താജ്മഹലിലെ ഓട്ടോമൻ മുദ്രകൾ

Ottoman architects building Taj Mahal

താജ്മഹലിന്റെ നിർമാണ പ്രവർത്തനങ്ങളിൽ വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള നിപുണരായ വാസ്തുശില്പികളും കാലിഗ്രാഫർമാരും ചിത്രകലാകാരന്മാരും പങ്കാളികളായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൾ നിന്ന് മാർബിളുകളും ആഢംബരക്കല്ലുകളും ഇറക്കുമതി ചെയ്യുന്നതോടൊപ്പം തന്നെ അക്കാലത്തെ പ്രഗൽഭരായ വാസ്തുശിൽപികളെയും ഷാജഹാൻ ആഗ്രയിലേക്ക് എത്തിച്ചിരുന്നു. ഭൂമിയിൽ നിർമിക്കാൻ പോകുന്ന ഈ സ്വർഗ്ഗസമാനമായ കെട്ടിടം ഏറ്റവും മികവുറ്റതാക്കുക എന്നതായിരുന്നു ഷാജഹാന്റെ ലക്ഷ്യം. നിർമാണത്തിൽ പങ്കാളികളായ 37 പ്രധാനശില്പികളെയും കാലിഗ്രാഫർമാരെയും മുഗൾ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

അക്കാലത്തെ മികച്ച വാസ്തുശിൽപികളുണ്ടായിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നും പലരും ആഗ്രയിലേക്ക് എത്തിയിരുന്നു. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു ഉസ്താദ് ഇസ്മാഈൽ എഫൻദി (ഇസ്മാഈൽ ഖാൻ). താജ്മഹലിന്റെ പ്രധാന ഖുബ്ബ രൂപകൽപന ചെയ്തതും നിർമാണത്തിന് നേതൃത്വം നൽകിയതും ഈ തുർക്കിക്കാരനാണ്. ഓട്ടോമൻ കാലത്തെ പ്രഗൽഭ രാജശില്‌പിയായിരുന്ന മിമാർ സിനാന്റെ ശിഷ്യനായിരുന്നു ഇദ്ദേഹം.

താജ്മഹലിന്റെ രൂപരേഖ/പ്ലാൻ വരക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് ഉസ്താദ് ഈസ എഫൻദി. പേർഷ്യക്കാരൻ എന്ന രീതിയിലാണ് ഇദ്ദേഹത്തെ ചരിത്രരേഖകളിൽ കാണുന്നത്. എങ്കിലും പല ചരിത്രകാരന്മാരും ഇദ്ദേഹവും ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നുള്ളയാളാണെന്നും മിമാർ സിനാന്റെ ശിഷ്യനാണെന്നും അവകാശപ്പെടുന്നുണ്ട്. (വാസ്തുശില്പകലയിൽ പ്രാവീണ്യം തെളിയിച്ചവരെ 'ഉസ്താദ്' എന്നായിരുന്നു ഉസ്മാനികൾ വിളിച്ചിരുന്നത്)

തുർക്കിക്കാരായ ഇസ്മാഈൽ എഫെൻദി എന്ന വാസ്തുശില്പിയും ഉസ്താദ് ഈസ എന്ന കാർട്ടോഗ്രഫറും തുടക്കകാലം മുതൽ തന്നെ താജ്മഹൽ നിർമാണത്തിൽ സജീവപങ്കാളിത്തം വഹിച്ചിരുന്നുവെന്നാണ് നിഗമനം. പ്രധാനശില്പിയായ ഉസ്താദ് അഹ്മദ് ലാഹോരി തയ്യാറാക്കിയ രൂപരേഖ വികസിപ്പിക്കുന്നതിലും മികച്ച പ്ലാൻ തയ്യാറാക്കുന്നതിലും ഈസാ എഫൻദിക്ക് പങ്കുണ്ട്. തുർക്കിയിൽ മിമാർ സിനാൻ പണി കഴിപ്പിച്ച പള്ളികളുടെ മാതൃക താജ്മഹലിൽ പ്രതിഫലിച്ചതായും കാണാനാവും. മിമാർ സിനാന്റെ മനോഹര നിർമിതിയായ സലീമിയ്യ മസ്ജിദുമായി താജ്മഹലിന്റെ നിർമ്മിതിക്ക് സാമ്യമുണ്ട്. നാലു ഭാഗത്തും കൂറ്റൻ മിനാരങ്ങളും മധ്യത്തിൽ നാലുദിശയിൽ നിന്നും ഒരുപോലെ തോന്നിക്കുന്ന ഖുബ്ബകളുമടങ്ങിയതാണ് സലീമിയ്യ മസ്ജിദും. 1575 ലാണ് ഇതിന്റെ നിർമാണം പൂർത്തിയായത്.

Selimiyye Mosque built by Mimar Sinan

താജ്മഹലിന്റെ പ്രധാന ശില്പി ഇന്ത്യൻ വംശജനായ ഉസ്താദ് അഹ്മദ് ലാഹോരി തന്നെയായിരുന്നു എന്നതിൽ തർക്കമില്ല. അബ്ദുൽ കരീം ഖാനും മക്റമത്ത് ഖാനുമാണ് സൂപ്പർവൈസർമാരായി നിയോഗിക്കപ്പെട്ടിരുന്നത്. ഷിറാസിൽ നിന്നുള്ള അമാനത്ത് ഖാനായിരുന്നു ചീഫ് കാലിഗ്രാഫർ.  22 വർഷങ്ങളെടുത്ത ഈ മഹാ ദൗത്യത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനികളായ പല ശിൽപികളും പങ്കാളികളായിട്ടുണ്ടാവാം. 20,000 തൊഴിലാളികൾ ഒത്തുചേർന്നാണ് ആ മഹാസൗധം പണികഴിപ്പിച്ചത്.




'ഒരു രാജശിൽപിയുടെ അപ്രന്റിസ്' (The Architect's Apprentice) എന്ന എലിഫ് ഷഫാക്കിന്റെ നോവലിൽ ഈ സംഭവങ്ങളെ കഥാരൂപത്തിൽ പ്രതിപാദിക്കുന്നുണ്ട്. നോവലിലെ പ്രധാന കഥാപാത്രമായ ജഹാൻ എന്ന ശിൽപി മിമാർ സിനാന്റെ ശിഷ്യനാണ്. താജ്മഹൽ നിർമാണം ആരംഭിച്ചതറിഞ്ഞ് ആഗ്രയിലെത്തിയ അദ്ദേഹത്തെ സുൽത്താൻ ഷാജഹാൻ സ്വീകരിക്കുകയും പ്രധാനഖുബ്ബ നിർമാണത്തിന് ഏൽപ്പിക്കുക്കുകയും ചെയ്യുന്നതായാണ് വിവരിക്കുന്നത്. മിമാർ സിനാന്റെ നിർമിതികളെ ഷാജഹാൻ അതിയായ വിസ്മയത്തോടെ നോക്കിക്കണ്ടിരുന്നു എന്നും നോവലിസ്റ്റ് കുറിക്കുന്നു. ആഗ്രയിലെത്തിയ ജഹാൻ പിന്നീട് തന്റെ ശിഷ്യനായ ഈസയെയും മറ്റു പല ഓട്ടോമൻ ശിൽപികളെയും താജ്മഹലിന്റെ നിർമാണത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതുന്നുണ്ട്. പിന്നീട് ഇന്ത്യയിൽ തന്നെ സ്ഥിരതാമസമാക്കുകയാണ് ജഹാൻ.

ചരിത്ര പുരുഷനായ ഉസ്താദ് ഇസ്മാഈൽ എഫൻദിയെയാണ് ജഹാൻ എന്ന കഥാപാത്രത്തിലൂടെ എലിഫ് ഷഫാക്ക് ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. മിമാർ സിനാന്റെ ശിഷ്യൻ എന്ന് പലരും സൂചിപ്പിച്ച ഉസ്താദ് ഈസയെ ഇസ്മാഈൽ എഫൻദിയുടെ ശിഷ്യനായാണ് നോവലിൽ പ്രതിപാദിക്കുന്നത്.

സുൽത്താൻ സുലൈമാന്റെ ഒരു ഫോട്ടോയിൽ പിറകിൽ നിൽക്കുന്ന ആനയെ കണ്ടതാണ് ഈ കഥ എഴുതാനുള്ള പ്രചോദനം എന്നാണ് അവർ പറഞ്ഞത്. മുഗൾ സാമ്രാജ്യവും ഉസ്മാനികളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന സംഭവങ്ങളടങ്ങിയതാണ് ഈ നോവൽ.


References:

  • R Nath, The Immortal Taj Mahal
  • Aasha Khosa, Who designed the Taj Mahal?, Awaz the Voice
  • Who is the Real Architect of Taj Mahal?, incredibleindiadestinations.com
  • Vikramjit Singh Rooprai, Taj; the foreign connection, Our Heritage
  • https://www.tajmahal.gov.in/creation-history-of-taj-mahal.aspx
  • Osmanlı mimarisinin sınır aşan eseri: Tac Mahal, fikriyat.com


Post a Comment

Previous Post Next Post