യത്യസ്ത കോടതികള്‍ നിലനില്‍ക്കെ തങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് ശരീഅത്ത് കോടതികളെ സമീപിച്ചിരുന്നത്.

പ്രായപൂര്‍ത്തിയാകുന്നതോടെ പുരുഷന്മാരെപ്പോലെ സ്വന്തമായ നിയമസവിശേഷതയുള്ള വ്യക്തികളായി ഉസ്മാനീ സ്ത്രീകള്‍ പരിഗണിക്കപ്പെട്ടിരുന്നു. വിവാഹിതയാണോ അവിവാഹിതയാണോ എന്നത് പരിഗണിക്കപ്പെടാതെ തന്നെ അവര്‍ക്ക് നിയമ നടപടികള്‍ നടത്താനുള്ള അവകാശമുണ്ടായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ വിവാഹത്തോടു കൂടെ തങ്ങളുടെ അസ്ഥിത്വത്തെ ഓര്‍മിപ്പിക്കാന്‍ സ്വന്തം വീട്ടുപേര് കൂടെ ചേര്‍ക്കുകയും ചെയ്തിരുന്നു. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും സ്വന്തമായി കേസ് രേഖപ്പെടുത്താനും ഖാളിയുടെ സാന്നിദ്ധ്യത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതിനൊന്നും പുരുഷന്റെ സാന്നിധ്യം അവള്‍ക്കാവശ്യമില്ലായിരുന്നു. സത്യത്തില്‍, അത്യാവശ്യ സമയത്ത് സ്വന്തം ഭര്‍ത്താവിനെതിരെയും ബന്ധുക്കള്‍ക്കെതിരെയും വരെ നിയമ നടപടികളെടുക്കാന്‍ സ്ത്രീകള്‍ക്കാകുമായിരുന്നു. 

Ottoman Women in markets

സാമ്പത്തിക ഇടപാടുകള്‍

പടിഞ്ഞാറില്‍ വിവാഹത്തോടെ സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം സമ്പത്തിനു മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഭാര്യയും ഭര്‍ത്താവും ഒരൊറ്റ വ്യക്തിയാണെന്നതിനാല്‍ ഭാര്യക്ക് അവളുടെ സമ്പത്തിനു മേല്‍ നിയന്ത്രണമില്ലെന്നും ഭര്‍ത്താവിന് ആ സമ്പത്തിനെ അവളുടെ സമ്മതം കൂടാതെ ഉപയോഗിക്കാമെന്നും അനുവാദം നല്‍കുന്ന കവര്‍ച്യുര്‍ സംവിധാനം അന്ന് യൂറോപ്പില്‍ വ്യാപകമായിരുന്നു. ഇതുപോലെ തന്നെ ഭാര്യക്ക് ഒരു തരത്തിലുമുള്ള ഉടമ്പടികള്‍ ചെയ്യാനും സാധിക്കുമായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടെ തന്നെ തന്റെ സ്വന്തം സ്വത്ത് ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെ സമ്മര്‍ദ്ദമില്ലാതെയാണ് താന്‍ കരാര്‍ നടത്തുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ജഡ്ജ് നടത്തുന്ന  സ്വകാര്യ പരീക്ഷണത്തിന് വിധേയയാവേണ്ടതുണ്ടായിരുന്നു. 

മറ്റൊരു തലത്തില്‍, നിയമത്തില്‍ ഭാര്യയും ഭര്‍ത്താവും ഒറ്റ വ്യക്തിയായിട്ടാണ് പരിഗണിക്കപ്പെടുന്നതെന്നതിനാല്‍ തന്നെ സ്വന്തം കാര്യങ്ങള്‍ക്കു ചിലവഴിക്കുന്ന അത്ര തുക അവള്‍ക്കും നല്‍കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനായിരുന്നു എന്നത് ശരിയാണ്. ഈ അര്‍ഥത്തില്‍ തന്നെ ഒരു സ്ത്രീ കട ബാധ്യതയോടെയാണ് വിവാഹിതയായതെങ്കില്‍ അത് കൊടുത്തു വീട്ടേണ്ട ഉത്തരാവാദിത്വം ഭര്‍ത്താവിനായിരുന്നു. ഭാര്യക്കു സ്വന്തമായി വാങ്ങാനും വില്‍ക്കാനും കടം വാങ്ങാനും നല്‍കാനും സ്വന്തം കടത്തിനു ഉത്തരാവാദിയാകാനും 1870 ലെ married women property act അനുമതി നല്‍കുന്നതു വരെ ബ്രിട്ടനില്‍ ഈ നിയമം കര്‍ശനമായി പാലിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇതേ സമയം ഉസ്മാനീ സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരായിരുന്നു. ചില ജോലി മേഖലകളില്‍ സ്ത്രീകളുടെ ആധിക്യം മൂലം തൊഴിലാളി സംഘടനകള്‍ക്ക് ഭരണകൂടത്തിന്റെ ഇടപെടല്‍ തേടേണ്ട അവസ്ഥ വരെയുണ്ടായിരുന്നു. 'തുര്‍ക്കിയിലെ ഭാര്യമാര്‍ 'അടിമകളെ'ന്നും 'ജംഗര സ്വത്തെ'ന്നും വിളിക്കപ്പെട്ടിട്ടുണ്ട്. സത്യത്തില്‍ അവര്‍ ഈ രണ്ടുമല്ല. തീര്‍ച്ചയായും അവരുടെ നിലവാരം യൂറോപ്പിലുള്ള ഭൂരിഭാഗം സ്ത്രീകളെക്കാളും മുന്നിട്ടു നില്‍ക്കുന്നതാണ്. തനിക്ക് അനന്തരമായി ലഭിച്ചതും വിവാഹ സമയത്ത് സ്വന്തമായി ഉള്ളതുമെല്ലാം കൈകാര്യം ചെയ്യാന്‍ നിയമം അവരെ അനുവദിക്കുന്നുണ്ട്. അവര്‍ക്ക് ഇത് ജീവിത കാലത്ത് വിഹിതം വെക്കുകയോ അതല്ലെങ്കില്‍ ഇഷ്ടദാനം നല്‍കുകയോ ചെയ്യാവുന്നതാണ്. നിയമത്തിന്റെ  കണ്ണില്‍ അവള്‍ സ്വതന്ത്രയാണ് എന്നര്‍ഥം. ഭര്‍ത്താവില്‍ നിന്ന് പൂര്‍ണ സ്വതന്ത്രയായി പ്രവര്‍ത്തിക്കാനും കോടതികളില്‍ കേസ് കൊടുക്കാനും പുരുഷന്മാരെ പരിഗണിക്കാതെ തന്നെ എതിര്‍സാക്ഷി നില്‍ക്കാനും ഭാര്യമാര്‍ക്ക് സാധിക്കുമായിരുന്നു. ഇതൊക്കെ പരിഗണിക്കുമ്പോള്‍ യൂറോപ്പിലുള്ള അവരുടെ ക്രിസ്ത്യന്‍ സഹോദരിമാരെക്കാള്‍ അവര്‍ എത്രയോ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് ' എന്ന് ഡെക്കറ്റ് ഫെരിമാന്‍ 1911 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഓട്ടോമന്‍ സ്ത്രീകള്‍ക്ക് സ്വന്തമായി സമ്പത്ത് നിയന്ത്രിക്കാനുള്ള അധികാരം ലഭിക്കുകയും അവരത് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഭൂവുടമകളാവുക, സൈനിക പ്രതിഫലമായി നല്‍കപ്പെടുന്ന ഭൂമി നിയന്ത്രിക്കുക, കടം വാങ്ങുക, കൊടുക്കുക, സ്വകാര്യ നികുതി ശേഖരിക്കുക തുടങ്ങിയ മേഖലകളില്ലെല്ലാം തങ്ങളുടേതായ പങ്കുവഹിച്ചിരുന്ന സ്ത്രീകള്‍ ഉസ്മാനീ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. വിവിധ സാഹചര്യങ്ങളില്‍ നിന്നുള്ള ഉസ്മാനീ സ്ത്രീകള്‍ സാധാരണയായി കച്ചവടവും നടത്തിയിരുന്നു.

പൊതുവായി പുരുഷന്മാരുമായി നേരിട്ട് ഇടപഴകാതെ മറക്കു പിന്നിലിരിക്കാന്‍ താല്‍പര്യപ്പെട്ട സമ്പന്നരായ ഉസ്മാനീ സ്ത്രീകളുടെ അവസ്ഥ തെറ്റായിട്ടാണ് പല വിദേശ നിരീക്ഷകരും മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള സ്ത്രീകള്‍ വലിയ ബിസിനസ് ഉടമസ്ഥരും മാര്‍ക്കറ്റിലെ കടകളുടെ ഉടമസ്ഥരുമാണെന്ന സത്യം നിലനില്‍ക്കെ അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്ന തെറ്റിദ്ധാരണ മൂലം അവരെക്കുറിച്ച് ദയാവാക്കുകള്‍ ഉപയോഗിക്കാന്‍ ഇത് ഇത്തരം നീരീക്ഷകരെ പ്രേരിപ്പിക്കുകയുണ്ടായി. തങ്ങള്‍ക്കു വേണ്ടി ബിസിനസ് നടത്താന്‍ ജോലിക്കാര്‍ ഉണ്ടെന്നതു കൊണ്ട് ഇവര്‍ എങ്ങനെയാണ് ഹതഭാഗ്യരാകുന്നത്. 

കൈതൊഴിലുകള്‍, പട്ട്, പരുത്തി എന്നിവയുടെ നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം ഉസ്മാനീ സ്ത്രീകള്‍ സജീവമായിരുന്നു. മൊസ്യൂളില്‍ പരുത്തി നൂല്‍ക്കുക എന്നത് വലിയൊരളവില്‍ വീടുകളില്‍ വെച്ച് തന്നെയാണ് നിര്‍വഹിക്കപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ നൂല്‍നിര്‍മാണം സ്ത്രീകളുടെ കുത്തകയായി മാറുകയും ഈ ആധിപത്യത്തിനെതിരെ തൊഴിലാളി സംഘടനകള്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ആവിശ്യപ്പെടുകയും ചെയ്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

രാഷ്ട്രീയ ഇടപെടലുകള്‍

ബ്രിട്ടനില്‍ 1928 വരെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല. 1918 ല്‍ 21 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്കും 30 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിക്കുന്നതു വരെ, പിന്നീട് 1928 ല്‍ 21 വയസ്സിനു മുകളിലുള്ള മുഴുവന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വോട്ടു ചെയ്യാന്‍ കഴിയുന്നത് വരെ ബ്രിട്ടനില്‍ ഭൂരിപക്ഷം പുരുഷന്മാരുടെയും സ്ത്രീകളെയും ഒഴിവാക്കിക്കൊണ്ട് ധനികരായ ഏതാനും ചില പുരുഷന്മാര്‍ക്കു മാത്രമേ വോട്ടു ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.

ഇതേസമയം, ഉസ്മാനീ ഖിലാഫത്തിലെ പുരുഷന്മാരും സ്ത്രീകളും രാഷ്ട്രീയമായി സജീവമായിരുന്നു. പുരുഷാവകാശങ്ങള്‍ക്കു തുല്യമായി  ഭരണകൂട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ദിവാനില്‍ നിവേദനം സമര്‍പ്പിക്കാനും ഉസ്മാനീ ഖലീഫക്കു വേണ്ടി വോട്ടിനു സമാനമായ പ്രതിജ്ഞയെടുക്കാനും സ്ത്രീകള്‍ക്ക് അവകാശങ്ങളുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ സ്ത്രീരാഷ്ട്രീയം അതിരുകടന്ന സാഹചര്യത്തില്‍ 'സ്ത്രീകളുടെ ഭരണകൂടം' എന്നാണ് ഉസ്മാനീ ഖിലാഫത്ത് അറിയപ്പെട്ടിരുന്നത് എന്നതും പരാമര്‍ശിക്കേണ്ടതു തന്നെയാണ്.

Ottoman women's public life

സാമൂഹിക ജീവിതം

പടിഞ്ഞാറില്‍ ആണിനോ പെണ്ണിനോ വിവാഹമോചനത്തിനുള്ള അവകാശമുണ്ടായിരുന്നില്ല. നിയമപരമായി വേര്‍പിരിയാന്‍ സാധിക്കും വിധം ധനികരാണെങ്കില്‍ തന്നെ പുനര്‍വിവാഹമെന്നത് വധശിക്ഷക്കു തുല്യമായി അക്കാലത്ത് ഗണിക്കപ്പെട്ടിരുന്നു.

1857 ലെ മാട്രിമോണിയല്‍ കോസസ് ആക്ട് നിലവില്‍ വരുന്നത് വരെ വിവാഹമോചനം എന്നത് ഇംഗ്ലീഷ് നിയമപ്രകാരം നിയമവിരുദ്ധമായിരുന്നു. വേര്‍പിരിഞ്ഞ ഭാര്യക്കും ഭര്‍ത്താവിനും തന്നെ പുനര്‍വിവാഹം കഴിക്കാന്‍ നിയമപരമായി അവകാശമുണ്ടായിരുന്നില്ല. ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം എന്നത് നിരോധിക്കപ്പെടുകയും പതിനേഴാം നൂറ്റാണ്ടില്‍ വധശിക്ഷക്കു തന്നെ കാരണമാകുന്ന മഹാപാതകമായി ഗണിക്കപ്പെടുകയും ചെയ്തിരുന്നു.അതേ സമയം ഉസ്മാനീ ഖിലാഫത്തില്‍ ബഹുഭാര്യത്വം എന്നത് അപൂര്‍വമായിരുന്നു. അവസാനത്തെ പിടിവള്ളിയെന്ന നിലയില്‍ മാത്രം ആശ്രയിക്കപ്പെട്ടിരുന്ന വിവാഹമോചനം നടത്താന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സാധിക്കുമായിരുന്നു. 

'തുര്‍ക്കികള്‍ രാജ്യങ്ങള്‍ ഭരിക്കുന്നു. പക്ഷെ അവരെ ഭരിക്കുന്നത് അവരുടെ ഭാര്യമാരാണ്. മറ്റുള്ളവരെക്കാള്‍ പുറത്തിറങ്ങാനും ആസ്വദിക്കാനും ആ സ്ത്രീകള്‍ക്ക് കഴിയുമായിരുന്നു. ബഹുഭാര്യത്വം എന്നത് തുര്‍ക്കിയില്‍ ഇല്ല. തുര്‍ക്കി പുരുഷന്മാര്‍ ബഹുഭാര്യത്വത്തിന് ശ്രമിച്ചിട്ടുണ്ടാകാമെങ്കിലും അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും ചിലവിലേക്കും നയിക്കുമെന്നതിനാല്‍ ഉപേക്ഷിച്ചതാകാം' 

എന്ന്  പതിനാറാം നൂറ്റാണ്ടില്‍ ഉസ്മാനീ ഖിലാഫത്തിലൂടെ യാത്ര ചെയ്ത ജര്‍മനയിലെ പ്രൊട്ടസ്റ്റന്റ് മന്ത്രി സാമോന്‍ ശ്വീഗര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉസ്മാനീ സമൂഹത്തില്‍ കുടുംബത്തിന്റെ പ്രാധാന്യത്തിനുതകും വിധം രക്ഷിതാക്കളും കുടുംബക്കാരും മുന്‍കൈയ്യെടുത്തിട്ടായിരുന്നു വിവാഹങ്ങൾ നടത്തിയിരുന്നത്. തനിക്കു വന്ന കല്ല്യാണാലോചന ഒഴിവാക്കാനും സ്ത്രീകള്‍ക്ക് സാധിക്കുമായിരുന്നു. കൂടാതെ വിവാഹത്തിനു മുമ്പ് കരാര്‍ ചെയ്യലും വ്യാപകമായി നിലനിന്നിരുന്നു. ഇസ്‌ലാമിക നിയമമനുസരിച്ച് ബഹുഭാര്യത്വം അനുവദനീയമാക്കിയിരുന്നെങ്കിലും പ്രായോഗികമായി അത് വളരെ കുറവായിരുന്നു. 95% പുരുഷന്മാര്‍ക്കും ഒറ്റ ഭാര്യമാരെ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ.

വ്യത്യസ്തമായ അവകാശങ്ങളാണെങ്കിലും മുസ്‌ലിം ദമ്പതിമാര്‍ ജീവിതം പരസ്പരം ആസ്വദിക്കുന്നതായി ഉസ്മാനീ നിയമജ്ഞര്‍ വീക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, തന്റെ സമ്മതത്തോടു കൂടെ വിവാഹം കഴിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഭര്‍ത്താവ് മതത്തില്‍ വിരുദ്ധമായത് ചെയ്യാന്‍ പ്രേരിപ്പിക്കാത്ത കാലത്തോളം അയാളെ അനുസരിക്കല്‍ അനിവാര്യമായിരുന്നു. എന്നിരുന്നാലും മുസ്‌ലിം പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരെ അടിച്ചമര്‍ത്തുന്നവരായിരുന്നില്ല. ദമ്പതിമാരില്‍ രണ്ടു പേര്‍ക്കും വിവാഹമോചനത്തിനവകാശം ഉണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാമ്പത്തിക ബാധ്യത പുരുഷനായിരുന്നു. യഥാര്‍ത്ഥത്തില്‍ അനാവശ്യമായ വൈവാഹിക ബന്ധത്തെ അവസാനിപ്പിക്കാന്‍ ഉസ്മാനീ സ്ത്രീകള്‍ക്ക് സാധിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹിക നിരീക്ഷകരെ അസ്വസ്ഥമാക്കും വിധം ഇത്തരം വിവാഹമോചനങ്ങള്‍ ധാരാളമായി നടന്നിരുന്നു എന്നും കാണാം. 

തമ്മിലുള്ള പൊരുത്തക്കേട്, ദമ്പതിമാാര്‍ക്കിടയില്‍ തര്‍ക്കമുണ്ടാകും വിധമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍, ശാരീരിക അതിക്രമങ്ങള്‍, വ്യഭിചാര കുറ്റങ്ങള്‍, ഭാര്യയോ ഭര്‍ത്താവോ കുടുംബത്തിന്റെ നിലനില്‍പ്പിനാവിശ്യമായത് ചെയ്യാതിരിക്കല്‍, വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരിക്കുക, തുടങ്ങിയവയാണ് വിവാഹമേചനത്തിന്റെ കാരണമായി ഗണിക്കപ്പെടുന്നതില്‍ ചിലത്. തന്നെ തന്റെ ഭര്‍ത്താവ് കൊണ്ടു പോയ വീടുമായി അവള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഭാര്യയും ഭാര്യക്ക് സന്താനോല്‍പാദനത്തിന് കഴിയാതിരിക്കുന്ന സമയത്ത് ഭര്‍ത്താവും വിവാഹമോചനം ചെയ്യാറുണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം പുനര്‍വിവാഹം കഴിക്കാന്‍ ആണും പെണും തീര്‍ത്തും സ്വാതന്ത്ര്യയായിരുന്നു.

വിവര്‍ത്തനം: നസീല്‍ പന്തല്ലൂര്‍

Post a Comment

Previous Post Next Post