1905 ജൂലൈ 21, യിൽദിസ് മസ്ജിദിന്റെ മുന്നിൽ ഒരുപാട്പേർ കൂടിയിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് തിരിച്ചു പോകുന്ന തങ്ങളുടെ സുൽത്താനെ ഒരു നോക്കു കാണാൻ വേണ്ടിയാണവർ കാത്തിരിക്കുന്നത്. പല സാധാരണക്കാർക്കും സുൽത്താനെ നേരിട്ട് കാണാനുള്ള അവസരമാണ് വെള്ളിയാഴ്ചകൾ. അന്ന് സുൽത്താൻ പള്ളിയിൽ നിന്ന് പുറത്തേക്ക് വരാൻ അല്പം വൈകി. പെട്ടന്നാണ് പുറത്ത് വലിയ ശബ്ദത്തോടെ ഒരു കുതിരവണ്ടി പൊട്ടിത്തെറിച്ചത്. ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി. പലരും അഗ്നിക്കിരയായി. സുൽത്താനെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നു ആ കാർ ബോംബ്. പക്ഷെ, ദൈവാധീനമെന്നോണം ഇസ്‍ലാമിക ഖിലാഫത്തിന്റെ അമരക്കാരനായിരുന്ന സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ആ സ്‌ഫോടനത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.
***
ഉസ്മാനി ഖിലാഫത്തിനെതിരെ നിരന്തരമായ പ്രതിഷേധങ്ങൾ നടത്തുന്നവരായിരുന്നു അർമേനിയൻ വിപ്ലവകാരികൾ. 1895-96 വർഷങ്ങളിലെ തങ്ങളുടെ പ്രധിഷേധങ്ങൾ വേണ്ടവിധം വിജയം കൈവരിക്കാതിരുന്നപ്പോൾ ലോക വൻശക്തികളുടെ ശ്രദ്ധ നേടിയെടുക്കാൻ വേണ്ടി അർമേനിയൻ വിപ്ലവകാരികൾ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. അതിന്റെ ഭാഗമായി 1904 ജനുവരിയിൽ സോഫിയയിൽ വെച്ച് അർമേനിയൻ വിപ്ലവപ്രസ്ഥാനമായ 'ദാശ്നാക് കമ്യൂണിറ്റി' ഒരു യോഗം വിളിച്ചു ചേർത്തു. ആ യോഗത്തിലാണ് അവർ അപകടകരമായ തീരുമാനങ്ങൾ കൈകൊള്ളുന്നത്. ആദ്യം സുൽത്താൻ അബ്ദുൽ ഹമീദിനെ കൊലപ്പെടുത്തുകയും ശേഷം ഗലത(Galata) പാലവും ടണലുകളും ഓട്ടോമൻ ബാങ്കും വിദേശ എംബസികളും അഗ്നിക്കിരയാക്കുകയും ചെയ്ത് മുഴുവൻ യൂറോപ്യൻ ശക്തികളുടെയും ശ്രദ്ധ തങ്ങളിലേക്ക് കേന്ദ്രീകരിക്കാമെന്നായിരുന്നു അവരുടെ പദ്ധതി.
Friday selamlık of Sultan Abdülhamid |
ക്രിസ്റ്റഫർ മികാലിയാൻ എന്നറിയപ്പെടുന്ന Samuel Fain, അദ്ദേഹത്തിന്റെ മകൾ റോബിന ഫെയ്ൻ, കോൺസ്റ്റാന്റിൻ കാബുൾയാൻ എന്നറിയപ്പെടുന്ന Lipa Rips എന്നിവരായിരുന്നു സംഘത്തലവന്മാർ. സുൽത്താനെ കൊലപ്പെടുത്താൻ വേണ്ടി അവർ ബെൽജിയക്കാരനായ Edward Joris മായി ബന്ധപ്പെട്ടു. എല്ലാവെള്ളിയാഴ്ചകളിലും നടക്കാറുള്ള സെലാംലികിനിടയിൽ (selamlık- ജുമുഅക്ക് വേണ്ടിയുള്ള സുൽത്താന്റെ രാജകീയ പരേഡ്) കൊല ചെയ്യാനായിരുന്നു പദ്ധതി. അതിന് വേണ്ടി അവർ സുൽത്താനെ നിരീക്ഷിക്കാൻ തുടങ്ങി. കുതിര വണ്ടി വാടകക്കെടുത്ത് റഷ്യൻ എംബസ്സിയിൽ നിന്ന് വ്യാജ രേഖകൾ സംഘടിപ്പിച്ചാണ് അവർ യിൽദിസ് മസ്ജിദിന്റെ ഭാഗത്തേക്ക് കൊലപാതക പ്ലാനുകൾ നിർമിക്കാൻ വേണ്ടി കടന്ന് വന്നത്. തന്ത്രങ്ങൾ മെനയാൻ വേണ്ടി അവർ ഇസ്താംബൂളിൽ ഒരു വീട് തന്നെ വാടകക്കെടുത്തിരുന്നു. ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ ജോറിസും സംഘവും ഒരു തീരുമാനത്തിലെത്തി. സുൽത്താൻ ജുമുഅ കഴിഞ്ഞ് മടങ്ങി വരാൻ ഒരു മിനുറ്റും 42 സെക്കന്റുമാണ് സമയമെടുക്കുന്നത്. ആ സമയം നോക്കി വഴിയിൽ ഒരു കുതിരവണ്ടി (Pateon)ൽ ടൈം ബോംബ് വെക്കാൻ തീരുമാനിച്ചു.
പാരിസിൽ നിന്ന് പല കപ്പലുകളിലായി ഇസ്‌തംബൂളിലെത്തിച്ച ബോംബു (Machine Efernal) മായി അവർ വെള്ളിയാഴ്ച യിൽദിസ് ഹമീദിയ്യ മസ്ജിദിന്റെ പരിസരത്തെത്തി. ടൈം സെറ്റ് ചെയ്ത് നിസ്കാരം കഴിഞ്ഞ് സുൽത്താൻ വരുന്നതും കാത്ത് അവർ വഴിയരികിൽ നിന്നു. പക്ഷെ, യാദൃച്ഛികമായി അപ്പോൾ പള്ളിയിൽ നിന്ന് ഇറങ്ങാനിരുന്ന സുൽത്താന്റെയടുത്തേക്ക് ശൈഖുൽ ഇസ്‌ലാം ജമാലുദ്ദീൻ എഫന്ദി കടന്നു വന്നു. സുൽത്താനുമായി അൽപ സമയം സംസാരിച്ചു. അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പുറത്ത് ഭീമമായ ശബ്ദത്തോടെ കാർ ബോംബ് പൊട്ടിത്തെറിക്കുന്നത്. ചുറ്റുമുണ്ടായിരുന്നവരിൽ നിന്ന് 26 പേർ മരിക്കുകയും 56 പേർ ചെറുതും വലുതുമായ പരിക്കുകൾക്ക് വിധേയമാവുകയും ചെയ്തു.
സംഭവമന്വേഷിച്ച ഉസ്മാനി പൊലീസ് വൈകാതെ തന്നെ ബെൽജിയൻ അനാർക്കിസ്റ്റ് എഡ്‌വാർഡ് ജോറിസാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മരണ ശിക്ഷയായിരുന്നു വിധിക്കപ്പെട്ടിരുന്നത്. ബെൽജിയൻ ഗവണ്മെന്റ് പല പ്രാവശ്യം അദ്ദേഹത്തെ തിരിച്ച്നൽകാൻ ആവശ്യപ്പെട്ടെങ്കിലും സുൽത്താൻ തയ്യാറായില്ല. പിന്നീട് അദ്ദേഹത്തെ കൊല്ലുന്നതിനു പകരം പാസ്പോർട് തിരിച്ചുനൽകി യൂറോപ്പിലേക്ക് അയക്കുകയാണ് ചെയ്തത്.
തന്റെ ഭരണപാടവം കൊണ്ട് യൂറോപ്യൻ ശക്തികളെ മുട്ടുകുത്തിക്കുകയായിരുന്നു സുൽത്താൻ. അതിനാൽ തന്നെ ഭരണകാലത്ത് അബ്ദുൽ ഹമീദിനെതിരെ പലപ്പോഴായി പല കൊലപാതക ശ്രമങ്ങളും അരങ്ങേറിയിട്ടുണ്ട്.
References:
- To Kill a Sultan: A Transnational History of the Attempt on Abdülhamid II (1905), edited by Houssine Alloul, Edhem Eldem, Henk de Smaele
- The Yıldız Assasination Planned Against Abdulhamid II and the Diplomatic Crisis with Belgium, Prof. Dr. Vahdettin Engin
- Babam Sultan Abdülhamid, by Ayşe Osmanoğlu
Abdulhamid !
ReplyDelete