പ്രവാചക പ്രണയത്തിൽ പേരുകേട്ട ഉസ്മാനി സുൽത്താന്മാർ മീലാദുന്നബിയും വളരെ വർണാഭമായി കൊണ്ടാടിയിരുന്നു. റബീഉൽ അവ്വൽ 12 ന്റെ രാവിൽ ഇസ്താംബൂളിലെന്ന പോലെ ഓട്ടോമൻ തുർക്കിയിൽ മുഴുവൻ പള്ളികളും വീടുകളും വിളക്കുകൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കും. സുൽത്താന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി ഏതെങ്കിലും ഒരു പള്ളിയിൽ നിന്ന് മൗലിദ് പാരായണം നടത്തപ്പെടുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതിനായി സുൽത്താന്മാർ അയാ സോഫിയ, സുൽത്താൻ അഹ്മദ് ജാമി, അയ്യൂബ് സുൽത്താൻ ജാമി തുടങ്ങി അവർക്ക് യോജിച്ച പള്ളികൾ തെരഞ്ഞെടുത്തിരുന്നു. സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ കാലത്ത് 'യിൽദിസ് ഹമീദിയ്യ മസ്ജിദാ'യിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ആദ്യമായി രാഷ്ട്രത്തലവന്മാർ പള്ളിയിൽ ഹാജരാകും. ഉലമാക്കലും സൂഫികളും സന്നിഹിതരായിരിക്കും. പിന്നീട് സുൽത്താൻ തന്റെ രാജകീയമായ പരേഡിലൂടെ കുതിരപ്പുറത്ത് സ്ഥലത്തെത്തും. പള്ളിയിൽ പ്രവേശിച്ച ശേഷം നബിദിനത്തെ സംബന്ധിച്ച് ഇമാമിന്റെ ഒരു പ്രസംഗം നടക്കും. പിന്നീട് ഖുർആനും മൗലിദും 'ദലാഇലുൽഖൈറാത്തും' പാരായണം ചെയ്യപ്പെടും.
മൗലിദാഘോഷം വളരെ വിപുലമായി കൊണ്ടാടപ്പെട്ടിരുന്നു. പൊതുജനങ്ങൾ തടിച്ചുകൂടിയിരുന്നു. പുറത്തു നിന്ന് വരുന്ന വിദേശിപ്രതിനിധികളെയും ആഘോഷങ്ങളിലേക്ക് ക്ഷണിക്കാരുണ്ടായിരുന്നു. പ്രവാചകന്റെ ഖിർഖാ ശരീഫ് സന്ദർശനവും ആഘോഷത്തിന്റെ ഭാഗമായിരുന്നു.
ശിക്ഷാകാലാവധിയുടെ മൂന്നിൽ രണ്ട് ഭാഗം അനുഭവിച്ച് കഴിഞ്ഞവർക്ക് ജയിൽ മോചനം നൽകാനും സുൽത്താൻമാർ ഈ ദിവസം തെരഞ്ഞെടുത്തിരുന്നു.
സുലൈമാൻ ചെലേബി (d. 1422) രചിച്ച 'വസീലത്തുന്നജാത്' എന്ന മൗലിദ് ഗ്രന്ഥമാണ് ഉസ്മാനികൾ പാരായണം ചെയ്തിരുന്നത്. സുഗ്രാഹ്യമായ ഓട്ടോമൻ തുർക്കി ഭാഷയിൽ 1409 ൽ വിരചിതമായ ഈ മൗലിദ് സാധാരണക്കാർക്കിടയിലും പെട്ടെന്ന് തന്നെ വ്യാപിച്ചു. പിന്നീട് പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി.