പ്രവാചക നിന്ദക്കെതിരെ ആഞ്ഞടിച്ച ഖലീഫ

Sultan Abdulhamid
പ്രവാചകാനുരാഗത്തിൽ മുഴുകി ജീവിച്ചവരായിരുന്നു ഉസ്മാനി ഖലീഫമാർ. പ്രവാചക ജീവിതം അപ്പടി മാതൃകയാക്കി പ്രവാചകനെക്കുറിച്ചുള്ള മദ്ഹുകൾ സദാ സ്മരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവർ. പ്രവാചകന് നേരെ എവിടെ ശബ്ദമുയർന്നാലും എതിർത്തു നില്ക്കാൻ  അവരുണ്ടായിരുന്നു.

പ്രവാചകപ്രേമത്തിൽ പേര് കേട്ട സുൽത്താനാണ് ഖലീഫ അബ്ദുൽഹമീദ് ഖലീഫ അബ്ദുൽഹമീദ്  രണ്ടാമൻ. 1888 ൽ ഫ്രാൻ‌സിൽ പ്രവാചകനെ പരിഹസിച്ചു കൊണ്ടുള്ള ഒരു നാടകം പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. പ്രവാചകരെയും ഇസ്‌ലാമിനെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് ഫ്രഞ്ച് കവിയും നാടകകൃത്തുമായ ഹെൻറി ഡി ബോർണിയർ എഴുതിയ  'മഹോമത്' ("Mahomet") എന്ന നാടകമായിരുന്നു അത്. പടിഞ്ഞാറൻ മാധ്യമങ്ങൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്ന സുൽത്താൻ ഇതിനെക്കുറിച്ച് അറിഞ്ഞയുടനെ രോഷാകുലനായി. ഈ നാടകം പ്രദർശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് ഗവൺമെന്റിന് കത്തെഴുതി.  

ഫ്രഞ്ച് അംബാസിഡറുമായി ബന്ധപ്പെട്ട് തടയാൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കാൻ സുൽത്താൻ ആവശ്യപ്പെട്ടു. ഫ്രാൻസിലെ ഓട്ടോമൻ അംബാസഡറായിരുന്ന മഹ്മൂദ് എസാദ് പാഷ  ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത് ഫലമായി നാടകം ഒരു വർഷത്തേക്ക് നീട്ടി വെക്കാൻ തീരുമാനമായി. 1890 ൽ ഫ്രാൻസിലെ 'കോമഡി ഫ്രാഞ്ചൈസ് തിയേറ്ററി'ൽ ഈ നാടകം വീണ്ടും പ്രദർശനത്തിനൊരുങ്ങി. നാടകത്തിൽ ഇസ്‌ലാമിനും മുഹമ്മദ് നബിക്കുമെതിരെയുള്ള ഉള്ളടക്കങ്ങളില്ല എന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. അന്ന് ഫ്രഞ്ച് കോളനികളായിരുന്ന അൾജീരിയയിലും തുനീഷ്യയിലും നാടകം പ്രദർശിപ്പിക്കില്ല എന്നും അവർ അറിയിച്ചു. 

ഇതെല്ലാമറിഞ്ഞ സുൽത്താൻ അബ്ദുൽഹമീദ് ഉടനടി ഇസ്താംബൂളിലെ ഫ്രഞ്ച് അംബാസഡറെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ച് ഇതിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടു. തുടർന്ന് അംബാസഡർ ഫ്രഞ്ച് പ്രധാനമന്ത്രിയായിരുന്ന ചാൾസ് ഡി ഫ്രീസിനെറ്റിന് കത്തെഴുതി സുൽത്താൻ ഓർമപ്പെടുത്തിയ കാര്യങ്ങൾ അറിയിച്ചു. ഗൗരവം മനസ്സിലാക്കിയ ഫ്രഞ്ച് ഗവണ്മെന്റ്  നാടകം പ്രദര്ശിപ്പിക്കുന്നതിൽ നിന്ന് ഫ്രാൻസിലെ എല്ലാ തിയേറ്ററുകളെയും തടഞ്ഞു. ഖലീഫയുടെ എതിർപ്പ് കരണമായുണ്ടായേക്കാവുന്ന അനന്തര ഫലങ്ങൾ ഭയന്ന് അവർ നാടകം രാജ്യത്താകെ നിരോധിക്കുകയും ചെയ്തു.

പക്ഷെ, നാടകത്തിന്റെ രചയിതാവായ ബ്രോണയർ ലണ്ടനിലെത്തി അവിടുത്തെ ലൈസിയം തിയേറ്ററിൽ ഇതേ നാടകം പ്രദര്ശിപ്പിക്കാനൊരുങ്ങി. ഇംഗ്ലണ്ട് അതിനെ അനുകൂലിക്കുകയും ചെയ്തു. ഞങ്ങൾ ഫ്രാൻസിനെ പോലെ ഭീരുക്കളല്ല എന്ന് അവർ വീര വാദം മുഴക്കി.

ഇതറിഞ്ഞ ഉടനെ അബ്ദുൽഹമീദ് ലണ്ടനിലേക്ക് കത്തെഴുതി. 

"ഞങ്ങളുടെ പ്രവാചകനെ നിന്ദിക്കാൻ ഞങ്ങൾ സമ്മതിക്കില്ല, ഞാൻ മുസ്ലിം ലോകത്തിന്റെ ഖലീഫയാണ്. എന്റെ ഒരു കല്പന കൊണ്ട് ലോക മുസ്ലിംകളെ ഒരുമിച്ച് കൂട്ടാൻ എനിക്കാവും. അങ്ങനെയൊരു  ഓർഡർ ഞാൻ നൽകിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ"

അബ്ദുൽഹമീദിന് ഈ പറഞ്ഞതെല്ലാം ചെയ്യാനാവും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ലാതിരുന്ന ബ്രിട്ടൻ  ഖലീഫയുടെ രോഷം ഭയന്ന് ഒടുവിൽ പ്രദർശനം നിർത്തി വെച്ചു.

1900 ൽ ഇംഗ്ലീഷ് കവിയും നാടകകൃത്തുമായ വില്യം പെർസിയുടെ "Mahomet and His Heaven" (1601) എന്ന നാടകം പാരിസിൽ പ്രദർശനത്തിനൊരുങ്ങിയപ്പോൾ പാരിസിലെ ഓട്ടോമൻ എംബസി ഇടപെട്ട് നാടകത്തിന്റെ പേര് മാറ്റുകയും മുസ്‌ലിംകൾക്കെതിരെയുള്ള തെറ്റിദ്ധാരണാജനകമായ ഉള്ളടക്കം തിരുത്തുകയും ചെയ്തു. ഇത്തരം സന്ദർഭങ്ങളിലെല്ലാം ഉസ്മാനികൾ യുദ്ധങ്ങൾക്കോ മറ്റു സാഹസങ്ങൾക്കോ തയ്യാറാവാതെ നയതന്ത്രപരമായിത്തന്നെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. നാടകകൃത്തുക്കളെ വധിക്കാനോ അക്രമിക്കാനോ അവർ മുതിർന്നിരുന്നുമില്ല. 

ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന വോൾട്ടയർ(1694 -1778) പ്രവാചകരെ അപകീർത്തിപ്പെടുത്തി "Le fanatisme, ou Mahomet le Prophete" ("Fanaticism, or Mahomet the Prophet") എന്ന നാടകം എഴുതിയിരുന്നു. ഇക്കാരണത്താൽ തന്നെ വോൾട്ടയറിന്റെ പുസ്തകങ്ങൾ ഓട്ടോമൻ അധീന പ്രദേശങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് സുൽത്താൻ അബ്ദുൽഹമീദ് വിലക്കേർപ്പെടുത്തിയിരുന്നു.

References
https://www.heritagetimes.in/letter-of-abdul-hamid-to-uk#:~:text=In%20the%20late%201800s%2C%20it,to%20put%20an%20end%20to.
https://www.dailysabah.com/arts/offensive-theater-plays-against-islam-sultan-abdulhamid-iis-endeavors-in-europe/news

2 Comments

Previous Post Next Post