ഉസ്മാനികളുടെ റമളാൻ ചര്യകളിൽ ഏറെ പ്രധാനപ്പെട്ടതാണ് റമളാൻ 15 ന് സംഘടിപ്പിക്കപ്പെടുന്ന 'ഖിർക -ശരീഫ്' (Hırka - i Şerif) സന്ദർശനം. പ്രവാചകരുടെ മുടിയും താടി രോമങ്ങളും വസ്ത്രവും മറ്റു തിരുശേഷിപ്പുകളുമടങ്ങിയതാണ് ഖിർക- ശരീഫ്. സുൽത്താൻ യാവൂസ് സലീം ഈജിപ്ത് കീഴടക്കി മുസ്‌ലിം ലോകത്തിന്റെ ഖിലാഫത് ഏറ്റെടുത്തപ്പോൾ അവസാനത്തെ അബ്ബാസി ഖലീഫ അദേഹത്തിന് കൈമാറിയ ഈ തിരുശേഷിപ്പുകൾ ഖിലാഫത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.
സുൽത്താൻ അബ്ദുൽ ഹമീദിന്റെ കാലത്തെ ഖിർക-ശരീഫ് സന്ദർശനത്തെ കുറിച്ച് മകളായ ആയിശ സുൽത്താന തന്റെ ഓർമക്കുറിപ്പിൽ വിവരിക്കുന്നുണ്ട്.
തോപ്കാപി കൊട്ടാരത്തിലാണ് തിരു ശേഷിപ്പുകൾ സൂക്ഷിക്കപ്പെടുന്നത്. റമദാൻ 15 ന് എല്ലാവരും അങ്ങോട്ട് പോകും. രാജകീയ യാത്രയായിരിക്കും. ഖുർആൻ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന സ്വർണപ്പെട്ടി സുൽത്താൻ സ്വർണത്താക്കോൽ കൊണ്ട് തുറക്കും. സംരക്ഷണാർഥം മുകളിൽ വിരിച്ച തൂവാലകളിൽ സുൽത്താൻ ചുംബിക്കും. ശേഷം അവ എടുത്തു മാറ്റി മറ്റുള്ളവർക്ക് തിരുശേഷിപ്പുകൾ ചുംബിക്കാൻ അവസരം നൽകും. സുൽത്താന്റെ ഭാര്യമാരും മക്കളുമടക്കം മുഴുവൻ കൊട്ടാരവാസികളും പാഷമാരും അവ ചുംബിക്കും. ശേഷം തിരുശേഷിപ്പുകൾക്ക് മുകളിൽ വിരിച്ചിരുന്ന തൂവാലകൾ സന്ദർശകർക്ക് ഓരോരുത്തർക്കായി സമ്മാനിക്കും.