സുല്‍ത്താന്‍ മെഹ്‌മെദ് ചെലേബി: ഒട്ടോമൻ സാമ്രാജ്യത്തിന്റെ രണ്ടാം സ്ഥാപകന്‍

Mehmed Celebi Ottoman Sultan

ഒരു ദശകത്തിലേറെ നീണ്ടു നിന്ന ഓട്ടോമന്‍ ആഭ്യന്തര കലഹങ്ങൾക്ക്  അവസാനം കുറിച്ചുകൊണ്ട് നടന്ന യുദ്ധത്തില്‍ സഹോദരന്‍ മൂസ ചെലേബിയെ പരാജപ്പെടുത്തി വധിച്ചതിനു ശേഷമാണ് 1413 ൽ ബായെസീദിന്റെ ഇളയ പുത്രനായ മെഹ്‌മെദ് ചെലേബി എന്ന മെഹ്‌മെദ് ഒന്നാമന്റെ ഭരണത്തിന് തുടക്കം കുറിച്ചത്.  സുല്‍ത്താനാകുമ്പോള്‍ ആഭ്യന്തര യുദ്ധം ശിഥിലമാക്കിയ ഓട്ടോമന്‍ പ്രവിശ്യകളെ ഒന്നാക്കുക, ഇക്കാലയളവില്‍ ശത്രുക്കള്‍ പിടിച്ചെടുക്കുകയോ തിരിച്ചു പിടിക്കുകയോ ചെയ്ത പ്രദേശങ്ങള്‍ തങ്ങളുടെതാക്കുക, തിമൂറിന്റെ കടന്നു വരവിനെ മുതലെടുത്ത് പിന്തുണ അവസാനിപ്പിച്ച അനാതോളിയന്‍ ഭരണകൂടങ്ങളെ വീണ്ടും തങ്ങളുടെ അധീനതയിലാക്കുക, ശത്രുക്കള്‍ക്കിടയില്‍ തകര്‍ടിഞ്ഞ ഭരണകൂടത്തെ പൂര്‍വാധിക്യം ശക്തിയോടെ കെട്ടിപ്പടുക്കുക, ഓട്ടോമന്‍ ഭരണത്തെ തന്റെ പിതാവിന്റെ കാലത്തെ പ്രതാപത്തിലേക്കെത്തിക്കുക തുടങ്ങീ നിരവധി ദൗത്യങ്ങള്‍ മെഹ്‌മെദിന് നിര്‍വഹിക്കാനുണ്ടായിരുന്നു. വെറും 8 വര്‍ഷം നീണ്ടു നിന്ന തന്റെ ഭരണകാലത്ത് അതെല്ലാം പൂർണമായിട്ടലെങ്കിലും പൂര്‍ത്തീയാക്കാനും ഓട്ടോമന്‍ ഭരണകൂടത്തിന്റെ രണ്ടാം സ്ഥാപകനെന്ന് അറിയപ്പെടാന്നും അദ്ദേഹത്തിന് കഴിഞ്ഞെത് മറ്റൊരു ചരിത്രാത്ഭുതമാണ്.


ആഭ്യന്തര യുദ്ധങ്ങള്‍ക്കൊടുവിലെ ഭരണാധികാരി

1382 ലാണ്  ഗെര്‍മിയാന്‍ ഭരണകൂടത്തിലെ ദൗലത്ത് ഹാത്തൂന്റെയും ബായെസീദിന്റെയും മകനായി മെഹ്‌മെദ് ജനിച്ചത്. ജനന വര്‍ഷം 1387 ലാണ് എന്നാണ്  Encyclopedia of the Ottoman Empire ല്‍ ഗേബര്‍ അഗസ്റ്റണും ബ്രൂസെ മാസ്‌റ്റെസും അഭിപ്രായപ്പെടുന്നത്. 1386, 1389 എന്നീ  വർഷങ്ങളാണെന്നും മറ്റിടങ്ങളില്‍ കാണാന്‍ കഴിയും.  അബൂബക്കറി(റ) ലേക്കാണ് മെഹ്‌മെദിന്റെ പാരമ്പര്യം എത്തിച്ചേരുന്നത്. അക്കാലത്ത് അറിയപ്പെട്ടിരുന്ന പണ്ഡിതന്മാരുടെ അടുത്ത് നിന്ന് പ്രാഥമിക പഠനം വിജയകരമായി പൂര്‍ത്തീകരിച്ച മെഹ്‌മെദിനെ അമസ്യയിലെ ഗവര്‍ണറായി ബായെസീദ് നിയമിച്ചതു മുതലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1402 ല്‍ ബായെസീദും തിമൂറും തമ്മില്‍ നടന്ന അങ്കാറ യുദ്ധത്തില്‍ ബായെസീദിന്റെ മറ്റു മക്കളുടെ കൂടെ പോരാടിയ  മെഹ്‌മെദിന് അന്ന്  16 വയസ്സായിരുന്നു  പ്രായം. യുദ്ധാനന്തരം ബായെസീദും മക്കളായ മൂസ ചെലേബി, മുസ്തഫ ചെലേബി എന്നിവർ പിടിക്കപ്പെട്ടപ്പോള്‍ യുദ്ധക്കളത്തില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് മക്കളില്‍ ഒരാളായിരുന്നു മെഹ്‌മെദ്. 

യുദ്ധമുഖത്ത് രക്ഷപ്പെട്ട വലിയ സഹോദരന്‍ സുലൈമാന്‍ ചെലേബി അന്നത്തെ പ്രധാന മന്ത്രിയായിരുന്ന അഹ്‌മദ് പാഷയുടെ പിന്തുണയോടെ എദിർനെയിലും മറ്റൊരു സഹോദരനായ ഈസ ചെലേബി ഏഷ്യ മൈനറിലെ  ബുര്‍സയിലും സുല്‍ത്താനായി സ്വയം അവകാശപ്പെട്ടപ്പോള്‍  തന്റെ ഭരണപ്രദേശമായ അമസ്യയെ കേന്ദ്രീകരിച്ച് മെഹ്‌മെദും സ്വയം സുല്‍ത്താനായി പ്രഖ്യാപിച്ചു. പിന്നീട്  ഒരു ദശകത്തോളം നീണ്ടുനിന്ന അധികാര യുദ്ധങ്ങളിലെ വ്യത്യസ്ത പോരാട്ടങ്ങളില്‍ മെഹ്‌മെദ് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. 

ബുര്‍സ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന ഈസ ചെലേബിയോടൊപ്പം രാഷ്ട്രം ഭാഗിക്കാമെന്ന ആശയം  ആഭ്യന്തര യുദ്ധത്തിന്റെ ആദ്യകാലത്ത് മെഹ്‌മെദ് ചെലേബിക്കുണ്ടായിരുന്നെങ്കിലും തനിക്ക് പരമാധികാരം വേണെമെന്ന ഈസയുടെ നിർബന്ധം കാരണം ആ പദ്ധതി മെഹ്‌മെദ് ഉപേക്ഷിക്കുകയും  ഈസയെ സായുധമായി നേരിടാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ആദ്യമായി നടന്ന യുദ്ധത്തില്‍ ഈസ ചെലേബി ഭയന്നോടുകയും സഹോദരന്‍ സൂലൈമാന്റെയടുത്ത് അഭയം നേടുകയും ചെയ്തു. പീന്നീട്  നടന്ന യുദ്ധത്തില്‍ സുലൈമാന്റെ സഹായത്തോടെ ഈസ ചെലേബി മെഹ്‌മെദിനെ പരാജയപ്പെടുത്തുകയും തന്റെ പ്രദേശങ്ങള്‍ കീഴടക്കുകയും ചെയ്‌തെങ്കിലും, തിമൂറിന്റെ ബന്ദനത്തില്‍ നിന്ന് മോചിതനായി തിരിച്ചു വന്ന മൂസ ചെലേബി തന്റെ പ്രദേശം കീഴടക്കാന്‍ ശ്രമിച്ചതറിഞ്ഞ സുലൈമാന്‍ ചെലേബി തിരിച്ചു പോയ അവസരം മുതലാക്കി മെഹ്‌മെദ് രണ്ടാമതായി നടത്തിയ പോരാട്ടത്തില്‍ ഈസയെ പരാജയപ്പെടുത്തുകയും അവസാനം വധിക്കുകയും ചെയ്തു. അതേ സമയം അനാതോളിയന്‍ പ്രവിശ്യയില്‍  മൂസ ചെലേബിയോട് പോരാടിയ സൂലൈമാന്‍ ചെലേബി പരാജയപ്പെടുകയും ബൈസെന്റൈനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വധിക്കപ്പെടുകയും  ചെയ്തതിനെത്തുടർന്ന് മൂസ ചെലേബി സ്വയം ഭരണാധികാരിയായി പ്രഖ്യാപിച്ചു.

ബൈസെന്റൈന്‍ കീഴടക്കാന്‍ ഉപരോധമേര്‍പ്പെടുത്താനാണ് മൂസ ചെലേബി ആദ്യം  തയ്യാറായത്.  ഉപരോധം ആരംഭിച്ച മൂസക്കെതിരെ പോരാടാന്‍ ചക്രവര്‍ത്തി സഹായം തേടിയത് മൂസക്കെതിരെ പ്രതികാരം ചെയ്യാന്‍ അവസരം കാത്തു നിന്നിരുന്ന മെഹ്‌മെദിനോടാണ്. തദനുസരണം മെഹ്‌മെദ് 1413 ല്‍ തന്റെ സൈന്യവുമായി ബൈസെന്റൈന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുകയും മൂസ ചെലേബിയുടെ സൈന്യത്തെ തളര്‍ത്തുകയും ചെയ്തു. ഉപരോധം പിന്‍വലിച്ച് തിരിച്ചുപോയ മൂസ ചെലേബിയുടെ സൈന്യത്തോട് മെഹ്‌മെദ്  വീണ്ടും പോരാടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതോടെ 10 വര്‍ഷം നീണ്ടുനിന്ന  ഭരണതര്‍ക്കം അവസാനിച്ച് അധികാരം മെഹ്‌മെദിന്റെ കൈകളിലെത്തി.


പൂര്‍വപ്രതാപത്തിലേക്കെത്തിച്ച ഭരണം

തിമൂറിന്റെ കടന്നുവരവ് മുതലെടുത്ത് സ്വാതന്ത്രൃം പ്രഖ്യാപിച്ചിരുന്ന അയ്ദിനിസ്, മെന്‍തെശെ , സറൂഖാന്‍ തുടങ്ങിയ അനാതോളിയയിലെ  ചെറുഭരണകൂടങ്ങളെ ഓട്ടോമന്‍ ഭരണത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു ആദ്യമായി മെഹ്‌മദിന് ചെയ്തുതീര്‍ക്കാനുണ്ടായിരുന്നത്. റൂമേലിയ ഗവര്‍ണറായിരുന്ന അയ്ദിനിലെ ജുനൈദി ബെയ് അടക്കം ഓട്ടോമന്‍ പ്രതിയോഗിയായിരുന്ന കാറമാനിദ് ഭരണത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് അന്ന് ചെയ്തത്. സുല്‍ത്താന്‍ മെഹ്‌മദ് തന്റെ ബന്ധുകൂടിയായ മെഹ്‌മെദ് ബേയിയെ പിന്നീട് നടന്ന പോരാട്ടത്തില്‍ പരാജയപ്പെടുത്തുകയും നിരവധി കാറമാനിദ് ഭൂമികള്‍പിടിച്ചെടുക്കുകയും ചെയ്തു.

അനാതോളിയന്‍ ഭരണകൂടങ്ങളെ ഓട്ടോമന്റെ കീഴിലാക്കാന്‍ കഴിയാതിരുന്ന സുല്‍ത്താന്‍ മെഹ്‌മദ് അടുത്തതായി തിരിഞ്ഞത് 1414 ല്‍ അന്നുവരെയണ്ടായിരുന്ന കരാറുകളില്‍ നിന്ന് പിന്‍വാങ്ങിയ വെനീഷ്യക്കെതിരായിട്ടാണ്. 30 കപ്പലുകളുമായി വെനീഷ്യയെ നേരിട്ട മെഹ്‌മദ് ഒന്നാമന്റെ സൈന്യത്തിന് പരിചയക്കുറവുമൂലം തുടക്കത്തില്‍ നിരവധി തിരിച്ചടികള്‍ നേരിട്ടെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിച്ചതിനാല്‍ ബൈസെന്റൈന്‍ ഭരണാധികാരിയുടെ നേത്യത്വത്തില്‍ അവര്‍ കരാര്‍ ചെയ്യാന്‍ തീരുമാനിക്കുകയും ഓട്ടോമന്‍സിന് സംഭവിച്ച നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഇതോടെ യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ അംബാസിഡറായി വെനീഷ്യയിലേക്ക് ഓട്ടേമന്‍സ് ഒരു അംബാസിഡറെ നിയമിക്കുകയും കച്ചവടം ഊര്‍ജിതമാക്കുകയും ചെയ്തു. വാര്‍ഷിക നികുതി നിര്‍ത്തലാക്കിയ വലേഷിയയായിരുന്നു സുല്‍ത്താന്‍ മെഹ്‌മെദിന്റെ അടുത്ത ലക്ഷ്യം. പോരട്ടത്തില്‍ ഹംഗറിയും വലേഷിയയും സംയുക്തമായി നയിച്ച സൈന്യം പരാജയപ്പെടുകയും ബോസ്നിയുടെ തെക്ക് ഭാഗം ഓട്ടോമന്‍സിന്റെ കീഴിലാവുകയും ചെയ്തു.

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ടു തന്നെ തങ്ങളുടെ അധിക ഭൂപ്രദേശങ്ങളും ഓട്ടോമന്‍സ് തിരിച്ചു പിടിക്കുന്നതിനനുസരിച്ച് ബൈസെന്റൈന്‍ ചക്രവര്‍ത്തി മാനുവലിന്റെ ശക്തി ശയിച്ചുവരികയായിരുന്നു. സുലൈമാന്‍ ചെലേബിയുടെ മകന്‍ ഒര്‍ഹാന്‍ ചെലേബിയായിരുന്നു അവരുടെ അവസാനത്തെ പിടിവള്ളി. അക്കാലത്ത് ഓട്ടോമന്‍സിന്റെ ശത്രുവായിരുന്ന വലേഷിയയിലേക്ക് പിന്നീട് അവനെ ചക്രവര്‍ത്തി അയക്കുകയാണ് ഉണ്ടായത്. പക്ഷെ, വഴിയില്‍ വെച്ച് അദ്ദേഹത്തെ സുല്‍ത്താന്‍ മെഹ്‌മെദ് പിടികൂടുകയും അന്ധനാക്കി കളയുകയും ചെയ്തു. 

1415 ല്‍ പലരെയും ഞെട്ടിച്ചു കൊണ്ട് തിമൂറിന്റെ ബന്ധിയായിരുന്ന ചരിത്രത്തില്‍ 'വ്യാജൻ മുസ്ഥഫ'(düzmece Mustafa/fake or false Mustafa) എന്നറിയപ്പെട്ട മുസ്ഥഫ ചെലേബി പ്രത്യക്ഷ്യപ്പെട്ടു. 1402 ലെ അങ്കാറ യുദ്ധത്തില്‍ ബായെസീദിന്റെ കൂടെ പിടിക്കപ്പെട്ട മകനായിരുന്നു മുസ്ഥഫ.  തിമൂറിന്റെ മരണശേഷം അധികാരത്തില്‍ വന്ന മകന്‍ ഷാറൂഖ് ഖാന്‍ ആണ് മോചിപ്പിച്ചതെന്ന് ഓട്ടോമന്‍ ചരിത്രകാരന്‍ ഡോ. അക്രം ബുഗ്ര എകിന്‍ജി രേഖപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും അവസാനിച്ചിരുന്ന ഓട്ടോമന്‍ ആഭ്യന്തര യുദ്ധത്തെ വീണ്ടും ആരംഭിക്കാനാണ് മുസ്ഥഫ വിട്ടയക്കപ്പെട്ടതെന്ന കാഴ്ച്ചപ്പാട് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് കരോലിന ഫ്ലിങ്കൽ തന്റെ osman's dream  ൽ പരാമര്‍ശിച്ചിട്ടുണ്ട്. സഹോദരങ്ങളെ വധിച്ചും കീഴ്‌പ്പെടുത്തിയും അധികാരത്തില്‍ വന്ന സുൽത്താന്‍ മെഹ്‌മെദിന് അതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് 1416 ല്‍ ഷാറൂഖ് ഖാന്‍ (തിമൂറിന്റെ പിൻഗാമി) കത്തെഴുകയും സുല്‍ത്താന്‍ അതിന് മറുപടി എഴുതുകയും ചെയ്തിരുന്നു. റുമേലിയില്‍ അയ്ദിനിലെ ജുനൈദ് ബേയിയുടെയും വലേഷിയൻ  ഭരണാധികാരിയുടെയും സഹായത്തോടെ മുസ്ഥഫാ സുല്‍ത്താാന്‍ മെഹ്‌മെദിനെതിരെ പോരാട്ടം ആരംഭിച്ചു. സ്വന്തം സുല്‍ത്താനായി അവരോധിക്കുകയും നാണയം അടിച്ചിറക്കുകയും ചെയ്തു. സുല്‍ത്താനുമായി നടന്ന യുദ്ധത്തില്‍ തന്റെ സൈന്യം അനായാസം പരാജയപ്പെട്ടതിനെത്തുടരന്ന് മുസ്ഥഫ ചെലേബി ബൈസെന്റൈന്‍ നഗരമായ തെസലിനിക്കിയിലേക്ക് കടക്കുകയും സുല്‍ത്താന്‍ മെഹ്‌മെദുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷം മുസ്ഥഫയെ ബൈസൈൻ്റിൻ ചക്രവർത്തി നാടുകടത്തുകയുമാണ് ഉണ്ടായത്. പിന്നീട് സുല്‍ത്താന്‍ മെഹ്മെദിൻ്റെ മരണ ശേഷം അധികാരത്തിനായി മുറാദ് രണ്ടാമനോടും മുസ്ഥഫ പോരാടിയിട്ടുണ്ട്. 

അയ്ദിനിലെ ജുനൈദ് ബേയും മുസ്ഥഫ ചെലേബിയും പൂര്‍ണമായും ബൈസെന്റൈന്‍ കീഴിലാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ സുല്‍ത്താന്‍ മെഹ്‌മെദ് അനാതോളിയയിലേക്ക് മടങ്ങുകയും കാറാമാനെതിരെ പോരാട്ടങ്ങള്‍ നയിക്കാനും തുടങ്ങി. പക്ഷെ അപ്പോഴേക്കും മംലൂക്കികളോട് പിന്തുണ പ്രഖ്യാപിച്ചിരുന്ന കാറാമാനിദുകളോട് യുദ്ധം ചെയ്യാനാകാതെ സുല്‍ത്താന്‍ മെഹ്‌മെദിന് മടങ്ങേണ്ടി വന്നു. ഇക്കാലയളവില്‍ വലേഷിയയുമായിട്ടുള്ള രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി അവിടുത്തെ ഭരണാധികാരി മിര്‍ച തന്റെ മൂന്ന് മക്കളെ ഓട്ടോമന്‍ കൊട്ടാരത്തിലേക്കയച്ചിരുന്നു. അതിലൊരാളായിരുന്നു ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ നോവലിന് ഇതിവൃത്തമായ വ്‌ലാഡ് ഡ്രാക്കുള്‍ എന്ന ഡ്രാക്കുള. 


ഖാളി ബദ്‌റുദ്ദീന്റെ പോരാട്ടങ്ങള്‍

1416 ലാണ് സൂഫിയും പണ്ഡിതനുമായ  ശൈഖ് ബദ്‌റുദ്ദീന്‍ സുല്‍ത്താന്‍ മെഹ്‌മെദിനെതിരെയുളള തന്റെ പോരാട്ടം ആരംഭിച്ചത്. ചീഫ് ജഡ്ജിയായിരുന്ന മൂസ ചെലേബിയുടെ മകനാണ് ബുര്‍ഹാനുദ്ദീന്‍.  1358 ല്‍ എദിർനെക്കു പുറത്തുള്ള സിമാവ്‌നയിലാണ് ബദ്‌റുദ്ദീന്‍ ജനിച്ചത്. ബൂര്‍സ, കോനിയ എന്നിവിടങ്ങളിലെ പഠന ശേഷം സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു. അവിടെ വെച്ചാണ്  മുബാറക് ഷാഹ് മന്‍ത്വിഖി അല്‍ ബുഖാരിയുടെ ശിഷ്യനായതും സയ്യിദ് ശരീഫ് ജുര്‍ജാനിയുടെ സഹപാഠിയായതും. ഹുസൈന്‍ അഹ്‌ലാത്തായിരുന്നു ബദ്‌റുദ്ദീനെ ആത്മീയമായി നയിച്ച നേതാവ്. 1405 ല്‍ റുമേലിയയിലെത്തിയ ജാമിഉല്‍ ഫുസൂലൈന്‍ ശൈഖ് ബദ്‌റുദ്ദീന് കാറാമാനിദ് ഭരണാധികാരിയുടെയും ജുനൈദ് ബേയിയുടെയും പുന്തുണ ലഭിച്ചു. മെഹ്‌മെദിനെതിരെ നടന്ന അധിക പ്രക്ഷോഭത്തിലും വലേഷിയൻ ഭരണാധികാരി മിർചിക്ക് വലിയ പങ്കുണ്ട്. ഖാളി ബുർഹാൻ്റെ പോരാട്ടത്തിലും ഈ പിന്തുണ കാണാൻ കഴിയും. 2016 ൽ മരണപ്പെട്ട തുർക്കി ചരിത്രകാരൻ ഹലീൽ ഇനാൽജിക് തൻ്റെ പുസ്തകത്തിൽ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. 

1411 ല്‍ എദിർനെയിലേക്ക് മടങ്ങിയപ്പോള്‍ അന്ന് ഭരിച്ചിരുന്ന മൂസ ചെലേബിയുടെ സൈനിക ജഡ്ജിയായി നിയമിക്കപ്പെട്ടു. മെഹ്‌മെദുമായിട്ടുള്ള യുദ്ധത്തില്‍ മൂസ ചെലേബി പരാജയപ്പെട്ടപ്പോള്‍ ശൈഖ് ബദ്‌റുദ്ദീന്‍ ഇസ്‌നിക്കിലേക്ക് നാടുകടത്തപ്പെടുകയുണ്ടായി. ഇക്കാലയളവിലാണ് മെഹ്‌മെദിനെതിരെ റുമേലിയയില്‍ വെച്ച് ശൈഖ് പ്രക്ഷോഭം നടത്തുകയും പരാജയപ്പെടുകയും ചെയ്തത്.

തന്റെ ശിഷ്യരുടെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങള്‍ ശൈഖ് ബദ്‌റുദ്ദീന്‍ നടത്തിയിട്ടുണ്ട്. ഇസ്മീറിനടുത്തുള്ള കാറാബുറുന്‍ എന്ന പ്രദേശത്ത് 5000 ആളുകളുമായി ശിക്ഷ്യന്‍ ബൊര്‍ക്ലൂചെ മുസ്ഥഫ നടത്തിയ പ്രക്ഷോഭവും മനീസയില്‍ 3000 ആളുകളുമായി തൊര്‍മാക് കെമാല്‍ നടത്തിയ പ്രക്ഷോഭവും ഓട്ടോമന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചു. സ്വയം അപകടത്തിലാകുമെന്ന് ഭയന്ന ശൈഖ് സിനോപ്പ് വഴി വലേഷിയയിലേക്ക് പോവുകയും അവിടെ വെച്ച് വലിയ ജനപിന്തുണയോടെ എദിർനെയിലേക്ക് പുറപ്പെടുകയും ചെയ്തു. 200 പേരടങ്ങുന്ന ഒരു സംഘം ശൈഖിന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയും സ്വന്തം അണികള്‍ തന്നെ ശൈഖിനെ ഓട്ടോമന്‍സിന് കൈമാറുകയും ചെയ്തു. 1420 ല്‍ സെറസിലായിരുന്ന സുല്‍ത്താന്റെ മുന്നിലേക്ക് ശൈഖ് ബദുറുദ്ദീന്‍ ഹാജറാക്കപ്പെടുകയും അവിടുത്തെ ഖാളിയുടെ വിധിപ്രകാരം വധിക്കപ്പെടുകയും  ചെയ്യുകയാണുണ്ടായത്.     

മരണ ശേഷവും ശൈഖ് ബദ്‌റുദ്ദീന്റെ ആശയങ്ങള്‍ക്ക വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ജാനിസരീസ് പിന്തുടര്‍ന്ന ബെക്താഷി ത്വരീഖത്ത് ശൈഖിനെ പലപ്പോഴും പിന്തുണച്ചിട്ടുണ്ട്. ആധുനിക തുര്‍ക്കിയില്‍ വിശിഷ്യാ സോഷ്യലിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ വെച്ചു പുലര്‍ത്തിയവര്‍ക്കിടയില്‍ ശൈഖ് ബദ്‌റുദ്ദീന് വലിയ സ്ഥാനമുണ്ട്. 1963 ല്‍ അന്തരിച്ച തുര്‍ക്കി കമ്മ്യൂണിസ്റ്റ് കവിയായ നാസിം ഹിക്മത് 1930 കളിലെ തന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ പ്രേരണയായി കണ്ടത് ശൈഖ് ബദ്‌റുദ്ദീനെയാണ്. ശൈഖ് ബദ്‌റുദ്ദീന്റെ ഇതിഹാസകാവ്യം എന്ന അദ്ദേഹത്തിന്റെ പുസ്തകം ശൈഖിന്റെ പ്രശസ്തി വ്യാപകമാക്കിയതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.  1924 ല്‍ അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ അദ്ദേഹത്തിന്റെ എല്ലുകള്‍ കുഴിച്ചെടുത്തെങ്കിലും ഗവണമെൻ്റ് നടപടികളെ ഭയന്ന് 1961 വരെ മറമാടാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം  1961 ല്‍ ഇസ്താംബൂളില്‍ മറമാടപ്പെടുകയാണുണ്ടായത്. 


മരണവും മുറാദിന്റെ വരവും

1421 ല്‍ തന്റെ 35 ാം വയസ്സില്‍ തലസ്ഥാനമായ എദിർനെയില്‍ വെച്ച് ഹൃദയാഗഘാതം മൂലമോ ഡിസന്ററി മൂലമോ ആണ് സുല്‍ത്താന്‍ മെഹ്‌മെദ് മരണപ്പെട്ടത്. മരണപ്പെട്ട് 41 ദിവസം കഴിഞ്ഞ് അമസ്യ ഭരിച്ചിരുന്ന മകന്‍ മുറാദ് രണ്ടാമന്‍ എത്തിയപ്പോള്‍ മാത്രമാണ് സുല്‍ത്താന്‍ മെഹ്‌മെദിന്റെ മരണ വിവരം പരസ്യമാക്കപ്പെട്ടത്. ബൂര്‍സയിലാണ് മെഹ്‌മെദ് മറമാടപ്പെട്ടത്. ഇന്ന് ഗ്രീന്‍ ടോംബ് എന്നാണ് ഇത് അറിയപ്പെടുന്നത്. മരണത്തിനു മുമ്പ് തന്നെ മകന്‍ മുറാദിനെ തന്റെ പിന്‍ഗാമിയായി സുല്‍ത്താന്‍ നിശ്ചയിച്ചിരുന്നു.  അധികാര തര്‍ക്കം ഒഴിവാക്കാനും മുസ്ഥഫയുടെ തടവ് തുടര്‍ന്നു പോകാനുമായി മക്കളായ യൂസഫ് , മഹ്‌മൂദ് എന്നിവരെ ബൈസെന്റൈന്‍ ചക്രവര്‍ത്തി മാനുവലിന്റെയടുക്കലേക്ക് പറഞ്ഞയക്കാന്‍ സുല്‍ത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും മന്ത്രി ബായെസീദ് പാഷയടക്കമുള്ള പലരുടെയും സമ്മര്‍ദ്ദം കാരണം നടപ്പാക്കിയില്ല. പിന്നീട് മുറാദ് രണ്ടാമനുമായി അധികാരത്തിനായി യുദ്ധം ചെയ്ത മുസ്ഥഫ പരാജയപ്പെടുകയാണുണ്ടായത്. 

10 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം ഉണ്ടാക്കിയെടുത്ത വേദനകളും മുറിവുകളും സുല്‍ത്താന്‍ മെഹ്‌മെദിന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ കൊണ്ട് ശമിച്ചുവെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പടുത്തിയത്. തന്റെ പിതാവിന്റെ കീഴിലുണ്ടായിരുന്ന മുഴുവന്‍ സ്ഥലങ്ങളും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചുരുങ്ങിയ തന്റെ 8 വര്‍ഷത്തെ ഭരണത്തില്‍ അനായാസമായ പലതും സുല്‍ത്താന്‍ മെഹ്‌മെദ് നേടിയെടുത്തിട്ടുണ്ടെന്നത് വസ്തുതാണ്.  തന്റെ മന്ത്രമാരോടും പണ്ഡിതരോടും വലിയ ബഹുമാനം വെച്ചുപുലര്‍ത്തിയ വ്യക്തിയായിരുന്നു സുല്‍ത്താന്‍ മെഹ്‌മെദ്. സ്വന്തം ഗുരുവായിരുന്ന ബായെസീദ് പാഷയായിരുന്ന  അദ്ദേഹത്തിന്റെ  പ്രധാനമന്ത്രി. 

തന്റെ സഹോദരന്‍ തുടങ്ങിവെച്ച എദിർനെയിലെ 'എസ്‌കി ജാമി' പൂര്‍ത്തീകരിച്ചത് മെഹ്‌മെദാണ്. പള്ളിയുടെ അടുത്തായി ഒരു മാര്‍ക്കറ്റും അദ്ദേഹം നിര്‍മിച്ചു. മറ്റു സ്ഥലങ്ങളില്‍ പള്ളികളും പൊതുകുളിമുറികളും പണിതിട്ടുണ്ട്. സുല്‍ത്താനിയ്യ പള്ളി എന്നറിപ്പെട്ട മദ്‌റസ അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു.  മെഹ്‌മെദിന്റെ കാലത്താണ് സുല്‍ത്താന്റെ സീല്‍ വെച്ച നാണയങ്ങള്‍ അടിച്ചിറക്കപ്പെട്ടത്. പണ്ഡിതര്‍, അനാഥര്‍, വിധവകള്‍ എന്നിവര്‍ക്ക് ധാരാളം ധനം നല്‍കിയിരുന്നു. ഓട്ടോമന്റെ അവസാനം വരെ നിലനിന്നിരുന്ന ഹിജാസിലെ പവിത്രമായ സ്ഥലങ്ങളിലേക്ക് സമ്മാനങ്ങള്‍ അയക്കുകയെന്ന ആചാരം തുടങ്ങിയത് മെഹ്‌മെദാണ്.    അക്കാലത്തെ പണ്ഡിതര്‍. സൂഫികള്‍, കവികള്‍ എന്നിവരോടൊക്കെ സുല്‍ത്താന്‍ ബന്ധം പുലര്‍ത്തിയിരുന്നു. സുല്‍ത്താന്‍ മെഹ്‌മെദിന്റെ കാലത്താണ് 1283 ല്‍ അന്തരിച്ച ഭൂമിശാസ്ത്ര പണ്ഡിതനും അനസ് ബിന്‍ മാലിക്(റ) വിന്റെ പിന്‍ഗാമിയുമായ സകരിയ്യ ഖസ്‌വീനിയുടെ വിശ്വപ്രസിദ്ധമായ 'അജാഇബുല്‍ മഖ്‌ലൂഖാത്ത് വ ഗറാഇബുല്‍ മൗവ്ജൂദാത്ത്' എന്ന ഗ്രന്ഥം തുര്‍ക്കിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. മെഹ്‌മെദ് രണ്ടാന്‍, സലീം ഒന്നാമന്‍ എന്നിവരെ പോലെ തന്നെ വലിയ നേട്ടങ്ങള്‍ മെഹ്‌മെദ് ഒന്നാമന്‍ നേടിയുണ്ടെങ്കിലും ആഭ്യന്തര യുദ്ധം അത് മറച്ചു വെച്ചതാണെന്നാണ്  അവസാനത്തെ ഓട്ടോമന്‍ ചരിത്രകാരന്മാരില്‍ പ്രസിദ്ധനായ 1926 ല്‍ അന്തരിച്ച അബ്ദുറഹ്‌മാന്‍ സറഫ് അഭിപ്രായപ്പെട്ടത്. ഇതുകൊണ്ടു തന്നെയായിരിക്കണം 1856 ല്‍ അന്തരിച്ച ഓസ്ട്രിയന്‍ ചരിത്രകാരന്‍ ജോസഫ് വാന്‍ ഹോമ്മര്‍ മെഹ്‌മെദ് ഒന്നാമനെ നൂഹ് നബിയോട് ഉപമിച്ചത്.  

രണ്ടു ഭാര്യമാരിലായി 9 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളും മെഹ്‌മെദിനുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മക്കളില്‍ പലരും സുല്‍ത്താന്‍ മെഹ്‌മെദ് ജീവിച്ചിരിക്കുന്ന കാലത്തു തന്നെ മരണപ്പെടുകയാണുണ്ടായത്.

റഫറന്‍സുകള്‍

1) Osman's Dream: The History of the Ottoman empire - caroline flinkel 

2) The ottoman empire - Halil inalcik 

3) dr. Ekrem bugra ekinci's article on mehmet 1

4) Encyclopedia of ottoman empire- Gábor Ágoston

1 Comments

  1. നന്നായിട്ടുണ്ട്. നസീല് പന്തലൂർ നല്ല എഴുത്ത്

    ReplyDelete
Previous Post Next Post