മക്കയോടും മദീനയോടും ഉസ്മാനി സുൽത്താൻമാർ പ്രകടിപ്പിച്ച ആദരവുകൾ എടുത്തു പറയേണ്ടതാണ്. ഹിജാസ് തങ്ങൾക്ക് അധീനതയിൽ വന്നപ്പോൾ അവർക്ക് അതിരില്ലാത്ത സന്തോഷമായിരുന്നു. 'ഖാദിമുൽ ഹറമൈൻ' എന്ന സ്ഥാനപ്പേര് അവർ അഭിമാനപൂർവം ഏറ്റെടുത്തു. 'ഹാകിമുൽ ഹറമൈൻ' എന്ന് അഭിസംബോധന ചെയ്തവരെ തിരുത്തി. ഹിജാസിൻ്റെ ഗവർണർമാരായി അവിടുത്തുകാരെത്തന്നെ ഏൽപിച്ചു.
ഈ സ്നേഹ പ്രകടനത്തിൻ്റെ മഹത്തായ ഉദാഹരണമാണ് വർഷം തോറും ഹജ്ജ് സീസണിൽ ഉസ്മാനി സുൽത്താൻമാർ ഹിജാസിലേക്ക് അയക്കാറുണ്ടായിരുന്ന ഹദ്‌യകൾ. സുർറെ-ഹുമായൂൺ (Surre Humayun) എന്ന പേരിലാണ് ഈ അനുഷ്ഠാനം അറിയപ്പെട്ടത്. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ബാഗ്/ ഭാണ്ഡം എന്ന അർഥം വരുന്ന 'സുർറ' എന്ന അറബി പദത്തിൽ നിന്നാണ് ഇതിൻ്റെ ഉത്ഭവം. തുർക്കികളുടെ ഭൂരിഭാഗം പേരും തങ്ങളുടെ വിഹിതം മക്കയിലേക്കും മദീനയിലേക്കും അയക്കാൻ വേണ്ടി നിഷേപിക്കുന്നതിനാൽ തന്നെ വലിയൊരു ഭാണ്ഡമായി അത് പരിണമിക്കും. തുർക്കിയിലെ ചില പ്രധാനികൾക്ക് അവർ സ്ഥിരമായി ഹദ്‌യകൾ കൊടുത്തയക്കാറുണ്ടായിരുന്ന ഫഖീറുമാർ മക്കയിലും മദീനയിലുമായി ഉണ്ടായിരുന്നു. ഹറമിലെ അന്തേവാസികൾക്കും പാവങ്ങൾക്കും സൂഫികൾക്കും പണ്ഡിതന്മാർക്കും അവിടുത്തെ അമീറുമാർക്കുമാണ് ഈ ഹദ്‌യകൾ ചെന്നെത്തുക.
ഈ പാരിതോഷികങ്ങൾ ഹിജാസിലേക്ക് കൊണ്ട് പോയിരുന്നത് വലിയൊരു ഘോഷയാത്രയായിട്ടാണ്. 'സുർറെ-അലായി' അഥവാ സുർറെ യാത്ര എന്നാണ് അത് അറിയപ്പെട്ടത്. ആ വർഷം തുർക്കിയിൽ നിന്ന് ഹജജിന് വേണ്ടി പോകുന്നവരെല്ലാം ആ ഘോഷയാത്രയെ അനുഗമിക്കും. സുൽത്താൻമാർ തങ്ങൾക്കു പകരം ഹജ്ജ് ചെയ്യാൻ പ്രത്യേകം ആളുകളെയും നിശ്ചയിച്ചയക്കാറുണ്ടായിരുന്നു.
ഹിജാസിലേക്ക് ഇത്തരത്തിൽ പാരിതോഷികങ്ങൾ അയക്കുന്നത് അബ്ബാസികളുടെ കാലം മുതൽ തന്നെ ചെറിയ രീതിയിൽ നിലവിലുണ്ട്. ഉസ്മാനികളിൽ നിന്ന് ആദ്യമായി ഈ ഉദ്യമത്തിന് മുതിർന്നത് സുൽത്താൻ മെഹ്മദ് ചെലേബിയാണ്. അദ്ദേഹം രണ്ടുതവണ (1413, 1421) 'സുർറെ' ഹിജാസിലേക്കയച്ചിട്ടുണ്ട്. പക്ഷെ 1517 ൽ സുൽത്താൻ യാവൂസ് സലീമിൻ്റെ ഭരണകാലത്ത് ഹിജാസ് പൂർണമായും ഓട്ടോമൻ അധീനതയിൽ വന്ന ശേഷമാണ് മുടക്കമില്ലാത്ത ഒരു ചര്യയായി 'സുർറെ യാത്ര' പരിണമിച്ചത്.
ഹിജാസിലെ അമീറുമാർക്കുള്ള സ്ഥാനവസ്ത്രങ്ങളും പാവപ്പെട്ടവർക്കുള്ള വസ്ത്രങ്ങളും സുൽത്താൻമാർ സുർറയിൽ കൊടുത്തയക്കാറുണ്ടായിരുന്നു. എല്ലാത്തിനും പുറമെ, കഅ്ബയുടെ വാതിലിനും റൗള ശരീഫിനും മറ്റു സ്വഹാബികളുടെ ഖബറുകൾക്കുമുള്ള വിരികൾ അതിൽ അടങ്ങിയിട്ടുണ്ടാവും. കഅ്ബക്കുള്ള പുതിയ കിസ്‌വയും സുൽത്താൻമാർ മുടങ്ങാതെ അയച്ചിരുന്നു. സുൽത്താൻ സുലൈമാൻ ഖാനൂനിയുടെ കാലത്താണ് ഇത് ആരംഭിച്ചത്. അത് വരെ ഉപയോഗിച്ചിരുന്ന കിസ്‌വ ആ സംഘം മടങ്ങിവരുമ്പോൾ ഇസ്താംബൂളിലേക്ക് കൊണ്ടുവരികയും ചെയ്യും. ഇത്തരത്തിൽ ഒരിക്കൽ കഅ്ബ വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന ഒരു ചൂൽ തിരികെ കൊണ്ടുവന്നപ്പോൾ ബഹുമാനപൂർവം സുൽത്താൻ സലീം ഒന്നാമൻ അത് തൻ്റെ കിരീടത്തിൽ പ്രത്ഷ്ഠിക്കുകയും അത് മാതൃകയാക്കി ശേഷം വന്ന സുൽത്താൻമാർ തങ്ങളുടെ കിരീടങ്ങളുടെ മുൻഭാഗം തൂവൽ പോലെ ഉയർന്നു നിൽക്കുന്ന രീതിയിൽ പണികഴിപ്പിക്കുകയും ചെയ്തിരുന്നു.
സുൽത്താൻ മക്കയിലെ അമീറിന് എഴുതുന്ന ഒരു കത്തും സുർറ യാത്രയുടെ തലവവനായ 'സുർറ അമീനി'ൻ്റെ കൈവശമുണ്ടാകും. തിരികെ വരുമ്പോൾ മക്കയിലെ അമീറിൻ്റെ മറുപടിക്കത്തും അദ്ദേഹം കൊണ്ടുവരും.
Mehmil şerif illustration |
'മെഹ്മിൽ ശെരീഫാ'ണ് (Mehmil i Şerif) സുർറ യാത്രയിൽ ഏറെ പ്രധാനപ്പെട്ടത്. തുർക്കികൾ കൊടുത്തയക്കുന്ന ഹദ്‌യകൾ നിക്ഷേപിക്കുന്ന ഒട്ടകക്കട്ടിലാണിത്. സ്വർണവും വെള്ളിയും ഉപയോഗിച്ച് ആഢംബരപൂർവം പണികഴിപ്പിച്ചതായിരിക്കും ഈ ഒട്ടകക്കട്ടിൽ. ഈ യാത്രക്ക് ഉപയോഗിക്കുന്ന ഒട്ടകങ്ങൾ പിന്നീട് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടാറുണ്ടായിരുന്നില്ല.
വിലപിടിപ്പുള്ള വസ്തുക്കൾ ഇത്രയും ദൂരം ഘോഷയാത്രയായി കൊണ്ടുപോകുന്നതിനാൽ തന്നെ അതിന് സുരക്ഷ ഏർപ്പെടുത്തുന്നതിൽ സുൽത്താൻമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓരോ സ്ഥലങ്ങളിലും യാത്രാ സംഘം എത്തിച്ചേരുമ്പോൾ അവർക്കുള്ള സംരക്ഷണം ഉറപ്പു വരുത്തൽ അവിടുത്തെ ഗവർണറുടെ ചുമതലയായിരുന്നു.
തുർക്കികളുടെയും അറബികളുടെയും ഇടയിൽ ഒരു സ്നേഹബന്ധം നിലനിർത്തുന്നതിൽ ഈ സുർറ യാത്രക്ക് വലിയ പങ്കുണ്ടായിരുന്നു. മക്കയിലെയും മദീനയിലെയും ജനങ്ങൾ തങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമെന്ന ഏക ലക്ഷ്യത്തിലാണ് ഉസ്മാനികൾ ഈ ഉദ്യമം മുടങ്ങാതെ സംഘടിപ്പിച്ചത്.
1864 വരെ സുർറെ യാത്രകൾ കരമാർഗമാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. ഒട്ടകങ്ങളെയും കോവർകഴുതകളെയും ഇതിനായി ഉപയോഗിച്ചു. പിന്നീട് 1908 വരെ കടൽ മാർഗമായിരുന്നു. 1908 ൽ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ഹിജാസ് റയിൽവേ സ്ഥാപിച്ചപ്പോൾ യാത്ര റയിൽവേ വഴിയായി.
സുർറെ യാത്രകൾ 1915 വരെ മുടക്കമില്ലാതെ ഉസ്മാനികൾ തുടർന്നു. അതിനിടെ 19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ വഹാബികൾ മക്കയും മദീനയും അധീനപ്പെടുത്തിയപ്പോൾ ഉസ്മാനികൾക്ക് ഹദ്‌യകൾ അവിടെ എത്തിക്കാനായില്ല. 1916 ന് ശേഷം അയച്ച സംഘങ്ങൾക്ക് ശരീഫ് ഹുസൈൻ്റെയും മറ്റു അറബ് ദേശീയവാദികളുടെയും ചെറുത്തുനിൽപ്പുകൾ കാരണമായി മക്കയിലേക്ക് പ്രവേശിക്കാനാവാതെ മടങ്ങാനായിരുന്നു വിധി.
Also Read: മദീനയെ പ്രണയിച്ച സുൽത്താന്മാർ
References:
- Ahmet Önal, Public Ceremonies in the Ottoman Empire
- Umut Güner: Surre Alayları
- Osmanlı'nın kadim geleneği 'Surre Alayları'
- Osmanlının 500 Yıllık Kadim Geleneği: Surre Alayları
- موكب "الصرة الهمايونية" إلى الحجاز.. هدية العثمانيين للحرمين الشريفين