ബായെസീദ് ഒന്നാമൻ: വിജയിച്ച് തുടങ്ങി പരാജയത്തിൽ കലാശിച്ച ഭരണകാലം

Bayezid i
ബാല്‍ക്കൻ പ്രവിശ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളും കീഴടക്കുകയും ബൈസന്റെന്‍ സാമ്രാജ്യത്തെ കോണ്‍സ്റ്റന്‍ന്റിനോപ്പിളിലേക്ക് മാത്രം ചുരുക്കുകയും ചെയ്ത 1398 ലെ കൊസോവോ യുദ്ധത്തില്‍ ശഹീദായ സുല്‍ത്താന്‍ മുറാദിന്റെ പിന്‍ഗാമിയായിട്ടാണ് മകനും അമീറുമായിരുന്ന ബായെസീദ് നാലാമത്തെ  ഭരണാധികാരിയായി അധികാരത്തില്‍ വന്നത്. ബാല്‍ക്കണ്‍ പ്രവിശ്യയില്‍ നിലനിന്നിരുന്ന നിരവധി കൃസ്ത്യന്‍ ഭരണകൂടങ്ങളെ കീഴടക്കിയ ബായെസീദ്, തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനായി അനാതോളിയന്‍ പ്രവിശ്യയില്‍ അശാന്തി സൃഷ്ടിച്ച മുസ്ലിം ഭരണകൂടങ്ങളെയും സായുധമായി നേരിട്ടു എന്നതിനാലാണ് 'തണ്ടര്‍ബോള്‍ട്ട്' എന്ന് അറിയപ്പട്ടത്. 1989 ല്‍ സുല്‍ത്താനാകുന്നതിന് മുമ്പ് തനിക്ക് വിവാഹ സമ്മാനമായി ലഭിച്ച കുതാഹിയ ഭരിക്കുന്ന സമയത്ത് തന്നെ അദ്ദേഹം ഈ പ്രശസ്തി കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു.

1354 ലാണ് മുറാദ് ഒന്നാമന്റെയും ഗുല്‍ചിചിക് ഹാത്തൂന്റെയും മകനായി ബായസീദ് ജനിച്ചത്. മുറാദ് ഭരണത്തിലേറിയ 1360 ലാണ് ബായസീദ് ജനിച്ചതെന്നും അഭിപ്രായമുണ്ട്. അന്ന് അനാതോളിയയില്‍ നിലനിന്നിരുന്ന സ്വതന്ത്ര ഭരണകൂടങ്ങളിലൊന്നായ ഗെര്‍മിയാന്‍ കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുകയും വിവാഹ സമ്മാനമായി ലഭിച്ച കുതാഹിയയുടെ ഗവര്‍ണറാവുകയും ചെയ്തതോടെയാണ് ബായസീദ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതെങ്കിലും 1387 ല്‍ തന്നെ കറാമാനികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ മുറാദിനൊപ്പം ബായസീദ് പോരാടുകയും "yildirim" അഥവാ തണ്ടര്‍ബോള്‍ട്ട് എന്ന പേര് ലഭിക്കുകയും ചെയ്തു എന്നാണ് ഓട്ടോമന്‍ ചരിത്രകാരനായ അക്‌റം ബുഗ്റാ അഭിപ്രായപ്പെടുന്നത്. 1386 ലാണ് പ്രസ്തുത യുദ്ധം നടന്നതെന്നും കാണാന്‍ കഴിയുന്നുണ്ട്.  

1389 ജൂണ്‍ 15 ന് കൊസോവ യുദ്ധത്തില്‍ സുല്‍ത്താന്‍ മുറാദ് മരണപ്പെട്ടതോടെയാണ് ബായെസീദ് അധികാരത്തില്‍ വന്നത്. അധികാര തര്‍ക്കം ഉടലെടുക്കാതിരിക്കാന്‍ യാഖൂബ് എന്ന തന്റെ സഹോദരനെ ബായെസീദ് വധിച്ചു കളഞ്ഞതായി ചരിത്രത്തില്‍ കാണാന്‍ കഴിയും. സെര്‍ബിയന്‍ ഭരണാധികാരി ലാസര്‍, കൊസോവോ യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെ ബാല്‍ക്കണ്‍ പ്രവിശ്യയിലെ ഓട്ടോമന്‍ സ്വാധീനം നന്നായി വര്‍ധിച്ചിരുന്നു. ഈ ശക്തി ഊട്ടിയുറപ്പിക്കാനാണ് ലാസറിനു ശേഷം സെര്‍ബിയയില്‍ അധികാരമേറ്റെടുത്ത മകന്‍ സ്റ്റീഫന്‍ ലാസറോവിച്ചിന്റെ സഹോദരിയെ ബായെസീദ് വിവാഹം കഴിച്ചത്. 

കൊസാവോ യുദ്ധകാലത്ത് സുല്‍ത്താന്റെ അഭാവം വിനിയോഗിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച അനാതോളിയന്‍ ഭരണകൂടങ്ങളുടെ നേര്‍ക്കാണ് അടുത്തതായി ബായെസീദ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ സൈന്യത്തോടൊപ്പം തങ്ങളുടെ കീഴില്‍ കഴിഞ്ഞിരുന്ന സെര്‍ബിയന്‍ സൈന്യവും, ബൈസന്റൈന്‍ ചക്രവര്‍ത്തി മാനുവല്‍ പാലിയോലോഗോസ് രണ്ടാമന്റെ കീഴിലുള്ള ക്രിസ്ത്യന്‍ സൈന്യത്തെയും ഉപയോഗിച്ച് അയ്ദിന്‍, സറൂഹാന്‍, ഗെര്‍മിയാന്‍, മെന്റെസെ, ഹാമിദ് ഭരണകൂടങ്ങളെ കീഴടക്കിയ സുല്‍ത്താന്‍, കാറമാന്‍ ഭരണകൂടത്തിന്റെ തലസ്ഥാനമായിരുന്ന കോനിയയെ ഉപരോധിക്കുകയും ചെയ്തു. ബായെസീദിനെതിരെ ശത്രുത വെച്ചു പുലര്‍ത്തിയ ഭരണാധികാരികളില്‍ പ്രധാനിയായിരുന്നു ബായെസീദിന്റെ സഹോദരി നഫീസെ സുല്‍ത്താനെയുടെ ഭര്‍ത്താവും കാറമാന്‍ ഭരണാധികാരിയുമായിരുന്ന അലാഉദ്ധീന്‍ ബേയ്. 1386 ല്‍ ഓട്ടോമന്‍ പ്രദേശങ്ങള്‍ കൈയ്യേറിയതിനെത്തുടര്‍ന്ന് നടന്ന സുല്‍ത്താന്‍ മുറാദുമായിട്ടുള്ള പോരാട്ടത്തില്‍ തോല്‍വി ഭയന്നോടിയ വ്യക്തിയായിരുന്നു അലാഉദ്ധീന്‍ ബേയ്. തന്റെ ഗവര്‍ണറായിരുന്ന ചാന്‍ദാറോഗ്ലു സുലൈമാന്‍ ബെയ്, ഭരണകൂട വിരുദ്ധ കലാപം നയിച്ചിരുന്ന സിവാസിലെ ഖാളി ബുര്‍ഹാനുദ്ധീനുമായി സഹകരിച്ച് തനിക്കെതിരെ തിരിഞ്ഞതറിഞ്ഞ സുല്‍ത്താന്‍ ബായെസീദ് ഉപരോധം ഉപേക്ഷിച്ച് മടങ്ങുകയും 1392 ല്‍ സുലൈമാന്‍ ബേയിയെ വധിക്കുകയും ചെയ്തു. ഇതോടെ അമാസ്യ ഭരണകൂടവും മറ്റു പല സ്ഥലങ്ങളും ഓട്ടോമന്‍ അധീനതയില്‍ വന്നെങ്കിലും ഖാളി ബുര്‍ഹാനുദ്ധീനുമായിട്ടുള്ള പ്രശ്നം 1398 വരെ നിലനിന്നിരുന്നു.

സ്വന്തം ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തി പാശ്ചാത്യ ക്രൈസ്തവ ഭരണകൂടങ്ങളുടെ സഹായത്തോടെ ഓട്ടോമന്‍ മുന്നേറ്റത്തിന് തടയിടാനായിരുന്നു ബൈസന്റൈന്‍ ചക്രവര്‍ത്തിയുടെ പദ്ധതി. ഇതറിഞ്ഞ സുല്‍ത്താന്‍ ബൈസന്റൈന്‍ തലസ്ഥാനമായ കോണ്‍സറ്റന്റിനോപ്പിള്‍ ഉപരോധിച്ചു. 1394 മുതല്‍ 1402 വരെ ഈ ഉപരോധം നീണ്ടുനിന്നിട്ടുണ്ട്. ബോസ്ഫറസിലൂടെയുള്ള കപ്പല്‍ സഞ്ചാരം നിയന്ത്രിക്കാന്‍ അതിന്റെ തീരത്ത് ഇന്ന് അനതോളു ഹിസാരി എന്നറിയപ്പെടുന്ന കോട്ടയും സുല്‍ത്താന്‍ അന്ന് നിര്‍മിച്ചു. 1453 ല്‍ സുല്‍ത്താന്‍ ഫാതിഹ് മെഹ്‌മദ് രണ്ടാമന്റെ കീഴില്‍ കോണ്‍സ്റ്റന്റിനോപ്പിള്‍ കീഴടക്കുന്നതില്‍ ഈ കോട്ട ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.
1390 കളില്‍ തങ്ങളുടെ അധീന പ്രദേശങ്ങള്‍ കീഴടക്കിയ ഓട്ടോമനെതിരെ പ്രതികാരബുദ്ധിയുമായി 1392 ല്‍ ഹംഗേറിയന്‍ ഭരണകൂടം ഓട്ടോമന്‍ പ്രദേശങ്ങളില്‍ അധിനിവേശം നടത്തിയപ്പോള്‍ അതിനെതിരെ സുല്‍ത്താന്‍ ബായെസീദ് ശക്തമായ സൈന്യത്തെ തയ്യാറാക്കുകയും അവരെ നേരിട്ട് പരാജയപ്പെടുത്തുകയും ചെയ്തു. ഉസ്മാനികള്‍ക്കെതിരെ തങ്ങളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനായി സഖ്യകക്ഷികളുമായി കൂട്ടുചേര്‍ന്ന ഹംഗേറിക്കെതിരായി 1394 ല്‍ സുല്‍ത്താന്‍ വലാഷിയ കീഴടക്കി തിരിച്ചടിച്ചു. 1395 ല്‍ വീണ്ടും ഹംഗറിയുടെ പ്രധാന ഭാഗമായ നിക്കോപോള്‍ കീഴടക്കുകയും ചെയ്തു. 1392 മുതല്‍ തന്നെ ബായെസീദിനോട് കടുത്ത ശത്രുത വെച്ചുപുലര്‍ത്തിയിരുന്ന ഹംഗേറിയന്‍ രാജാവ് സിഗിസ്മണ്ട് രണ്ടാമന്‍ സാഹചര്യം മുതലാക്കി അടുത്ത കുരിശു യുദ്ധത്തിന് പോപ്പ് അടക്കമുള്ളവരെ പ്രേരിപ്പിച്ചു. അക്കാലത്ത് വലിയ തരത്തിലുള്ള ഓട്ടോമന്‍ ഉപരോധം നേരിട്ടിരുന്ന ബൈസെന്റൈന്‍ സാമ്രാജ്യത്തിന്റെ നിലനില്‍പ്പിന് യുദ്ധം അനിവാര്യമാണന്ന് തിരിച്ചറിഞ്ഞ ചക്രവര്‍ത്തി ഈ ഒരുക്കങ്ങള്‍ക്ക വലിയ പിന്തുണ തന്നെ നല്‍കി. ഹംഗറി, ഫ്രഞ്ച്, ഇംഗ്ലീഷ് , ജര്‍മന്‍ , സ്പാനിഷ് , വെനീഷ്യന്‍, വലേഷിയന്‍ സൈന്യം കുരിശു പോരാളികളായി അണിനിരന്നു. നോര്‍വെയും      സ്‌കോട്ട്ലാണ്ടും ചില ഇറ്റാലിയന്‍ ഭരണകൂടങ്ങളും അവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ഓട്ടോമന്‍ ശക്തിയെ തകര്‍ത്ത ശേഷം മംലൂക്കികളെ തുരത്തുകയും ജറുസലേം കീഴടക്കുകയുമായിരുന്നു കുരിശ് പോരാളികളുടെ പ്രധാന ലക്ഷ്യം. കുരിശു യുദ്ധ നീക്കങ്ങളെക്കുറിച്ച് യഥാവിഥം വിവരങ്ങള്‍ ലഭിച്ചിരുന്ന സുല്‍ത്താന്‍ ബായെസീദ് തഥനുസൃതം നടപടിയെടുക്കുകയും അവരെ നേരിടുകയും ചെയ്തു. തന്റെ യുദ്ധ തന്ത്രം ഉപയോഗിച്ച് എതിരാളികളെ അനായാസം പരാജയപ്പെടുത്താന്‍ ബായെസീദിനു കഴിഞ്ഞു. സിഗിസ്മണ്ടും ഇംഗ്ലണ്ട് രാജാവായിരുന്ന ഹെന്റി നാലാമനും തലനാരിഴക്കാണ് യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബന്ദികളാക്കപ്പെട്ടവരില്‍ 77 പേര്‍ വ്യത്യസ്ത രാജ്യങ്ങളിലെ ഉന്നത സ്ഥാനീയരും ഒരാള്‍ ഫ്രഞ്ച് രാജകുടുംബാഗവുമായിരുന്നു. ഇതോടെ ബായെസീദിന്റെ പ്രശസ്തി വര്‍ധിക്കുകയും ഇസ്‌ലാമിക ലോകത്ത് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട ഈ വിജയത്തിന് നന്ദി സൂചകമായി അന്നത്തെ ഖലീഫ, സുല്‍ത്താന് കത്തെഴുതുകയും ചെയ്തിരുന്നു.

തൊട്ടടുത്ത വര്‍ഷങ്ങളിലായി ബായെസീദ് തന്റെ പ്രധാന രണ്ട് ശത്രുക്കളായിരുന്ന കാറമാനിദ് ഭരണകൂടത്തിന്റെ അലാഉദ്ധീന്‍ ബെയ്, ഖാളി ബുര്‍ഹാനുദ്ധീന്‍ എന്നിവരെ നേരിടുകയും അവരെ വധിക്കുകയും ചെയ്തു. ബാല്‍ക്കണ്‍ പ്രവിശ്യയില്‍ ആധിപത്യം നേടി മുന്നേറിക്കൊണ്ടിരുന്ന ബായെസീദിനെ പരമാവധി തടയാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു അലാഉദ്ധീന്‍ ബെയ്. കുരിശു യുദ്ധത്തിനു ശേഷം ഒറ്റപ്പെട്ട ബൈസെന്റൈന്‍ സാമ്രാജ്യ തലസ്ഥാനമായ കോണ്‍സ്റ്റന്റിനോപ്പിള്‍ കീഴടക്കടക്കപ്പെടാനുള്ള തടസ്സങ്ങളെല്ലാം അവസാനിച്ചു എന്ന് മനസ്സിലാക്കിയ ചക്രവര്‍ത്തി അതിനെ തടയിടാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായം തേടി യാത്ര പുറപ്പെട്ടു. ചക്രവര്‍ത്തിയുടെ യാത്രയെക്കുറിച്ചും അവര്‍ സഹായം തേടിയ രാജ്യങ്ങളെക്കുറിച്ചും കാരോളിന്‍ ഫിന്‍കല്‍ 'ഒസ്മാന്‍സ് ഡ്രീമി'ല്‍ വിശദീകരിച്ചിട്ടുണ്ട്. 1403 ല്‍ അദ്ദേഹം തിരിച്ചെത്തുമ്പോഴേക്കും ഓട്ടോമന്‍ രാഷ്ട്രീയ സാഹചര്യം പാടേ മാറിയിരുന്നു. 1402 ല്‍ അമീര്‍ തിമൂറുമായിട്ടുള്ള ചരിത്ര പ്രസിദ്ധമായ അങ്കാറ യുദ്ധത്തില്‍ പരാജയപ്പെട്ട സുല്‍ത്താന്‍ ബന്ദിയാക്കപ്പെട്ട് കഴിഞ്ഞ സമയമായിരുന്നു അത്. കോണ്‍സ്റ്റന്റിനോപ്പിളിലേക്കുള്ള ബായെസീദിന്റെ മുന്നേറ്റത്തിന് തടയിടാന്‍ അവിചാരിതമായി കടന്നു വന്ന ശത്രുവായിരുന്നു അമീര്‍ തിമൂര്‍. 1400 ന്റെ തുടക്കത്തില്‍ സാധ്യമായിരുന്ന കോണ്‍സ്റ്റിനോപ്പിനെ കീഴടക്കല്‍ 50 വര്‍ഷത്തോളം പിന്തിപ്പിച്ചത് ഈ യുദ്ധമാണ്. 1403 ല്‍ തീമൂറിന്റെ ബന്ദിയായി ജയിലില്‍ കഴിഞ്ഞ കാലത്താണ് സുല്‍ത്താന്‍ മരണപ്പെട്ടത്. 
ബായെസീദിന്റെ മരണ ശേഷം മക്കള്‍ക്കിടയില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന യുദ്ധാനന്തര ഫലമായി ഓട്ടോമന്‍ ഭരണകൂടത്തിന് വലിയ ശക്തിശയം സംഭവിച്ചെങ്കിലും ചുരുങ്ങിയ 50 വര്‍ഷങ്ങള്‍ കൊണ്ട് തന്നെ കോണ്‍സ്റ്റന്റിനോപ്പിള്‍ കീഴടക്കിയവരായി അവര്‍ ചരിത്രം രേഖപ്പെടുത്തിയെന്നത് ഒരു ഉയര്‍ത്തിയെഴുന്നേല്‍പ്പിന്റെ കൂടി കഥയാണ്.


References:
1) osman's dream - carolina finkel 
2) the ottoman empire, the classical age 1300-1600 - halil inalcik
3) encyclopedia of the ottoman empire - gabor agoston and bruce master 
4) MIGHTY SOVEREINGS of OTTOMAN THRONE: SULTAN BAYEZID I - prof. dr. ekrem bugra ekinci

Post a Comment

Previous Post Next Post