സുൽത്താൻ ബയസീദിന്റെ(1389–1402) ഭരണകാലം. നിരന്തരമായ പടയോട്ടങ്ങളിലൂടെ ബയസീദ് പല പ്രദേശങ്ങളും അധീനപ്പെടുത്തിക്കഴിഞ്ഞിരുന്നു. വലിയ സൈന്യവുമായി അദ്ദേഹം ബൈസാന്റൈൻ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ തന്നെ വലയം ചെയ്തു കഴിഞ്ഞിരുന്നു.
ഈ ശക്തമായ മുന്നേറ്റങ്ങളിൽ ഭയന്ന് ഹംഗറി രാജാവ് സിഗിസ്മണ്ട് ഉസ്മാനികൾക്കെതിരെ പൊരുതാൻ ഒരു കുരിശുപടയെ തയ്യാറാക്കി. രണ്ട് ലക്ഷത്തിലധികം വരുന്ന കുരിശുപടയാളികൾ സൈന്യത്തിലുണ്ടായിരുന്നു. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, പോളണ്ട്, ജർമനി, ബൾഗേറിയ, ബെൽജിയം തുടങ്ങി പലയിടങ്ങളിൽ നിന്നുമായി യുദ്ധ പടയാളികൾ വന്നെത്തി. അവർ ഓട്ടോമൻ അധീനപ്രദേശമായ നിക്കോപോളിസ് ലക്ഷ്യമാക്കി അവർ തിരിച്ചു. ബയസീദ് ഉപരോധം തീർത്ത കോൺസ്റ്റാന്റിനോപ്പിൾ തിരിച്ചുപിടിക്കലും ഇവരുടെ ലക്ഷ്യമായിരുന്നു.
ക്രിസ്ത്യൻ പട ഒരുങ്ങിക്കഴിഞ്ഞെന്ന് മനസ്സിലാക്കിയ ബയസീദ് താൽകാലികമായി ഉപരോധം നിർത്തി വെച്ച് ഒരു ലക്ഷം വരുന്ന സൈന്യവുമായി നിക്കോപോളിളിസിലേക്ക് തിരിച്ചു. 1396 സെപ്റ്റംബർ 25 ന് ഇരു സൈന്യവും നിക്കോപോളിസിൽ വെച്ച് ഘോരമായി ഏറ്റുമുട്ടി. നിർണായകമായ യുദ്ധത്തിൽ ഒടുവിൽ ഓട്ടോമൻ സൈന്യം കുരിശുപടയെ പരാജയപ്പെടുത്തി. പല ക്രിസ്ത്യൻ സേനാമേധാവികളും യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടു. യുദ്ധ ഭൂമിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സിഗിസ്മണ്ട് കോൺസ്റ്റാന്റിനോപ്പിളിൽ അഭയം തേടുകയും ശേഷം ഹംഗറിയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.
ആൾബലത്തിൽ വീമ്പുപറഞ്ഞ കുരിശുപടയുടെ അഹങ്കാരത്തിനേറ്റ കടുത്ത തിരിച്ചടിയായിരുന്നു ഈ പരാജയം.