ഈജിപ്ത് ഉസ്മാനികൾക്ക് കീഴിൽ വന്നതോടെ മക്കയുടെയും മദീനയും അധികാരവും ഖലീഫയെന്ന നിലക്ക് സുൽത്താൻ സലീമിന് (1512 - 1520)കൈവന്നു. മക്കയിലെ ശരീഫ് അബൂ നുമയ്യ് അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നതായി കത്തെഴുതി.
മക്കയുടെയും മദീനയുടെയും അമീറായി ഇസ്താംബൂളിൽ നിന്നുള്ള രാഷ്ട്ര തന്ത്രജ്ഞരെ നിയമിക്കാമെന്ന് പലരും പറഞ്ഞെങ്കിലും ആ പരിശുദ്ധ നഗരങ്ങളുടെ നേതൃത്വം നബി കുടുംബത്തിന് തന്നെയിരിക്കട്ടെ എന്ന നിലപാടായിരുന്നു സുൽത്താൻ സലീമിന്. അദ്ദേഹം പറഞ്ഞു:
"നബി തങ്ങൾ ഭൂമിയിലേക്ക് വന്നിട്ട് 900 വർഷങ്ങൾ കഴിഞ്ഞു. മക്കയും മദീനും നബിയുടെ സിംഹാസനമാണ്. ഇന്നേ വരെ പുറത്ത് നിന്നാരെയെങ്കിലും അവിടേക്ക് ഭരിക്കാൻ വേണ്ടി പറഞ്ഞയച്ചിട്ടുണ്ടോ?മക്കയുടെയും മദീനയുടെയും അധികാരം പ്രവാചകരുടെ സന്താനങ്ങൾക്ക് തന്നെയാണ്.
ഞാൻ അവ സൈനികരെ ഉപയാഗിച്ച് പിടിച്ചെടുത്തതല്ല. നബിയിൽ നിന്ന് അവർക്ക് പാരമ്പര്യമായി കിട്ടിയ സ്വഭാവ മഹിമ കൊണ്ട് അവർ എന്നോട് ആദരവ് കാണിക്കുകയായിരുന്നു. ഇതെനിക്ക് ലഭിച്ച സൗഭാഗ്യമാണ്. മക്കയിലും മദീനയിലും വെളിയാഴ്ചകളിലും പെരുന്നാൾ ദിനങ്ങളിലും ഖുത്ബകളിൽ എന്റെ പേര് പറയപ്പെടുന്നത് അല്ലാഹു എനിക്ക് നൽകിയ അപാരമായ തൗഫീഖാണ്. രാത്രിയും പകലും മുഴുവൻ നിസ്കരിച്ചാലും ഈ അനുഗ്രഹത്തിന് എനിക്ക് നന്ദി പറയാനാവില്ല.
അവിടുത്തെ അമീറുമാർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണം. പക്ഷെ, അവരുടെ കാര്യങ്ങളിൽ നിങ്ങൾ ഇടപെടരുത്."