കോച്ചി വെളുക്കുന്ന കൊടും തണുപ്പിൽ ഒരു കാപ്പി കിട്ടിയാൽ അതിന്റെ ഓരോ ഇറക്കും കൂടുതൽ മധുരിക്കും. ദാഹിച്ചവശനായ ഒരു തൊഴിലാളിക്ക് കാപ്പി കുടിച്ചാൽ പൂർവ്വാധികം ഊർജ്ജം ലഭിക്കുമെന്നത് ശാസ്ത്രസത്യമാണ്. ഒരുപാട് രോഗങ്ങൾക്ക് മരുന്നായി ലോകം കണക്കാക്കുന്ന കാപ്പിയുടെ ചരിത്രം തീർച്ചയായും അറിയേണ്ടതും മനസ്സിലാക്കേണ്ടതുമാണ്. ഒട്ടോമൻ കാലഘട്ടത്തിലെ ഒരു പ്രധാന ജനകീയ പാനീയമായിരുന്നു കഹ്‌വ.
അതിനാൽ തന്നെ കാപ്പിയെ പരാമർശിക്കാതെ ഒട്ടോമൻ സംസ്കാരത്തിന്റെ ചിത്രം പൂർണ്ണമാകുന്നില്ല എന്നിടത്താണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.
കാപ്പിയുടെ ചരിത്രം തുടങ്ങുന്നത് എത്യോപ്യയിൽ നിന്നാണെന്നും യമനിൽ നിന്നാണെന്നും സംസാരങ്ങൾ നിലനിൽക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഒരുപാട് മിത്തുകളും ഇന്ന് നിലനിൽക്കുന്നുണ്ട്. എത്യോപ്യയിലെ കൽദി എന്ന കർഷകൻ ഒരു ദിവസം ആടുകളെ മേയ്ക്കുമ്പോൾ ചില കറുത്ത വിത്തുകൾ ഭക്ഷിക്കുകയും അതിൻറെ ആവേശം തിരിച്ചറിയുകയും ചെയ്ത് ആ വിത്തുകളെ അദ്ദേഹം സൂക്ഷിച്ച് വിലയിരുത്തുന്നതിലൂടെയാണ് കാപ്പിയുടെ ജന്മം എന്ന് പറയപ്പെടുന്നു.
മറ്റൊരു അഭിപ്രായപ്രകാരം യമനികൾ നാടുകടത്തിയ ഒരു വൈദികനാണ് കാപ്പി ആദ്യമായി ഉപയോഗിക്കുന്നത്. നീണ്ട മരുഭൂ വാസത്തിനുശേഷം പഴയ പ്രസരിപ്പോടെ നാട്ടിലേക്ക് തിരിച്ചെത്തുന്ന ഇദ്ദേഹം ഒരു അത്ഭുതം എന്നോണം കാപ്പിയെ അവതരിപ്പിക്കുന്നു. യമൻ ആധാരമാക്കി തന്നെ മറ്റൊരു മിത്തും നിലനിൽക്കുന്നുണ്ട്. ശത്രുക്കളാൽ നാടുകടത്തപ്പെട്ട ദർവീഷ് ഹഡ്ജി ഉമർ മരുഭൂമിയിൽ തന്റെ ജീവൻ നിലനിർത്തുന്നതിന് അപരിചിതമായ ഒരു ചെടിയിലെ കായ ഭക്ഷിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അതിൽ വെള്ളം ചേർത്ത് ആരോഗ്യകരമായ പാനീയം നിർമ്മിക്കാമെന്ന് കണ്ടെത്തുകയും ചെയ്തു. തിരിച്ചെത്തിയ അദ്ദേഹം തന്റെ അനുചരർക്ക് പുതിയ പാനീയത്തെ പരിചയപ്പെടുത്തി.
ഇന്ന് ലോകത്തിൻറെ 40% ത്തോളം ജനങ്ങൾ ദിവസവും കാപ്പി കുടിക്കുന്നു എന്നാണ് രേഖകൾ പറയുന്നത്. കൂടാതെ അതിൻറെ വാണിജ്യ വിനിമയങ്ങളുമായി ബന്ധപ്പെട്ട് രണ്ടര കോടി ജനങ്ങൾ അധിവസിക്കുന്നു എന്നതും ആശ്ചര്യമർഹിക്കുന്ന സത്യമാണ്.എന്നാൽ കാപ്പിയെ ഇതിൽ അധികം സ്നേഹിക്കുകയും കൊണ്ടാടുകയും ചെയ്ത സംസ്കാരത്തിന്റെ വംശത്തിന്റെ സമൂഹത്തിൻറെ പേരാണ് ഓട്ടോമൻസ്.
തുർക്കിഷ് കഹ്‌വ,അഥവാ കാപ്പി, ഇന്നും ലോക പാനീയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിഭവമാണ്.മണൽത്തരികളിൽ ചൂടാക്കി ,രണ്ടു തവണ കറക്കി, മധുരമാർന്ന കോപ്പയിൽ കാപ്പി നുകരുമ്പോൾ അതിൻറെ രുചി മറ്റൊന്ന് തന്നെയാണെന്ന് അത് ആസ്വദിച്ചവർ പറയുന്നു.സുൽത്താൻമാർ മുതൽ സർവ്വസാധാരണക്കാര് വരെ കഹ്‌വയെ സ്നേഹിക്കാൻ കാരണം ആരെയും മയക്കുന്ന സ്വാദും ആർക്കും സൗഹൃദമാർന്ന ഇതിൻറെ വിലയുമാണ്.
എന്നാൽ കഹ്‌വയെസംബന്ധിച്ച് ഒരുപാട് വിചിത്രമായ മറ്റു കഥകളും സത്യങ്ങളും നിലനിൽക്കുന്നുണ്ട് ,അതിൽ ഉൾക്കൊള്ളുന്നതാണ് ചില സുൽത്താന്മാർ ഇവയെ നിരോധിച്ച ചരിത്രം .അതിന് ഹേതുകമായത് മറ്റൊന്നുമല്ല. കഹ്‌വാ ഷോപ്പുകളിൽ നിലനിന്നിരുന്ന അല്ലെങ്കിൽ അവിടെനിന്നു ഉയർന്നു വന്ന ചില വിപ്ലവങ്ങൾ, അനാശ്വാസ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇതിന്റെ നിരോധനത്തിലേക്ക് വർത്തിച്ചു എന്നതാണ് സത്യം.
ഡാനാ സജ്ദി ഗ്രന്ഥപരിശോധന നടത്തിയ ഒട്ടോമൻ ടുലിപ്സ് ഒട്ടാമൻ കോഫി എന്ന പുസ്തകത്തിൽ അലി ചക്സു എഴുതിയ ജാനിസറി കോഫി ഹൗസസ് ഇൻ ലേറ്റ് എയ്റ്റീൻത് സെൻച്വറി എന്ന പഠനത്തിൽ ഇങ്ങനെ പറയുന്നു: "ജാനിസറി കോഫി ഹൗസ് കാപ്പി കുടിക്കാനും പുകയില വലിക്കാനും ഉള്ള സ്ഥലമായിരുന്നപ്പോൾ, അത് ഒരു സാംസ്കാരിക സലൂൺ, ഒരു വിമത ആസ്ഥാനം, ഒരു പോലീസ് സങ്കേതം, ഒരു സൂഫി ലോഡ്ജ്, ഒരു ബിസിനസ് ഓഫീസ്, ഒരു മാഫിയ ക്ലബ്ബ് എന്നിവയെല്ലാം കൂടിയ ഒന്നായി മാറി." ജനപ്രിയത വർദ്ധിച്ചുവരുന്ന തുർക്കി സീരീസുകളിൽ ഇത് വ്യാപകമായി ചിത്രീകരിക്കപ്പെട്ടിട്ടുമുണ്ട്.
കഹ്‌വ ഖാനകൾ ഇത്തരത്തിൽ വിപ്ലവങ്ങളുടെയും വിജയങ്ങളുടെയും സത്യത്തിന്റെയും അസത്യത്തിന്റെയും ധർമ്മത്തിന്റെയും അധർമ്മത്തിന്റെയും ദാർശനികതയുടെയും കാപട്യത്തിന്റെയും ആത്മീയതയുടെയും അർഥശൂന്യതയുടെയും ഇടമായിരുന്നു. പ്രമുഖ സൂഫി ചിന്താധാരയായ ബെക്‌താശി ത്വരീഖത്ത് പ്രചരിക്കുന്നതിന് കഹ്‌വാ ഖാനകളുടെ പങ്ക് വളരെ നിസ്തുലമാണെന്ന് ചരിത്രകാരന്മാരുടെ രേഖകളിൽ കാണാൻ കഴിയും. യഥാർഥത്തിൽ ജാനിസരികളാണ് ഈ ത്വരീഖത്തിന്റെ പ്രബലരായ പിൻമുറക്കാർ. എന്നാൽ ജാനിസരികൾ ഉണ്ടാകുന്നതിനു മുമ്പേ, ഒട്ടോമൻ ദൗലത് തന്നെ ഉണ്ടാകുന്നതിനു മുമ്പ് ഈ ത്വരീഖത്ത് ഉണ്ടായിട്ടുണ്ട്. ബെക്താക്ഷി ത്വരീഖത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കണ്ട് ഭക്തരായ ജനിസരികൾ ഇവക്ക് തങ്ങളുടെ കോഫി ഷോപ്പിലും കഹ്‌വാ ഖാനകളിലും ഒരു സ്ഥാനം നൽകുകയായിരുന്നു, അവിടുന്നാണ് ഈ ത്വരീഖത്തിന്റെ പ്രചാരത്തിൽ കഹ്‌വാഖാനകളും പങ്കുചേർന്നത്.
കോഫി ഇന്ന് ലോകപാനീയമാകുമ്പോഴും തുർക്കിഷ് കഹ്‌വക്ക് അതിന്റേതായ സ്ഥാനമുണ്ട്.തുർക്കികൾ പ്രകൃത്യാ അതിമധുരം ആഗ്രഹിക്കുന്നവർ ആയതുകൊണ്ട് അവരുടെ കഹ്‌വകളിൽ അതിൻറെ സ്വാധീനം കാണാവുന്നതാണ്, എന്നാൽ ഒട്ടോമൻ കാലഘട്ടത്തിൽ ഈജിപ്തിൽ ഉണ്ടായിരുന്ന കഹ്‌വകൾക്ക് മധുരമേ ഉണ്ടായിരുന്നില്ല അവർ കാപ്പിയുടെ സത്തയെ ഇഷ്ടപ്പെടുന്നവരായിരുന്നു.
ഇന്ന് കാപ്പി പല രോഗങ്ങൾക്കും ഔഷധമാണെന്ന് കണ്ടെത്തി കഴിഞ്ഞു. കാപ്പി കുടിച്ച് അതിജീവിക്കുന്ന ഒരുപാട് ജന്മങ്ങൾ ഇന്ന് ലോകത്ത് സാധാരണ കാഴ്ചയാണ്,കാപ്പിയുടെ ലഹരി കാപ്പിയുടെ നിറം കാപ്പിയിലെ മധുരം സൗന്ദര്യം, മണം, നറുമണം എല്ലാമൊന്ന് ആസ്വദിച്ചറിഞ്ഞവരായിരിക്കും.എന്നാൽ കാപ്പിയുടെ പേരിൽ പല മൃഗങ്ങളുടെയും കാഷ്ടത്തിൽ നിന്ന് വരെ കാപ്പികുരുകൾ ഉത്പാദിപ്പിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന വൻകിട കമ്പനികൾ ഇന്ന് നിലനിൽക്കുന്നുണ്ട്.ബ്ലാക്ക് ഐവറി എലെഫന്റ്റ് കോഫി ആനപ്പിണ്ടത്തിൽ നിന്നാണ് കാപ്പിപ്പൊടി ഉത്പാദിപ്പിക്കുന്നത്.
ഒരുപക്ഷേ ഇവ രുചികരമായേക്കാം പക്ഷേ ആരോഗ്യകരമാണോ എന്ന് അന്വേഷിച്ചറിയേണ്ടത് തന്നെയാണ്.
'Kahveyi fincandan tanı' അഥവാ കാപ്പിയെ കപ്പ് നോക്കി മനസ്സിലാക്കുക എന്നൊരു ചൊല്ല് തുർക്കിയയിൽ നിലനിൽക്കുന്നുണ്ട്.നമ്മൾ കാപ്പി കുടിക്കാനിരിക്കുമ്പോൾ അതിൻറെ കപ്പിന് എത്ര ഭംഗിയുണ്ടോ ആ കടക്ക് എത്ര സൗന്ദര്യമുണ്ടോ അതിനനുസരിച്ചായിരിക്കും ആ കാപ്പിയുടെ രുചി നമുക്ക് ഗ്രഹിക്കുക എന്നാണ് ഈ ചൊല്ലിന്റെ സാരാർഥം.
ഒരിക്കൽ നയതന്ത്രത്തിന്റേയും രാഷ്ട്രീയത്തിന്റേയും സാമൂഹികതയുടേയും ക്രമസമാധാനത്തിന്റേയും ആസ്ഥാനമായിരുന്ന കോഫി ഷോപ്പുകളിൽ നിന്ന് ഈ സംജ്ഞകൾ പരിവർത്തനം പ്രാപിച്ചപ്പോഴും കാപ്പിയുടെ രുചിയും ലഹരിയും ഇന്നും നമ്മെ കീഴടക്കുന്നു.
(Courtesy: Basith Mahmood)
Superb
ReplyDeleteATTRACTIVE WRITING
ReplyDelete