ഉസ്മാൻ ഗാസിയുടെ വസിയ്യത്

കലുഷിതമായ അന്തരീക്ഷത്തിൽ നിന്ന് പ്രശാന്തമായ ഒരു ദൗലത്ത് സ്ഥാപിച്ചെടുക്കാൻ വേണ്ടി ജീവിതം മാറ്റി വെക്കുകയായിരുന്നു ഉസ്മാൻ ഗാസി. പിതാവിൽ നിന്ന് സ്വായത്തമാക്കിയ ധൈര്യവും ധീരതയും മുതൽകൂട്ടാക്കി ബൈസന്റൈൻ സാമ്രാജ്യത്തിൻറെ അടിത്തറയിളക്കാൻ പരി ശ്രമിക്കുകയായിരുന്നു ഉസ്മാൻ ഗാസി. പല പ്രവിശ്യകളും കായി ഖബീലക്ക് കീഴിലാക്കി 1326 ലാണ് അദ്ദേഹം വഫാത്താവുന്നത്.

1320 മുതൽ തന്നെ രോഗം കാരണമായി അദ്ദേഹം വിശ്രമത്തിലായിരുന്നു എന്നും എന്നും ചരിത്രകാരന്മാർ പറയുന്നു.

Testament of Osman Gazi to Orhan

വഫാത്താവുന്നതിന് മുമ്പ് തന്റെ മകനും പിൻഗാമിയുമായ ഓർഹാൻ ഗാസിക്ക് അദ്ദേഹം നൽകിയ വസിയ്യത്ത് ഏറെ പ്രാധാന്യമേറിയതാണ് :


"പൊന്നു മോനെ,
മറ്റെല്ലാ കാര്യങ്ങളെക്കാളും ദീനിന്റെ വിഷയം നീ ശ്രദ്ധിക്കണം. ദീനി കാര്യങ്ങൾ ശ്രദ്ധിക്കുമ്പോഴാണ് ദൗലത്ത് ശക്തി പ്രാപിക്കുന്നത്.

മത കാര്യങ്ങൾ ശ്രദ്ധിക്കാത്ത, അവിശ്വസ്തരായ, അപ്രാപ്യരായ ആളുകൾക്ക് ഭരണ നേതൃത്വങ്ങൾ നൽകരുത്. കാരണം സൃഷ്ടാവിനെ ഭയമില്ലാത്തവർ സൃഷ്ടികളുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കില്ല. ഇത്തരം ആളുകളിൽ വിശ്വസ്ത കുറവായിരിക്കും. അവരിൽ അല്പമെങ്കിലും വിശ്വസ്തതയുണ്ടായിരുന്നെങ്കിൽ അവർ നബിയുടെ ശരീഅത്തിനോട് ആ വിശ്വസ്തത പുലർത്തുമായിരുന്നു.

ബിദ്അത്തുകാരെയും ജനോപദ്രവകാരികളെയും അകറ്റി നിർത്തണം. കാരണം അത്തരക്കാർ നിന്നെ തകർത്തു കളയും.

രാഷ്ട്രം എപ്പോഴും വിശാലമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കണം. കാരണം, ദീർഘ കാലം കാമ്പയിനുകൾ ഇല്ലാതിരുന്നാൽ സൈനികരുടെ ധീരതയയും സൈന്യാധിപന്മാരുടെ അറിവും പരിചയ സമ്പന്നതയും പതിയെ കുറഞ്ഞു പോകും.
അങ്ങനെ അവയെ കുറിച്ച് കൂടുതൽ അറിവുള്ളവർ മരിക്കുകയും പരിചയമില്ലാത്തയാളുകൾ നേതൃ സ്ഥാനത്തേക്ക് കടന്ന് വരികയും ചെയ്യും. ഇത് ഒരുപാട് അപകടങ്ങൾക്ക് കാരണമാകും.

'ബൈത്തുൽ മാലി' (പൊതു ഖജനാവ്‌)ന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. ദൗലത്തിന് വേണ്ടി കൂടുതൽ സമ്പാദിക്കണം. ശരീഅത്തിന്റെ നിയമങ്ങൾക്കനുസരിച്ചുള്ളതായിരിക്കണം സമ്പാദ്യം. ആവശ്യമില്ലാത്തിടങ്ങളിൽ അവ ഉപയോഗിക്കരുത്.


നിന്റെ സൈന്യത്തിന്റെയും സമ്പാദ്യത്തിന്റെയും ധാരാളിത്തം കണ്ട് നീ അഹങ്കരിക്കരുത്. അവയെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ സേവനം ചെയ്യാനും ലോകത്ത് നീതി നടപ്പാക്കാനും വേണ്ടിയുള്ളതാണ്.


Osman Gazi's testament

വിശ്വസ്തതയോടെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു ജോലി ചെയ്യുന്ന രാജ്യതന്ത്രജ്ഞരെ സംരക്ഷിക്കണം. അവരുടെ മരണ ശേഷം അവരുടെ കുടുംബത്തിന്റെ കാര്യങ്ങൾ ഏറ്റെടുക്കണം.


അക്രമകരമായി ഒരു സമ്പത്തും പിടിച്ചു വാങ്ങരുത്. നല്ലവരായ ആളുകളെ സദാ സംരക്ഷിക്കണം.

പണ്ഡിതരും സച്ചരിതരും, തൊഴിലാളികളും, സാഹിത്യകാരന്മാരും രാഷ്ട്രത്തിന്റെ നെടും തൂണാണ്. ഇവരെ ബഹുമാനിക്കുകയും ഇവരോട് നല്ല നിലയിൽ വർത്തിക്കുകയും വേണം. സച്ചരിതരായ ആളുകളെക്കുറിച്ച് അറിയാനിടയായാൽ അവരോട് നല്ല ബന്ധം പുലർത്തുകയും അവരെ സംരക്ഷിക്കുകയും ചെയ്യണം.

നിന്റെ ദൗലത്തിൽ പണ്ഡിതരും സൂഫികളും വർദ്ധിക്കട്ടെ. രാഷ്ട്രീയവും മതകീയവുമായ കാര്യങ്ങൾ ക്രമത്തിലാവട്ടെ.

എന്നിൽ നിന്നും നീ പാഠമുൾക്കൊള്ളണം, ഈ പ്രദേശങ്ങളിലേക്ക് സാധാരണക്കാരനായ ഒരു 'ബെയ്' ആയിട്ടാണ് ഞാൻ വന്നത്. പക്ഷെ, -ഞാൻ അർഹിക്കുന്നില്ലെങ്കിലും- അല്ലാഹുവിന്റെ 'മഹത്തായ സഹായം' എനിക്ക് ലഭിക്കാനായി.


സ്രഷ്ടാവിനോടും അവന്റെ സൃഷ്ടികളോടുമുള്ള കടമകൾ നീ നിറവേറ്റണം.
നിന്റെ പിൻഗാമികൾക്കും ഇത്തരം മാർഗനിർദേശങ്ങൾ നീ നൽകണം. അക്രമങ്ങളെ നീതിയോടെ അടിച്ചമർത്തുമ്പോൾ അല്ലാഹുവിന്റെ സഹായം ഉണ്ടാകുമെന്ന വിശ്വാസം നിനക്കുണ്ടാവണം.

ശത്രുക്കളുടെ അധിനിവേശങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും നിന്റെ ജനങ്ങളെ നീ സംരക്ഷിക്കുക. ശത്രുക്കളുടെ അധിനിവേശങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും നിന്റെ ജനങ്ങളെ നീ സംരക്ഷിക്കുക."





1 Comments

Previous Post Next Post