പിതാവായ സുൽത്താൻ മുറാദ് രണ്ടാമന് ശേഷമാണ് സുൽത്താൻ മുഹമ്മദ് രണ്ടാമൻ അധികാരത്തിലേറുന്നത്. പുതിയ സുൽത്താൻ സ്ഥാനമേറ്റെടുത്തപ്പോൾ ബൈസന്റൈൻ ചക്രവർത്തി കോൺസ്റ്റന്റൈൻ സുൽത്താനെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ബൈസന്റൈൻ ബന്ധനത്തിൽ കഴിയുന്ന പ്രിൻസ് ഓര്‍ഹാന് ഉസ്മാനികൾ നൽകിവരുന്ന വാർഷിക നികുതി വർധിപ്പിക്കണമെന്നും അല്ലെങ്കിൽ ആഭ്യന്തര കലഹങ്ങൾ സൃഷ്ടിക്കുന്നതിനായി ഓർഹാനെ മോചിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി അദ്ദേഹം സുൽത്താന് കത്തെഴുതി. പക്ഷേ കത്ത് വായിച്ച സുൽത്താന്റെ തീരുമാനം തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇതുവരെ നൽകി വന്നിരുന്ന വാർഷിക നികുതി തന്നെ അദ്ദേഹം നിർത്തലാക്കി. കോൺസ്റ്റാന്റിനോപ്പിളിന് നേരെയുള്ള ആക്രമങ്ങളുടെ തുടക്കമായിരുന്നു ഇത്.
കോൺസ്റ്റാന്റിനോപ്പിൾ ഉപരോധത്തിന് വിഭിന്നാഭിപ്രായങ്ങളായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ചാൻദാർലി ഖലീൽ പാഷയടക്കം പലരും സുൽത്താന്റെ ഉദ്യമത്തെ നിരുത്സാഹപ്പെടുത്തി. പക്ഷേ തൻറെ ആത്മീയ ഗുരുവായിരുന്ന ശൈഖ് ആഖ് ശംസുദ്ദീനും സഗോനോസ് പാഷയും അടങ്ങുന്ന വലിയൊരു നിര സുൽത്താനെ പ്രോത്സാഹിപ്പിക്കാൻ ഉണ്ടായിരുന്നു. ഉപരോധത്തിന്റെ ആദ്യപടിയെന്നോണം സുൽത്താൻ റുമേലി ഹിസാർ (കോട്ട) പണി കഴിപ്പിച്ചു. നേരത്തെ കോൻസ്റ്റാന്റിനോപ്പിൾ ഉപരോധിച്ചിരുന്ന സുൽത്താൻ ബായസീദ് പണികഴിപ്പിച്ച അനാതോലി ഹിസാറിന് മറുവശമായിരുന്നു ഇത്. പുതിയ കോട്ടയുടെ വരവ് കൂടിയായപ്പോൾ ചക്രവർത്തിക്ക് ഭയം വന്ന് തുടങ്ങി. സമീപ രാജാക്കളോടും ഇറ്റലിയിലെ പോപ്പിനോടും കോൺസ്റ്റന്റൈൻ സഹായം അഭ്യർത്ഥിച്ചു. ഓർത്തഡോക്സുകാർ കാത്തോലിക്കരുമായി സഹകരിച്ച് ഒന്നിക്കണമെന്ന നിബന്ധനയോടെ നാലു യുദ്ധക്കപ്പലുകൾ അയച്ചുകൊടുക്കാൻ പോപ്പ് തയ്യാറായി. ഇരു വിഭാഗങ്ങളും തമ്മിൽ ശക്തമായ ഭിന്നത നിലനിന്നിരുന്ന സമയമായിരുന്നു അത്. ലാറ്റിൻ വിഭാഗവുമായി ഒന്നിക്കുന്നതിനേക്കാൾ നല്ലത് തുർക്കികൾ കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കുന്നതാണെന്ന് വരെ അഭിപ്രായപ്പെട്ട ക്രിസ്ത്യൻ നേതാക്കൾ അന്ന് നഗരത്തിലുണ്ടായിരുന്നു.
1453 ഏപ്രിൽ രണ്ടിന് കര മാർഗമുള്ള ഉപരോധം ആരംഭിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിജയം കാണാതിരുന്നപ്പോൾ സുൽത്താൻ കടൽ മാർഗവും ഉപരോധം തീർക്കുന്നതിനുള്ള ആലോചനയിലായി. കോൺസ്റ്റാന്റിനോപ്പിളിന് കുറുകെ കെട്ടിയിരിക്കുന്ന ഭാരിച്ച ചങ്ങലകളായിരുന്നു കടൽ വഴി ഉപരോധം തീർക്കുന്നതിനുള്ള പ്രധാന തടസ്സങ്ങൾ. പക്ഷേ, മുഹമ്മദ് രണ്ടാമന്റെ ബുദ്ധിയിലുദിച്ചത് തീർത്തും വ്യത്യസ്തമായ പദ്ധതിയായിരുന്നു. ചങ്ങല മുറിച്ചു കടക്കാതെ എങ്ങനെ മറുകരയിലെത്താം എന്ന സുൽത്താന്റെ ചിന്തയിൽ നിന്നാണ് ലോകം അത്ഭുതത്തോടെ നോക്കിക്കണ്ട ആ ചരിത്രമാരംഭിക്കുന്നത്. നിലവിൽ ഓട്ടോമൻ കപ്പലുകൾ സ്ഥിതി ചെയ്യുന്ന ബക്തഷ് തുറമുഖത്തു നിന്ന് ഗലത നഗരത്തിലൂടെ ഗോൾഡൻ ഹോർണിലേക്ക് കപ്പലുകൾ കര മാർഗം നീക്കം ചെയ്യാൻ സുൽത്താൻ കല്പിച്ചു. ഗലത നഗരത്തിൽ എണ്ണ പുരട്ടിയ മരക്കഷ്ണങ്ങൾ നിലത്തു പാകി അതിലൂടെ 67 ഓട്ടോമൻ കപ്പലുകളാണ് ഒറ്റ രാത്രി കൊണ്ട് മറു കരക്കെതിച്ചത്. ഏപ്രിൽ 22ന്റെ പ്രഭാതത്തിൽ ബൈസന്റൈൻ സൈന്യമുണരുന്നത് ഉച്ചത്തിലുയരുന്ന തക്ബീറാരവങ്ങൾ കേട്ടാണ്. ഇതോടെ ബൈസന്റൈൻ സേന ഭയചകിതരായി.
ഇത്രയായപ്പോൾ അവസാനമെന്നോണം സുൽത്താൻ കോൻസ്റ്റന്റൈന് കത്തെഴുതി. ഇപ്പോൾ പിൻവാങ്ങാൻ തയ്യാറായാൽ തന്റെ മുഴുവൻ സമ്പത്തുകളും എടുത്ത് മോറയിൽ ചെന്ന് അവിടെ ഉസ്മാനികളുടെ കീഴിൽ ഭരണം നടത്താമെന്ന് സുൽത്താൻ നിർദേശിച്ചു. പക്ഷെ, കോൺസ്റ്റന്റൈൻ ഉറച്ച തീരുമാനത്തിലായിരുന്നു. തന്റെ നഗരത്തിന് വേണ്ടി മരിക്കാൻ തന്നെ അദ്ദേഹം തയ്യാറായി. ഇതോടെ സുൽത്താൻ അവസാന ആക്രമണത്തിനുള്ള കോപ്പു കൂട്ടി.
ഉപരോധത്തിന്റെ 53 ദിവസങ്ങൾ പിന്നിട്ട് മെയ് 29 ന് ശക്തമായ പോരാട്ടത്തിലൂടെ ഓട്ടോമൻ സൈന്യം നഗരം നഗരം കീഴടക്കി. അങ്ങനെ കാലങ്ങളോളം ബൈസന്റൈൻ നഗരത്തിന്റെ തകർക്കാനാവാത്ത കോട്ടയായി നിലകൊണ്ട കോൻസ്റ്റാന്റിനോപ്പിൾ മുസ്‌ലിം പടക്ക് മുന്നിൽ മുട്ടുമടക്കി. ഓട്ടോമൻ ദൗലത്തിന്റെ പതാക കോട്ടക്ക് മുകളിൽ ഉയർന്നു പറന്നു.
അടുത്ത ദിവസം, മെയ് 30ന് ആഘോഷാരവങ്ങളോടെ സുൽത്താൻ നഗരത്തിൽ പ്രവേശിച്ചു. ഇസ്‌ലാമിന്റെ തലസ്ഥാനം എന്ന അർഥത്തിൽ 'ഇസ്‌ലാംപൂൾ' എന്ന് നഗത്തിന് പുനർനാമകരണം ചെയ്തു. അയസോഫിയ പള്ളിയാക്കി മാറ്റി. ക്രിസ്ത്യൻ ജനതക്ക് സുരക്ഷിതമായി വസിക്കാനുള്ള സ്ഥലസൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ഓർത്തഡോക്സ് വിശ്വാസികൾക്ക് പുതിയ നേതൃത്വത്തെ നിർണയിച്ചു കൊടുത്തു. കോൻസ്റ്റാന്റിനോപ്പിൾ വീണ്ടും പ്രതാപത്തിലേക്കുയർന്നു തുടങ്ങി. ഓട്ടോമൻ ഖിലാഫത്തിന്റെ എന്നെന്നേക്കുമായുള്ള തലസ്ഥാനമായി നഗരം മാറി.
References:
- فتح القسطنطينية ، الدكتور عبدالسلام عبدالعزيز فهمى
- تاريخ العثمانيين , د محمد سهيل طقوش
- الدولة العثمانية عوامل النهوض وأسباب السقوط , محمد علي الصلابي