ഹാഗിയ സോഫിയ: പരിവർത്തനങ്ങളുടെ കഥ

Hagia sophia

വ്യത്യസ്ത ഭരണകൂടങ്ങൾക്ക് കീഴിൽ കത്തീഡ്രലായും പള്ളിയായും മ്യൂസിയമായും പരിവർത്തനങ്ങൾക്ക് വിധേയമായ ശില്പചാരുതിയാണ് ഹാഗിയ സോഫിയ. എ. ഡി 537 ൽ ജസ്റ്റീനിയൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിക്കപ്പെടുന്നത്. ബൈസന്റൈൻ സമൂഹത്തെ പാഗനിസത്തിൽ നിന്ന് പൂർണമായും ക്രിസ്റ്റ്യാനിറ്റിയിലേക്ക് കൊണ്ട് വരാൻ വേണ്ടി എ.ഡി 360ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് കോൺസ്റ്റാന്റിനോപ്പിളിൽ ആദ്യമായി ഒരു ചർച്ച് നിർമിക്കുന്നത്. മരനിർമിതമായിരുന്ന ആ ചർച്ച് കത്തിനശിച്ചപ്പോൾ പിന്നീട് വന്ന തെയോഡീസിയസ് എ. ഡി 415ൽ അത് പുനർനിർമിച്ചു. ഈ ചർച്ചും തകർന്നപ്പോഴാണ് ജസ്റ്റീനിയൻ ചക്രവർത്തി ഹാഗിയ സോഫിയ നിർമിക്കുന്നത്. അന്ന് അത് ഓർത്തഡോക്സ് ക്രിസ്ത്യൻ ചർച്ചായിരുന്നു. നാലാം കുരിശുയുദ്ധത്തിൽ(1201–04) ലാറ്റിൻ പട കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ അത് കാത്തോലിക് ചർച്ചായി മാറി. 1261 ൽ ബെസന്റൈൻ ചക്രവർത്തി നഗരം തിരിച്ചുപിടിച്ചപ്പോൾ വീണ്ടും ഓർത്തഡോക്സ് ചർച്ചായി പരിണമിച്ചു. പിന്നീട് 1453ൽ ഉസ്മാനി സുൽത്താൻ മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ അത് അയാസോഫിയ എന്ന പേരിൽ മുസ്‌ലിം പള്ളിയാക്കി പരിവർത്തിക്കപ്പെട്ടു. ഉസ്മാനി ഖിലാഫത്തിന്റെ തകർച്ചക്ക് ശേഷം തുർക്കിയയിൽ അധികാരത്തിൽ വന്ന മുസ്തഫ കമാലിന്റെ ഭരണകൂടം 1934ൽ ഈ പള്ളിയെ മ്യൂസിയമാക്കി മാറ്റി. തുർക്കിയയെ കൂടുതൽ മതനിരപേക്ഷമാക്കാൻ വേണ്ടിയായിരുന്നത്രെ അത്. കമാലിസ്റ്റ് ആശയങ്ങളെ എതിർത്തുകൊണ്ട് തുർക്കിയയിൽ അധികാരത്തിൽ വന്ന എർദോഗാനാണ് പിന്നീട് 2020 ൽ അയാസോഫിയയെ വീണ്ടും പള്ളിയാക്കി മാറ്റുന്നത്.


ഉസ്മാനികളുടെ പുണ്യഗേഹം

1204 ലെ കുരിശുയുദ്ധത്തിനു ശേഷം ലാറ്റിൻ പട കോൺസ്റ്റാന്റിനോപ്പിൾ നഗരം കൊള്ളയടിക്കുകയും നിരന്തര അക്രമണങ്ങൾ നടത്തുകയും ചെയ്തതിന്റെ ഭാഗമായി നഗരം തികഞ്ഞ അരക്ഷിതാവസ്ഥയിലായിരുന്നു. വീണ്ടും ബൈസന്റൈൻ സേന തിരിച്ചുപിടിച്ചപ്പോൾ സാമ്പത്തികമായി നഗരം ഏറെ പിന്നിലെത്തിയിരുന്നു. ഈ അവസ്ഥകളെല്ലാം ഹാഗിയ സോഫിയയെയും ബാധിച്ചിരുന്നു. സുൽത്താൻ മുറാദ് രണ്ടാമന്റെ(1421-1444) കാലത്ത് ഹാഗിയ സോഫിയയുടെ ചില ഭാഗങ്ങൾ ഭൂകമ്പത്തിൽ തകർന്നപ്പോൾ അത് പുർനിർമിക്കാനായി ബൈസാന്റൈൻ ചക്രവർത്തി സുൽത്താനോട് സഹായമഭ്യർഥിക്കുകയും അതിന് വേണ്ടി അലി നജ്ജാർ എന്ന വാസ്തുശില്പിയെ പറഞ്ഞയക്കുകയും ചെയ്തിരുന്നു. അദ്ദേഹം മടങ്ങിവന്നപ്പോൾ "മിനാരം സ്ഥാപിക്കാനുള്ള സ്ഥലം ഞാൻ ഒരുക്കിവെച്ചിട്ടുണ്ട്" എന്ന് സുൽത്താനോട് പറഞ്ഞു. മുസ്‌ലിംകളുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ. അയാസോഫിയയുടെ പല ഭാഗങ്ങളും ഭൂകമ്പങ്ങൾ കാരണമായി തകരുകയും പുനർനിർമിതിക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്.

1453ൽ നഗരം കീഴടക്കി സുൽത്താൻ മുഹമ്മദ് ഹാഗിയ സോഫിയയെ പള്ളിയാക്കി മാറ്റിയപ്പോൾ ഒരു മിമ്പറും മിഹ്‌റാബും കൂട്ടിച്ചേർക്കപ്പെട്ടു. മരനിർമിതമായ മിനാരം സ്ഥാപിക്കപ്പെട്ടു. ഖിബ്‌ലയുടെ ഭാഗത്തുള്ള ചിത്രങ്ങളും മൊസയ്ക്കുകളും മറക്കുകയും ചെയ്‌തു. സുൽത്താൻ മുഹമ്മദിന്റെ മകനായ ബായസീദ് രണ്ടാമൻ അദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ടാമതൊരു മിനാരം കൂടി പണികഴിപ്പിച്ചു. പിന്നീട് സുൽത്താൻ സലീം രണ്ടാമന്റെ(r.1566–74) കാലത്ത് വാസ്തുശില്പിയായ മിമാർ സിനാന്റെ കാർമികത്വത്തിൽ നേരത്തെ സ്ഥാപിച്ച മിനാരം കല്ലുപയോഗിച്ച് പുതുക്കിപ്പണിയുകയും രണ്ടു പുതിയ മിനാരങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. അടുത്ത പുനരുദ്ധാരണം നടന്നത് സുൽത്താൻ അഹ്മദിന്റെ (r. 1603–1617) കാലത്താണ്. അതിന്റെ ഭാഗമായി ഉൾഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം മൊസൈക്കുകളും പൂർണമായും മറച്ചു. സുൽത്താൻ മഹ്മൂദ് ഒന്നാമന്റെ (r. 1730–54) കാലത്ത് പള്ളിയുടെ അടുത്ത് ലൈബ്രറിയും മദ്രസകളും സ്ഥാപിച്ച് ഒരു 'കുല്ലിയ്യ' ആക്കി മാറ്റി. സുൽത്താൻ അബ്ദുൽമജീദിന്റെ (r. 1839–61) ഭരണകാലത്തും അനവധി പരിഷ്കരണങ്ങൾ നടന്നു.

ഉസ്മാനി സുൽത്താന്മാരുടെ പ്രധാന കേന്ദ്രമായിരുന്നു അയാസോഫിയ. തോപ്കാപി കൊട്ടാരത്തിൽ നിന്ന് സുൽത്താന്മാർ നിസ്കാരത്തിനായി പോയിരുന്നത് അയാസോഫിയയിലേക്കായിരുന്നു. റമദാൻ 27 ന് തറാവീഹ് നിസ്കാരത്തിന് സുൽത്താൻ എത്തിയിരുന്നത് അയാസോഫിയയിലായിരുന്നു. അന്ന് ഒരുപാട് പേർ സുൽത്താന്റെ സാന്നിധ്യത്തിൽ പള്ളിയിൽ ഒത്തുകൂടും. റബീഉൽ അവ്വലിലും അയാസോഫിയ സജീവമായിരിക്കും. ഉസ്മാനികൾ അയാസോഫിയയെ തങ്ങളുടെ അധികാരത്തിന്റെ നിദർശകമായിട്ടായിരുന്നു കണ്ടിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിൽ ഉസ്മാനികൾ ഉൾപ്പെട്ട സഖ്യം പരാജയപ്പെടുകയും എതിർചേരി ഇസ്തംബൂളിൽ അധിനിവേശം നടത്തുകയും ചെയ്‌തപ്പോൾ ചില ഗ്രീക്കുകാർ അയാസോഫിയക്ക് മുകളിൽ കയറി മണിമുഴക്കി ചർച്ചാക്കി മാറ്റാൻ തുനിഞ്ഞിരുന്നു. ഇതറിഞ്ഞ സുൽത്താൻ വ്ഹദുദ്ദീൻ(മെഹ്മദ് VI) തന്റെ സംരക്ഷണത്തിനായി കൂടെയുണ്ടായിരുന്ന 700 സൈനികരെ അയാസോഫിയയിലേക്ക് പറഞ്ഞയച്ചു. അയാസോഫിയയെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കല്പന. ഈ മുന്നേറ്റത്തിലൂടെ അയാസോഫിയയെ പളളിയാക്കി നിലനിർത്തുന്നതിൽ സുൽത്താൻ വലിയൊരു പങ്കുവഹിച്ചു.

അതാതുർകിന്റെ പരിഷ്കരണങ്ങൾ

മുസ്തഫ കമാൽ അധികാരത്തിലേറിയ ശേഷം ഓട്ടോമൻ പൈതൃകങ്ങൾക്കും ഇസ്‌ലാമിക അടയാളങ്ങൾക്കുമെതിരെ ഗവണ്മെന്റ് രംഗത്തു വന്നു. പല മസ്ജിദുകളും അടച്ചുപൂട്ടുകയോ തകർക്കുകയോ ചെയ്തു. ഈ പരിഷ്കരണങ്ങൾക്ക് വിധേയമായവയുടെ കൂട്ടത്തിൽ അയാസോഫിയയും ഉൾപ്പെട്ടു. നൂറ്റാണ്ടുകളോളം വിശ്വാസികൾ സുജൂദ് ചെയ്തിരുന്നയിടം ഭരണകൂടത്തിന്റെ ഒത്താശയോടെ മ്യൂസിയമായി പരിവർത്തിക്കപ്പെട്ടു.

ബൈസന്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക എന്ന സംഘടനയാണ് മുസ്തഫ കമാലിനെ ഈ ആവശ്യവുമായി സമീപിക്കുന്നത്. പള്ളിയിൽ മറച്ചു വെച്ച മൊസൈക്കുകൾ പ്രത്യക്ഷപ്പെടുത്തണം എന്നായിരുന്നു അവരുടെ ആദ്യ ആവശ്യം. അത് നിറവേറിക്കഴിഞ്ഞപ്പോൾ പള്ളി അടച്ചുപൂട്ടി മ്യൂസിയമാക്കണം എന്നും ആവശ്യപ്പെട്ടു. ഇസ്‌ലാമിക മൂല്യങ്ങൾക്ക് ഒട്ടും വില കല്പിക്കാതിരുന്ന മുസ്തഫ കമാലും സംഘവും പടിഞ്ഞാറിനെ പ്രീണിപ്പിക്കാൻ വേണ്ടി നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആ ഗേഹം മ്യൂസിയമാക്കാൻ സമ്മതം മൂളി.

അയാസോഫിയയുടെ മിനാരങ്ങൾ തകർക്കാൻ വരെ അവർ തുനിഞ്ഞിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നിർമിതിയുടെ മിനാരങ്ങൾ തകർത്താൽ ഒന്നാകെ തകരുന്നതിലേക്ക് നയിക്കുമെന്ന ഇബ്രാഹിം ഹഖി കോന്യലി എന്ന ചിത്രകാരന്റെ വാക്കുകളാണ് ആ ഉദ്യമത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചത്.

വീണ്ടും മസ്ജിദാക്കുമ്പോൾ 
Hagia sophia Prayer
പല തവണ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ചക്രവർത്തി അംഗീകരിക്കാതിരുന്നപ്പോഴാണ് സുൽത്താൻ നഗരം കീഴടക്കുന്നത്. കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ ശേഷം ആ മഹാവിജയത്തിന്റെ പ്രതീകമായി സുൽത്താൻ ഹാഗിയ സോഫിയ പള്ളിയാക്കി മാറ്റി. സുൽത്താൻ അതിന്റെ സംരക്ഷകർക്ക് വിലകൊടുത്തു വാങ്ങിയ ശേഷമാണ് പള്ളിയാക്കിയത് എന്നും നിരീക്ഷിക്കുന്നവരുണ്ട്. യുദ്ധമുതലായ ഈ നിർമിതി സുൽത്താന്റെ സ്വകാര്യ സ്വത്തായി കണക്കാക്കി. ശേഷം ഇത് പരിപാലിക്കാൻ വേണ്ടി അദ്ദേഹം ഒരു സംഘത്തെ രൂപീകരിച്ചു. 'സുൽത്താൻ മുഹമ്മദുൽ ഫാതിഹ് ഫൗണ്ടേഷൻ' എന്ന ആ സംഘത്തിന്റേത് തന്നെയാണ് ഇന്നും ഈ പള്ളി. ഈ സംഘത്തിന്റെ അവകാശത്തിന് വിരുദ്ധമായായിട്ടായിരുന്നു 1934 ലെ മ്യൂസിയമാക്കിയുള്ള പരിവർത്തനം.

ചരിത്രത്തിൽ ചർച്ചുകൾ പള്ളികളായും പള്ളികൾ ചർച്ചുകളായും മാറ്റപ്പെട്ടിട്ടുണ്ട്. ഇന്നും ഒരുപാട് പള്ളികൾ കത്തീഡ്രലായും മറ്റും നിലകൊള്ളുന്നുണ്ട്. എർദോഗാൻ അയാസോഫിയയെ വീണ്ടും പള്ളിയാക്കി മാറ്റിയപ്പോൾ വേവലാതിപ്പെട്ടവർ പലരും 1934 ൽ അതിനെ ഒരു മ്യൂസിയമാക്കി പരിവർത്തിച്ചപ്പോൾ ശബ്ദമുയർത്താതിരുന്നതും ഏറെ വിചിത്രമാണ്!.

അവലംബം :
  • Encyclopedia of the Ottoman Empire, Book by Gábor Ágoston
  • Hagia Sophia, the treasure of Sultan Mehmed the Conqueror, Article BY ALİ TÜFEKÇİ
  • A church, a mosque and finally A museum: The nearly 1,500-year-old story of the Hagia Sophia, Article BY EKREM BUĞRA EKINCI

2 Comments

Previous Post Next Post