നയന മനോഹരമായ തൻറെ നിർമിതികൾ കൊണ്ട് ഇസ്‌ലാമിക ലോകത്തെ ഞെട്ടിച്ച ആർക്കിടെക്റ്റാണ് മിമാർ സിനാൻ. ഉസ്മാനി ഖിലാഫത്തിന്റെ പ്രതാപ കാലങ്ങളിൽ ജീവിച്ച ഈ അതുല്യ പ്രതിഭ ലോകത്തിന് ചെയ്തുപോയ സംഭാവനകൾ ഇന്നും വിവിധ രാജ്യങ്ങളിൽ തലയുയർത്തി നിൽക്കുന്നു. ഇന്ന് ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന ഉസ്മാനി നിർമിതികളിൽ പലതും ഈ പ്രതിഭയുടെ കരങ്ങളിൽ വിരിഞ്ഞതാണ്.
'യൂറോപ്യൻ വാസ്തുവിദ്യയിൽ അഗ്രഗണ്യനായ മൈക്കലാഞ്ജലോയെക്കാൾ ഒരു പടി മുകളിലാണ് സിനാന്റെ സ്ഥാനം'
എന്നാണ് ജർമൻ സയന്റിസ്റ്റും വിയന്ന യൂണിവേഴ്സിറ്റിയിലെ വാസ്തുവിദ്യ ചരിത്ര പഠന വിഭാഗത്തിലെ പ്രൊഫസറുമായിരുന്ന എച്ച്. ക്ലോക് പറയുന്നത്.
1490 ൽ അനാറ്റോലിയയിലെ ആഗിർനാസ് എന്ന ഗ്രാമത്തിൽ ഒരു അമുസ്‌ലിം കുടുംബത്തിലാണ് സിനാൻ ജനിക്കുന്നത്. തന്റെ 23-ാം വയസ്സിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നതും ഉസ്മാനീ സൈനിക പടയായ ജനിസ്റ്ററിയിൽ (യനി ചേരി) ചേരുന്നതും. സുൽത്താൻ യാവൂസ് സലീം ഇറാനിലെ സഫവികൾക്കെതിരെ പടയോട്ടത്തിന് സൈന്യത്തെ തയ്യാറാക്കുമ്പോഴാണ് സിനാൻ ആദ്യമായി സൈനിക രംഗത്തെത്തുന്നത്.
ചെറുപ്പം മുതൽ വാസ്തു വിദ്യയോടും കലാ മേഖലയോടും സിനാൻ പുലർത്തി പോന്നിരുന്ന അഭിലാഷം ഉസ്മാനികളുടെ പ്രാഥമിക സൈനിക വിദ്യാലയങ്ങളിൽ അദ്ദേഹത്തിന് പഠനത്തിന് അവസരം ലഭിച്ചപ്പോൾ പതിന്മടങ്ങ് വർധിച്ചു. ഉസ്മാനീ പാഠശാലകളിൽ നിന്ന് എഴുത്തും വായനയും പഠിക്കുന്നതോടൊപ്പം വിവിധ കലാരൂപങ്ങളും അദ്ദേഹം പഠിച്ചെടുത്തു. പിന്നീട് ഒരു മേഖല കേന്ദ്രീകരിക്കേണ്ടി വന്നപ്പോൾ അദ്ദേഹം 'കാർപെന്ററി' തെരഞ്ഞെടുത്തു.
ഉസ്മാനികളുടെ വ്യത്യസ്ത സൈനിക പടയോട്ടങ്ങളിൽ അദ്ദേഹം ഭാഗമായി. വാസ്തുവിദ്യയുടെ സെൽജൂഖിയൻ മാതൃകകളും ബൈസാന്റൈൻ മാതൃകകളും അദ്ദേഹം പഠിച്ചു തുടങ്ങി. കിഴക്കും പടിഞ്ഞാറും ഉസ്മാനികൾ നടത്തിയ പല പടയോട്ടങ്ങളിലും പങ്കെടുത്തത് കൊണ്ട് തന്നെ വിവിധ ഭാഗങ്ങളിലെ വാസതു വിദ്യാ രൂപങ്ങൾ പരിചയിക്കാൻ അദ്ദേഹത്തിന് അവസരമൊരുങ്ങി.
ഇറാനിലെ സഫവികൾക്കെതിരെയുള്ള യുദ്ധങ്ങളിൽ പങ്കെടുത്ത് അദ്ദേഹം തബ് രീസിലെ ഇറാനിയൻ വാസ്തുവിദ്യയുമായി സുപരിചിതനായി. പിന്നീട് ഡമസ്കസ്, അലപ്പോ, കൈറോ തുടങ്ങി നിരവധി ഇസ്‌ലാമിക പൈതൃക നഗരങ്ങിൽ അദ്ദേഹത്തിന് ചെല്ലാൻ അവസരമുണ്ടായി.
സുൽത്താൻ സലീമിന്റെ മരണ ശേഷം സുലൈമാനുൽ ഖാനൂനി അധികാരത്തിലേറി. സുൽത്താൻ സുലൈമാന്റെ ഭരണ കാലത്ത് മിമാർ സിനാന്റെ പ്രശസ്തി വർധിച്ചു തുടങ്ങി. ഉസ്മാനി വാസ്തുവിദ്യാ മേഖലയിൽ അദ്ദേഹം ആദ്യമായി തന്റെ കൈയ്യൊപ്പ് ചാർത്തുന്നത് 1534 ലാണ്. സുലൈമാൻ ഖാനൂനിയുടെ കൽപന പ്രകാരം ഉസ്മാനികൾ ഇറാനിലേക്ക് പടയോട്ടം നടത്താൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. വാൻ തടാകം മുറിച്ചു കടന്നു വേണം പോകാൻ. അതിനാൽ കൂടുതൽ സജ്ജീകരണങ്ങളുള്ള ഒരു സൈനിക കപ്പൽ അവർക്കാവശ്യമായി വന്നു. സുൽത്താന്റെ പ്രധാനമന്ത്രിയായിരുന്ന ലുഥ്‌ഫി പാഷ ഈ ഉദ്യമം ഏൽപിച്ചത് സിനാനെയായിരുന്നു. വളരെ മനോഹരമായി അദ്ദേഹം ആ ഉദ്യമം പൂർത്തീകരിച്ചു. സിനാന്റെ വാസ്തുവിദ്യാ പാടവം മനസ്സിലാക്കിയ ലുഥ്ഫി പാഷ ഇതിനൊരു പാരിതോഷികം നൽകാൻ ആഗ്രഹിച്ചു.
പടയോട്ടം കഴിഞ്ഞ് തിരിച്ച് ഇസ്താംബൂളിലെത്തിയപ്പോൾ ഉസ്മാനി ദൗലത്തിന്റെ ഔദ്യോഗിക വാസ്തുശിൽപിയായിരുന്ന 'അജം അലി ' മരണപ്പെട്ടിരുന്നു. തൽസ്ഥാനനത്തേക്ക് ഒരാളെ നിശ്ചയിക്കാൻ സുൽത്താർ ലുഥ്ഫി പാഷയോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം മിമാർ സിനാന്റെ പേര് നിർദേശിച്ചു. അങ്ങനെ ഉസ്മാനി ദൗലത്തിന്റെ ഏറെ ഉന്നതമായ ഒരു സ്ഥാനം ഈ അതുല്യ പ്രതിഭയുടെ കരങ്ങളിലെത്തി. പിന്നീട് ഉസ്മാനികളുടെ പല പ്രധാന നിർമിതികൾക്കും നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു.
പ്രധാന നിർമിതികൾ
ഇസ്താംബൂളിലും പള്ളികൾ, മദ്റസകൾ, മഖ്ബറകൾ, ആശുപത്രികൾ, പാലങ്ങൾ, കൊട്ടാരങ്ങൾ, പൊതു കുളിമുറികൾ, മിനാരങ്ങൾ തുടങ്ങി മിമാർ സിനാൻ തീർത്ത വാസ്തു വിദ്യാ വിസ്മയങ്ങൾ എണ്ണമറ്റതാണ്.സുൽത്താൻ സുലൈമാൻ തന്റെ മകന്റെ ഓർമക്കായി നിർമിക്കാൻ ആവശ്യപ്പെട്ട 'ശഹ്സാദെബാശി മസ്ജിദാണ്' ഇസ്താംബൂളിലെ അദ്ദേഹത്തിന്റെ ആദ്യ നിർമിതി. അതിന് മുമ്പ് മറ്റ് പലയിടങ്ങളിലും അദ്ദേഹം പള്ളികൾ നിർമിച്ചിട്ടുണ്ട്. അലപ്പോ, ഡമസ്കസ്, ഏദിർനെ, അങ്കാറ, കയ്സെരി തുടങ്ങി അനവധി നഗരങ്ങൾ അദ്ദേഹത്തിന്റെ നിർമാണ ചാരുതക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കണക്കാക്കപ്പെടുന്ന ഒന്നാണ് 1557 ൽ അദ്ദേഹം നിർമിച്ച സുലൈമാനിയ്യ മസ്ജിദ്. ആശുപത്രിയും മദ്റസയുമെല്ലാമടങ്ങിയ വിശാലമായ അങ്കണമാണ് പള്ളിയുടേത്. ബാർബറോസ് ഖൈറുദ്ദീൻ പാഷയുടെ മഖ്ബറയും അദ്ദേഹത്തിന്റെ രൂപകൽപനയാണ്. ഖൈറുദ്ദീൻ പാഷയുടെ കൂടെ പല പടയോട്ടങ്ങളിലും മിമാർ സിനാനും പങ്കാളിയായിരുന്നു.
ഇബ്റാഹീം പാഷ പാലസ്, അയാസോഫിയയുടെ മിനാരങ്ങൾ തുടങ്ങി പല നിർമിതികളിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ട്. സുൽത്താൻ സലീം രണ്ടാമന്റെ നിർദേശ പ്രകാരം പണി കഴിച്ച സലീമിയ്യ കോപ്ലക്സും മനോഹരമാണ്. അനവധി ഭൂകമ്പങ്ങൾ സംഭവിച്ചിട്ടും കേടുപാടുകളില്ലാതെ അത് തലയുയർത്തി നിൽക്കുന്നു. ഇസ്‌ലാമിക ലോകത്തോ കൃസ്ത്യൻ ലോകത്തോ മുൻ മാതൃകകളില്ലാത്ത വിധമുള്ളതായിരുന്നു സലീമിയ്യ മസ്ജിദിന്റെ മിനാരങ്ങൾ എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
വാസ്തുവിദ്യയുടെ ലോകത്തേക്ക് ഒരുപാട് പ്രശസ്തരായ ശിഷ്യൻമാരെ സമർപിച്ചിട്ടാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. അവരിൽ പ്രശസ്തനാണ് മിമാർ യൂസുഫ്. യൂസുഫിനെ ബാബർ ഇന്ത്യയിലേക്ക് വിളിക്കുകയും ഡൽഹിയും ആഗ്രയുമെല്ലാം രൂപകൽപന ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു. യൂറോപ്യർ 'ബ്ലൂ മോസ്ക്ക്' എന്ന് വിളിക്കുന്ന സുൽത്താൻ അഹ്മദ് മസ്ജിദ് നിർമിച്ചതും ഇദ്ദേഹത്തിന്റെ ശിഷ്യൻമാരാണ്. അദ്ദേഹത്തിന് ശേഷം ഉസ്മാനി ദൗലത്തിന്റെ ഔദ്യോഗിക വാസ്തുശിൽപിയായി ചുമതലയേറ്റതും 'ദാവൂദ് ആഗ' എന്ന അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.
1588 ഏപ്രിൽ 9 നാണ് ഉസ്മാനി വാസ്തുവിദ്യാ ലോകത്ത് മൈക്കലാഞ്ജലോയെ കടത്തി വെട്ടിയ വിസ്മയങ്ങൾ തീർത്ത് ലോക ശ്രദ്ധ നേടിയ മിമാർ സിനാൻ എന്ന അതുല്യ ശിൽപി വഫാതാവുന്നത്. കോൺസ്റ്റാന്റിനോപ്പ്ൾ കീഴടക്കി യൂറോപ്പിൽ ആധിപത്യം ഉറപ്പിച്ച മുഹമ്മദുൽ ഫാതിഹിന് ശേഷമുള്ള ഉസ്മാനികളുടെ പ്രതാപകാലങ്ങളിൽ സുൽത്താൻമാരുടെ പേരിനൊപ്പം ചേർത്തി വായിക്കേണ്ട മറ്റൊരു നാമമാണ് മിമാർ സിനാന്റേത്.