ഓട്ടോമൻ ഭരണത്തിലെ ഭ്രാതൃഹത്യ; അനുകൂല-പ്രതികൂല വാദങ്ങൾ

Fratricide in the Ottoman Empire;
Munif Fehim's painting on "ottoman fratricide"

മുഹമ്മദുൽ ഫാതിഹ്; വിമർശനങ്ങളുടെ നിജസ്ഥിതി (ഭാഗം ഒന്ന്)

1453 ൽ കോൻസ്റ്റൻ്റിനോപ്പിൾ കീഴടക്കിയത് മുതൽ സുൽത്താൻ മെഹ്മെദ് ഫാതിഹ് ലോകോത്തര തരത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉസ്മാനീ ഭരണാധികാരിയായി മാറി. ഉസ്മാനികളെ വിലവെക്കാതിരുന്ന പല ഭരണകൂടങ്ങളും അക്കാലം മുതൽ അവരോടുള്ള തങ്ങളുടെ സമീപനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങി. 'കൈസറെ റോം' എന്ന സ്ഥാനം കൂടി സ്വീകരിച്ചതോടെ പല ക്രിസ്ത്യൻ വിഭാഗങ്ങൾക്കും സുൽത്താൻ അഭിമതനായി മാറുകയാണുണ്ടായത്. 

ചരിത്രത്തിൽ വലിയ സ്വീകാര്യത ലഭിച്ച സുൽത്താൻ മെഹ്മെദിനെതിരെ പിൽകാല ചരിത്രകാരന്മാരിൽ നിന്നും വലിയ തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. അധികാരം ലഭിക്കുമ്പോൾ ആഭ്യന്തര തർക്കം ഉടലെടുക്കാതിരിക്കാൻ സ്വന്തം സഹോദരനെ വധിക്കുന്ന (Fratricide) സമ്പ്രദായം തുടങ്ങിയ സുൽത്താനെതിരെ ജർമൻ ചരിത്രകാരൻ ഫ്രാൻസ് ബാബിഞ്ചർ തൻ്റെ Mehmed the Conqueror and His Time ൽ വിമർശനം ഉന്നയിക്കുന്നുണ്ട്. സുൽത്താൻ്റെ കാലത്തു തന്നെയാണ് ഈ സമ്പ്രദായം നിലവിൽ വന്നതെന്ന് ഹലീൽ ഇനാൽജിക്ക്, അഹ്മദ് അക്ഗുൻദുസ് എന്നിവരടക്കമുള്ള ഉസ്മാനീ ചരിത്രകാരന്മാർ രേഖപ്പെടുത്തിയതായി കാണാം. സുൽത്താൻ സലീം ഒന്നാമൻ, സുലൈമാൻ ഖാനൂനി എന്നിവരുടെ കാലത്ത് ശൈഖുൽ ഇസ്ലാം ആയിരുന്ന ഇബ്നു കമാൽ പാഷ തന്നെ തൻ്റെ 'താരീഹെ ആലെ ഉസ്മാനിയെ'യിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. എന്തിനാണ് ചരിത്ര പാരമ്പര്യമുള്ള ഈ സംവിധാനത്തെ ഔദ്യാേഗിക നിയമമാക്കി സുൽത്താൻ കൊണ്ടുവന്നതെന്ന് അദ്ദേഹം വിശദീരിച്ചിട്ടുണ്ട്. 

1470 ൽ ഗ്രീസിൽ അന്തരിച്ച ചരിത്രകാരനായ മൈക്കൽ ക്രിറ്റോബുലസും ഈ വിഷയത്തിൽ സുൽത്താനെ പ്രതിപക്ഷ സ്ഥാനത്തു നിർത്തുന്നുണ്ട്. ഇത്തരും പ്രവർത്തനങ്ങളുടെ മതപരവും ധാർമികപരവുമായ അടിസ്ഥാനത്തെ ചോദ്യം ചെയ്യുകയാണ് ഈ ചരിത്രകാരന്മാരൊക്കയും നിർവഹിക്കുന്നത്. 

ഉസ്മാനികൾക്കെതിരെ പലപ്പോഴായി പലരും ഉന്നയിച്ച വിമർശനമാണിത്. പല തരത്തിൽ പലരും ഈ നിയമത്തെ വിശദീകരിച്ചിട്ടുണ്ട്. എന്തിനാണ് ഇത്തരം ഒരു നിയമത്തെ ഇസ്ലാമിക ഭരണകൂടമായ ഉസ്മാനി ദൗലത്ത് നടപ്പിലാക്കുന്നതെന്നും അതിനുള്ള മതപരമായ അടിസ്ഥാനമെന്താണെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നിടത്ത് ഈ വിമർശനങ്ങൾ അപ്രസക്തമാകും. 

അതിനുള്ള ശ്രമങ്ങളാണ് ഇസ്മാഈൽ ഹഖി ഉസുൽചർശിലി അടക്കമുള്ള ചരിത്രകാരന്മാർ നിർവഹിച്ചത്. പ്രധാനമായും ഈ നിയമം കൊണ്ട് ലക്ഷീകരിക്കുന്നത് ആഭ്യന്തര യുദ്ധങ്ങളുടെ സാധ്യതയെ പാടെ തടുക്കുക എന്നുള്ളതാണ്. ഇത്തരം സാഹചര്യങ്ങൾ (ഒരു സുൽത്താൻ മരണപ്പെടുകയും പിൻഗാമിയായി ഒന്നിലധികം മക്കൾ അദ്ദേഹത്തിനുണ്ടാവുകയും ചെയ്താൽ) സ്വാഭാവികമായും ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നുള്ളത് ചരിത്ര സാക്ഷ്യമാണ്. 1402 ലെ അങ്കാറ യുദ്ധത്തിൽ തിമൂറിനോട് പരാജയപ്പെട്ടതും ശേഷം 1411 വരെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധവും ഉസ്മാനികളുടെ ലെഗസിയെ ചെറുതായെങ്കിലും തകർത്തത് സുൽത്താൻ മെഹ്മദിന് ചരിത്ര പാഠമായിരുന്നു. അതിനാൽ തന്നെ അധികാര കസേരക്കു വേണ്ടി എതിരാളികളില്ലാതിരിക്കുക എന്നത് അത്യാവശ്യമായി എന്നതാണ് യാഥാർത്ഥ്യം.

ഇദ്രീസ് ബിദ്ലിസി മുതൽ ആധുനിക ചരിത്രകാരന്മാർ വരെ ഈ സംവിധാനത്തെ ന്യായീകരിക്കുന്നത് പ്രധാനമായും ഈ വാദാടിസ്ഥാനത്തിലാണ്.  ഈ അടുത്തായി തുർക്കിയിൽ നിന്ന് സംപ്രേക്ഷണം പൂർത്തിയാക്കിയ 'മെഹ്മെദ് ഫെതിഹലർ സുൽത്താനി'യിൽ ഇക്കാര്യം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രസ്തുത സീരീസിൽ താൻ യുദ്ധത്തിലായിരിക്കെ തൻ്റെ ചെറിയ മകനെ ഉപയോഗിച്ച് ഭാര്യ അധികാരം കൈയ്യേറാൻ ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സുൽത്താൻ മെഹ്മെദ് മകൻ ബായെസീദിനെ വധിക്കാൻ ഉത്തരവിടുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ യാതാർത്ഥ്യം പ്രമാണാടിസ്ഥാനത്തിൽ ഉറപ്പു വരുത്തേണ്ടതാണ്. 

സാമൂഹിക ക്രമം (നിസാം) നിലനിൽക്കാനും അധികാരത്തിനു വേണ്ടിയുള്ള പോരാട്ടം ഇല്ലാതിരിക്കാനുമാണ് ഈ നിയമം കൊണ്ടുവന്നതെന്ന് ഈ നിയമത്തെക്കുറിച്ച് ശൈഖുൽ ഇസ്‌ലാം ഇബ്നു കമാൽ പാഷ അക്കാലത്തു തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ''കുഴപ്പുമുണ്ടാക്കൽ കൊലയെക്കാൾ കഠിനമാണെ"ന്ന വിശുദ്ധഖുർആനിലെ രണ്ടാം സൂറത്തിലെ  191-ാമത്തെ ആയത്തിനെ കേന്ദ്രീകരിച്ച് പൊതുനന്മ (മസ്‌ലഹ) ലക്ഷ്യമാക്കിയാണ് ഈ നിയമം അക്കാലത്ത് ഉസ്മാനീ പണ്ഡിതർ പ്രാഭല്യത്തിൽ കൊണ്ടുവരുന്നത്. 

തുർക്ക് മംഗോൾ പാരമ്പര്യത്തിൽ (അക്കാലത്തെ ചില ബൈസൻ്റൈൻ ചക്രവർത്തിമാരും ഇങ്ങനെ ചെയ്തിരുന്നതായി കാണാം) തന്നെ ഈ ശൈലി ഉണ്ടായിരുന്നെന്നും സുൽത്താൻ അതൊരു നിയമമാക്കി കൊണ്ടുവരികയാണ് ചെയ്തതെന്നും ചരിത്രത്തിൽ കാണാൻ കഴിയും. 

രാഷ്ട്രീയ തത്ത്വങ്ങളെക്കുറിച്ച് 'സിയാസെ നാമ' എന്ന ഗ്രന്ഥം രചിച്ച 1567 ൽ അന്തരിച്ച ഉസ്മാനീ മതവിധികർത്താവായിരുന്ന ദെദെ ജോംഗി എഫന്ദി, അധികാരത്തിനു വേണ്ടി രാജകുടുംബാംഗങ്ങൾ നടത്തുന്ന പോരാട്ടത്തെ 'സഅ് യു ബിൽ ഫസാദ്' എന്ന മതത്തിൽ ശിക്ഷാർഹമായ ലേബലിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

1599 അന്തരിച്ച് ശൈഖുൽ ഇസ്ലാം ഖോജ സഅദുദ്ദീൻ എഫെന്ദി, ഖുർആനിലെ സൂറതുൽ കഹ്ഫിൽ പ്രവാചകൻ മൂസ(അ) ഭാവിയിൽ കുടുംബത്തിലും സമൂഹത്തിലും പ്രശ്നമുണ്ടാകാതിരിക്കാൻ ഒരു കുട്ടിയെ വധിക്കുന്ന ചരിത്രം വിവരിക്കുന്ന 80-81 ആയത്തുകളെ ഇതിൻ്റെ തെളിവായി ഉദ്ധരിച്ചിട്ടുണ്ട്. 1836 ൽ അന്തരിച്ച, റദ്ദുൽ മുഹ്താറിൻ്റെ രചയിതാവായ ഉസ്മാനി പണ്ഡിതൻ ഇബ്നു ആബിദീൻ ഈ വിഷയത്തിൽ ഉസ്മാനീ നടപടിയെ ശരിവെക്കാൻ നസഫി ഇമാമിനെ കൂടി ആധാരമാക്കിയിട്ടുണ്ട്. 

‘വലിയ വിപത്തിനെ തടുക്കാൻ ചെറിയ വിപത്ത് അനുവദനീയമാണ്’ അതല്ലെങ്കിൽ ‘സാമൂഹിക വിപത്തിനെ നേരിടാൻ വ്യക്തിപരമായ വിപത്തുകൾ അനുവദനീയമാണ് എന്ന ഇസ്ലാമിക കർമശാസ്ത്രത്തിലെ നിയമത്തെയാണ് 1644 ൽ അന്തരിച്ച ബോസ്നവി ഹുസൈൻ എഫെന്ദി, 1624 ൽ അന്തരിച്ച സിറിയൻ ഹമ്പലി പണ്ഡിതനായിരുന്ന ഇബ്നു യൂസുഫ് എന്നിവരടക്കം ഇതിനെ മതകീയ നിയമമാക്കിയവരെല്ലാം തന്നെ അടിസ്ഥാനമാക്കിയ തത്ത്വം. 

(വലിയ വിപത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്; ഒരു സുൽത്താൻ്റെ മരണശേഷം നിർണിതമായ ഒരു പിന്തുടർച്ചക്കാരനില്ല എങ്കിൽ എല്ലാ അവകാശികളും പരസ്പരം പോരടിക്കുകയും സാമ്രാജ്യം പല ഭാഗങ്ങളിലായി വിഭജിക്കപ്പെടുകയും ചെയ്യും. ഓരോ അവകാശികൾക്ക് കീഴിലുമായി നിരവധിയാളുകൾ പരസ്പര യുദ്ധത്തിനിറങ്ങുകയും അത് ഒരുപാട് മുസ്‌ലിംകൾ തങ്ങളുടെ മുസ്‌ലിം സഹോദരങ്ങളെ വധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. അത്രയും മുസ്‌ലിംകൾ മരണപ്പെടുന്നതിലും ഭേദം അതിന് കാരണക്കാരാവാനിടയുള്ള വിരലിലെണ്ണാവുന്ന കിരിടാവകാശികൾ വധിക്കപ്പെടുക എന്നുള്ള താരതമ്യേന ചെറിയ വിപത്ത് ആണ്)

ചുരുക്കത്തിൽ ഖുർആനെ അടിസ്ഥാനമാക്കി ഇസ്ലാമിക നിയമപരമായി സാമൂഹിക നന്മ, രാഷ്ട്രീയ സുരക്ഷ, ഭരണീയരുടെ ഒത്തൊരുമ, സുൽത്താൻ്റെ അധികാര സംരക്ഷണവും വർധനവും തുടങ്ങിയവ മുന്നിൽ കണ്ടാണ് ഈ നിയമം വന്നതെന്ന് മനസ്സിലാക്കാൻ കഴിയും. പ്രസ്തുത നിയമം വലിയ തരത്തിലുള്ള വിവാദങ്ങൾക്കു കാരണമായി. പല ആധുനിക ചരിത്രകാരന്മാരും ഇതിൻ്റെ പേരിൽ സുൽത്താനെ ക്രൂരനായി ചിത്രീകരിച്ചു. 

അധികാര തർക്കത്തെ ഇല്ലായ്മ ചെയ്യാൻ മെഹ്മെദ് അവതരിപ്പിച്ച ക്രൂരമായ മാർഗമായിരുന്നു ഇതെന്നെതാണ് ഉസ്മാനി നിയമ ചരിത്രത്തെക്കുറിച്ച് പഠിച്ച ചരിത്രകാരൻ കോളിൻ ഇംപറിൻ്റെ നിരീക്ഷണം. The Ottoman Empire, 1300–1650: The Structure of Power എന്ന പുസ്തകത്തിൽ ഈ നിയമത്തെ വിവരിച്ച അദ്ദേഹം ഇതിനെ ഉസ്മാനീ രാഷ്ട്രീയ പശ്ചാതത്തിൽ മനസ്സിലാക്കണം എന്ന് പ്രത്യേകമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ബകി തെസ്കാൻ പ്രസ്തുത നിയമത്തിൻ്റെ ധാർമിക വശത്തെ ചോദ്യം ചെയ്യുകയും The Second Ottoman Empire: Political and Social Transformation in the Early Modern World എന്ന തൻ്റെ പുസ്തകത്തിൽ എങ്ങനെയാണ് ഈ നിയമം ഇല്ലാതായതെന്നും ചർച്ച ചെയ്തിട്ടുണ്ട്. 

മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ എച്ച്. എർദം ജിപ ഈ നിയമം മതധാർമികതക്കെതിരാണെന്ന് വാദിച്ചിട്ടുണ്ട്. ഉസ്മാനി രാഷ്ട്രീയ സംസ്കാരത്തെക്കുറിച്ച് പഠനം നടത്തിയ വ്യക്തിയാണ് എർദം. The Making of Selim: Succession, Legitimacy, and Memory in the Early Modern Ottoman World എന്ന പുസ്തകം അദ്ദേഹം രചിച്ചതാണ്. 

മുസ്‌ലിം പണ്ഡിതർ പല രീതിയിലാണ് വിഷയത്തെ സമീപിച്ചത്. അക്കാലത്ത് തന്നെ ഇതിനെ എതിർത്ത പണ്ഡിതന്മാരുണ്ടായിരുന്നെന്ന് അക്രം ബുഗ്റ എകിൻജി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സമ്പ്രദായം ഉസ്മാനികളിൽ നടന്നിട്ടില്ലെന്നും ഇത്തരം കഥകളെല്ലാം പിന്നീട് ക്രിതൃമമായി നിർമിക്കപ്പെട്ടതാണെന്നുമാണ്  1976 ൽ അന്തരിച്ച അലി ഹിമ്മത്ത് ബർക്കിയുടെ അഭിപ്രായം. പക്ഷെ, ഇത് ഒരു മൂല്യമുള്ള വാദമായി പരിഗണിക്കാൻ പറ്റുമോ എന്നത് സംശയമാണ്. വിശിഷ്യാ ഈ അഭിപ്രായം രേഖപ്പെടുത്തുന്നതിന് പകരം ഭൂരിഭാഗം മുസ്ലിം പണ്ഡിതരും നിയമത്തിൻ്റെ വ്യാഖ്യാനത്തെ സ്ഥിരപ്പെടത്താനാണ് ശ്രമിച്ചതെന്ന് ചേർത്തുവായിക്കുന്ന സാഹചര്യത്തിൽ. സുന്നി പാരമ്പര്യം കാത്തു സൂക്ഷിച്ച സൽജൂക്കിലും തുർക്കി പാരമ്പര്യത്തിലും ഇത്തരം രീതികൾ നിലനിന്നിരുന്നു എന്ന് തുർക്കി പണ്ഡിതർ തന്നെ രചിച്ച പുസ്തകങ്ങളിൽ കാണാൻ കഴിയും. മതപരമായി ഈ നിയമം തെറ്റാണെന്നും അതിനാൽ തന്നെ ഇസ്ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഭരണകൂടം അങ്ങനെ ചെയ്യില്ലെന്നുമാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ഇതിനെക്കുറിച്ച 2016 ൽ  അന്തരിച്ച പ്രമുഖ ചരിത്രകാരനായിരുന്ന ഹലീൽ ഇനാൽജിക്കും ഒരു വേള വിമർശനാത്മകമായി തന്നെ വിലയിരുത്തുന്നുണ്ട്. ചുരുക്കത്തിൽ നിയമത്തിൻ്റെ സാധ്യതകളെക്കുറിച്ചും ധാർമിക പരിസരത്തെക്കുറിച്ചുമാണ് പ്രധാനമായും ചിലരെങ്കിലും ആശങ്ക ഉന്നയിച്ചതെന്ന് മനസ്സിലാക്കാം. 

(തുടരും)

Post a Comment

Previous Post Next Post