വിമാനം കണ്ടെത്തുന്നതിന് വർഷങ്ങൾ മുമ്പ് ചിറകുകൾ വെച്ച് മനുഷ്യനും അന്തരീക്ഷത്തിലൂടെ പക്ഷികളെപ്പോലെ പറക്കാൻ സാധിക്കുമെന്ന് ആദ്യമായി തെളിയിച്ചത് ഇസ്‌ലാമിക സ്പെയിനിലെ അബ്ബാസ് ബ്നു ഫിർനാസ് ആയിരുന്നു. ഒമ്പതാം നൂറ്റാണ്ടിലാണ് അദ്ദേഹം കോർദോബയിൽ വെച്ച് ഈ സാഹസികതക്ക് മുതിർന്നത്. ഏതാനും മീറ്ററുകൾ മാത്രമാണ് അന്ന് അദ്ദേഹത്തിന് പറക്കാനായത്.
എന്നാൽ വർഷങ്ങൾക്കു ശേഷം, പതിനേഴാം നൂറ്റാണ്ടിലും ഇത്തരമൊരു ശ്രമം കൂടുതൽ വിപുലമായി ഓട്ടോമൻ സാമ്രാജ്യത്തിൽ നടന്നിരുന്നു. ഗലത ടവറിൽ നിന്ന് ആരംഭിച്ച് ബോസ്ഫറസ് മുറിച്ചുകടന്ന് ഉസ്‌കുദാറിലെ ദോഗാൻജിലർ മൈദാൻ വരെയുള്ള 3558 മീറ്റർ ദൂരം വിജയകരമായി പറന്നിറങ്ങിയ ഓട്ടോമൻ വ്യോമചാരിയാണ് ഹെസാർഫൻ അഹ്മദ് ചെലേബി (Hezârfen Ahmed Çelebi).
1609 ൽ ഇസ്തംബൂളിലാണ് അഹ്മദ് ചെലേബി ജനിക്കുന്നത്. സുൽത്താൻ മുറാദ് നാലാമന്റെ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വൈജ്ഞാനിക മികവുകൾ കൂടതൽ പ്രശസ്തമായത്. വ്യത്യസ്ത ശാസ്ത്രശാഖകളിൽ പ്രാവീണ്യം തെളിയിച്ച അഹ്മദ് ചെലേബിക്ക് പേർഷ്യൻ ഭാഷയിൽ ആയിരം വിജ്ഞാന ശാഖകൾ എന്നർത്ഥം വരുന്ന 'ഹസാർ ഫൻ' എന്ന നാമകരണം പിന്നീട് നൽകപ്പെട്ടതാണ്.
ചെറുപ്പത്തിൽ തന്നെ വാനനിരീക്ഷണത്തിലും മറ്റുമായി ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പത്താം നൂറ്റാണ്ടിലെ ഓട്ടോമൻ പണ്ഡിതനായ ഇസ്മായിൽ ജൗഹരിയുടെ പുസ്തകങ്ങൾ വായിക്കുകയും മനുഷ്യർക്കും ചിറകുകൾ സംഘടിപ്പിച്ചാൽ പറക്കാനാവുമെന്ന ആശയത്തിലെത്തുകയും അതിനുവേണ്ടി കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. പക്ഷികളുടെ ചിറകുകൾ നിരീക്ഷിച്ച അദ്ദേഹം ആ മാതൃകയിൽ ഒരു കൃത്രിമ ചിറക് സ്വയം നിർമിച്ചു. 'ഗരുഡച്ചിറകുകൾ'(kartal kanatlar= Eagle Wings) എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചിരുന്നത്. പല സമയങ്ങളിലായി ചിറകുകൾ ഘടിപ്പിച്ച് ചെറിയ ദൂരം വരെ പറന്നുനോക്കി പോരായ്മകൾ പരിഹരിച്ചു.
1632 ലാണ് അദ്ദേഹം ഈ സാഹസികതക്ക് മുതിർന്നത്. കാറ്റിന്റെ ദിശ മനസ്സിലാക്കിയ അദ്ദേഹം ഗലത ടവറിന് മുകളിൽ കയറി തന്റെ കൃത്രിമ ചിറകുകൾ ഘടിപ്പിച്ച് പറക്കാൻ ആരംഭിച്ചു. സുൽത്താനും നഗരവാസികളുമെല്ലാം നോക്കിനിൽക്കെ തന്നെ അദ്ദേഹം വിജയകരമായി ആ ഉയരത്തിൽ നിന്നും പറന്നുതുടങ്ങി. കാറ്റിന്റെ ഗതി മനസ്സിലാക്കി അദ്ദേഹം ദീർഘനേരം അന്തരീക്ഷത്തിലൂടെ ചലിച്ച് ബോസ്ഫറസ് മുറിച്ചുകടന്ന് 3558 മീറ്റർ സഞ്ചരിച്ച് ഉസ്കുദാർ പ്രവിശ്യയിൽ വിജയകരമായി പറന്നിറങ്ങി.
![]() |
| Distance covered by Ahmed Celebi |
വിജയകരമായ ഈ ദൗത്യത്തിന് ശേഷം കൊട്ടാരത്തിലേക്ക് വിളിക്കപ്പെട്ട അദ്ദേഹം സുൽത്താന്റെ സന്നിധാനത്തിൽ വെച്ച് സ്വർണപ്പൊതികൾ സമ്മാനായി സ്വീകരിച്ചു. എന്നാൽ വൈകാതെ തന്നെ അദ്ദേഹത്തെ നാടുകടത്താൻ സുൽത്താൻ മുറാദ് ആവശ്യപ്പെട്ടു എന്നാണ് ഈ സംഭവം ഉദ്ദരിക്കുമ്പോൾ ഓട്ടോമൻ സഞ്ചാരിയും ചരിത്രകാരനുമായ എവ്‌ലിയ ചെലേബി തന്റെ 'സിയാഹത്ത് നാമ'യിൽ വിവരിക്കുന്നത്. ഇത്തരത്തിൽ പറക്കാൻ കഴിവുള്ള ഇദ്ദേഹത്തെ പേടിക്കണമെന്നും "ഉദ്ദേശിക്കുന്നതെന്തും നേടാൻ അദ്ദേഹത്തിന് കഴിയു"മെന്നും പറഞ്ഞ് സുൽത്താൻ മുറാദ് അദ്ദേഹത്തെ അൾജീരിയയിലേക്ക് നാടുകടത്തി എന്നാണ് എവ്‌ലിയ ചെലേബി എഴുതിയത്. എന്നാൽ, 'Maginificent Century: Kosem' എന്ന തുർക്കി സീരീസിൽ ഈ സംഭവം പരാമർശിക്കുമ്പോൾ അദ്ദേഹത്തെയും എവ്‌ലിയ ചെലേബിയെയും അനറ്റോളിയയിലേക്ക് സുൽത്താന്റെ പ്രതിനിധികളായി പറഞ്ഞയക്കുന്നതുപോലെയാണ് ചിത്രീകരിച്ചിട്ടുള്ളത്. 1640 ൽ അൾജീരിയയിൽ വെച്ചാണ് ആഹ്മദ് ചെലേബി മരണപ്പെട്ടത്.
സംഭവത്തിന്റെ ആധികാരികത?
ഹസാർഫൻ ആഹ്മദ് ചെലേബിയുടെ അതിശയകരമായ ഈ ചരിത്രത്തിന്റെ ആധികാരികതയെക്കുറിച്ച് തുർക്കിഷ് ചരിതകന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. എവ്‌ലിയ ചെലേബിയുടെ 'സിയാഹത് നാമ'യിൽ മാത്രമാണ് ഇത് രേഖപ്പെടുത്തപ്പെട്ടത് എന്നതാണ് ഇതിൽ സംശയമുയർത്തുന്ന ആദ്യകാര്യം. അക്കാലത്തെ മറ്റൊരു ഗ്രന്ഥങ്ങളിലും ഇത് രേഖപ്പെടുത്തപ്പെട്ടതായി ഇതുവരെ തെളിവുകൾ ലഭ്യമല്ല. സിയാഹത് നാമയിൽ എട്ടു വരികളിലായി ചുരുങ്ങിയ രൂപത്തിലാണ് ചെലേബി സംഭവങ്ങൾ വിവരിച്ചിട്ടുള്ളത്.
| Excerpt from 'Seyahatname' of Evliya Çelebi |
തുർക്കിഷ് ചരിത്രകാരനായ İlber Ortaylı ഇതിനെ എവ്‌ലിയ ചെലേബിയുടെ 'കെട്ടുകഥ' എന്നാണ് വിശേഷിപ്പിച്ചത്. ഈ "നോവൽ രൂപത്തിലുള്ള ഐതിഹ്യങ്ങൾ" ചരിത്രപുസ്തകങ്ങളിൽ വസ്തുതകളായി ഉൾപ്പെടുത്തി പഠിപ്പിക്കുന്നത് തെറ്റാണെന്നാണ് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് Halil İnalcık വിവരിച്ചത്. ഇത്രയും ദൂരം പറക്കൽ ഗണിതശാസ്ത്രപരമായി അസംഭവ്യമാണ് എന്നും പലരും വാദിച്ചിട്ടുണ്ട്.
എന്നാൽ ഈ ചരിത്രത്തെ അനുകൂലിച്ചുകൊണ്ടും ധാരാളം പേർ രംഗത്തുവന്നിട്ടുണ്ട്. എവ്‌ലിയ ചെലേബിയുടേതല്ലാത്ത മറ്റു രേഖകളിൽ ഈ സംഭവം ഇതുവരെ കണ്ടത്തിയിട്ടില്ല എന്നേയുള്ളൂ, ഭാവിയിൽ കണ്ടെത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നതിനാൽ ഇതിനെ പാടെ അവഗണിക്കാൻ കഴിയില്ല എന്ന അഭിപ്രായമാണ് Hacettepe University യിൽ ചരിത്രവിഭാഗം തലവനായിരുന്ന Dr. Bahattin Yediyıldız ന്റേത്. Turkish Historical Society യുടെ പ്രസിഡന്റായിരുന്ന Yusuf Halaçoğlu വും ഈ സംഭവത്തെ അനുകൂലിക്കുന്നുണ്ട്. എവ്‌ലിയ ചെലേബിയുടെ എഴുത്തിൽ പർവ്വതീകരണമുണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ ചെലേബി ഒരു ചരിത്രം പൂർണമായും സ്വയം നിർമിച്ചെഴുതി എന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഹസാർഫൻ ചെലേബി എന്നൊരാൾ ജീവിച്ചിരുന്നില്ല എന്ന് തെളിയിക്കാൻ വിമർശകർക്ക് സാധിക്കില്ല എന്നും അദ്ദേഹം വിമർശനാത്മകയി സൂചിപ്പിക്കുണ്ട്.
References:
- Evliya Celebi, Seyahatname Vol.1
- Elspeth Rawstron,The First Flying Man,Oxford
- https://islamansiklopedisi.org.tr/hezarfen-ahmed-celebi
- https://www.motleyturkey.com/hezarfen-the-first-flying-person/
- https://www.peraproperty.com/the-legend-of-hezarfen-2_6318/
- https://www.youtube.com/watch?v=1576aoPraec

