മുല്ലാക്കഥകൾ; തുർക്കികളുടെ ഹോജയും അറബികളുടെ ജുഹായും

Nasreddin Hoja

ഹാസ്യസംഭാഷണങ്ങളിലൂടെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന ചോദ്യോത്തരങ്ങളിലൂടെയും നമ്മുടെ ഹൃദയത്തിൽ ചെറുപ്രായം തൊട്ടേ കയറിക്കൂടിയ കഥാപാത്രമാണ് മുല്ലാ നസ്റുദ്ദീൻ. മുല്ലാക്കഥകൾ, ഹോജാക്കഥകൾ, തുടങ്ങി അനവധി ശീർഷകങ്ങളിലൂടെ നമ്മുടെ മാഗസിനുകൾ മുതൽ പാഠ പുസ്തകങ്ങൾ വരെ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയാണ്. മുല്ല, ജൂഹാ, ഹോജ തുടങ്ങി പല ഭാഷകളിൽ വ്യത്യസ്ത പേരുകളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്.  യഥാർഥത്തിൽ അങ്ങനെയാരാൾ ജീവിച്ചിരുന്നോ? ആരായിരുന്നു അദ്ദേഹം?

മുല്ലായുടെ ജനനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പരസ്പര വിരുദ്ധമായ നിരവധി ചരിത്രരേഖകൾ നമുക്ക് കാണാനാകും.  തുർക്കിയിലെ അനാറ്റോളിയയിലെ സിവ്രിഹിസാർ നഗരത്തിനടുത്തുള്ള 'ഹോർത്തു' എന്ന ഗ്രാമത്തിൽ ക്രി. 1208 ലാണ് അദ്ദേഹം ജനിച്ചത് എന്നാണ് പ്രബലാഭിപ്രായം. പിന്നീട് 1237 ൽ അക്ശെഹ്ർ നഗരത്തിലേക്ക് താമസം മാറ്റുകയും അവിടെ ഖാളിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. അക്ശെഹ്റിൽ വെച്ച് സയ്യിദ് മഹ്മൂദ് ഹയ്റാനി, ഹാജി ഇബ്റാഹീം തുടങ്ങിയ പ്രബലപണ്ഡിതരുടെ ശിശ്വത്വം അദ്ദേഹം സ്വീകരിച്ചു.  മഹ്മൂദ് ഹയ്റാനിയുടെ കീഴിൽ അദ്ദേഹം മൗലവി, രിഫാഈ ത്വരീഖതുകളിൽ അംഗമാവുകയും ചെയ്തു. 1284 ൽ അക്ശെഹ്റിൽ വെച്ച് തന്നെയാണ് അദ്ദേഹം മരണപ്പെട്ടത്. 

കൂർമബുദ്ധിയുള്ളവനും തത്വചിന്തകനും തമാശയോടെ സംസാരിക്കുന്നവനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ കഥകൾ തുർക്കിയിൽ നിന്ന് തുടങ്ങി പേർഷ്യയിലൂടെയും അറേബ്യയിലൂടെയും ആഫ്രിക്കയിലൂടെയും സഞ്ചരിച്ച് ഒടുവിൽ ചൈനയിലും ഇന്ത്യയിലും യൂറോപ്പിലും വരെ ചെന്നെത്തിയിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിൻ്റെ പേരിൽ പറയപ്പെടുന്ന പല കഥകളും മലയാളികൾ സി. എച്ചിനെക്കുറിച്ചും സീതി ഹാജിയെക്കുറിച്ചും പറയാറുള്ളത് പോലെ ശേഷം പലരും നിർമിച്ചതാണ്. 

നസ്‌റുദ്ദീൻ ഹോജ എന്ന പേരിൽ ഒരാൾ യഥാർഥത്തിൽ ജീവിച്ചിരുന്നോ എന്നതിൽ തർക്കമുണ്ട്. ജർമൻ ഓറിയന്റലിസ്റ്റുകളായ ആൽബർട്ട് വെസ്സൽസ്കിയും മാർട്ടിൻ ഹാർട്മാനും അഭിപ്രായപ്പെടുന്നത് അങ്ങനെയൊരാൾ ജീവിച്ചിരുന്നില്ല എന്നാണ്. പത്താം നൂറ്റാണ്ടിൽ അറബികൾക്കിടയിൽ പ്രസിദ്ധിയാർജ്ജിച്ച 'ജൂഹ'എന്ന കഥാപാത്രമാണ്  പിന്നീട് തുർക്കികൾക്കിടയിലെ 'ഹോജ'യായി പരിണമിച്ചത് എന്നാണ് ഫ്രഞ്ച് ഓറിയന്റലിസ്റ്റ് റെനെ ബസ്സെറ്റിന്റെ വീക്ഷണം.  നസ്റുദ്ദീൻ ഹോജ എന്നത് ഓരോ സമൂഹത്തിലും വ്യത്യസ്ത പേരുകളിൽ നിലനിന്നിരുന്ന ഒരു കഥാപാത്രം മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.  യൂനുസ് എംറെ, ഹാജി ബെക്താഷ് വലി, ചരിത്രകാരൻ ഫുആദ് കോപ്രൂലു തുടങ്ങിയവർ നസ്‌റുദ്ദീൻ ഹോജ ചരിത്രപുരുഷനാണെന്ന് സമർത്ഥിക്കുന്നുണ്ട്.

 വ്യത്യസ്ത ചരിത്രപുരുഷന്മാരുമായി ഹോജയെ ബന്ധപ്പെടുത്തുന്നവരുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച നാസിറുദ്ദീൻ തൂസിയാണ് ഇദ്ദേഹം എന്ന് വാദിക്കുന്നവരുമുണ്ട്. മുല്ലാ നസ്‌റുദ്ദീൻ ഇസ്ഫഹാനിൽ നിന്നുള്ള ഒരു പേർഷ്യക്കാരനാണെന്നും യഥാർഥ പേര് 'മശ്‌ഹദി' എന്നായിരുന്നുവെന്നും അതല്ല ഉസ്‌ബെക്കിസ്താനിലെ ബുഖാറയിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചവരാണെന്നും തുടങ്ങി നിരവധി വീക്ഷണങ്ങൾ ചരിത്രകാരന്മാർക്കിടയിലുണ്ട്. 


അറബികളുടെ 'ജുഹാ'

അറബികളുടെ കഥകളിൽ കടന്നുവരുന്ന കഥാപാത്രമാണ് 'ജുഹാ'. മുല്ലാ കഥകളുടെ അതേ അകക്കാമ്പുകളാണ് അറേബ്യൻ ജുഹാകഥകളിലും അടങ്ങിയിട്ടുള്ളത്.  ഹിജ്‌റ ഒന്നാം നൂറ്റാണ്ടിൽ അഥവാ ക്രി. എട്ടാം നൂറ്റാണ്ടിൽ കൂഫയിലാണ് ഈ കഥാപാത്രം ജീവിച്ചിരുന്നത് എന്നാണ് ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നത്. അഥവാ തുർക്കികളുടെ ഹോജയുടെ കാലങ്ങൾക്കും എത്രയോ മുമ്പ്.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ജാഹിളിൻ്റെ ഗ്രന്ഥങ്ങളിൽ ജൂഹയെപരാമർശിക്കുന്നുണ്ട്. ക്രി.987 ൽ വഫാതായ ഇബ്നുന്നദീമിൻ്റെ ഗ്രന്ഥത്തിൽ "ജൂഹാ കഥകൾ" എന്നൊരു അധ്യായം തന്നെയുണ്ട്. ക്രി. 1030 ൽ മരണപ്പെട്ട അബൂസഅ്ദ് അൽ ആബീയുടെ 'നസ്റുദ്ദുറർ' എന്ന ഗ്രന്ഥത്തിൽ ജൂഹായുടെ യഥാർഥ പേര് നൂഹ് എന്നാണെന്നും അദ്ദേഹം അബ്ബാസി ഖലീഫ അബൂ ജഅ്ഫറുൽ മൻസൂറിൻ്റെ കാലത്ത് ജീവിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. 

ചില ശീഈ പണ്ഡിതർ ജൂഹായെ ഉദ്ധരിച്ച് ഹദീസുകൾ പറയാറുണ്ട്. അതിൽ പലതും സ്വീകാര്യയോഗ്യമല്ല എന്നാണ് പണ്ഡിതരുടെ വിലയിരുത്തൽ. ജൂഹാ കൂർമബുദ്ധിയുള്ള ഒരു താബിഈ ആയിരുന്നെന്നും അദ്ദേഹത്തിന് ഈജിപ്തിൽ ഏറെ കീർത്തി കൽപിക്കപ്പെട്ടിരുന്നുവെന്നുമാണ് ഇമാം സുയൂഥി (റ) പറയുന്നത്. എന്നാൽ അദ്ദേഹത്തിലേക്ക് ചേർക്കപ്പെടുന്ന ഏറിയ കഥകളും സനദ് ഇല്ലാത്തതാണെന്നും അദ്ദേഹം പറയുന്നുണ്ട്. 

അറബിയായ ജുഹായുടെ കഥകൾ ആദ്യം തുർക്കിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ആ വിവർത്തിത കൃതിയെ കാലങ്ങൾക്ക് ശേഷം   അറബിയിലേക്ക് തന്നെ പുനർവിവർത്തനം ചെയ്യപ്പെട്ടതാണ് ഈ രണ്ട് കഥാപാത്രങ്ങൾക്കും കഥകൾക്കുമിടയിൽ കൂടിക്കലരലുകൾ സൃഷ്ടിക്കപ്പെടാൻ കാരണമായത് എന്നാണ് റെനെ ബസറ്റിൻ്റെ നിരീക്ഷണം.

ഗുണപാഠങ്ങളുള്ള ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അനവധി കഥകളാണ് ഈ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. പ്രായഭേദമന്യേ ഏവരെയും ഒരുപോലെ ആകർഷിപ്പിക്കുന്നതാണ് ആ കഥകളുടെ ഇതിവൃത്തം. 1996 യുനെസ്കോ 'നസ്റുദ്ദീൻ ഹോജയുടെ വർഷ'മായി പ്രഖ്യാപിച്ചിട്ടുണ്ട്. 


അവലംബം:


  • The UNESCO Courier, April 1976; Nasrudin Hodga: The man who rode his ass backwards
  • جحا العربي، د محمد رجب النجار
  • https://rayhaber.com/2021/12/nasreddin-hoca-kimdir-nasreddin-hoca-gercekten-yasadi-mi/
  • https://www.bbc.com/arabic/art-and-culture-64956419


Post a Comment

Previous Post Next Post