600 ലേറെ വർഷം ലോകത്ത് നീതിയും സാഹോദര്യവും സമത്വവും നടപ്പിലാക്കി സുന്ദരഭരണം കാഴ്ചവെച്ച ഉസ്മാനി ദൗലത്തിന്റെ ശക്തനായ ഭരണാധികാരിയായിരുന്നു സുൽത്താൻ സുലൈമാൻ ഖാനൂനി. ഭരണം, സാഹിത്യം, കല തുടങ്ങിയ അനവധി നിരവധി മേഖലകളിൽ തൻ്റെ വ്യക്തിപ്രഭാവം തെളിയിച്ചതിനാൽ യൂറോപ്പ് അദ്ദേഹത്തെ വിളിച്ചത് The magnificient (അതിഗംഭീര വ്യക്തിത്വത്തിന്റെ ഉടമ) എന്നാണ്. യൂറോപ്പിൽ സുലൈമാൻ ദി മാഗ്നിഫിഷ്യന്റ് എന്നും കിഴക്കിൽ ഖാനൂനി(law giver) എന്നുമാണ് സുൽത്താൻ സുലൈമാൻ അറിയപ്പെട്ടത്. എങ്കിലും, ഖാനൂനി എന്നത് യൂറോപ്പ് വിളിച്ച പേരാണെന്നും ക്രിമിനൽ നിയമങ്ങളെ ഏകീകരിച്ചതാണ് ഇതിന് ഹേതുകമെന്നും ചിലർ ഉദ്ധരിക്കുന്നതായി കാണാം.
1494 ലാണ് ആദ്യത്തെ ഉസ്മാനീ ഖലീഫയായ സുൽത്താൻ യാവുസ് സലീം എന്ന സലീം ഒന്നാമന്റെയും ഹഫ്സ സുൽത്താനയുടെയും മകനായി സുലൈമാൻ ജനിച്ചത്. സുൽത്താൻ സലീമിന്റെ മരണശേഷം 1520 ലാണ് സുലൈമാൻ അധികാരത്തിൽ വന്നത്.
തൻ്റെ ഇരുപത്തിയാറാം വയസ്സിൽ അധികാരമേറ്റെടുത്ത സുൽത്താൻ സുലൈമാന്റെ ഭരണകാലം ഉസ്മാനികളുടെ സുവർണ്ണ കാലഘട്ടമായിട്ടാണ് അറിയപ്പെടുന്നത്. ലോകത്തിൻ്റെ ഏകദേശം 60% അന്ന് ഉസ്മാനികളുടെ കീഴിലായിരുന്നു. ഹംഗറി, ഫ്രാൻസ്, റോം, ബ്രിട്ടൻ എന്നീ നാല് രാജ്യങ്ങൾ ഒഴികെ യൂറോപ്പ് മുഴുവനായിത്തന്നെ സുൽത്താൻ സുലൈമാൻ്റെ നിയന്ത്രണത്തിലായിരുന്നു. ഇവയിൽ ഫ്രാൻസും ഉസ്മാനികളും സമാധാന കരാറിലാണ് 1538 മുതൽ നൂറ്റാണ്ടുകളോളം പിന്നീട് കഴിഞ്ഞുപോന്നത്.
ഉസ്മാനി ഭരണകൂടത്തിന്റെ സ്ഥാപകനായ ഉസ്മാൻ ഗാസിയുടെ സ്വപ്നത്തിൽ ദർശിച്ച നാല് നദികളും, നാലു നഗരങ്ങൾ സ്വർഗ്ഗത്തിൽ നിന്നാണെന്ന് പ്രവാചകൻ പ്രതിപാദിച്ച മക്ക,മദീന, ഖുദ്സ്, ഡമസ്കസ് എന്നീ പട്ടണങ്ങളും സുൽത്താൻ സുലൈമാൻ്റെ ഭരണകാലത്ത് ഉസ്മാനികളുടെ കൈകളിലായിരുന്നു. ഇത്തരം വിശേഷങ്ങളുടെ ഉടമയായതുകൊണ്ട് തന്നെ ബഹുമാനസൂചകമായി പല പേരുകളും അദ്ദേഹത്തിന് ചാർത്തപ്പെട്ടിട്ടുണ്ട്. സുൽത്താനു സലാത്തിന്‍, ഹാക്കിമു ബൈതി ഉസ്മാൻ, അമീറുൽ മുഅ്മിനീൻ, ഖലീഫത്തു റസൂലില്ലാഹി ഫിൽ അർദ് തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്.
നല്ലൊരു കൊല്ലനും കവിയും സാഹിത്യകാരനുമായിരുന്ന ഖലീഫ സുലൈമാൻ ആത്മീയമായി നഖ്ശബന്ദി ത്വരീഖത്ത് പിന്തുടർന്ന ആദ്യത്തെ ഉസ്മാനി ഖലീഫ കൂടിയാണ്.