സ്വഹീഹുൽ ബുഖാരിയും സുൽത്താൻ അബ്ദുൽഹമീദും

Sahih al Bukhari and Sultan Abdulhamid II
സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമനെതിരെ അവസാനകാലത്ത് പലരും പല കുപ്രചരണങ്ങളും നടത്തിയിരുന്നു. സുൽത്താനെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ പാടഞ്ചുപെട്ടിട്ടും സാധിക്കാതെ വന്നപ്പോൾ യുവതുർക്കികൾ അവലംബിച്ച അവസാന പോംവഴിയായിരുന്നു ഈ കുപ്രചരണങ്ങൾ. യാഥാർഥ്യമന്വേഷിക്കാത്ത പലരും ആ കളവുകളിൽ വഞ്ചിതരാവുകയും തങ്ങളുടെ സുൽത്താനെതിരെ രംഗത്തുവരികയും ചെയ്‌തു. സുൽത്താൻ സ്വഹീഹുൽ ബുഖാരി കത്തിച്ചുവെന്നായിരുന്നു അതിലെ ഏറ്റവും ഭീകരമായ ആരോപണം. അത് പ്രചരിച്ച് പ്രചരിച്ച് ചിലനാടുകളിൽ സുൽത്താൻ ഖുർആൻ കത്തിച്ചു എന്ന് വരെ പറഞ്ഞുനടക്കാൻ തുടങ്ങി.


സാധാരണക്കാർക്ക് തികച്ചും അവിശ്വസനീയമായിരുന്നു ഈ പ്രചാരണങ്ങൾ. തങ്ങളുടെ സുൽത്താൻ എത്രമാത്രം സൂക്ഷ്മത പുലർത്തുന്നവരായിരുന്നു എന്ന് അവർക്കറിയാമായിരുന്നു. പക്ഷെ, അതെല്ലാം മറന്ന് പലരും ഈ കുപ്രചാരണങ്ങളിൽ വിശ്വസിച്ച് സുൽത്താനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ടുള്ള ഫത്‍വയിലും "സുൽത്താൻ മതഗ്രന്ഥങ്ങൾ നിരോധിക്കുകയും കത്തിക്കുകയും ചെയ്യുന്നു, അകാരണമായി പ്രജകളെ കൊലചെയ്യുന്നു, ഖജനാവിലെ പണം ധൂർത്തടിക്കുന്നു" തുടങ്ങി പല കളവുകളുമുണ്ടായിരുന്നു. ഇതൊക്കെ പ്രചരിപ്പിച്ചവർ തന്നെ പിൽക്കാലത്ത് അവ തിരുത്തിപ്പറഞ്ഞിട്ടുണ്ട്.

ബുഖാരി ശരീഫും സുൽത്താൻ അബ്ദുൽഹമീദും

സുൽത്താന്റെ പ്രവാചകരോടും പ്രവാചകാധ്യാപനങ്ങളോടുമുള്ള അതിയായ ബഹുമാനവും ആദരവുമാണ് ബുഖാരി ശരീഫ് സുൽത്താൻ കത്തിച്ചു എന്ന പ്രചരണത്തിലേക്ക് നയിച്ചത്. ഇസ്താംബുളിൽ പ്രിന്റ് ചെയ്യപ്പെടുന്ന ബുഖാരി കിതാബുകൾ സാധാരണ പേർഷ്യൻ അച്ചടിശാലകളിലാണ് പ്രിന്റ് ചെയ്യപ്പെടുന്നതെന്നതും അവയിൽ വ്യാപകമായി അക്ഷരപ്പിഴവുകളുണ്ടെന്നതും വളരെ ദുർബലമായ പേജുകളാണ് അതിന് ഉപയോഗിച്ചിരുന്നത് എന്നതും സുൽത്താനെ വളരെ വിഷമസന്ധിയിലാക്കിയിരുന്നു. മാത്രമല്ല, ലഭ്യമായിരുന്ന കോപ്പികളിൽ തന്നെ അനവധി ഭിന്നതകളുമുണ്ടായിരുന്നു. ഹദീസുകളിലെ 'വാവ്' എന്ന ഒരു ചെറിയ അക്ഷരം മാറിപ്പോയാൽ തന്നെ ഗുരുതരമായ അർത്ഥവ്യതിയാനങ്ങൾ സംഭവിക്കുമെന്നറിയാമായിരുന്ന സുൽത്താൻ ഈ പ്രശ്നങ്ങൾക്ക് പരിഹാരമന്വേഷിച്ചുകൊണ്ടിരിക്കുകയായിയിരുന്നു. ഏറ്റവും സുതാര്യമായ ബുഖാരിയുടെ കോപ്പി അന്വേഷിക്കുകയായിരുന്ന സുൽത്താൻ ശൈഖ് സഈദ് എഫന്ദിയിൽ നിന്ന് ഈജിപ്തിൽ സൂക്ഷിക്കപ്പെട്ടിരുന്ന ബുഖാരിയുടെ ഒരു കയ്യെഴുത്തുപ്രതിയെക്കുറിച്ചറിയുകയും ഉടനെ അത് പകർത്തിക്കൊണ്ടുവരാൻ നിർദേശിക്കുകയും ചെയ്തു. അത് പൂർണമായും സുതാര്യമാണെന്ന് മനസ്സിലാക്കിയപ്പോൾ ഈജിപ്തിൽ നിന്ന് അത് പ്രിന്റ് ചെയ്യാൻ സുൽത്താൻ കൽപിക്കുകയായിരുന്നു ശേഷം അത് ഇസ്താംബുളിൽ കൊണ്ടുവന്ന് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. മുഴുവൻ സ്വന്തം സമ്പാദ്യത്തിൽ നിന്ന് എടുക്കാനും സുൽത്താൻ ആവശ്യപ്പെട്ടു. നിലവിൽ ഇസ്താംബുളിൽ പ്രചാരണത്തിലുണ്ടായിരുന്ന പഴയ ബുഖാരി കോപ്പികൾ സുൽത്താൻ ശേഖരിക്കുകയും ഇനിയും ആ തെറ്റുകൾ ജനങ്ങൾ പാരായണം ചെയ്യാതിരിക്കാനായിഅവ കത്തിക്കുകയും ചെയ്തു.

ഈ സംഭവമാണ് പിന്നീട് സുൽത്താൻ ഇസ്താംബുളിലെ ബുഖാരി ഗ്രന്ഥങ്ങൾ കണ്ടുകെട്ടിയെന്നും കത്തിച്ചുവെന്നും ഒടുവിൽ ഖുർആൻ കത്തിച്ചുവെന്നുമടക്കമുള്ള ദുഷ്പ്രചാരണങ്ങൾക്ക് കാരണമായത്. താനേറെ സ്നേഹിച്ചിരുന്ന പ്രവാചകരുടെ ഹദീസുകൾ ശരിയായ രീതിയിൽ മാത്രമേ ജനങ്ങൾ വായിക്കാവൂ എന്ന സുൽത്താൻ്റെ ദൃഢനിശ്ചയമായിരുന്നു ഈ ചെയ്തികൾക്ക് നിദാനം.

സുൽത്താൻ അബ്ദുൽഹമീദ് പുസ്തകങ്ങൾ നന്നായി വായിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നു. യിൽദിസ് കൊട്ടാരത്തിലെ അദ്ദേഹത്തിന്റെ ലൈബ്രറിയിൽ അനവധി പുസ്തകങ്ങളുടെ ശേഖരമുണ്ടായിരുന്നു. കൂട്ടത്തിൽ ബുഖാരിയുടെ ഈ കൈയ്യെഴുത്തുപ്രതിയും സൂക്ഷിച്ചിരുന്നു.


ബുഖാരിയുടെ ആധികാരിക കൈയ്യെഴുത്തുപ്രതി

പതിനാറ് വർഷങ്ങൾ എടുത്താണ് ഇമാം അബൂ ഇസ്മാഈൽ ബുഖാരി തന്റെ 'സ്വഹീഹുൽ ബുഖാരി' പൂർത്തീകരിച്ചത്. തുടർന്ന് ഈ ഗ്രന്ഥത്തിന്റെ പ്രചാരണങ്ങൾ വ്യത്യസ്ത ഘട്ടങ്ങളിലായിരുന്നു. ആദ്യമായി ഇമാം ബുഖാരിയുടെ ദർസിലുണ്ടായിരുന്ന ശിഷ്യന്മാർ അദ്ദേഹത്തിൽ നിന്ന് കേൾക്കുന്നത് സദസ്സിൽ വെച്ചുതന്നെ പകർത്തിയെഴുതി. ഇവരിൽ നിന്ന് ഇവരുടെ ശിഷ്യന്മാർ പകർത്തിയെഴുതി. അങ്ങനെ സ്വഹീഹുൽ ബുഖാരിക്ക് നിരവധി കൈയെഴുത്തു പ്രതികൾ ലോകത്ത് സുലഭമായി. ഇത്തരം കൈയെഴുത്തു പ്രതികൾ വ്യാപിച്ചപ്പോൾ നിരവധി വ്യത്യാസങ്ങൾ അതിൽ കാണപ്പെട്ടു. പലരും കേട്ടെഴുതിയതിൽ ചെറിയ ചെറിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. തുടർന്ന് ഈ കയ്യെഴുത്തുപ്രതികളെല്ലാം ചേർത്തുവെച്ച് സുതാര്യവും അവലംബനീയവുമായ ഒറ്റ ഗ്രന്ഥമായി മാറ്റുന്നതിൽ മുസ്‌ലിം ലോകം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഹിജ്‌റ 666 നോടടുത്ത് പ്രമുഖ ഹദീസ് പണ്ഡിതനായ ശറഫുദ്ദീൻ അൽ യൂനീനീ (d. 701 AH/1302) ആ ഉദ്യമം ഏറ്റെടുത്തവരിൽ ഒരാളായിരുന്നു. പ്രശസ്ത ഭാഷാ വ്യാകരണ വിദഗ്ദനായ ഇമാം മാലികിന്റെ (d. 672 AH) സഹായത്തോടെ അദ്ദേഹം നിലവിലുണ്ടായിരുന്ന ബുഖാരിയുടെ കൈയ്യെഴുത്തുപ്രതികൾ ശേഖരിച്ച് സുതാര്യമായ ഒന്നാക്കി പരിവർത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അദ്ദേഹം പൂർത്തിയാക്കിയ ഈ ആധികാരികമായ കൈയ്യെഴുത്തുപ്രതിയാണ് ഈജിപ്തിൽ സൂക്ഷിക്കപ്പെട്ടിരുന്നത്.

1893 ൽ സുൽത്താൻ അബ്ദുൽഹമീദ് ബുഖാരിയുടെ ഈ കൈയെഴുത്തുപ്രതി ഈജിപ്തിലെ അന്നത്തെ ഏറ്റവും വലിയ അച്ചടിശാലയായ 'ബുലാഖ് അൽ അമീരിയ്യ' പ്രസ്സിൽ വെച്ച് പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി. അൽ അസ്ഹറിലെ നിപുണന്മാരായ 16 പണ്ഡിതരുടെ നേതൃത്വത്തിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു. ബുഖാരി ശരീഫിന്റെ ഈ യൂനീനീ കോപ്പികളാണ് പിന്നീട് ലോകത്ത് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഈ മഹത്തായ ഉദ്യമത്തിൽ സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമന്റെ പങ്ക് നിസ്തുലമാണ്.

സുൽത്താൻ അബ്ദുൽ ഹമീദിൻ്റെഅബ്ദുൽ ഹമീദിൻ്റെ ഭരണകാലത്തെ അധികരിച്ച് പുറത്തിറങ്ങിയ 'പായിതാഹ്ത് അബ്ദുൽ ഹമീദ്' എന്ന തുർക്കി ചരിത്ര സിരീസിലെ അവസാന എപ്പിസോഡിൽ സുൽത്താൻ്റെ ചീഫ് സെക്രട്ടറിയായിരുന്ന തഹ്സീൻ പാഷയുടെ കഥാപാത്രം ഈ സംഭവങ്ങളെ സൂചിപ്പിച്ച് ചോദിക്കുന്നുണ്ട്: "ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വുളൂ ഇല്ലാതെ നിലത്ത് ചവിട്ടാതിരിക്കാൻ വേണ്ടി ഇഷ്ടികയിൽ സ്പർശിച്ച് വുളൂ എടുത്തിരുന്ന ഒരു സുൽത്താന് എങ്ങനെയാണ് ബുഖാരി കത്തിക്കാനാവുക?, ദിവസവും ബുഖാരി പാരായണം ചെയ്യുന്ന ഒരു നേതാവ് എങ്ങനെയാണ് ബുഖാരി കത്തിക്കുക?".

ഇസ്‌ലാമികാശയാദർശങ്ങളിൽ ശക്തമായി നിലകൊണ്ട് ഭരണം നടത്തിയ ഉസ്മാനി ഖിലാഫതിൻ്റെ അവസാനത്തെ ശക്തനായ ഭരണാധികാരിയായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ.


References
Sultan Hamid’in Son Günleri – Ziya Şakir

1 Comments

Previous Post Next Post