ഫെബ്രുവരി 10, സുൽത്താൻ അബ്ദുൽ ഹമീദ് ഖാൻ വിട പറഞ്ഞിട്ട് 105 വർഷങ്ങൾ കഴിയുന്നു.
തകർച്ചയുടെ വക്കിലെത്തിയ ഇസ്‌ലാമിക ഖിലാഫത്തിനെ അവസാന നാളുകളിൽ താങ്ങി നിർത്തിയ നായകനായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ്. നാനാ ഭാഗങ്ങളിൽ നിന്നും പാശ്ചാത്യ ശക്തികൾ തുരുതുരെ ഒളിയമ്പുകളെയ്ത് ഇസ്‌ലാമിക പാരമ്പര്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്ന കാലത്ത് നെഞ്ചുവിരിച്ച് നിന്ന് ഇസ്‌ലാമിക പൈതൃകത്തെയും ഖിലാഫത്തിനെയും സംരക്ഷിച്ച അതുല്യ നേതാവ്. തന്റെ അതിയായ ബുദ്ധിശക്തിയും തന്റേടവും കൊണ്ട് ഉസ്മാനീ ഭരണകൂടത്തെ എതിരാളികൾക്ക് മുന്നിൽ ഒരു പേടിസ്വപ്നമായി അവതരിപ്പിച്ച സുൽത്താൻ.
സുൽത്താൻ അബ്ദുൽ അസീസിനെ കൊലപ്പെടുത്തി ശേഷം സുൽത്താൻ മുറാദ് അഞ്ചാമനെ സ്ഥാനത്തിരുത്തിയപ്പോൾ ഉസ്മാനി ഖിലാഫത്തിന് ചരമഗീതം രചിച്ച് ആനന്ദ നൃത്തമാടിയിരുന്ന പാശ്ചാത്യ കുബുദ്ധികൾക്ക് അപ്രതീക്ഷിതമായി ഏറ്റ തിരിച്ചടിയായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദിന്റെ വരവ്. ഒരു വർഷം കൊണ്ട് തകരുമെന്ന് വിധിയെഴുതിയ ഉസ്മാനി ഖിലാഫത്തിനെ നീണ്ട 33 വർഷങ്ങൾ അദ്ദേഹം മനോഹരമായി ഭരിച്ചു കാണിച്ചു. അദ്ദേഹത്തിൻറെ ഭരണകാലത്ത് ഒട്ടനവധി പുരോഗമനങ്ങൾക്ക് ഉസ്മാനി ഖിലാഫത്ത് സാക്ഷിയായി.
പിതാവിൻറെ മൂത്ത പുത്രൻ അല്ലാത്തത് കാരണത്താൽ തന്നെ ഒരിക്കലും ഖലീഫയാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ ചെറുപ്പകാലങ്ങളിൽ കച്ചവട തൽപരനായിരുന്നു അദ്ദേഹം. കച്ചവട കാര്യങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാടവം എടുത്തുപറയേണ്ടതാണ്. ഖലീഫയാകുന്നതിന് മുമ്പ് തന്റെ കച്ചവടം കൊണ്ടുണ്ടാക്കിയ സമ്പാദ്യങ്ങളാണ് പലനിർണായക ഘട്ടങ്ങളിലും ഖിലാഫത്തിന് വേണ്ടി അദ്ദേഹം ചെലവഴിച്ചത്.
അദ്ദേഹത്തിന്റെ ഭരണപാടവം എതിരാളികൾ വരെ അംഗീകരിച്ചിരുന്നു. അദ്ദേഹത്തിൻറെ ബുദ്ധി സാമർഥ്യത്തിൽ അത്ഭുതപ്പെട്ടുകൊണ്ട് ജർമൻ ചാൻസിലർ ആയിരുന്ന ബിസ്മാർക്ക് പറഞ്ഞു: "യൂറോപ്പിലെ തൊണ്ണൂറ് ശതമാനം ബുദ്ധിയും അബ്ദുൽ ഹമീദിന്റെത് മാത്രമാണ്."
1909 ൽ യുവതുർക്കികൾ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ഗ്രീസിലെ സെലാനിക്കിലേക്ക് നാട് കടത്തി. പിന്നീട് ഗ്രീസ് ഓട്ടോമൻ അധീനതയിൽ നിന്ന് പോയ ശേഷമാണ് അദ്ദേഹത്തെ തിരികെ ഇസ്താംബൂളിലേക്ക് കൊണ്ടുവരുന്നത്.
അബ്ദുൽ ഹമീദിന് ശേഷം ഉസ്മാനി ദൗലത്തിൽ തീർത്തും അരക്ഷിതാവസ്ഥയായിരുന്നു. പടിഞ്ഞാറൻ ആക്രമണങ്ങളെ തടുത്തുനിർത്താൻ ശേഷം വന്നവർക്കായില്ല. ഉസ്മാനികൾക്ക് ഓരോന്നോരോന്നായി പലപ്രദേശങ്ങളും നഷ്ടപ്പെട്ടു തുടങ്ങി.
തന്റെ ദൗലത്തിന് തുടർച്ചയായി വരുന്ന പാശ്ചാത്യൻ ആക്രമണങ്ങൾക്ക് സാക്ഷിയായി അദ്ദേഹം പറയുമായിരുന്നു: "ഞാനായിരുന്നു ഖലീഫയെങ്കിൽ യൂറോപ്യൻ ശക്തികളെ പരസ്പരം പോരടിപ്പിച്ചു കൊണ്ടിരിക്കുമായിരുന്നു. അവർ പരസ്പരം പോരടിച്ചാൽ മാത്രമേ മുസ്‌ലിംകൾക്ക് സമാധാനത്തോടെ ജീവിക്കാനാവൂ."
ഇസ്‌ലാമിക ഖിലാഫത്തിനെ സംരക്ഷിക്കാൻ വേണ്ടി സുൽത്താൻ കൈ കൊണ്ട പല നിലപാടുകൾ കാരണമായി അദ്ദേഹത്തിന് അതിരില്ലാത്ത പ്രചരണങ്ങൾക്ക് പാത്രമാകേണ്ടിവന്നിട്ടുണ്ട്. അവ കാരണമായി സുൽത്താൻ പലപ്പോഴായി തെറ്റിദ്ധരിക്കപ്പെട്ടു പോകാറുണ്ട്. ഉസ്മാനി ഖിലാഫത്തിന്റെ അവസാനശ്വാസം സംരക്ഷിക്കാൻ തന്റെ ജീവിതം മാറ്റിവച്ച അല്ലാഹുവിൻറെ വലിയ്യായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ്. 1918ൽ തന്റെ എഴുപത്തിരണ്ടാമത്തെ വയസ്സിലാണ് ബെയ്ലാർ ബെയ് കൊട്ടാരത്തിൽ വെച്ച് അദ്ദേഹം വഫാത്താകുന്നത്.
Visit:
പ്രവാചക നിന്ദക്കെതിരെ ആഞ്ഞടിച്ച ഖലീഫ
Great 👍❤️
ReplyDelete❣️
ReplyDelete