പ്രവാചകസ്നേഹത്തിന്റെ ഓട്ടോമൻ മാതൃകകൾ

Madina

റബീഉൽ അവ്വൽ മാസം സമാഗതമാകുന്നതോടെ ഉസ്മാനികൾക്ക് സന്തോഷത്തിന്റെ ദിനരാത്രങ്ങളാണ്. പള്ളികൾ വർണാഭമാക്കുന്നതിലും മൗലിദ് പാരായണങ്ങൾ നടത്തുന്നതിലും മധുരവിതരണം നടത്തി സഹോദരങ്ങളെ സന്തോഷിപ്പിക്കുന്നതിലും അവർ പരസ്പരം മത്സരിക്കും.

സുൽത്താൻ മുറാദ് മൂന്നാമന്റെ (1574-1595) കാലം മുതലാണ് ഉസ്മാനികളുടെ മീലാദാഘോഷങ്ങളെക്കുറിച്ച് രാഷ്ട്രീയ രേഖകളിൽ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടതായി കാണുന്നത്. 1588 ൽ അദ്ദേഹം പുറത്തിറക്കിയ ഒരു രാജകീയ ഉത്തരവാണ് ചരിത്രകാരമാർ ആദ്യ രേഖയായി കണക്കാക്കുന്നത്. 'തിരുദൂതരുടെ ജന്മം കൊണ്ടനുഗൃഹീതമായ റബീഉൽ അവ്വൽ 12 സമാഗതമായിരിക്കുകയാണെന്നും അതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പള്ളി മിനാരങ്ങൾ വിളക്കുകൾ കൊണ്ട് അലങ്കരിക്കണമെന്നും പള്ളികളിൽ മൗലിദ് പാരായണം സംഘടിപ്പിക്കണമെന്നും തെറ്റുകൾ പൊറുക്കപ്പെടാൻ നബി തങ്ങളെ തവസ്സുലാക്കി പ്രാർത്ഥിക്കണമെന്നും തങ്ങളുടെ മദ്ഹുകളിൽ വ്യാപൃതരാകണമെന്നുമെല്ലാമായിരുന്നു ഈ രാജകീയ ഉത്തരവിന്റെ ഇതിവൃത്തം.

മുറാദ് മൂന്നാമന്റെ മുമ്പ് തന്നെ സുൽത്താന്മാരും പൊതുജനങ്ങളും മൗലിദ് സദസ്സുകൾ സംഘടിപ്പിച്ചിരുന്നു. ഹംഗറി നഗരമായ സിഗെതവാർ (Szigetvar) ഉപരോധത്തിനിടെ(1566) സുൽത്താൻ സുലൈമാൻ ഖാനൂനി മരണപ്പെട്ടപ്പോൾ മരണവിവരം സൈനികരെ അറിയിച്ച് അവരെ മാനസികമായി തളർത്തേണ്ട എന്ന് തീരുമാനിച്ച അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയും സംഘവും സുൽത്താന്റെ ടെന്റിൽ വെച്ച് മൗലിദ് പാരായണം സംഘടിപ്പിച്ചിരുന്നു. റബീഉൽ അവ്വൽ മാസത്തിലായിരുന്നു ഇത്. സൈനികർ സുൽത്താൻ മൗലിദ് സദസ്സിലാണെന്ന് ധരിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്.

മൗലിദ് സദസ്സുകൾ
ഏറെ പ്രധാനപ്പെട്ടത് സുൽത്താന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പള്ളികളിൽ വെച്ച് നടത്തപ്പെടുന്ന മൗലിദ് സദസ്സാണ്. ഇതിനായി സുൽത്താന്മാർ അയാ സോഫിയ, സുൽത്താൻ അഹ്മദ് ജാമി, അയ്യൂബ്‌ സുൽത്താൻ ജാമി തുടങ്ങി അവർക്ക് യോജിച്ച പള്ളികൾ തെരഞ്ഞെടുത്തിരുന്നു. സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ കാലത്ത് 'യിൽദിസ് ഹമീദിയ്യ മസ്ജിദാ'യിരുന്നു

തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മനോഹരമായ ഒരു ഘോഷയാത്രക്ക് ശേഷമാണ് മൗലിദ് സദസ്സ് ആരംഭിക്കുക. മൗലിദ് നടക്കുന്നതിന് മുമ്പത്തെ ദിവസങ്ങളിൽ തന്നെ അതിൽ പങ്കെടുക്കേണ്ട രാഷ്ട്രത്തലവന്മാർക്കും പണ്ഡിതന്മാർക്കും ക്ഷണക്കത്തുകൾ അയക്കും. അവർ നേരത്തെ പള്ളികളിൽ ഹാജരാകും. ശേഷം ഒരു ആഡംബര ഘോഷയാത്രയോടെ സുൽത്താൻ പള്ളിയിലേക്കെത്തും. ഘോഷയാത്ര പള്ളിയിലേക്കടുക്കാനാവുമ്പോൾ സൂറത്തുൽ ഫത്ഹ് പാരായണം ചെയ്യാനാരംഭിക്കും. സൂറത്ത് അവസാനിക്കുമ്പോൾ സുൽത്താൻ പള്ളിയങ്കണത്തിലെത്തുകയും എല്ലാവരും എഴുന്നേറ്റ് നിന്ന് സുൽത്താനെ ആദരിക്കുകയും ചെയ്യും.

ശേഷം 'മുഅർരിഫ്' എന്ന് വിളിക്കപ്പെടുന്ന പള്ളിയിലെ അന്തേവാസി "തഅരീഫ്" ആരംഭിക്കും. റസൂലിന്റെ വിശേഷങ്ങളാണ് അതിലടങ്ങിയിരിക്കുക. ശേഷം പള്ളിയിലെ ഇമാമുമാർ ഹൃസ്വഭാഷണങ്ങൾ നിർവഹിക്കും. ശേഷം മൗലിദ് ആരംഭിക്കും. മൗലിദിനിടക്ക് മക്കയിലെ ശരീഫ് അയച്ച കത്തുകൾ വായിച്ചുകേൾപ്പിക്കും. അവിടുന്ന് കൊടുത്തയച്ച ഈത്തപ്പഴം സദസ്സിൽ വിതരണം ചെയ്യും.

ഇത്തരം പള്ളികളിൽ നിന്നുള്ള മൗലിദുകൾക്ക് പുറമെ വീടുകളിൽ വെച്ചുള്ള മൗലിദുകൾ ഓട്ടോമൻ ഭരണകാലത്ത് സജീവമായിരുന്നു. പലരും അതിഥികളെ ക്ഷണിച്ചുവരുത്തി മൗലിദ് സംഘടിപ്പിച്ച് ഭക്ഷണം നൽകുന്നത് പതിവായിരുന്നു. വൈകുന്നേരമാകുമ്പോഴേക്ക് വീടുകൾ വിളക്കുകൾ കൊണ്ട് അലങ്കരിക്കപ്പെടും. അതിഥികൾ വന്നാൽ ആദ്യം അകത്ത് കൊണ്ടുപോയി കോഫി നൽകും. പിന്നീട് ചെറിയ രീതിയിൽ ഭക്ഷണം. രാത്രിയായാൽ ഹാളിൽ വെച്ച് ജമാഅത്തായി നിസ്കാരം നിർവഹിച്ച ശേഷം നേരത്തെ തയ്യാറാക്കിവെച്ച ഇരിപ്പിടത്തിൽ വെച്ച് മൗലിദ് പാരായണമാരംഭിക്കും. മൗലിദ് ചൊല്ലിക്കൊടുക്കുന്നയാൾ മധ്യത്തിലിരിക്കും. അതിനുചുറ്റും അർദ്ധവൃത്താകൃതിയിൽ മറ്റുള്ളവരും ഇരുപ്പുറപ്പിക്കും. മൗലിദിന് ശേഷവും മധുരവിതരണം നടക്കും. വിദൂരത്തുനിന്നു വന്നവർക്ക് വീട്ടിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കും.

'വസീലത്തുന്നജാത്'
സുലൈമാൻ ചെലേബി എഴുതിയ 'വസീലത്തുന്നജാത്' (Vesîletü’n-Necât) എന്ന മൗലിദ് ഗ്രന്ഥമാണ് ഓട്ടോമൻ കൊട്ടാരങ്ങളിലും വീടുകളിലുമെല്ലാം പൊതുവെ പാരായണം ചെയ്യപ്പെട്ടിരുന്നത്. 1409 ലാണ് ഈ കാവ്യഗ്രന്ഥം വിരചിതമാകുന്നത്.

ഗ്രന്ഥത്തെക്കുറിച്ചു പഠനം നടത്തിയ അഹ്മദ് അതെഷ് രചനയുടെ സാഹചര്യം വ്യക്തമാക്കുന്നുണ്ട്. ബുർസയിലെ ഉലു മസ്ജിദിൽ(Ulu Cami) വെച്ച് ഒരു ഇറാനി പ്രഭാഷകൻ മുഹമ്മദ് നബി(സ)യും ഈസാ നബിയും ഒരേ സ്ഥാനീയാരാണ് എന്ന് സ്ഥാപിക്കാൻ വേണ്ടി "അവന്റെ ദൂതരിൽ ആർക്കിടയിലും ഒരു വിവേചനവും കൽപിക്കുന്നില്ല"(2:285) എന്ന ഖുർആൻ സൂക്തം പരാമർശിച്ചു. ഉടനടി സദസ്സിൽ നിന്ന് ഒരു അറബി പണ്ഡിതൻ എഴുന്നേറ്റ് അതെ അധ്യായത്തിൽ തന്നെ പരാമർശിക്കുന്ന "ആ ദൈവദൂതന്മാരില്‍ ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു"(2:253) എന്ന സൂക്തവും ഓതിക്കേൾപ്പിച്ചു. ആ സമയത്തെ ബുർസയിലെ ഉലു മസ്ജിദിൽ ഇമാമായിരുന്നു സുലൈമാൻ ചേലേബി. ഇറാനിയൻ പ്രഭാഷകന്റെ വാദത്തിൽ വേദനിച്ച അദ്ദേഹം പിന്നീട് അതിനെ എതിർത്തുകൊണ്ട് അല്പം കവിതയെഴുതി. "ഈസ നബി മരിച്ചിട്ടില്ല, ഉയർത്തപ്പെടുകയായിരുന്നു: മുഹമ്മദിന്റെ (സ) സമൂഹത്തിലൊരാളാവാൻ വേണ്ടി" എന്നായിരുന്നു ആ വരികൾ. ഈ വരികൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചപ്പോൾ അദ്ദേഹം പിന്നീട് അതൊരു കാവ്യസമാഹാരമാക്കി മാറ്റുകയായിരുന്നു.

പ്രവാചകപ്പിറവിയെ സ്മരിക്കുന്നതോടൊപ്പം തന്നെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വിവിധ മേഖലകളിൽ സ്വാധീനം വർധിച്ചുകൊണ്ടിരുന്ന ശിയാ വിശ്വാസങ്ങൾക്കെതിരെ സുന്നി ആദർശം ഉയർത്തിപ്പിടിക്കലും കൂടി 'വസീലത്തുന്നജാത്തി'ന്റെ ഉദ്ദേശ്യങ്ങളിൽ ഒന്നായിരുന്നുവെന്ന് അതെഷ് രേഖപ്പെടുത്തുന്നു. നബി (സ) തങ്ങൾ അബൂബക്കർ (റ)വിനെ ഇമാമാക്കി പിറകിൽ നിസ്കരിച്ചതെല്ലാം അദ്ദേഹം കവിതയിലൂടെ അവതരിപ്പിക്കുന്നുണ്ട്. ഭരണാധികാരികൾക്കിടയിലും സാധാരണക്കാർക്കിടയിലും ഏറെ അംഗീകാരം ലഭിച്ചത് ഈ മൗലിദ് ഗ്രന്ഥത്തിനായിരുന്നു. ഏറെപ്പേരും അത് മനഃപാഠമാക്കുകയും ചെയ്തു.

പ്രവാചകസ്നേഹത്തിന്റെ ഓട്ടോമൻ മാതൃകകൾ
സുലൈമാൻ ചേലേബിയുടെ വസീലത്തുന്നജാത്തിന് പുറമെ, നബിയെക്കുറിച്ച് ചർച്ച ചെയ്യുന്ന ധാരാളം ഗ്രന്ഥങ്ങൾ അവിടെ വിരാചിതമായി. ഒരുപാട് സീറകൾ തുർക്കിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. മുറാദ് മൂന്നാമൻ തന്റെ മകനായ മുഹമ്മദ് മൂന്നാമന് വേണ്ടി മുസ്തഫ ദരീറിന്റെ സീറയുടെ ചിത്രാവിഷ്കാരം(Siyer-Nabi) സമ്മാനിച്ചിരുന്നു.

നബി (സ) തങ്ങൾ കഅബ് ബ്ൻ സുഹൈർ (റ)വിന് സമ്മാനിച്ചുവെന്ന് പറയപ്പെട്ട തിരുവസ്ത്രം ഖുലഫാഉറാശിദുനിലൂടെ അമവികളിലെത്തി ശേഷം അബ്ബാസികളിലെത്തുകയും അവസാനത്തെ അബ്ബാസി ഖലീഫ അത് ഈജിപ്ത് കീഴടക്കിയ സലീം ഒന്നാമന് സമർപ്പിക്കുകയും ചെയ്തു. ആ 'ഖിർഖ ശരീഫ്' ഉസ്മാനികൾ നിധി പോലെ സൂക്ഷിച്ചിരുന്നു.

റമളാൻ 15 ന് ആ തിരുശേഷിപ്പുകൾ സന്ദർശിക്കുന്ന പതിവ് ഉസ്മാനികൾക്കുണ്ടായിരുന്നു. റസൂലിന്റെ തിരുവസ്ത്രം, പതാക, വാൾ തുടങ്ങി അനവധി ശേഷിപ്പുകൾ ഉസ്മാനികൾക്ക് പലവിധത്തിൽ കൈവരുകയും അവർ അവയെല്ലാം സൂക്ഷിച്ചുവെക്കുകയും ബറകത്തെടുക്കുകയും ചെയ്തിരുന്നു. ചില യുദ്ധങ്ങൾക്ക് പോകുമ്പോഴും പ്രശ്നപരിഹാരങ്ങൾക്ക് പോകുമ്പോഴും, സുൽത്താന്മാർ ഇത്തരം തിരുശേഷിപ്പുകളെ തങ്ങൾക്കൊപ്പം കരുതിയിരുന്നു. 1826 ൽ ജാനിസ്സറി സൈന്യത്തെ നിഷ്കാസനം ചെയ്യുന്നതിന്റെ ഭാഗമായാണ് അവസാനമായി ആ പതാക ഉപയോഗിച്ചത്.
റമളാൻ 15 ന് സന്ദർശന വേളയിൽ തിരുശേഷിപ്പുകൾ വൃത്തിയാക്കും.

തിരുശേഷിപ്പുകൾ വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന വെള്ളം ജനങ്ങൾ ചെറിയ പാത്രങ്ങളിലാക്കി വീട്ടിൽകൊണ്ടുപോകാറുണ്ടായിരുന്നുവെന്നും അവ രോഗശമനത്തിനും,നോമ്പുതുറക്കാനും മറ്റുമായി ഉപയോഗിച്ചിരുന്നുവെന്നും കാണാം. സുൽത്താൻ അബ്ദുൽഹമീദിനെ ഖബറടക്കുമ്പോൾ തിരുശേഷിപ്പുകൾ വൃത്തിയാക്കാൻ ഉപയോഗിച്ച ഒരു തൂവാല അദ്ദേഹത്തിന്റെ കഫനിൽ വെച്ചിരുന്നു എന്ന ഒരു ദൃക്‌സാക്ഷിമൊഴി ഓട്ടോമൻ ചരിത്രകാരൻ അഹ്മദ് റഫീഖ് രേഖപ്പെടുത്തിയിട്ടുണ്ട്.
Hilye Bottle

ഓട്ടോമൻ കലകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് കാലിഗ്രഫി. റസൂലിനെ (സ) വിവരിച്ചുകൊണ്ടുള്ള കാലിഗ്രഫിയാണ് 'ഹിൽയ' എന്ന് വിളിക്കപ്പെടുന്നത്. അധികവും റസൂലിന്റെ ശമായിൽ(ശരീരപ്രകൃതി) വിവരിക്കുന്ന ഹദീസുകളായിരിക്കും ഈ കാലിഗ്രഫിയിൽ അടങ്ങിയിട്ടുണ്ടാവുക. കാലിഗ്രഫർ ഹാഫിസ് ഉസ്മാനാണ് (1642–98) ഈ കലക്ക് തുടക്കം കുറിച്ചത്. പലരും 'ഹിൽയ'കൾ വീട്ടിനകത്തു ചുമരുകളിൽ ഘടിപ്പിക്കുന്നത് പതിവായിരുന്നു. അത് അവരെയും വീടിനെയും സംരക്ഷിക്കുമെന്ന് അവർ വിശ്വസിച്ചു.
Ottoman Hilye 
മക്കയുടെയും മദീനയുടെയും ചിത്രങ്ങൾ, നബി (സ) തങ്ങളുടെ മോതിരം തുടങ്ങി അനവധി ചിത്രങ്ങൾ ജനകീയമാവുകയും ചുംബിക്കാനും ബറകത്തെടുക്കാനുമായി സാധാരണക്കാർ അവ വീടുകളിൽ സൂക്ഷിക്കുകയും ചെയ്തു. മതകീയ ഗ്രന്ഥങ്ങളിൽ മക്കയുടെയും മദീനയുടെയും ചിത്രങ്ങൾ വരച്ചുപിടിപ്പിക്കുന്നതിലൂടെയും ചിത്രകാരന്മാർ പ്രവാചകസ്നേഹം പ്രകടിപ്പിച്ചു. ഇമാം ജസൂലിയുടെ പ്രവാചകപ്രകീർത്തന ഗ്രന്ഥമായ ദലാഇലുൽ ഖൈറാത്തിന്റെ നിരവധി കയ്യെഴുത്തുപ്രതികളിൽ രണ്ടു പേജുകളിലായി ഹറമുകളുടെ ചിത്രം വരച്ചുപിടിപ്പിച്ചതായി കാണാം. 

മദീനയിലെ മണ്ണും സംസം വെള്ളവുമെല്ലാം അവർ വീടുകളിൽ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്നു. അതിനായി അവർ ഹിൽയ കാലിഗ്രഫി ചെയ്ത കുപ്പികൾ പ്രത്യേകമായി ഉപയോഗിച്ചിരുന്നു. 
മക്കയുടെയും മദീനയുടെയും കാര്യത്തിൽ ഓട്ടോമൻ സുൽത്താൻമാർ ബദ്ധശ്രദ്ധാലുക്കളായിരുന്നു. പ്രവാചക സ്നേഹത്തിൻ്റെ കാര്യത്തിലും അത് പ്രകടിപ്പിക്കുന്നതിലും അവർ എന്നും ഒരുപടി മുന്നിൽ തന്നെയായിരുന്നു


References:
* Hagen, Gottfried: Pietas Ottomanica The House of ʿOs̱mān and the Prophet Muḥammad
* Gruber, Christiane: The Prophet as a Sacred Spring: Late Ottoman Hilye Bottles 
* Karaduman, Erman Harun, THE ROYAL MAWLID CEREMONIES IN THE OTTOMAN EMPIRE (1789-1908) 
* Osmanoğlu, Ayşe; Babam sultan Abdülhamid 

1 Comments

Previous Post Next Post