ഹിൽയ-ശരീഫ്; പ്രവാചകപ്രകൃതം വിവരിക്കുന്ന ഓട്ടോമൻ കാലിഗ്രഫി

Hilye

നബി (സ) തങ്ങളുടെ ആകാര വിശേഷണങ്ങൾ വിവരിക്കുന്നതിനെയാണ് അറബിയിൽ "ശമാഇലുന്നബി" എന്ന് വിശേഷിപ്പിക്കുന്നത്. പ്രവാചകരുടെ ഇത്തരം അനവധി വിവരണങ്ങൾ സ്വഹാബികൾ നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും മനോഹരമായതാണ് നബി(സ) തങ്ങളും അബൂബക്കർ സിദ്ദീഖ് (റ) വും ഹിജ്റ പോകുന്ന വേളയിൽ ആട്ടിൻപാൽ നൽകിയ ഉമ്മുമഅ്ബദ് എന്ന മഹതിയുടെ വിശേഷണം. 

അതിങ്ങനെയാണ്: 

'തെളിച്ചമുള്ള പ്രകൃതമുള്ള, പ്രകാശിക്കുന്ന മുഖമുള്ള, ഏറെ തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത, നല്ല സുമുഖനും സുന്ദരനുമായ, കറുത്ത കണ്ണുകളുള്ള, നീണ്ട കൺപീലികളുള്ള, മധുര മൊഴിയുള്ള, നീണ്ട പിരടിയും തിങ്ങിയ താടിയുമുള്ള, നീണ്ടുവളഞ്ഞ് പരസ്പരം ചേർന്ന പുരികങ്ങളുള്ള ഒരാൾ. അദ്ദേഹം മൗനം പാലിക്കുമ്പോൾ ഒരു ഗാംഭീര്യം അദ്ദേഹത്തെ വലയം ചെയ്യുന്നു. സംസാരിച്ചുതുടങ്ങുമ്പോൾ പ്രൗഢി പ്രകടമാവുന്നു. ദൂരെനിന്ന് കാണുമ്പോഴേ അതിസുന്ദരൻ. അടുത്തെത്തുമ്പോൾ സുമുഖൻ, മുത്തുമണികളുതിർന്നുവീഴും പോലെ മനോഹരവും മിതവുമായി അദ്ദേഹം സംസാരിക്കുന്നു. വല്ലാതെ നീണ്ടയാളല്ല. എന്നാൽ കുറിയ ആളുമല്ല. ഒരു കൂട്ടത്തിൽ നിൽക്കുമ്പോൾ അദ്ദേഹം തന്നെയായിരിക്കും ഏറ്റവും സുന്ദരൻ. അദ്ദേ ഹത്തിനൊപ്പം ഏതാനും പേരുണ്ട്. അവരദ്ദേഹത്തെ വലയം ചെയ്തുനിൽക്കുന്നു. അദ്ദേഹം സംസാരിക്കുമ്പോൾ അവർ മൗനം പാലിക്കുകയും അദ്ദേഹം കൽപ്പിക്കുമ്പോൾ ധൃതിയിൽ അനുസ രിക്കുകയും ചെയ്യുന്നു. മുഖം ചുളിക്കുന്നവനോ നിരർഥകമായി സംസാരിക്കുന്നയാളോ അല്ല അദ്ദേഹം' (ത്വബറാനി).

ഇത്തരം ശമാഇലുന്നബി അടിസ്ഥാനമാക്കി വന്ന ഹദീസുകൾ കാലിഗ്രാഫിയാക്കി പകർത്തുന്നതിനെയാണ് ഉസ്മാനികൾ "ഹിൽയെ - ശരീഫ്" (Hilye-i Serif) എന്ന് വിളിക്കുന്നത്. ഓട്ടോമൻ കാലിഗ്രഫികലയുടെ പാരമ്യമാണത്. ഏറ്റവും നന്നായി പരിശ്രമിക്കേണ്ടി വരുന്നതിനാൽ തന്നെ കാലിഗ്രഫിയിൽ പഠനം നടത്തുന്നവർ (ഖഥാഥ്) ഹിൽയ കാലിഗ്രഫി ചെയ്ത് പൂർത്തിയാക്കുന്നതോടെയാണ് അവർക്ക് ബിരുദം നൽകപ്പെടുക. 

Hilye şerif
Hilye- şerif 

കാലിഗ്രഫർ ഹാഫിസ് ഉസ്മാനാണ് (1642–98) ഹിൽയ കാലിഗ്രഫിക്ക് തുടക്കം കുറിച്ചത്. അധികവും ഇത്തരം ഹിൽയകളിൽ ഉപയോഗിച്ചിരുന്നത് ഇമാം തിർമുദി (റ) വിൻ്റെ 'ശമാഇലുത്തിർമുദി' എന്ന ഹദീസ് ഗ്രന്ഥത്തിലെ ഏഴാമത്തെ ഹദീസായിരുന്നു. ഈ ഹദീസിൽ ഹിൽയ എന്ന അറബി പദമാണ് ആകാര വിശേഷണത്തെക്കുറിച്ച് ഉപയോഗിക്കുന്നത്. ('ഹിൽയ' (حلية)എന്ന അറബി വാക്കിൽ നിന്നാണ് 'ഹിൽയെ' (Hilye) എന്ന തുർക്കിഷ് പദം പിറവി കൊള്ളുന്നത്). ഹിൻദ്ബ്നു അബീഹാല ഹസൻ (റ) വിന് പ്രവാചകരുടെ ശരീര പ്രകൃതം വിവരിച്ചു കൊടുക്കുന്നതാണ് ഹദീസ്. അലി (റ) നിവേദനം ചെയ്ത ഇത്തരം ഹദീസുകളും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം റസൂലിൻ്റെ ശരീര-സ്വഭാവ പ്രകൃതങ്ങൾ വിവരിക്കുന്ന ഹദീസുകളെല്ലാം ഇതിന് വേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നു. 

വലിയ നീളമുള്ള കാൻവാസുകളിലാണ് ഹിൽയ കാലിഗ്രഫി ചെയ്തിരുന്നത്. ചിലർ അത് മരപ്പലകകളിലും ചെയ്തിരുന്നു. നബി (സ) തങ്ങളെക്കുറിച്ചുള്ള വിവരണമായതിനാൽ തന്നെ സാധാരണക്കാർ ഹിൽയ കാലിഗ്രഫികൾ വാങ്ങി വീടുകളിൽ ചുമരിൽ ഘടിപ്പിച്ചിരുന്നു. ഓട്ടോമൻ ഭരണകാലത്ത് ചുമരുകളിൽ ഇത്തരം ഹിൽയകൾ ഇല്ലാത്ത വീടുകൾ അപൂർവമായിരുന്നു. ഹിൽയകൾ വീടുകളെ അപായങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് അവർ വിശ്വസിച്ചു. അന്ന് ഗൃഹപ്രവേശ പരിപാടികളിൽ പ്രധാനമായും നൽകപ്പെട്ടിരുന്ന ഉപഹാരമാണ് ഹിൽയ.

Hilye Bottle
Hilye bottle 

ഹിൽയ കാലിഗ്രഫി ചെയ്ത ശേഷം അവ കുപ്പിയിലാക്കി സൂക്ഷിക്കാറുണ്ടായിരുന്നു. ഇത്തരം ഹിൽയ - കുപ്പികൾ തോപ്കാപി മ്യൂസിയത്തിൽ കാണാൻ സാധിക്കും. കുപ്പിക്ക് അകത്ത് ഇരുഭാഗങ്ങളിലുമായി ഹിൽയകാലിഗ്രഫി ചെയ്ത കാൻവാസുകൾ ഇറക്കി വെച്ച് മനോഹരമായ അടപ്പുകൾ കൊണ്ട് മൂടി സൂക്ഷിക്കുന്നവയാണവ. ഇത്തരം കുപ്പികൾ വീടുകളിൽ സൂക്ഷിക്കുകയും അത് ഒരു അനുഗ്രഹമായി അവർ കാണുകയും ചെയ്തിരുന്നു. 

കൂടതലായും  ഹിൽയ-ശരീഫ് കാണപ്പെടുന്ന രീതി:

1. ഏറ്റവും മുകളിൽ ബിസ്മി, അധികവും "ഇന്നഹു മിൻ സുലൈമാൻ, വ ഇന്നഹു ബിസ്മില്ലാഹിറഹ്മാനിർറഹീം" എന്ന ആയതാണ് ഉണ്ടാവുക.

2. "ലൗലാക ലൗലാക ലമാഖലഖ്തുൽ അഫ്‌ലാഖ്" (നബിയേ, അങ്ങേക്ക് വേണ്ടിയല്ലായിരുന്നുവെങ്കിൽ ഞാൻ ഈ ലോകം സൃഷ്‌ടിക്കില്ലായിരുന്നു) എന്ന ഖുദ്സിയ്യായ ഹദീസ്

3. മധ്യഭാഗത്ത് അലി (റ) റിപ്പോർട്ട് ചെയ്ത നബി(സ) തങ്ങളുടെ ശരീര പ്രകൃതവും സ്വഭാവ സവിശേഷതകളും വിവരിക്കുന്ന ഹദീസ്.

4. നാലു ഭാഗങ്ങളിലുമായി നാല് ഖലീഫമാരുടെ പേരുകൾ. 

5. നബി (സ) തങ്ങളെക്കുറിച്ച് വിവരിക്കുന്ന ഖുർആനിലെ ഒരു സൂക്തം. (21:107 / 68:4)


References
Gruber, Christiane: The Prophet as a Sacred Spring: Late Ottoman Hilye Bottles 
https://hilya.co.uk/2018/12/04/what-is-the-blessed-hilye-sharif-hilya-sharif/
https://www.imamghazali.org/blog/picture-of-the-prophet

Post a Comment

Previous Post Next Post