ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഉസ്മാനി ദൗലതിന് പലസ്ഥലങ്ങളും നഷ്ടമായി. പതിയെ ദൗലത് തകർന്ന് കൊണ്ടിരുന്നു. ശേഷം തുർക്കിയിൽ അധികാരത്തിലേറിയ മുസ്ഥഫാ കമാൽ പാഷയുടെ ഇസ്‌ലാംവിരുദ്ധ നിലപാടുകൾ കൂടിയായപ്പോൾ ഖിലാഫത്തിൻ്റെ ചരമഗീതം രചിക്കപ്പെടാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല.
1924 മാർച്ച് 3 ന് അവസാന ഖലീഫയായ അബ്ദുൽ മജീദ് രണ്ടാമനെ തുർക്കിഷ് ഗ്രാൻ്റ് അസംബ്ലി സ്ഥാനഭ്രഷ്ടനാക്കിയതോടെ ഇസ്‌ലാമിക ലോകത്തിന് ഖിലാഫത്ത് പൂർണമായും നഷ്ടമായി.
അബ്ദുൽ മജീദ് രണ്ടാമൻ(1868- 1994)
മുസ്ഥഫാ കമാലിൻ്റെ ഭരണകൂടം 1922, നവംബർ 18 ന് 'ഉസ്മാനി സുൽത്താനേറ്റ്' അവസാനിപ്പിച്ച് സുൽത്താൻ മുഹമ്മദ് ആറാമനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അടുത്ത ഖലീഫയായി അബ്ദുൽ മജീദ് രണ്ടാമനെ അവരോധിതനാക്കി. 'ഖിലാഫത്ത്' എന്ന നാമമാത്രമായ സ്ഥാനം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഭരണത്തിൽ ഇടപെടാനോ മറ്റോ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.
Abdülmecid II in his library at Istanbul |
1922 മുതൽ 24 വരെയാണ് അദ്ദേഹം ഖലീഫയായി തുടർന്നത്. 1924 മാർച്ച് 3 ന് കമാൽ പാഷയുടെ 'നവീകരണ പ്രവർത്തനങ്ങളുടെ' ഭാഗമായി 'ഖിലാഫത്ത്' നിർത്തലാക്കി. അതിൻ്റെ ഭാഗമായി 1924 ൽ നാടുകടത്തപ്പെട്ട ശേഷം സ്വിറ്റ്സർലാൻഡിലും പിന്നീട് പാരിസിലും ജീവിച്ച് 1994 (ഓഗസ്റ്റ് 23) ൽ തൻ്റെ 76 -ാമത്തെ വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.
പാരിസിൽ വസിക്കുന്ന സമയത്ത് ഇന്ത്യയിലെ നൈസാം അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുകയും അതിൻ്റെ ഭാഗമായി ഇരുവരും തങ്ങളുടെ മക്കൾ മുഖേന വിവാഹ ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
See: ഇന്ത്യയിലേക്ക് വിവാഹിതരായ ഉസ്മാനി രാജകുമാരിമാർ
പാരിസ് ജർമൻ അധിനിവേശത്തിൽ നിന്ന് സ്വതന്ത്ര്യമായ ദിവസം -ഓഗസ്റ്റ് 23, 1944- അബ്ദുൽ മജീദ് തൻ്റെ വീട്ടിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പാരിസിലെ ഗ്രാൻ്റ് മസ്ജിദിൽ വെച്ച് ജനാസ നിസ്കാരം നടന്നു.
അദ്ദേഹത്തിൻ്റെ മകളായ ദുർറുശെഹ് വർ തുർക്കിയിൽ അദ്ദേഹത്തെ ഖബറടക്കാൻ പലവുരു ആവശ്യപ്പെട്ടെങ്കിലും ഗവൺമെൻ്റ് സമ്മതിച്ചില്ല. 10 വർഷക്കാലം പാരിസിൽ തുടർന്ന അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം പിന്നീട് മദീനയിൽ ജന്നതുൽ ബഖീഇൽ ഖബറടക്കി.