വെള്ളിയാഴ്ചകൾ ഉസ്മാനികൾക്ക് സന്തോഷത്തിൻ്റെ ദിനമാണ്. ജുമുഅ നിസ്കാരത്തിനായി പോകുന്ന തങ്ങളുടെ സുൽത്താനെ ഒരു നോക്കു കാണുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിൻ്റെ ദിനമാണത്.
ജുമുഅ സലാംലിക്/സലാംലിക് റസ്മെ-ആലിസി എന്നാണ് ഓട്ടോമൻ സുൽത്താൻമാരുടെ ജുമുഅക്ക് വേണ്ടിയുള്ള ഘോഷ യാത്രയെ വിളിക്കപ്പെടുന്നത്. ഓട്ടോമൻ ചര്യകളിലെ സുപ്രധാനവും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ രംഗമാണത്. 1453 ൽ കോൻസ്റ്റാൻ്റിനോപ്പിൾ കീഴടക്കിയത് മുതൽ 480 വർഷക്കാലം വെള്ളിയാഴ്ചകളിൽ അത് തടുർന്നു. തുർക്കികൾ മാത്രമായിരുന്നില്ല ആ വഴികളിൽ തടിച്ചു കൂടിയിരുന്നത്. ഓട്ടോമൻ സുൽത്താനെ നേരിൽ കാണാനായി ഒരുപാട് വിദേശികളും വെളളിയാഴ്ച ദിനങ്ങളിൽ തുർക്കിയിലെത്താറുണ്ടായിരുന്നു. പല സഞ്ചാരികളും ആ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സുൽത്താൻ തൻ്റെ കുതിരപ്പുറത്തോ വാഹനത്തിലോ ആയിരിക്കും യാത്ര തിരിക്കുന്നത്. അതിന് ചുറ്റും സൈനികർ അണിനിരക്കും. പോകുന്ന വഴികളിൽ ജാനിസ്സറി സൈന്യം നിലയുറപ്പിച്ചിട്ടുണ്ടാവും. സുൽത്താൻ്റെ വാഹനത്തിന് ഇടതു വശത്ത് ഇടതു കൈ കൊണ്ട് ആയുധം ഉപയോഗിക്കാൻ പരിശീലനം ലഭിച്ച സൈനികരാണ് നിലയുറപ്പിക്കുക. ഇടത് ഭാഗത്ത് നിന്നുള്ള ആക്രമണങ്ങൾ ചെറുക്കാനായിരുന്നു ഇത്.
സുൽത്താൻ്റെയും പ്രജകളുടെയും ഇടയിലെ ബന്ധം ഊഷ്മളമാക്കുന്നതിനും പരാതികൾ ബോധിപ്പിക്കുന്നതിനും ഏറെ സഹായകമായിരുന്നു ഈ യാത്ര. എല്ലാത്തിലുമുപരി സുൽത്താൻ ജീവിച്ചിരിപ്പുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നും ജനങ്ങളെ ധരിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണിത്.
സുൽത്താൻ മഹ്മൂദ് ഒന്നാമൻ രോഗശയ്യയിലായിരുന്നപ്പോൾ പോലും അദ്ദേഹം 'സലാംലിക്' മുടക്കിയിരുന്നില്ല. സുൽത്താനെ കണ്ടില്ലെങ്കിൽ ജനങ്ങൾ അസ്വസ്ഥരാകുമെന്ന് പറഞ്ഞ് അദ്ദേഹം ഡോക്ടർമാരുടെ ഉപദേശം നിരാകരിച്ച് സൈനികാകമ്പടിയോടെ പള്ളിയിലേക്ക് പോവുകയും ഏറെ പരീക്ഷീണനായി മടക്കയാത്രയിൽ മരണപ്പെടുകയുമായിരുന്നു
പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലാണ് സുൽത്താൻ ജുമുഅ നിർവഹിക്കുക.
ഹമീദിയൻ കാലത്തെ ജുമുഅ സലാംലിക്സലാംലികിനെക്കുറിച്ച് കൂടുതൽ വിപുലമായി രേഖപ്പെടുത്തപ്പെട്ടത് സുൽതാൻ അബ്ദുൽ ഹമീദിൻ്റെ കാലത്തേതാണ്. അദ്ദേഹത്തിൻ്റെ മകളായ ആഇശ സുൽതാന തന്നെ പിതാവിനെക്കുറിച്ചുള്ള തൻ്റെ പുസ്തകത്തിൽ ആ രംഗങ്ങൾ വിശദീകരിക്കുന്നുണ്ട്.
കുതിരപ്പുറത്ത് നിന്ന് മാറി വാഹനത്തിലിരുന്ന് സെലാംലികിന് ആദ്യമായി പോയത് സുൽതാൻ അബദുൽ ഹമീദായിരുന്നു. 1876 ഡിസംബർ 15 നായിരുന്നു അത്. ശക്തമായ പല്ല് വേദന കാരണം കാറ്റ് മുഖത്തടിക്കുന്നത് തടയാനായിരുന്നുവത്രെ ഇത്.
ഭരണമേറ്റെടുത്ത ആദ്യ നാളുകളിൽ വ്യത്യസ്ത പള്ളികളായിരുന്നു അദ്ദേഹം ജുമുഅക്കായി തെരഞ്ഞെടുത്തിരുന്നത്. പിന്നീട് സുൽത്താൻ യിൽദിസ് ജാമി/ മസ്ജിദ് സ്ഥാപിച്ചപ്പോൾ സെലാംലിക് അങ്ങോട്ട് മാത്രമായി ചുരുങ്ങി.
നിസ്കാരശേഷം സൈന്യം സുൽത്താൻ്റെ മുമ്പിൽ വെച്ച് ചെറിയ ഒരു പ്രകടനം നടത്തും. ഒരാഴ്ചയോളം ശാന്തമായിരുന്ന ആ നഗരം വെള്ളിയാഴ്ച് കടന്നുപോകുന്നതോടെ മുഖരിതമാകും.
സുൽത്താനും ശഹ്സാദെമാരും മറ്റനേകം സൈനിക-രാഷ്ട്രീയ നേതാക്കളും സെലാംലികിൽ ആദ്യാവസാനം സംബന്ധിക്കും.
സുൽത്താൻ കടന്നുപോകുന്ന വഴികളിൽ വെച്ച് സുൽത്താനോട് ജനങ്ങൾ അഭിവാദ്യം ചെയ്യുന്ന രീതിയാണ് ഏറെ മനോഹരം. ''saltanatına mağrur olma padişahım, senden büyük Allah var!” (നിങ്ങളുടെ ഭരണത്തിൽ നിങ്ങൾ കൂടുതൽ അഹന്ത നടിക്കേണ്ട, നിങ്ങളെക്കാൾ വലിയാരു ദൈവമുണ്ട്) എന്ന് അവർ ചേർത്ത് പറയുമായിരുന്നു. സുൽതാൻ അബ്ദുൽ ഹമീദിൻെറ പ്രത്യേക നിർദേശപ്രകാരമായിരുന്നു ഈ വാക്കുകൾ ചേർക്കപ്പെട്ടത് എന്നും ചിലർ രേഖപ്പെടുത്തുന്നു.
നിസ്കാരശേഷം 'ശൈഖുൽ ഇസ്‌ലാമു'മായി സംസാരിക്കുന്ന പതിവുണ്ടായിരുന്നു അബ്ദുൽഹമീദിന്. ഇത്തരത്തിലുള്ള ഒരു സംസാരത്തിൻെറ ദൈർഘ്യം വർധിച്ചതാണ് 1905 ജൂലൈ 21 ന് സുൽത്താനെ ഒരു കാർബോംബ് സ്ഫോടനത്തിൽ നിന്ന് രക്ഷിച്ചത്.
നിസ്കാരശേഷം ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്ന പതിവുമുണ്ടായിരുന്നു. ശേഷം അവക്ക് പരിഹാരം കാണുന്നതിനായി സുൽത്താൻ പ്രധാനമന്ത്രിയെ ഉണർത്തുകയും ചെയ്യും. ഓട്ടോമൻ ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ ഇത്തരത്തിലൊരുപാട് പരാതികൾ കാണാനാവും.