കോൺസ്റ്റാന്റിനോപ്പിൾ: ഉപരോധങ്ങൾ മുഹമ്മദുൽ ഫാതിഹിനും മുമ്പ്

 കോൺസ്റ്റാന്റിനോപ്പിൾ : മഹാവിജയത്തിന്റെ നാൾവഴികൾ -4

constantinople, Ayasofya

"ല തുഫ്തഹന്നൽ ഖുസ്തുന്ഥീനിയ്യ"

പ്രവാചക വചസ്സിലെ ആന്തരികാർഥങ്ങൾ യാഥാർഥ്യമാക്കുക എന്നത് സ്വഹാബത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നു. പുലരാനിരിക്കുന്ന പ്രവാചക പ്രവചനത്തിന്റെ പതാക വാഹകർ തങ്ങളായിരിക്കണമെന്ന് ഓരോ മുസ്‌ലിം ഭരണകൂടങ്ങളും അതിയായി കൊതിച്ചിരുന്നു. അതിനാൽ തന്നെ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ സൈന്യത്തെ വിന്യസിക്കാൻ മുസ്‌ലിം ദൗലതുകൾ അഹമഹമികയാ മുന്നോട്ട് വന്നു. 

ബൈസാന്റൈൻ സാമ്രാജ്യത്തിനെതിരെ പ്രവാചകന്റെ കാലത്ത് തന്നെ മുസ്‌ലിംകൾക്ക് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. മുസ്‌ലിം അധീന പ്രദേശങ്ങളായ ഫലസ്തീനും സിറിയയും ഈജിപ്തുമെല്ലാം ബൈസാന്റൈനുമായി അതിർത്തി പങ്കിടുന്നതിനാൽ തന്നെ അവരെ നിരീക്ഷിക്കൽ മുസ്‌ലിംകൾക്ക് അനിവാര്യമായിരുന്നു. 

 മുആവിയ (റ)യാണ് അറബികളിൽ നിന്ന് ആദ്യമായി കോൺസ്റ്റാന്റിനോപ്പിൾ ഉപരോധത്തിന് തയ്യാറാവുന്നത്. ക്രി.669/ഹി.49 ൽ ഫുദാലതു ബ്നു ഉബൈദില്ലാഹിയുടെ നേതൃത്വത്തിൽ അദ്ദേഹം ഒരു വലിയ സൈന്യത്തെ ഉപരോധത്തിനായി അയച്ചു. ശേഷം സഹായക സംഘങ്ങളായി സുഫ്‌യാനു ബ്നു ഔഫിനെയും പിന്നീട് തന്റെ മകനായ യസീദു ബ്നു മുആവിയയെയും വമ്പിച്ച സന്നാഹങ്ങളോടെ അയച്ചു. ബൈസാന്റൈൻ തലസ്ഥാനനഗരി കീഴടക്കാൻ വേണ്ടി മുസ്‌ലിം സേന ഏറെ ശ്രമിച്ചെങ്കിലും ശക്തമായ ബൈസന്റൈൻ കോട്ടമതിലിനു മുന്നിൽ മുസ്‌ലിം സേനക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഈ യുദ്ധത്തിലാണ് അബൂ അയ്യൂബ് അൽ അൻസാരി വഫാത്താവുന്നത്. അദ്ദേഹത്തെ കോൻസ്റ്റാന്റിനോപ്പിളിന്റെ കോട്ട മതിലിനു ചാരി മറവ് ചെയ്തു. പിന്നീട് 1453ൽ മുഹമ്മദുൽ ഫാതിഹ് കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കുമ്പോൾ അദ്ദേഹത്തിന്റെ ഖബർ കണ്ടെത്തുകയും അവിടെ അദ്ദേഹത്തിന്റെ പേരിൽ ഒരു പള്ളി പണി കഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുആവിയ (റ)യുടെ ഭരണ കാലത്ത് തന്നെ വീണ്ടും ഉപരോധശ്രമങ്ങൾ നടന്നിട്ടുണ്ട്. ക്രി.674 ൽ തുടങ്ങിയ രണ്ടാംഉപരോധം ഏഴു വർഷക്കാലം നീണ്ടു നിൽക്കുന്നുണ്ട്. പക്ഷെ, ബൈസന്റൈൻ കോട്ട ശക്തമായിരുന്നു. മുസ്‌ലിം പടയാളികൾക്ക് നേരെ ഗ്രീക്ക് ഫയർ ഉപയോഗിച്ച് അവർ നഗരം സംരക്ഷിച്ചു. 

പിന്നീട് ഖലീഫ വലീദ് ബ്നു അബ്ദിൽ മലിക്കിന്റെ കാലത്ത് അദ്ദേഹം കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കുന്നതിനായി സൈന്യത്തെ തയ്യാറാക്കിയിരുന്നു. പക്ഷെ, സൈന്യം പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം വഫാതായി. പിന്നീട് പിൻഗാമിയായ സുലൈമനുബ്നു അബ്ദിൽമലിക് ആ ദൗത്യം ഏറ്റെടുത്തു. സഹോദരനായ മസ്‌ലമതു ബ്നു അബ്ദിൽമലികന്റെ നേതൃത്വത്തിൽ ഒരു വലിയ സൈന്യത്തെ അദ്ദേഹം ഉപരോധത്തിനായി അയച്ചു. ക്രി.716 ആഗസ്റ്റ് 15ന് മസ്‌ലമയും സംഘവും കോൻസ്റ്റാന്റിനോപ്പിൾ ഉപരോധം തുടങ്ങിയിരുന്നു. ക്രി.718ൽ ഉമറുബ്നു അബ്ദിൽ അസീസ് ഭരണമേറ്റെടുത്തപ്പോൾ ഈ സംഘത്തോട് തിരിച്ചു വരാൻ ആവശ്യപ്പെടുന്നത് വരെ ഇവർ ഉപരോധം തുടർന്നിരുന്നു. 

കോൻസ്റ്റാന്റിനോപ്പിളിന്റെ ശക്തമായ മതിൽകെട്ടിനും ശക്തരായ നാവിക പടക്കും മുന്നിൽ പരാജിതരായി മടങ്ങാനായിരുന്നു പലപ്പോഴും മുസ്‌ലിം സേനകളുടെ വിധി. പ്രവാചകന്റെ പ്രവചനങ്ങൾ യാഥാർഥ്യമാക്കാൻ ശേഷം വന്ന ഭരണകൂടങ്ങളും ശ്രമിച്ചുകൊണ്ടിരുന്നു. കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമായി മാറി. പിന്നീട് ഓട്ടോമൻ ഖിലാഫത്തിന്റെ സമയത്താണ് മുസ്‌ലിം സ്വപ്നങ്ങൾ സാക്ഷാത്‌കൃതമാവുന്നത്. ഓട്ടോമൻ ഭരണാധികരികളായ സുൽത്താൻ ബായസീദും മുഹമ്മദുൽ ഫാതിഹിന്റെ പിതാവായ സുൽത്താൻ മുറാദ് രണ്ടാമനും കോൻസ്റ്റാന്റിനോപ്പിൾ ഉപരോധിച്ചിരുന്നു. പിന്നീട് ശേഷം വന്ന മുഹമ്മദുൽ ഫാതിഹ് എന്നറിയപ്പെട്ട മുഹമ്മദ് രണ്ടാമനാണ് നഗരം കീഴടക്കി കാലങ്ങളായുള്ള മുസ്‌ലിം സ്വപ്നങ്ങൾക്ക് യാഥാർഥ്യത്തിന്റെ മുഖം നൽകുന്നത്. 


References:

  • فتح القسطنطينية ، الدكتور عبدالسلام عبدالعزيز فهمى
  • تاريخ الدولة الاموية, د محمد سهيل طقوش

Post a Comment

Previous Post Next Post