മഹാരാഷ്ട്രയിലെ ഒരു ഓട്ടോമൻ ശവകുടീരം!

The abandoned Ottoman tomb in Khuldabad
The Ottoman tomb built for the last Ottoman Caliph in Khuldabad, MH

മഹാരാഷ്ട്രയിലെ ഖുൽദാബാദ് നഗരം പ്രശസ്തമാണ്. നിരവധി ഭരണാധികാരികളുടെയും സൂഫികളുടെയും മഖ്ബറകളുള്ള പ്രദേശമാണിത്. മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ മഖ്‌ബറയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.  അതിനു ശേഷമാണ് 'അനശ്വര നഗരം' എന്നർഥം വരുന്ന 'ഖുൽദ് ആബാദ്' എന്ന് ഈ ദേശത്തിന് പുനർനാമകരണം ചെയ്യപ്പെട്ടത്.


സാധാരണ ഇന്ത്യൻ നിർമിതികളിൽ നിന്ന് വ്യത്യസ്തമായി ഓട്ടോമൻ ശൈലിയിൽ നിർമിക്കപ്പെട്ട ഒരു ശവകുടീരവും ഖുൽദാബാദിലുണ്ട്. ഏകദേശം 15 മീറ്റർ ഉയരവും എട്ട് മീറ്റർ വീതിയുമുള്ള ഒരു ഒട്ടോമൻ ശവകുടീരം, മുകളിൽ ഒരു വലിയ തുർക്കിഷ് ശൈലിയിലുള്ള താഴികക്കുടം, നാല് വശങ്ങളിലും ജാളികളുള്ള ജനാലകളും കമാനങ്ങളും. നിലവിൽ കേടുപാടുകൾ സംഭവിച്ച് നിറം മങ്ങിക്കിടക്കുകയാണിത്. അകത്തെ ചുമരുകളെയും പഴമ നന്നായി ബാധിച്ചിട്ടുണ്ട്. ചുറ്റുപാടും ഒഴിഞ്ഞുകിടക്കുന്ന ഈ പ്രദേശം ഒരു ശവകുടീരത്തിന് ചേരുന്ന മൂകത സമ്മാനിക്കുന്നുണ്ട്. അകത്തേക്ക് പ്രവേശിച്ചാൽ താഴെ മധ്യത്തിലായി ഒരു ഖബറിനുള്ള സ്ഥലം അല്പം കുഴിച്ചുവെച്ചതായി കാണാം. അവിടെ ആരെയും ഇതുവരെ അടക്കം ചെയ്തിട്ടില്ല.!

Ottoman tomb in India
Interior of the tomb, the abandoned tomb


ഇസ്‌ലാമിക ലോകത്തിന്റെ അവസാന ഖലീഫയായിരുന്ന സുൽത്താൻ അബ്ദുൽ മജീദ് രണ്ടാമന് വേണ്ടി പണികഴിപ്പിച്ചതായിരുന്നു ഈ മഖ്‌ബറ. 1924 മാർച്ച് 3 ന് തുർക്കി ഗവണ്മെന്റ്  ഓട്ടോമൻ ഖിലാഫത്തിനെ ഔദ്യോഗികമായി അവസാനിപ്പിച്ച് അവസാന ഖലീഫയായ അബ്ദുൽമജീദിനെ ഫ്രാൻസിലേക്ക് നാടുകടത്തിയിരുന്നു. അവിടെ വെച്ച് സുൽത്താൻ ഹൈദരാബാദിലെ നിസാം മിർ ഉസ്മാൻ അലി ഖാനുമായി തന്റെ മകളുടെ വിവാഹം നടത്തിയിരുന്നു. ആ വിവാഹത്തിൽ ജനിക്കുന്ന കുഞ്ഞിനെ അടുത്ത ഖലീഫയായി പ്രഖ്യാപിക്കാനും അദ്ദേഹം വസിയ്യത് ചെയ്തിരുന്നു.


1944 ൽ സുൽത്താൻ മരണപ്പെട്ടു. മരണപ്പെട്ടുകഴിഞ്ഞാൽ തന്നെ ഇന്ത്യയിൽ അടക്കം ചെയ്യണം എന്ന് സുൽത്താന് ആഗ്രഹമുണ്ടായിരുന്നു. തുർക്കിയിൽ അതിന് അവസരം ലഭിക്കില്ല എന്ന് മനസ്സിലാക്കിയതിനാലായിരുന്നു ഇത്. അതനുസരിച്ച് മിർ ഉസ്മാൻ അലി ഖാൻ അന്ന് ഹൈദരാബാദിന് കീഴിലായിരുന്ന ഖുൽദാബാദിൽ നേരത്തെതന്നെ ഒരു ശവകുടീരത്തിനുള്ള നിർമാണം ആരംഭിച്ചിരുന്നു. ഇന്ത്യയിലെത്തിയ സുൽത്താന്റെ മകൾ ദുർറു ഷെഹ്‌വറിന്റെ നേതൃത്വത്തിലാണ് സ്മാരകത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നത്.

Ottoman tomb in India

എന്നാൽ പിന്നീട് ഇന്ത്യയിലേക്ക് സുൽത്താനെ അടക്കം ചെയ്യാനായി കൊണ്ടുവരുന്നതിനെ നിസാം തന്നെ നിരുത്സാഹപ്പെടുത്തി. സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ഇന്ത്യയിൽ ശക്തമായ ഹിന്ദു-മുസ്‌ലിം സംഘർഷങ്ങൾ അരങ്ങേറുന്ന സമയമായതിനാൽ  ഒരു മുസ്‌ലിം ഖലീഫയുടെ ഭൗതിക ശരീരം കൊണ്ടുവരുന്നത് ദോഷം ചെയ്യുമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തിലായിരുന്നു അത്. സ്മാരകത്തിന്റെ നിർമാണം പൂർത്തിയാവും മുമ്പ് 1948 ൽ ഇന്ത്യൻ ആർമി ഹൈദരാബാദിലേക്ക് കടന്ന് നിസാമിനെ സ്ഥാനഭ്രഷ്ടനാക്കിയതോടെ ആ പദ്ധതി പൂർണമായും ഉപേക്ഷിക്കുകയും ചെയ്തു. അതോടെ ഇസ്‍ലാമിക ലോകത്തിന്റെ അവസാനത്തെ ഖലീഫക്ക് വേണ്ടി തയ്യാറാക്കിയിരുന്ന ആ ശവകുടീരം വിസ്‌മൃതിയിലാവുകയും ചെയ്തു.

Ottoman tomb in India

സുൽത്താനെ അടക്കം ചെയ്യാൻ തുർക്കിയിൽ ഇടം നൽകാൻ മകൾ നിരവധി തവണ തുർക്കി ഗവൺമെന്റിനോട് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിക്കുകയായിരുന്നു. ശേഷം 1954 ൽ മദീനയിലാണ് അദ്ദേഹത്തെ അവസാനമായി ഖബറടക്കിയത്.


Read also:

ഇന്ത്യയിലേക്ക് വിവാഹിതരായ ഉസ്മാനീ രാജകുമാരിമാർ

മുകർറം ജാഹ്: അവസാന ഖലീഫയുടെ ഇന്ത്യയിൽ നിന്നുള്ള പിൻഗാമി


Post a Comment

Previous Post Next Post