അമേരിക്ക ഉസ്മാനികൾക്ക് കപ്പം കൊടുത്തിരുന്ന കാലം

Us and Ottoman Empire

ലോക വൻശക്തിയായ അമേരിക്ക ഒരുകാലത്ത് ഓട്ടോമൻ തുർക്കികൾക്ക് കപ്പം കൊടുക്കാൻ നിർബന്ധിതരായിരുന്നു എന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും, എന്നാൽ അതാണ് യാഥാർഥ്യം.

യൂറോപ്യൻ രാജ്യങ്ങളിധികവും ഒരു കാലത്ത് ഓട്ടോമൻ സുൽത്താന്മാർക്ക് കപ്പം കൊടുത്താണ് ഭരണം നടത്തിയിരുന്നത് എന്ന് നമുക്കറിയാം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യവും നെതർലാൻഡ്‌സും ചില ജർമൻ ഭരണകൂടങ്ങളും ഡെന്മാർക്കും സിസിലിയുമടങ്ങുന്ന ഒത്തിരി തലയെടുപ്പുള്ള രാജ്യങ്ങൾ ഒരിക്കൽ ഉസ്മാനികൾക്ക് കപ്പം കൊടുത്ത് ഭരണം നിലനിർത്തിയവരായിരുന്നു.

ഉസ്മാനികൾക്ക് കീഴിൽ ബർബറി കോസ്റ്റിലെ ലിബിയയും റ്റുനീഷ്യയും അൾജീരിയയുമായിരുന്നു മെഡിറ്ററേനിയൻ കടലിനെ നിയന്ത്രിച്ചിരുന്നത്. അതിലൂടെ കപ്പലുകൾ കടത്തിവിടാൻ അവരുടെ സമ്മതം അനിവാര്യമായിരുന്നു. അതിനായി പല രാജ്യങ്ങളും അവർക്ക് നികുതി നൽകിപ്പോന്നു. നികുതി ലഭിച്ചാൽ ഉസ്മാനികൾ അവരെ കടത്തിവിടുക മാത്രമല്ല, അവരുടെ ജീവനും ചരക്കുകൾക്കും കപ്പലുകൾക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.

നേരത്തെ ബ്രിട്ടൻ്റെ കോളനിയായിരുന്നതിനാൽ തന്നെ അമേരിക്ക ബ്രിട്ടൻ്റെ കീഴിലായിരുന്നു കടൽ യാത്രകൾ നടത്തിയിരുന്നത്. 1776 ൽ അമേരിക്ക സ്വതന്ത്ര്യമായപ്പോൾ അവർ ഈ നികുതി നൽകാൻ വിസമ്മതിച്ചിരുന്നു. അതിനാൽ തന്നെ അമേരിക്കൻ കപ്പലുകളുടെ പരിപൂർണ ഉത്തരവാദിത്തം അവർക്ക് തന്നെയായിരുന്നു. 1785 ൽ അൾജീരിയൻ നാവികപ്പട 11 അമേരിക്കൻ കപ്പലുകളെ വളയുകയും കീഴ്പെടുത്തുകയും ചെയ്തു. അൾജീരിയയുടെയും ഓട്ടോമൻ സാമ്രാജ്യത്തിന്റെയും ഭാഗത്തുനിന്ന് അമേരിക്കയുടെ അഹന്തതക്കേറ്റ കനത്ത പ്രഹരമായിരുന്നു ഈ സംഭവം. എന്നാൽ ഇതിനൊരു തിരിച്ചടി നൽകാനോ പിടിച്ചെടുക്കപ്പെട്ട കപ്പലുകൾ തിരിച്ചുപിടിക്കാനോ അവർക്കായില്ല.

അൾജീരിയയോടും ഉസ്മാനികളോടും ചെറുത്തുനിൽക്കാനാവശ്യമായ കപ്പൽപ്പട സജ്ജീകരിക്കണമെങ്കിൽ വർഷങ്ങൾ വേണ്ടിവരുമെന്ന യാഥാർഥ്യം മനസ്സിലാക്കാൻ അമേരിക്കക്ക് പത്ത് വർഷങ്ങളെടുത്തു. അമേരിക്കൻ ഭരണകൂടം ഒടുവിൽ അവർക്ക് കീഴടങ്ങുകയും 1795 ൽ ഓട്ടോമൻ സാമ്രാജ്യവുമായി ഒരു ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു. തുർക്കി ഭാഷയിലായിരുന്നു കരാർ എഴുതപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റ് ഒപ്പുവെച്ച ഇംഗ്ലീഷേതര ഭാഷയിലുള്ള ഏക കരാറാണിത്. മറ്റൊരു പ്രത്യേകത കൂടി അതിനുണ്ടായിരുന്നു, അമേരിക്കൻ ഭരണകൂടം തങ്ങളുടെ സംരക്ഷണത്തിന് വേണ്ടി മറ്റൊരു രാജ്യത്തിന് കപ്പം കൊടുക്കാം എന്നംഗീകരിച്ച ഏക കരാർ കൂടിയായിരുന്നു അത്.

കരാറിൽ ഒപ്പ് വെച്ചയുടനെ പ്രഥമ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് വാഷിങ്ടൺ അറുനൂറ്റിനാല്പത്തിരണ്ടായിരം ഗോൾഡ് ഡോളറുകൾ കൈമാറി. തുടർന്ന് വർഷം തോറും പന്ത്രണ്ടായിരം ഓട്ടോമൻ ലിറ അൾജീരിയക്ക് നൽകാൻ അവർ നിര്ബന്ധിതരായി. അൾജീരിയ ഈ തുക ഓട്ടോമൻ ഖജനാവിലേക്ക് അയക്കുകയും ചെയ്തു. ഉസ്മാനികൾ പിടിച്ചെടുത്ത കപ്പലുകളെ വിട്ടയക്കുകയും അറ്റ്ലാന്റിക്കിലും മെഡിറ്ററേനിയനിലും സുരക്ഷിതത്വം ഉറപ്പുനൽകുകയും ചെയ്തു.

അങ്ങനെ ഉസ്മാനികളുടെ ഔദാര്യത്തിൽ അമേരിക്കൻ കപ്പലുകൾ സുരക്ഷിതരായി യാത്ര തുടർന്നു. പക്ഷെ, അമേരിക്കയുടെ മൂന്നാം പ്രസിഡന്റായി നിയമിതനായ തോമസ് ജെഫേഴ്സൺ ഈ അവസ്ഥക്ക് മാറ്റം വരുത്താൻ ആഗ്രഹിച്ചു. എങ്ങനെയാണ് ഈ 'വിഡ്ഢികളായ തുർക്കികൾ' കടൽ അധീനപ്പെടുത്തിയതെന്നും അവരെ ഒരു പാഠം പഠിപ്പിക്കൽ അനിവാര്യമാണെന്നും ചിന്തിച്ച അദ്ദേഹം ഒരു യുദ്ധപ്രഖ്യാപനത്തിന്റെ വക്കിലെത്തി.

ഏറ്റെടുത്ത നികുതിപ്പണം നൽകാതെ ജെഫേഴ്സൺ പിന്തിപ്പിച്ചു. അതേസമയം ട്രിപോളി ഗവൺമെൻ്റ് തുക വർദ്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് ജെഫേഴ്സൺ തൻ്റെ നാവികപ്പടയെ റിച്ചാർഡ് ഡൈൽ എന്ന നാവികൻ്റെ നേതൃത്വത്തിൽ ട്രിപ്പോളിയിലേക്കയച്ചു. അമേരിക്കയുടെ അന്നത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ 'ഫിലാഡെൽഫിയ' യും 300 സൈനികരുമായി ഡൈൽ പുറപ്പെട്ടു. കൂടെ അമേരിക്കയുടെ പ്രധാനപെട്ട മറ്റു ചില കപ്പലുകളും ഉണ്ടായിരുന്നു. എന്നാൽ ഈ നാവിക യുദ്ധത്തിൽ ഉസ്മാനികളോട് അമേരിക്കൻ പട പരാജയപ്പെട്ടു. അമേരിക്കയുടെ ഏറ്റവും മുന്തിയ യുദ്ധക്കപ്പലായ 'ഫിലാഡൽഫിയ' ട്രിപ്പോളി നാവികർ പിടിച്ചെടുത്തു. തങ്ങളുടെ വിലപിടിപ്പുള്ള കപ്പൽ തിരിച്ചു പിടിക്കാൻ ആവതു ശ്രമിച്ച് പരാജയപ്പെട്ട അമേരിക്ക ഒടുവിൽ ശത്രു സങ്കേതത്തിൽ വെച്ചുതന്നെ അത് കത്തിച്ചു. ഉസ്മാനികളും ബാർബറി രാജ്യങ്ങൾ ഈ കപ്പൽ കൊണ്ട് ഉപകാരമെടുക്കരുത് എന്ന ലക്ഷ്യത്തിലായിരുന്നു ഇത്. ഈ സംഭവങ്ങളെ തുടർന്നാണ് അമേരിക്കയുടെ ഗതി നിർണയിച്ച ഒന്നും രണ്ടും ബർബറി യുദ്ധങ്ങൾ അരങ്ങേറിയത്.

അവലംബം:
https://www.ida2at.com/when-america-paid-tribute-to-ottoman-empire/
https://medium.com/@shahidullahdubangla/battle-on-the-high-seas-ottoman-vs-usa-in-the-barbary-wars-05f2d2a0aab7

1 Comments

Previous Post Next Post