മദീനയെ പ്രണയിച്ച ഉസ്മാനികൾ

Ottoman love for prophet

പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളിൽ സദാ അലയടിച്ചിരുന്നവരാണ് ഉസ്മാനീ ഖലീഫമാർ. മദീനയിൽ നിന്ന് ഇങ്ങ് ദൂരെയായിരുന്നു അവരുടെ ഭരണ കേന്ദ്രങ്ങളെങ്കിലും ഹൃദയം കൊണ്ട് അവർ റസൂലിനോട് മദീന നിവാസികളെക്കാൾ അടുത്തവരായിരുന്നു. റസൂലിന്റെ (സ്വ) പേര് എവിടെ വെച്ച് കേട്ടാലും കൈ ഹൃദയത്തിൽ തട്ടിച്ച് സ്വലാത്ത് ചൊല്ലിക്കൊണ്ടിരുന്ന ഉസ്മാനികൾ യഥാർഥ പ്രവാചക പ്രേമത്തിന്റെ പ്രചാരകരായിരുന്നു. 

സുൽത്താൻ യാവൂസ് സലീമിന്റെ കാലത്ത് മക്കയും മദീനയും ഉസ്മാനികളുടെ കീഴിൽ വന്നപ്പോൾ അവർ എത്രമാത്രം സന്തോഷിച്ചിരുന്നുവെന്ന് ചരിത്രം സാക്ഷിയാണ്. അവിടെ നിയന്ത്രിക്കാൻനബി കുടുംബത്തെ തന്നെ ഏൽപിച്ച് അവർ പ്രവാചകന്റെ ഭൂമിയെ മഹത്വവൽകരിച്ചു. സയ്യിദുമാർക്ക് ഉസ്മാനി ദൗലത്തിന്റെ കീഴിൽ പലതും സൗജന്യമായിരുന്നു. 

പ്രവാചകപ്രേമത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് സുൽത്താൻ അബ്ദുൽ ഹമീദ്. പ്രവാചകനെതിരെ എവിടെ ശബ്ദമുയർന്നാലും അതിനെ അടിച്ചമർത്താൻ സുൽത്താനുണ്ടായിരുന്നു. ഫ്രാൻസിൽ പ്രവാചകനെ നിന്ദിച്ചു കൊണ്ടുള്ള ഒരു നാടകം അരങ്ങേറാൻ പോകുന്നുവെന്ന വാർത്ത കേട്ടയുടനെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. സുൽത്താന്റെ ഗാംഭീര്യം നിറഞ്ഞ കത്ത് വായിച്ച് ഫ്രാൻസ് ഉടനടി നാടകം നിർത്തി വെച്ചു. 

സ്വന്തം സമ്പാദ്യമുപയോഗിച്ച് പണിയാരംഭിച്ച ഹിജാസ് റെയിൽവേയും സുൽത്താന്റെ നിലക്കാത്ത പ്രവാചക സ്നേഹത്തിന്റെ അടയാളമാണ്. 

ഇസ്താംബൂളിൽ ആദ്യമായി ഇലക്ട്രിസിറ്റി കൊണ്ട് വന്നപ്പോൾ അത് സ്വന്തം കൊട്ടാരത്തിൽ സ്ഥാപിക്കുന്നതിനും മുമ്പ് സുൽത്താൻ അബ്ദുൽ ഹമീദ് മസ്ജിദുന്നബവിയിൽ സ്ഥാപിക്കുകയാണ് ചെയ്തത്. പ്രവാചകന്റെ ഭൂമിക പ്രകാശഭരിതമായിട്ട് മതി തന്റെ കൊട്ടാരമെന്ന ദൃഢനിശ്ചയമായിരുന്നു അത്.

ഹുജ്റതുശ്ശരീഫക്കടുത്ത് ഉല്ലേഖനംചെയ്യപ്പെട്ടിരുന്ന സുൽത്താൻ അബ്ദുൽ ഹമീദ് ഒന്നാമന്റെ പ്രവാചക പ്രേമത്തിന്റെ ഉത്തുംഗതയിലെത്തിയ കവിതയും ( ഖസീദതുൽ ഹുജ് രിയ്യ) ഉസ്മാനികളുടെ പ്രവാചകസേനഹത്തെ വിളിച്ചോതുന്നു. 

റൗളതുശ്ശരീഫയുടെ വാതിലിൽ തീർത്ത വെള്ളികൊത്തുപണികൾ സുൽത്താൻ അഹ്മദിന്റെ സംഭാവനയായിരുന്നു. മക്കയിലേക്കും മദീനയിലേക്കും ഉസ്മാനീ സുൽത്താൻമാർ സ്ഥിരമായി ഹദ്‌യകൾ കൊടുത്തയക്കാറുണ്ടായിരുന്നു. അവസാന കാലം വരെ അവർ അത് തുടർന്ന് പോന്നു. നിലക്കാത്ത പ്രവാചക സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഉസ്മാനികൾ . 

Post a Comment

Previous Post Next Post