കൊസോവോ യുദ്ധം: ഉസ്മാനികൾ ബാൽകാൻ മേഖലകളിലേക്ക്

kosovo Battle
ഉസ്മാനികൾ ഏറെ വികാസം പ്രാപിച്ച കാലങ്ങളാണ് സുൽത്താൻ മുറാദിന്റേത്. ബൈസാന്റൈൻ ആസ്ഥാനങ്ങൾ പലതും ഉസ്മാനികൾ കീഴടക്കി. ബൾഗേറിയയിലെ സോഫിയ നഗരമടക്കം പല വിഖ്യാത നഗരങ്ങളും മുറാദിന്റെ സൈന്യം അധീനപ്പെടുത്തി.

ഉസ്മാനികളുടെ തുടർച്ചയായുള്ള പോരാട്ടങ്ങളിൽ ഭയന്ന് ബൾഗേറിയൻ രാജാവ് ശിഷ്മാൻ ഉസ്മാനികൾക്കെതിരെ ഒരു സൈന്യമുണ്ടാക്കാൻ തുനിഞ്ഞു. അതിനായി സെർബിയൻ രാജാവ് ലാസാറിന്റെ സഹായവും തേടി.

ഉസ്മാനികൾക്കെതിരെ ആക്രമണങ്ങൾക്ക് പ്ലാൻ ചെയ്തു കൊണ്ടിരിക്കെ 1388 ൽ വസീർ അലി പാഷായുടെ നേതൃത്വത്തിലുള്ള ഉസ്മാനി സൈന്യം ബൾഗേറിയ ആക്രമിച്ചു. ഉസ്മാനികളെ ഭയന്ന് ശിഷ്മാൻ നികോപോളിസിൽ അഭയം തേടി.

പിന്നീട് 1389ൽ ശിഷ്മാൻ ഒരുപാട് സൈനികരെ കൂട്ടി ഉസ്മാനികളോട് പകരം ചോദിക്കാൻ വന്നു. പക്ഷെ, ആ യുദ്ധത്തിൽ ബൾഗേറിയൻ രാജാവും സൈന്യവും ദയനീയമായി പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണ പ്രദേശങ്ങളിൽ പകുതി ഭാഗം ഉസ്മാനികൾ കൈയ്യടക്കി.


തന്റെ സുഹൃത്തിനേറ്റ പരാജയത്തെ കുറിച്ച് സെർബിയൻ രാജാവ് ലാസാർ അറിഞ്ഞപ്പോൾ അതിന് പകരം ചോദിക്കാനായി പല ക്രിസ്ത്യൻ ഭരണകൂടങ്ങളെയും കൂടെ കൂട്ടി വലിയൊരു സംഘവുമായി അദ്ദേഹം പുറപ്പെട്ടു.

murad I
1389 ജൂൺ 15 ന്  ഇരു വിഭാഗങ്ങളും തമ്മിൽ കൊസോവോയിൽ വെച്ച് ഘോരമായ യുദ്ധം നടന്നു. ക്രിസ്ത്യൻ സൈന്യം ദയനീയ പരാജയം ഏറ്റു വാങ്ങി. അംഗ ബലത്തിൽ കുറവായിരുന്നെങ്കിലും ഉസ്മാനി സൈന്യം യുദ്ധത്തിൽ മുന്നിട്ടു നിന്നു. യുദ്ധത്തിന്  നേതൃത്വം നൽകിയിരുന്ന  സെർബിയൻ  രാജാവടക്കം പല നേതാക്കളും  കൊല്ലപ്പെട്ടു.

യൂറോപ്യൻ ശക്തികൾ ഇന്നും പേടിയോടെ സ്മരിക്കുന്ന യുദ്ധമാണ് കൊസോവോ യുദ്ധം. ശേഷം 400 വർഷക്കാലം ഉസ്മാനികൾക്ക്  ബാൽകാൻ മേഖലകളിൽ ഭരണം നില നിർത്താൻ  കാരണമായത് ഈ യുദ്ധമാണ്.

മുസ്‌ലിംകളും ഒരു നിലക്ക് വേദനയോടെയാണ് ആ ദിവസത്തെ സ്മരിക്കുന്നത്.  സുൽത്താൻ മുറാദിന്റെ മരണമാണ് കാരണം.  യുദ്ധ ശേഷം യുദ്ധഭൂമിയിലൂടെ നടക്കുകയായിരുന്ന സുൽത്താൻ മുറാദിനെ താഴെ കിടക്കുകയായിരുന്ന മിലോഷ് ഒബ്ലീച് എന്ന ക്രിസ്ത്യൻ പടയാളി കൈ മുത്താനെന്ന വ്യാജേന എഴുന്നേറ്റ് വയറിന് കുത്തി. ഇത് സുൽത്താൻ മുറാദിന്റെ മരണത്തിലേക്ക് നയിച്ചു.


References:
1. Osmanlı History 1289-1922, by Mehmet Maksudoğlu
2. تاريخ الدولة العثمانية العلية, محمد فريد بك المحامي

Post a Comment

Previous Post Next Post