'നഖീബുൽ അശ്‌റാഫ്': അഹ്‌ലുബൈത്തിന്റെ കാര്യദർശി

Sayyids in Ottoman empire, wearing green turbans

പ്രവാചകരോടെന്ന പോലെ പ്രവാചകകുടുംബത്തോടും അതിയായ ആദരവ് പുലർത്തിയിരുന്നു ഉസ്മാനികൾ. നികുതികളിൽ നിന്നും സൈനിക സേവനങ്ങളിൽ നിന്നും പ്രവാചകകുടുംബത്തിന് പ്രത്യേക ഇളവുകളുണ്ടായിരുന്നതോടൊപ്പം തന്നെ അവർക്ക് ധനസഹായങ്ങൾ നൽകുന്നതിലും ഉസ്മാനികൾ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. 


അഹ്‌ലുബൈത്തിന്റെ ക്ഷേമത്തിനും അവരുടെ സാമൂഹിക പദവി നിലനിർത്തുന്നതിനുമായി ഉസ്മാനികൾക്ക് പ്രത്യേക ഭരണകൂടസ്ഥാപനം തന്നെയുണ്ടായിരുന്നു. 'നഖീബുൽ അശ്റാഫ്' എന്ന പേരിലാണ് ഇതിന്റെ തലവൻ അറിയപ്പെട്ടിരുന്നത്. പ്രവാചക പൗത്രന്മാരായ ഹസൻ (റ) വിന്റെ പരമ്പരയിൽ വരുന്നവരെ 'ശരീഫ്' എന്നും ഹുസൈൻ (റ) വിന്റെ പരമ്പരയിൽ വരുന്നവരെ 'സയ്യിദ്' എന്നും വിശേഷിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. രണ്ടുപേരിലേക്കും പരമ്പര ചെന്നെത്തുന്നുണ്ടെങ്കിൽ 'സയ്യിദ് ശരീഫ്' എന്നും വിശേഷിപ്പിച്ചിരുന്നു. (പിന്നീട് അഹ്‌ലുബൈത്ത് എല്ലാവരും 'സയ്യിദ്' എന്നുതന്നെ വിശേഷിപ്പിക്കപ്പെട്ടു) ഇതിൽ നിന്നുമാണ് 'നഖീബുൽ അശ്‌റാഫ്' എന്ന നാമകരണം ഉത്ഭവിക്കുന്നത്. ഉസ്മാനികൾ പൊതുവെ നബികുടുംബത്തെ 'അമീർ/എമീർ' എന്നും അഭിസംബോധന ചെയ്തിരുന്നു.


സുൽത്താൻ ബായസീദ് ഒന്നാമന്റെ (1389-1402) കാലത്താണ് ഓട്ടോമൻ ഭരണകൂടത്തിൽ ഔദ്യോഗികമായി സയ്യിദുമാരുടെ ക്ഷേമത്തിനായി ഒരു തസ്തിക രൂപപ്പെടുന്നത്. 'നാളിറെ സാദാത്' (Nâzır-ı Sâdât) എന്ന പേരിൽ സയ്യിദുമാരുടെ രേഖകൾ സൂക്ഷിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി ഒരു സ്ഥാപനം നിലാവിൽ വന്നു. സയ്യിദുമാർ തന്നെയാണ് അതിന്റെ തലപ്പത്തുണ്ടായിരുന്നത്. സയ്യിദ് കുടുംബം തെറ്റുകൾ ചെയ്താൽ അവരെ ശിക്ഷിക്കാൻ ഓട്ടോമൻ സുൽത്താന്മാരെക്കാൾ അർഹർ സയ്യിദ് കുടുംബം തന്നെയാണ് എന്ന ചിന്തയിൽ നിന്നാണ് ഈ നിയമനം രൂപപ്പെട്ടത്. ആദ്യമായി ഈ സ്‌ഥാനത്തേക്ക് നിയമിതനായത് സയ്യിദ് അലി നത്ത (Seyid Ali Natta) എന്നവരായിരുന്നു. അദ്ദേഹത്തിന് ശേഷം മകൻ സൈനുൽ ആബിദീൻ നിയമിതനായി. ബയസീദ് രണ്ടാമന്റെ (1481-1512) കാലത്താണ് 'നഖീബുൽ അശ്റാഫ്' എന്ന് ഈ സ്ഥാനം പുനർനാമകരണം ചെയ്യപ്പെട്ടത്. പുനർനാമകരണ ശേഷം ആദ്യമായി സ്ഥാനമേറ്റത് സയ്യിദ് മഹ്മൂദ് എന്നവരായിരുന്നു. ആദ്യകാലങ്ങളിൽ ഈ സ്ഥാനത്തേക്ക് നിയമിതനാവുന്നവർ സയ്യിദ് കുടുംബത്തിലെ അംഗമായിരിക്കണം എന്നത് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. പതിനെട്ടാം നൂറ്റാണ്ടു മുതൽ നിയമിതരായവർ ഭൂരിഭാഗവും വിരമിച്ച ഓട്ടോമൻ ചീഫ്ഖാളിമാരോ ഇസ്താംബൂൾ ഖാളിമാരോ ആയ സയ്യിദുമാരായിരുന്നു. 'നഖീബുൽ അശ്റാഫ്' തസ്തികക്ക് പ്രത്യേക കാലാവധി നിശ്ചയിക്കപ്പെട്ടിരുന്നില്ല. ഒരാൾ നിയമിതനായത് മുതൽ മരണപ്പെടുന്നത് വരെ സ്ഥാനത്തുതുടരും. എങ്കിലും അവരെ സ്ഥാനത്തു നിന്ന് നീക്കാനുള്ള അധികാരം സുൽത്താന് ഉണ്ടായിരുന്നു.


പ്രവർത്തനമണ്ഡലങ്ങൾ

സുൽത്താന്മാർ യുദ്ധത്തിന് പോകുമ്പോൾ കുറച്ചുസയ്യിദുമാരുമായി ആ സംഘത്തോടൊപ്പം ചേരലും നഖീബിന്റെ ദൗത്യമായിരുന്നു. യുദ്ധത്തിനിടക്ക് സുൽത്താനും സൈന്യത്തിനും വേണ്ടി സയ്യിദുമാരുടെ പ്രാർത്ഥനയുണ്ടാവാനായിരുന്നു അത്. യുദ്ധ സംഘത്തിൽ പതാക വാഹകന്റെ കൂടെ മുൻനിരയിൽ തന്നെയായിരുന്നു നഖീബുൽ അശ്‌റാഫിന്റെയും സ്ഥാനം. പ്രവാചക കുടുംബത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കൽ ആദ്യകാല ഇസ്‌ലാമിക ഭരണകൂടങ്ങളുടെയും പതിവായിരുന്നു. അബ്ബാസികളും സെൽജൂക്കുകളും മംലൂക്കുകളുമെല്ലാം ഇതിൽ ശ്രദ്ധ പുലർത്തിയിരുന്നു. പ്രധാനമായും യുദ്ധമുതലുകൾ വിഹിതം വെക്കുന്ന അവസരത്തിൽ അഹ്‌ലുബൈത്തിനുള്ള ഓഹരി അവരിലേക്കെത്തിക്കുക എന്നതായിരുന്നു ഈ ഉദ്യോഗസ്ഥരുടെ ജോലി.


ഉസ്മാനികൾ ആ തസ്തികയെ ഒന്നുകൂടി മെച്ചപ്പെടുത്തുകയും ജനകീയമാക്കുകയും ചെയ്തു.  വ്യത്യസ്ത ദേശങ്ങളിൽ നിന്ന് ഓട്ടോമൻ പ്രദേശങ്ങളിലേക്കെത്തുന്ന അഹ്‌ലുബൈത്തിനെ അവർ പ്രത്യേകം ആദരിക്കുകയും അവർക്ക് താമസ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. അവരുടെ പ്രാർത്ഥനകൾ തങ്ങളുടെ ഭരണകൂടത്തെ ശക്തിപ്പെടുത്തും എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു ഓട്ടോമൻ സുൽത്താന്മാർ. ഓട്ടോമൻ ഭരണകൂടത്തിലെ അധിക സയ്യിദുമാരും മറ്റുദേശങ്ങളിലെന്നപോലെ പ്രബോധനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരായിരുന്നു.


സയ്യിദുമാരുടെ സാമൂഹിക സ്ഥാനം നിലനിർത്തുന്നതിനായും അവരെ പൊതുജനങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നതിനായും പച്ച നിറത്തിലുള്ള തലപ്പാവ് ധരിക്കാൻ അവർ നിർദേശിക്കപ്പെട്ടിരുന്നു. സ്ഥാനക്കയറ്റം ലഭിച്ച് 'ശൈഖുൽ ഇസ്‌ലാം' പദവിയിലെത്തിയാൽ മാത്രമേ അവർക്ക് പച്ചത്തലപ്പാവ് മാറ്റി വെള്ളനിറത്തിലുള്ള തലപ്പാവ് ധരിക്കാൻ നിർദേശമുണ്ടായിരുന്നുള്ളൂ. സയ്യിദുമാർ ചില കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ശിക്ഷക്ക് വിധിക്കപ്പെട്ടാൽ അവരുടെ സ്ഥാനത്തെ മാനിച്ച് പച്ചത്തലപ്പാവ് തലയിൽ നിന്നെടുത്ത് ചുംബനം നൽകി മാറ്റി വെക്കുകയും ശിക്ഷ കഴിഞ്ഞാൽ വീണ്ടും അത് ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു പതിവ്.


സുൽത്താൻ അബ്ദുൽഹമീദിന്റെ (1876-1909) കാലത്താണ് നഖീബുൽ അശ്റാഫിന് ഒരു ഔദ്യോഗിക കെട്ടിടം നിർണയിക്കപ്പെട്ടത്. യിൽദിസ് കൊട്ടാരത്തിന്റെ സമീപം തന്നെയായിരുന്നു അത്. അതിനു മുമ്പ് അവർ കൃത്യനിർവഹണം നടത്തിയിരുന്നത് സ്വന്തം വീടുകളിൽ നിന്ന് തന്നെയായിരുന്നു. ഓട്ടോമൻ ഭരണകൂടത്തിലെ ഏറ്റവും ഉയർന്ന സ്ഥാനമായിരുന്നു നഖീബുൽ അശ്റാഫിന്റേത്. അതിനു തൊട്ടുതാഴെയായിരുന്നു പതാകവാഹകന്റെ (Alemdar) സ്ഥാനം.   പ്രവാചകകുടുംബത്തിന്റെ ക്ഷേമത്തിനു വേണ്ടതെല്ലാം ചെയ്യുക എന്നതു തന്നെയായിരുന്നു നഖീബുൽ അശ്‌റാഫിന്റെ പ്രഥമ ദൗത്യം. നബി കുടുംബത്തിൽ നിന്ന് തെറ്റുകൾ ചെയ്തവരെ ശിക്ഷിക്കലും അവരുടെ ഉത്തരവാദിത്തമായിരുന്നു. അതിനായി അവരുടെ ഓഫിസിൽ പ്രത്യേക മുറികൾ സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു തെറ്റുകൾ ചെയ്തവരെ തടവിൽ പാർപ്പിച്ചിരുന്നതും തെറ്റിന്റെ തോതനുസരിച്ച് ശിക്ഷകൾ നടപ്പാക്കിയിരുന്നതും. പരസ്യമായി അവരെ ശിക്ഷിക്കുന്നത് തടയാനായിരുന്നു ഇത്. ശിക്ഷാകാലാവധി പൂർത്തീകരിച്ച ശേഷം 'ഇനി തെറ്റുകൾ ആവർത്തിക്കില്ല' എന്ന് നഖീബുൽ അശ്റാഫിനോട് സത്യം ചെയ്ത ശേഷം അവരെ വിട്ടയക്കുകയും ചെയ്യും. നഖീബുൽ അശ്‌റാഫിന്റെ കീഴിൽ വ്യത്യസ്ത പ്രദേശങ്ങളിൽ ഉദ്യോഗസ്ഥാന്മാരെ നിയമിച്ചിരുന്നു. ആ പ്രദേശങ്ങളിലെ സയ്യിദുമാരുടെ കാര്യങ്ങളിൽ ശ്രദ്ധപുലർത്തലായിരുന്നു അവരുടെ ജോലി. 'സിയാദാത് ബെറാഅത്തി' (siyadet beratı/ siyâdet hücceti) എന്ന, ഒരാൾ സയ്യിദാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നൽകലും നഖീബിന്റെ ചുമതലയാണ്. സയ്യിദുമാർക്ക് ഉസ്മാനികൾ നൽകിയിരുന്ന ഇളവുകൾ മോഹിച്ച് പലരും വ്യാജ രേഖകളുണ്ടാക്കി സയ്യിദാണ് എന്ന് അവകാശപ്പെട്ടു (müteseyyid) വരാൻ തുടങ്ങിയപ്പോഴാണ് അതിനെ തടയിടാനും നബിപരമ്പരയെ കളങ്കം വരാതെ സൂക്ഷിക്കാനുമായി സയ്യിദുമാർക്ക് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകാൻ ഭരണകൂടം തീരുമാനിച്ചത്. ഇക്കാരണം കൊണ്ടുതന്നെ ഓട്ടോമൻ കാലത്തെ സയ്യിദുമാരുടെ പരമ്പരകളെല്ലാം (siyâdet defteri) വളരെ കൃത്യമായി സൂക്ഷിക്കപ്പെട്ടതായി കാണാം. പുതിയ സുൽത്താന്മാർ സ്ഥാനമേൽക്കുന്ന അവസരത്തിലും ഈദ് പോലെയുള്ള ആഘോഷ വേളകളിലും ആദ്യമായി സുൽത്താനെ ആശീർവദിക്കുന്നതും സദസ്സിൽ പ്രാർത്ഥന നടത്തുന്നതും നഖീബുൽ അശ്‌റാഫായിരുന്നു. നഖീബുൽ അശ്‌റാഫ് കടന്നു വന്നാൽ സുൽത്താന്മാർ എഴുന്നേറ്റു നിൽക്കുന്നതും പതിവായിരുന്നു. റബീഉൽ അവ്വൽ 12 ന് സംഘടിപ്പിക്കപ്പെടാറുള്ള ഔദ്യോഗിക ഗ്രാൻഡ് മൗലിദിനും നഖീബിന് പ്രത്യേക ക്ഷണം ഉണ്ടാവാറുണ്ട്. പള്ളിയിൽ അദ്ദേഹത്തിനും മറ്റു സയ്യിദുമാർക്കും ഇരിക്കാനായി പ്രത്യേക സ്ഥലം തയ്യാറാക്കപ്പെടുകയും ചെയ്യും. റമദാനിൽ സംഘടിപ്പിക്കപ്പെടാറുള്ള പ്രവാചക തിരുശേഷിപ്പുകളായ 'ഹിർഖാ ശരീഫ്' സന്ദർശന വേളകളിലും നഖീബുൽ അശ്‌റാഫിന് മുൻനിരയിൽ തന്നെ സ്ഥാനം നൽകാറുണ്ട്.
ഉസ്മാനികൾ പ്രവാചകരോടും അവിടുത്തെ കുടുംബപരമ്പരയോടും കാണിച്ചിരുന്ന സ്നേഹവും ആദരവും പ്രകടമാക്കുന്നതാണ് ഈ കാര്യങ്ങളെല്ലാം. സയ്യിദുമാരെ ചേർത്തുനിർത്തുന്നതിലൂടെയും അവർക്ക് സമൂഹത്തിൽ ഉന്നതസ്ഥാനങ്ങൾ വകവെച്ചുനൽകുന്നതിലൂടെയും ശിയാ വിശ്വാസധാരകളുടെ വ്യാപനത്തെ ഇല്ലാതാക്കാനും സാമ്രാജ്യത്തിന്റെ വിവിധ പ്രാന്തപ്രദേശങ്ങളിൽ സുന്നി ആശയത്തിന് വേരുപിടിപ്പിക്കാനും ഉസ്മാനികൾക്ക് സാധിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.


References: 

  • Ayhan Işık, Osmanlı’da Nakıbu’l-Eflrâflık Müessesesi ve Nakıbu’l-Eflrâf Defterleri
  • İsmail Hakkı Uzunçarşili, Osmanlilar’da Nakîbü’l-Eşraflik
  • Ayhan Işik, Meşîhat Arşivi Belgeleri Işiğinda Seyyidler Ve Nakîbü’l-Eşrâflik Müessesesi 
  • Muttalip Şimşek, Osmanli Devletiʹnde Nakîbüleşraflik Müessesesi Ve Bu Müesseseye Bağli Kaymakamliklar (19. Yüzyil)
  • https://islamansiklopedisi.org.tr/nakibulesraf
  • https://www.youtube.com/watch?v=Sl3Ejp2AZyY

Post a Comment

Previous Post Next Post