മുസ്‌ലിം ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാത്രിയാണ് ലൈലതുൽ ഖദ്ർ. റമളാനിലെ അവസാന നാളുകൾ ആരാധനാനുഷ്ഠാനങ്ങൾക്ക് വേണ്ടി മാത്രം മാറ്റി വെക്കുന്നവരാണ് പലരും.
ലൈലതുൽ ഖദ്റിനെ(Kadir Gecesi) ഏറെ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 27 ന്റെ രാവിൽ ഉസ്മാനികൾക്ക് പലതരം അനുഷ്ഠാനങ്ങളുണ്ടായിരുന്നു. റമളാനിലെ മറ്റു ദിവസങ്ങളെ പോലെ ഖദ്റിന്റെ രാവിലും അവർ മസ്ജിദുകളും തെരുവുകളും പ്രകാശപൂരിതമാക്കും. വിളുക്കുകളും തോരണങ്ങളും വീടുകൾ മുതൽ അങ്ങാടികൾ വരെ നിറഞ്ഞു നിൽക്കും.
ഭരണ കേന്ദ്രം തോപ്കാപ്പി കൊട്ടാരത്തിലായിരുന്ന കാലത്ത് സുൽത്താൻമാർ ലൈലതുൽ ഖദ്റിൽ തറാവീഹ് നിസ്കാരത്തിനായി അയാസോഫിയ മസ്ജിദിലേക്കാണ് പോയിരുന്നത്. പിന്നീട് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ കാലത്ത് ഭരണ കേന്ദ്രം യിൽദിസ് കൊട്ടാരമായി മാറിയപ്പോൾ നിസ്കാരം തൊട്ടടുത്തുളള ഹമീദിയ്യ മസ്ജിദിലേക്ക് മാറി.
സുൽത്താന്റെ ഈ യാത്ര (Kadir alayı/Kadir procession)ഏറെ പ്രൗഢമായിരുന്നു. കടന്ന് പോകുന്ന വഴികൾ പൂർണമായി വിളക്കുകളാൽ അലക്കരിക്കപ്പെട്ടിരുന്നു. ഇരു ഭാഗങ്ങളിലും ജനങ്ങൾക്ക് സുൽത്താനെ കാണാൻ വേണ്ടി നിൽക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
സുൽത്താൻ കടന്ന് പോകുമ്പോൾ “Mağrur olma padişahım, senden büyük Allah var”(അഹങ്കരിക്കരുത് സുൽത്താനേ, അങ്ങയെക്കാൾ വലിയൊരു ദൈവമുണ്ട്) എന്ന് അഭിവാദ്യം ചെയ്യാനായിരുന്നു ജനങ്ങളോട് നിർദേശിക്കപ്പെട്ടിരുന്നത്.
തറാവീഹിന് ശേഷം സുൽത്താനും കുടുംബവും അങ്ങാടികൾ സന്ദർശിക്കും.
ശേഷം ലൈലതുൽ ഖദ്ർ സുബ്ഹി വരെ പൂർണമായും ഖുർആൻ പാരായണവും ദിക്റുമായി സൂഫി ദർവേശുകൾക്കൊപ്പം പള്ളിയിൽ കഴിയുന്നവരായിരുന്നു അധിക സുൽത്താന്മാരും.
❤️❤️
ReplyDelete