ഉസ്മാനി ദൗലത്തിലെ ആദ്യത്തെ 'ഖലീഫയാണ്' സുൽത്താൻ സലീം ഒന്നാമൻ. 1517 ൽ സുൽത്താൻ ഈജിപ്ത് കീഴടക്കി അബ്ബാസി ഖിലാഫത് അവസാനിപ്പിച്ചതോടെ തുർക്കി ഇസ്‌ലാമിക ലോകത്തിന്റെ ആസ്ഥാനമായി മാറി. ഉസ്മാനി സുൽത്താന്മാർ മുസ്‌ലിംകളുടെ ആത്മീയ നേതൃത്വവുമായി മാറി.
തന്റെ ഭരണകാലത്ത് ഇറാനിലെ ശിയാ ഭരണകൂടത്തെയും ഈജിപ്തിലെ മംലൂകികളെയും പല യുദ്ധങ്ങളിലായി പരാജയപ്പെടുത്തി അദ്ദേഹം ഉസ്മാനി പ്രവിശ്യകളുടെ വ്യാപ്തി വർധിപ്പിച്ചു കൊണ്ടേയിരുന്നു.
അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന കാലങ്ങളിൽ ഇന്ത്യ കൂടി കീഴടക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു.
തന്റെ പ്രപിതാക്കന്മാർക്ക് നഷ്ടങ്ങൾ വരുത്തി വെച്ച തിമൂറിനോടുള്ള പക വീട്ടാനായിരുന്നു ഈ തീരുമാനം.
അന്ന് ഇന്ത്യ ഭരിക്കുന്നത് തിമൂറിന്റെ പരമ്പരയിൽ വരുന്ന മുഗൾ വംശമാണ്.
തിമൂറിന്റെ പരമ്പരയെ പരാജയപ്പെടുത്തിയാൽ മാത്രമേ സുൽത്താൻ ബായസീദിന്റെ കാലത്ത് അങ്കാറാ യുദ്ധ പരാജയത്തിലൂടെ ഉസ്മാനികൾക്കേറ്റ അഭിമാന ക്ഷതം പരിഹരിക്കാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
പക്ഷെ, അന്നത്തെ അദ്ദേഹത്തിന്റെ മന്ത്രിമാർ അതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. കാലങ്ങൾക്ക് മുമ്പുള്ള ഒരു പ്രതികാരത്തിനായി അത്രയും ദൂരം പിടിച്ച ഒരു കാമ്പയിൻ നല്ലതല്ല എന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ നിർദേശിച്ചു.
സൂയസ് കനാൽ വഴി വരാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. മെഡിറ്ററേനിയൻ കടലിനെ ചെങ്കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പദ്ധതികളുടെ ഭാഗം കൂടിയായിരുന്നു ഇത്.
Source:
Osmanlı History 1289-1922:based on Osmanlī sources, by Mehmet Maksudoğlu