മുസ്‌ലിം സ്പെയിനും ഉസ്മാനികളും

മുസ്‌ലിം സ്പെയിനിന്റെ തകർച്ചക്ക് ഉസ്മാനികളെ ഉത്തരവാദികളാക്കാൻ പലരും മുതിർന്നിട്ടുണ്ട്. അന്തുലുസിനെ സംരക്ഷിക്കാൻ ഉസ്മാനികൾ എന്ത് കൊണ്ട് മുന്നിട്ടിറങ്ങിയില്ല എന്നാണ് പലരും ചോദിക്കാറ്. എന്നാൽ സുൽത്താൻ മുഹമ്മദുൽ ഫാതിഹിന്റെ കാലം മുതൽ തന്നെ ഉസ്മാനി ഭരണാധികാരികൾ സ്പെയിനിനെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ പലവുരു പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം.

സ്പെയിൻ ഭരണാധികാരികൾ പരസ്പരം പോരടിക്കുകയും പ്രതിയോഗിക്കെതിരെ ക്രിസ്ത്യൻ ശക്തികളുടെ സഹായം തേടുകയും ചെയ്തുകൊണ്ടിരുന്ന സമയത്ത് ഓട്ടോമൻ ദൗലത് യൂറോപിനെ ഭയപ്പെടുത്തിക്കൊണ്ട് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായുള്ള യൂറോപ്യൻ അധിനിവേശങ്ങൾക്കിടയിലും സ്പെയിനിലെ മുസ്‌ലികളുടെ സഹായാഭ്യർത്ഥനകൾ ലഭിച്ച സുൽത്താൻ മുഹമ്മദുൽ ഫാതിഹ് സ്പെയിനിനെ സംരക്ഷിക്കാൻ മനസ്സുറപ്പിച്ചിരുന്നു. എന്നാൽ കൂടുതലായി ഈ ഉദ്യമത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നു. ആ സമയത്ത് കീഴടക്കിയിരുന്നു ഇറ്റലി വരെ എത്തി നിൽക്കുകയായിരുന്നു അദ്ദേഹത്തിന്റെ പടയോട്ടങ്ങൾ.

മുഹമ്മദുൽ ഫാതിഹിന് ശേഷം അധികാരമേറ്റെടുത്ത പുത്രൻ സുൽത്താൻ ബായസീദ് രണ്ടാമന്റെ (1481-1512) ആദ്യ കാലം തന്റെ സഹോദരനുമായുള്ള അധികാരത്തർക്കങ്ങൾ കാരണം കലുഷിതമായിരുന്നു. ആ സമയത്ത് അന്തുലുസിലെ അവസാന ഭരണാധികാരിയായ അബൂ അബ്ദില്ല മുഹമ്മദ് പന്ത്രണ്ടാമന്റെ (ഗ്രാനഡയിലെ ബനൂ അഹ്മർ ഭരണകൂടം) ദൂതൻ സുൽത്താൻ ബയസീദിനെ സമീപിച്ചു. സ്പെയിനിലെ മുസ്‌ലിംകളുടെ വേദനാജനകമായ അവസ്ഥ വിവരിക്കുന്ന സഹായാഭ്യർത്ഥനയടങ്ങുന്ന കത്ത് സുൽത്താനെ ഏൽപിച്ചു. മുസ്‌ലിം സ്പെയിൻ തകരുന്നതിൽ ആറു വർഷങ്ങൾക്ക് മുമ്പായിരുന്നു ഇത്.

കത്ത് വായിച്ച സുൽത്താൻ 1487ൽ പ്രശസ്ത നാവികനായ കമാൽ റഈസിന്റെ കീഴിൽ ഒരു സൈന്യത്തെ മെഡിറ്ററേനിയൻ സമുദ്രത്തിലേക്കയച്ചു. മാൾട്ടയും സിസിലിയുമടങ്ങുന്ന ദ്വീപുകൾ അധീനപ്പെടുത്തി നാവിക സൈന്യം സ്പെയിനിന്റെ സമീപത്തെത്തുകയും കിഴക്കൻ തുറമുഖങ്ങളിൽ ബോംബ് വർഷിപ്പിക്കുകയും ചെയ്തു. പക്ഷെ, ബോംബ് വീഴുന്ന സ്ഥലങ്ങളിൽ പലതും അരുവികളായിരുന്നത് കാരണത്താൽ പരിപൂർണ വിജയം കൈവരിക്കാനായില്ല.

സ്പെയിനിലെ ക്രിസ്ത്യൻ സേനയെ പരാജയപ്പെടുത്താൻ പ്രയാസമാണെന്ന് മനസ്സിലാക്കിയപ്പോൾ കമാൽ റഈസ് അവിടത്തെ മുസ്‌ലിംകളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. തുടർന്ന് ഒട്ടനേകം മുസ്‌ലിംകളെ ഉസ്മാനി ദൗലത്തിന്റെ അധീന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സ്പെയിനിലെ കാത്തോലിക് ക്രൂരതയിൽ നിന്ന് അനവധി മുസ്‌ലിംകളെയും ജൂതന്മാരെയും സംരക്ഷിച്ചതിൽ ഉസ്മാനികൾക്ക് ഏറെ പങ്കുണ്ട്.

സ്പെയിൻ തകർന്നതിന് ശേഷവും ഉസ്മാനികൾ അവിടുത്തെ മുസ്‌ലിംകളെയും(Moriscos) ജൂതന്മാരെയും (Marranos) രക്ഷപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ബാർബറോസ് ഒറൂച് റഈസിന്റെ കീഴിൽ സുൽത്താൻ സലീം ഒന്നാമൻ (1512–20)ഒരു നാവിക സൈന്യത്തെ ഇതിനായി തയ്യാറാക്കിയിരുന്നു. മെഡിറ്റെറേനിയനിലൂടെ യാത്ര ചെയ്ത് പോർച്ചുഗീസ്, സ്പാനിഷ്, ഇറ്റാലിയൻ സൈന്യങ്ങളെയും സെന്റ് ജോൺ പടയാളികളെയും കീഴ്പെടുത്താലായിരുന്നു ഇവരുടെ പ്രഥമ ഉദ്യമം.

ശേഷം വന്ന സുലൈമാൻ ഖാനൂനിയും ഈ ഉദ്യമത്തിൽ ഒട്ടും പിറകിലായിരുന്നില്ല. ബെൽഗ്രേഡും റോഡ്സും ഹംഗറിയുടെ ഭൂരിഭാഗവും കീഴടക്കിയ സുൽത്താൻ 200,000 പേരടങ്ങുന്ന ഒരു സൈന്യവുമായി വിയന്ന വഴി സ്പെയിനിലെത്താൻ തയ്യാറായിക്കഴിഞ്ഞിരുന്ന. പക്ഷെ, സഫവികളുടെ ആക്രമണങ്ങൾ കാരണമായി അദ്ദേഹത്തിന് ശ്രദ്ധ തിരിക്കേണ്ടി വന്നു. എങ്കിലും സുൽത്താൻ സുലൈമാൻ 80 കപ്പലുകളും 8000 പടയലികളുമായി ഖൈറുദ്ധീൻ ബാർബറോസയെ സ്പൈനിലേക്ക് അയച്ചിരുന്നു. അനവധി മുസ്‌ലിംകളെ ഈ സൈന്യം സ്പെയിനിൽ നിന്ന് രക്ഷപ്പെടുത്തി. മെഡിറ്ററേനിയനും ഉത്തരാഫ്രിക്കയും പൂർണമായും അദ്ദേഹത്തിന്റെ അധീനതയിൽ വന്നപ്പോൾ സ്പെയിൻ ഒന്നടങ്കം കീഴടക്കാൻ അആഗ്രഹിച്ചിരുന്നെങ്കിലും അതിന് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങേണ്ടി വന്നു.

ശേഷം അധികാരത്തിൽ വന്ന സലീം രണ്ടാമൻ സ്പാനിഷ് രാജാവവായ ഫിലിപ് രണ്ടാമൻ ഏറെ ശക്തിയാർജ്ജിച്ചിരിക്കുന്നു എന്ന മനസ്സിലാക്കിയപ്പോൾ അന്തലൂസിയക്കരെ സംരക്ഷിക്കാൻ മറ്റു മാർഗങ്ങൾ തേടി. രാജാവിനെതിരെയുള്ള ആന്റി കാത്തോലിക് സമരങ്ങൾക്ക് സുൽത്താൻ രഹസ്യ സഹായങ്ങൾ ചെയ്തു. സ്പെയിനിൽ അവശേഷിക്കുന്ന മുസ്‌ലിംകൾക്ക് ആയുധസഹായങ്ങളും നൽകി.
ട്രിപ്പോളിയിലെ 'ബെയ്‌ലർ ബേയ്' ആയിരുന്ന പോപ്പിനോട് ശക്തമായ വെറുപ്പ് പ്രകടിപ്പിച്ചിരുന്ന കിലിജ് അലി ബേയ് എന്ന നാവികമേധാവിയെ അൾജീരിയയുടെ അധികാരിയായി നിയമിച്ച് സ്പെയിനിലെ മുസ്‌ലിംകളുടെ(Moriscos) സമരങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ നിർദേശിച്ചു. തുടർന്ന് 1568ൽ ഒരു ക്രിസ്തുമസ് ദിനത്തിൽ ഗ്രാനഡയിലെ മുസ്‌ലിംകൾ കലാപാഗ്നിയുമായി രംഗത്തിറങ്ങുകയും പാലനഗരങ്ങളിലും വ്യാപിക്കുകയും ചെയ്തു. നിരവധി സ്പാനിഷ് കപ്പലുകൾ അവർ കത്തിച്ചു.

മോറിസ്‌കോസ്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ഗ്രാനഡയിലെ ഒരു പ്രിൻസിനെ അധികാരിയാക്കി സ്ഥാനാരോഹണം നടത്തുകയും ചെയ്തു. സഹായത്തിനായി കിലിജ് അലി ബേയ് നിരവധി സന്നാഹങ്ങൾ അയച്ചിരുന്നെങ്കിലും കടൽ ക്ഷോഭം കാരണമായി 6 ബോട്ടുകൾക്ക് മാത്രമേ അവിടെ എത്താനായുള്ളൂ.
വൈകാതെ തന്നെ സ്പാനിഷ് സൈന്യം മുസ്‌ലിം സൈന്യത്തെ ക്രൂരമായി പരാജയപ്പെടുത്തുകയും കീഴടങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തു. അന്തുലൂസിയ വീണ്ടും അവരുടെ കരങ്ങളിലെത്തി. ശേഷം ട്യുണീഷ്യയും അൾജീരിയയും അവർ കീഴടക്കി. ശക്തമായ പോരാട്ടത്തിലൂടെ അൾജീരിയ സ്പാനിഷ് കരങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഉസ്മാനികൾക്കായി.

1 Comments

Previous Post Next Post