ഇന്ത്യയിലേക്ക് വിവാഹിതരായ ഉസ്മാനീ രാജകുമാരിമാർ

Ottoman Princesses in India

ഹൈദരാബാദിലെ അവസാനത്തെ നിസാമായിരുന്ന മീർ ഉസ്മാൻ അലി ഖാന്റെ പുത്രന്മാരുമായാണ് ഉസ്മാനി രാജകുമാരിമാരായ പ്രിൻസസ് ദുർറു ശഹ്‌വറും പ്രിൻസസ്  നിലൂഫറും വിവാഹിതരാവുന്നത്.

 

ഉസ്മാനീ ദൗലത്തിന്റെ തകർച്ചയുടെ സമയം, 1924 ൽ തുർക്കി റിപബ്ലിക്കായി മാറിയപ്പോൾ ഖിലാഫത്തെന്ന ഔദ്യോഗിക പദവി എടുത്ത് കളഞ്ഞ് ഉസ്മാനി കുടുംബത്തെ പലയിടങ്ങളിലേക്കായി തുർക്കി ഗവൺമെന്റ് നാട് കടത്തി. 

രാജ്യഭ്രഷ്ട് കൽപിക്കപ്പെട്ടപ്പോൾ അവസാനത്തെ ഖലീഫയായിരുന്ന അബ്ദുൽ മജീദ് രണ്ടാമനും (1922-1924) കുടുംബവും ഫ്രാൻസിലേക്കാണ് യാത്ര തിരിച്ചത്. 

ഫ്രാൻസിൽ കഴിയുന്ന തങ്ങളുടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഖലീഫക്ക് ധന സഹായം നൽകാനുള്ള മാർഗങ്ങൾ തേടുകയായിരുന്നു ആ സമയത്ത് ഇന്ത്യൻ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്ന അലി സഹോദരന്മാർ. മൗലാനാ മുഹമ്മദലിയും മാലാനാ ശൗഖത്തലിയും ഈ ആവശ്യവുമായി അന്നത്തെ ഹൈദരാബാദിലെ നിസാമായിരുന്ന മീർ ഉസ്മാൻ അലി ഖാനെ സമീപിച്ചു. അക്കാലത്ത് വലിയ സാമ്പത്തിക ശക്തിയായിരുന്നു ഹൈദരാബാദിലെ നിസാമുമാർ. മാസം തോറും തങ്ങളുടെ ഖലീഫക്ക് 300 പൗണ്ട് നൽകാമെന്ന് അവർ ഏറ്റു.

സുൽത്താൻ അബ്ദുൽ മജീദിന്റെ ഏക മകളായിരുന്നു ദുർറു ശെഹ്‌വർ. ഏറെ സുന്ദരിയായിരുന്ന പ്രിൻസസിനെ തേടി പല വിവാഹ ആലോചനകളും വന്നിരുന്നു. പേർഷ്യൻ രാജാവും ഈജിപ്ഷ്യൻ രാജാവും തങ്ങളുടെ രാജകുമാരന്മാർക്ക് വേണ്ടി വിവാഹാഭ്യർഥന നടത്തിയിരുന്നു. സുൽത്താൻ അബ്ദുൽ ഹമീദിന്റെ മകനായിരുന്ന ആബിദ് എഫെൻദിയും വിവാഹാഭ്യർഥന നടത്തിയിരുന്നു. ഈ സമയത്താണ് മാലാനാ ശൗഖത്തലി നിസാം മീർ ഉസ്മാൻ ഖാനെ കണ്ട് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ പ്രിൻസ് അസം ജാ (Azam Jah) യെ പ്രിൻസസ് ദുർറു ശെഹ്‌വറുമായി വിവാഹം കഴിപ്പിക്കാൻ ആവശ്യപ്പെടുന്നത്. 

നിസാം മീർ ഉസ്മാൻ ഖാൻ അബ്ദുൽ മജീദിന് കത്തെഴുതി. വലിയ മഹർ ആവശ്യപ്പെട്ട് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചു. ആവശ്യപ്പെട്ട മഹർ നൽകാമെന്ന് നിസാമും സമ്മതിച്ചു. അതേ സമയം തന്റെ രണ്ടാമത്തെ മകനായ മുഅസ്സം ജായെ (Muazam Jah)യും മറ്റൊരു ഉസ്മാനീ പ്രിൻസസിനോട് വിവാഹം ചെയ്യിപ്പിക്കാൻ അബ്ദുൽ മജീദിനോട് നിസാം ആവശ്യപ്പെട്ടു. 

അങ്ങനെയാണ് പ്രിൻസസ് നിലൂഫർ രംഗ പ്രവേശം ചെയ്യുന്നത്. സുൽത്താൻ മുറാദ് അഞ്ചാമന്റെ പേരമകളായിരുന്ന ആദിലെ സുൽത്താന്റെ പുത്രിയാണ് പ്രിൻസസ് നിലൂഫർ (Princess Nilüfer Farhat Hanim).

ഫ്രാൻസിൽ വെച്ച്  തന്നെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ഉസ്മാനീ രാജകുമാരിമാരെ തേടി രണ്ടു ഇന്ത്യൻ രാജകുമാരന്മാരും ഫ്രാൻസിലേക്ക് യാത്ര തിരിച്ചു. 1931 നവംബർ 12 ന് രണ്ടു രാജകുടുംബങ്ങളിലെയും അംഗങ്ങൾ മാത്രം ചേർന്ന് വിവാഹ കർമം നടന്നു. നിസാമിനെ പ്രധിനിധീകരിച്ച് സർ അക്ബർ ഹൈദരിയും നവാബ് മെഹ്ദി ജംഗും പങ്കെടുത്തിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിന് വേണ്ടി യൂറോപ്പിൽ എത്തിയതായിരുന്നു അവർ.

ഒരു മാസത്തെ വിവാഹാഘോഷങ്ങൾക്ക് ശേഷം ഡിസംബർ 12 ന് അവർ ഇന്ത്യയിലേക്ക് തിരിച്ചു. അതേ സമയം രണ്ടാംവട്ടമേശ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗാന്ധിയുമായി അവർക്ക് കൂടിക്കാഴ്ച നടത്താൻ മാലാനാ ശൗഖത്തലി അവസരമൊരുക്കിക്കൊടുത്തു.

ഹൈദരാബാദിലെത്തിയ പ്രിൻസസ് ദുർറു ശെഹ്‌വറും പ്രിൻസസ് നിലൂഫറും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഹൈദരാബാദിൽ ഇന്നും നില നിൽക്കുന്ന പല ആശുപത്രികളും കോളേജുകളും ഇവർ പണി കഴിപ്പിച്ചതാണ് ( Niloufer Hospital, Princess Durru Shehvar Children's & General Hospital,etc...). ഇവരുടെ വിവാഹ ജീവിതം കൂടുതൽ കാലം നീണ്ടു നിന്നില്ലെങ്കിലും ഇന്ത്യയിലായിരുന്ന സമയത്ത് അവർ എല്ലാവരെയും ആകർഷിക്കുന്ന പല പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.


References:

  • GENEALOGY OF THE IMPERIAL OTTOMAN FAMILY.
  • K.S.S.SESHAN, The Hindu, 30 October, 2018
  •  Elisabeth Khan, Ottoman Princesses In India, Medium

Post a Comment

Previous Post Next Post