കോൺസ്റ്റാന്റിനോപ്പിൾ:മഹാവിജയത്തിന്റെ നാൾവഴികൾ -6
കോൺസ്റ്റാന്റിനോപ്പിൾ ഉപരോധമേർപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയം, നഗരത്തെ അവസാന സമയത്ത് സംരക്ഷിക്കാൻ വേണ്ടി റോമൻപോപ്പ് അയച്ച കപ്പലുകളെ കോൺസ്റ്റാന്റിനോപ്പിളിൽ എത്തുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച ഓട്ടോമൻ നാവികർ പരാജിതരായി മടങ്ങി വന്നു. ഇത് സൈന്യത്തിനിടയിൽ വലിയ ഭീതി സൃഷ്ടിച്ചു. പലരും ഉപരോധം നിർത്തി വെക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇത് ഒരിക്കലും വിജയം കാണില്ലെന്ന് വരെ പലരും പറഞ്ഞു തുടങ്ങി. ആ സമയത്ത് സുൽത്താൻ മുഹമ്മദ് തന്റെ മന്ത്രിയായ വലിയുദ്ദീൻ അഹ്മദ് പാഷയെ വിളിച്ച് പിറകിൽ ടെന്റിലിരിക്കുന്ന തന്റെ ശൈഖിനോട് അഭിപ്രായംതേടി വരാൻ നിർദേശിച്ചു. വൈകാതെ മറുപടി വന്നു : ഉപരോധം തുടരൂ, അല്ലാഹു കൂടെയുണ്ട്.
ശൈഖ് അഖ്ശംസുദ്ദീൻ എന്ന ആ മഹാ മനീഷിയുടെ വാക്കുകളായിരുന്നു സുൽത്താന് കരുത്തേകിയിരുന്നത്. ചെറുപ്പം മുതൽ തന്നെ ഫാതിഹിന്റെ ആത്മീയ ഗുരുവായി ശൈഖ് കൂടെയുണ്ടായിരുന്നു. ഖലീഫ അബൂബക്കറി(റ)ലേക്കാണ് ഇദ്ദേഹത്തിന്റെ പിതൃപരമ്പര ചെന്നെത്തുന്നത്. ക്രി. 1389 ൽ ഡമസ്കസിൽ ആണ് ശൈഖിന്റെ ജനനം. ഷംസുദ്ദീൻ ബിൻ ഹംസ എന്നായിരുന്നു യഥാർഥ നാമം. അമാസ്യയിലും അലപ്പോയിലും അനറ്റോളിയയിലുമായി അദ്ദേഹം വിജ്ഞാന സമ്പാദനം നടത്തി. പിതാവായ സുൽത്താൻ മുറാദ് രണ്ടാമനാണ് അദ്ദേഹത്തെ ഫാതിഹിന്റെ ആത്മീയ ഗുരുവായി നിർദേശിക്കുന്നത്.
കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കപ്പെടുമെന്ന പ്രവാചക വചനം മുഹമ്മദുൽ ഫാതിഹിന്റെ ഹൃദയാന്തരങ്ങളിൽ ആഴ്ന്നിറങ്ങുന്നത് ശൈഖിന്റെ മൊഴികളിൽ നിന്നാണ്. അത് കീഴടക്കാൻ വേണ്ടി തന്റെ പ്രാപ്യതയുടെ പാരമ്യം വരെ പോകാൻ അദ്ദേഹം തയ്യാറായത് ശൈഖ് കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തിലായിരുന്നു. ഉപരോധത്തിനിടക്ക് ആത്മവിശ്വസം ചോരുന്ന സമയങ്ങളിലെല്ലാം സുൽത്താൻ ശൈഖിനെ കാണുകയും അദ്ദേഹത്തിന്റെ ഉറച്ച വാക്കുകൾക്കനുസൃതമായി കരുക്കൾ നീക്കുകയും ചെയ്തിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന്റെ ശേഷം അയാസോഫിയയിൽ വെച്ചുള്ള ആദ്യ ജുമുഅക്ക് നേതൃത്വം നൽകിയതും ശൈഖ് അഖ്ഷംസുദ്ദീൻ ആയിരുന്നു. ക്രി. 1459 ലാണ് ശൈഖ് വഫാത്താവുന്നത്.
അവലംബം:
.محمد حرب، العثمانيون التاريخ والحضارة
ATTRACTIVE WRITING
ReplyDelete